Pages

Sunday, June 02, 2013

ഒരു അധ്യയന വര്‍ഷം കൂടി

നാളെ ജൂണ്‍ മൂന്ന്. ഒരു അധ്യയന വര്‍ഷം കൂടി ആരംഭിക്കുന്നു.പ്രവേശനോത്സവവും മിഠായി വിതരണവും മറ്റും നടത്തി , ഒന്നാം ക്ലാസ്സില്‍ വാവിട്ടു കരയുന്ന കുട്ടിയെ ആശ്വസിപ്പിക്കാന്‍ ഒരു പാട് പൊടിക്കൈകളുമായി കുറേ അധ്യാപികാ-അധ്യാപകന്മാര്‍ രംഗപ്രവേശം ചെയ്യുന്ന ദിനം. ഇതൊന്നും ഇല്ലാത്ത കാലത്ത് സ്കൂളില്‍ പോയവരില്‍ പെട്ടവനാണ് ഞാനും.ഒന്നാം ക്ലാസ്സില്‍ അന്ന് ഒന്നാം തരം കരച്ചില്‍ നടത്തിയിരുന്നോ എന്നൊന്നും എനിക്ക് ഓര്‍മ്മയില്ല.പക്ഷേ സ്കൂളില്‍ പോകാനുള്ള  എന്റെ ഉത്സാഹം ഞാന്‍ ഇവിടെ പറഞ്ഞിട്ടുണ്ട്.

ബാപ്പയും ഉമ്മയും അധ്യാപകന്മാരായതിനാല്‍ പുസ്തകം, കുട, സ്ലേറ്റ്, പെന്‍സില്‍ എന്നിവയെല്ലാം സ്കൂള്‍ തുറക്കുന്നതിന് മുമ്പേ കയ്യില്‍ എത്തുമായിരുന്നു.ഒന്നാം ക്ലാസ്സിലെ എന്റെ സ്ലേറ്റ് ഒരു പോറലും ഏല്‍ക്കാതെ നാലാം ക്ലാസ് വരെ എന്റെ സഹചാരിയായി കൂടെയുണ്ടായിരുന്നു.എന്നാല്‍ പലരുടേയും സ്ലേറ്റുകള്‍ വക്ക് പൊട്ടിയിരുന്നതും ചിലരുടെ സ്ലേറ്റിന്റെ മരഫ്രെയിമുകള്‍ തന്നെ പൊട്ടിപ്പോയിരുന്നതും ഇന്ന് ഞാന്‍ ഓര്‍ക്കുന്നു(പത്തിരി എന്നായിരുന്നു അത്തരം സ്ലേറ്റുകളുടെ വിളിപ്പേര്).അശ്രദ്ധയാണ് ഈ സ്ലേറ്റ് പൊട്ടലിന്റെ കാരണം എന്ന ധാരണയില്‍ അത്തരം കുട്ടികള്‍ക്ക് അധ്യാപകന്റെ അടുത്ത് നിന്നും കണക്കിന് ശകാരം കിട്ടിയിരുന്നതും എനിക്കോര്‍മ്മയുണ്ട്.പക്ഷേ അവരുടെ ആരുടേയും വീട്ടിലെ സ്ഥിതി എന്തെന്ന് ആരായാന്‍ എനിക്ക് അന്ന് പക്വത വന്നിട്ടില്ലായിരുന്നു.ശകാരിക്കുന്ന അധ്യാപകര്‍ അത് ആരാഞ്ഞിരുന്നോ എന്നറിയില്ല.

ഇന്ന്  കുട്ടിയെ സ്കൂളില്‍ പറഞ്ഞു വിടുമ്പോള്‍ ഒരു രക്ഷിതാവിന്റെ പോക്കറ്റില്‍ നിന്നും ചെലവാകുന്ന പണം എത്രയെന്ന് ആ രക്ഷിതാവിന് മാത്രമേ അറിയൂ. സര്‍ക്കാര്‍ സ്കൂളില്‍ ആണെങ്കില്‍ പുസ്തകവും ഭക്ഷണവും സൌജന്യമായി ലഭിക്കും എന്നത് തീര്‍ച്ചയായും പലര്‍ക്കും ആശ്വാസം തന്നെയാണ്.ഒരു നേരത്തെ ഉപ്പ്മാവ് ലഭിക്കാന്‍ വേണ്ടി , തനിക്ക് കിട്ടുന്ന ഉപ്പ്മാവ് മുഴുവന്‍ കഴിക്കാതെ വീട്ടിലെ അനിയനോ അനിയത്തിക്കോ വേണ്ടി ബാക്കി വയ്ക്കുന്ന നിരവധി പേര്‍ എന്റെ ക്ലാസ്സില്‍ ഉണ്ടായിരുന്നു.പട്ടിണിയുടെ ആ ദിനങ്ങള്‍ എനിക്ക് അജ്ഞാതമായിരുന്നു.പക്ഷേ ഓരോ അധ്യയനവര്‍ഷം കടന്ന് വരുമ്പോളും അവര്‍  ആ വറുതിയുടെ നാളുകള്‍ ഓര്‍മ്മിക്കുന്നുണ്ടാകാം.ഇന്ന് അവരുടെ മക്കള്‍ സ്കൂളീലേക്ക് പോകുമ്പോള്‍ താനനുഭവിച്ച വേദന തന്റെ മക്കള്‍ക്ക് ഉണ്ടാകാതിരിക്കാന്‍ പാടുപെടുന്ന ഒരു പാട് രക്ഷിതാക്കള്‍ പല സ്ഥലത്തും ഉണ്ട്.

ഇന്നലെ കോളേജില്‍ നിന്നും മടങ്ങുമ്പോള്‍ കണ്ട കാഴ്ച ഞാന്‍ കുടുംബത്തോട് പങ്ക് വച്ചു.ഈര്‍ച്ചമില്ലില്‍ സ്വന്തം തോളില്‍ ഒരു തെങ്ങിന്റെ തടി ഏറ്റി നില്‍ക്കുന്ന ഒരാള്‍.ആ ഭാരം താങ്ങി നില്‍ക്കുമ്പോളും അയാളുടെ ചുണ്ടില്‍ ഒരു  പുഞ്ചിരി ഉണ്ടായിരുന്നു.ഒരു പക്ഷേ നാളെ സ്കൂളിലേക്ക് പോകുന്ന മകനെ/മകളെ നല്ല നിലയില്‍ പറഞ്ഞയക്കാന്‍ പാടുപെടുന്ന ഒരു അച്ഛന്‍ ആയേക്കാം അയാള്‍.ഇങ്ങനെ അധ്വാനിച്ചാണ് പല കുടുംബത്തിലും ദിവസങ്ങള്‍ കഴിഞ്ഞു പോകുന്നത് എന്ന് ആ വീട്ടുകാര്‍ അറിഞ്ഞിരുന്നെങ്കില്‍ എന്ന് മനസ്സില്‍ പറഞ്ഞുപോയി.

4 comments:

Areekkodan | അരീക്കോടന്‍ said...

ഈര്‍ച്ചമില്ലില്‍ സ്വന്തം തോളില്‍ ഒരു തെങ്ങിന്റെ തടി ഏറ്റി നില്‍ക്കുന്ന ഒരാള്‍.ആ ഭാരം താങ്ങി നില്‍ക്കുമ്പോളും അയാളുടെ ചുണ്ടില്‍ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.ഒരു പക്ഷേ നാളെ സ്കൂളിലേക്ക് പോകുന്ന മകനെ/മകളെ നല്ല നിലയില്‍ പറഞ്ഞയക്കാന്‍ പാടുപെടുന്ന ഒരു അച്ഛന്‍ ആയേക്കാം അയാള്‍.

ajith said...

ഓരോരോ ജീവിതങ്ങള്‍
ഓരോരോ പ്രതീക്ഷകള്‍

Cv Thankappan said...

വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം.
ആശംസകള്‍

Echmukutty said...

ശരിയാണ് ഈ നിരീക്ഷണം...

Post a Comment

നന്ദി....വീണ്ടും വരിക