Pages

Saturday, July 20, 2013

സമ്പത്തിന്റെ ശുദ്ധീകരണം

റമളാന്‍ വ്രതാനുഷ്ടാനത്തിലൂടെ മനസ്സും ശരീരവും ശുദ്ധീകരിക്കപ്പെടുന്നു.എന്നാല്‍ അതോടൊപ്പം തന്നെ ശുദ്ധീകരിക്കപ്പെടേണ്ട ഒന്നാണ് ഒരു വിശ്വാസിയുടെ സമ്പത്തും. നമ്മുടെ കയ്യിലുള്ള സമ്പത്ത് യഥാര്‍ത്ഥത്തില്‍ നമ്മുടേതാണോ? ഒന്നാലോചിക്കേണ്ട വിഷയമാണത്.

ജനിച്ചു വീഴുമ്പോള്‍  സമ്പാദ്യം എന്ന് പറയാവുന്ന എന്തെങ്കിലും നമുക്ക് ഉണ്ടായിരുന്നോ? അടച്ചു പിടിച്ച കയ്യുമായല്ലേ നാം എല്ലാവരും ജനിച്ചു വീണത്? പിന്നീട് ഹ്രസ്വമായ ജിവിതത്തിലൂടെ പലതും നാം സമ്പാദിച്ചു എന്ന് പറയുന്നുണ്ടെങ്കിലും  നാം മരിച്ചുപോകുമ്പോള്‍ അതിലെന്തെങ്കിലും നമ്മുടെ കൂടെ കൊണ്ടുപോകാന്‍ സാധിക്കാറുണ്ടോ?എത്ര സമ്പന്നനായാലും മരിച്ചു കഴിഞ്ഞാല്‍ ഒരു സമ്പാദ്യവും കൊണ്ടുപോകാന്‍ സാധിക്കില്ല.എന്നു വച്ചാല്‍ സമ്പത്ത് ദൈവത്തിന്റേതാണ്.നാം ഓരോരുത്തരും കുറച്ചു കാലത്തേക്ക് അത് കൈകാര്യം ചെയ്യുന്നു എന്ന് മാത്രം.

അതിനാല്‍ നമ്മുടെ കൈകാര്യകര്‍തൃത്വത്തിലുള്ള സമ്പാദ്യത്തില്‍ നിന്നും നാം മറ്റുള്ളവര്‍ക്ക് ദാനം ചെയ്തേ പറ്റൂ.ദാനധര്‍മ്മങ്ങള്‍ ഒരിക്കലും ഒരാളുടെ സമ്പാദ്യത്തെ കുറക്കുന്നില്ല.പരിശുദ്ധ ഖുര്‍‌ആനില്‍ അധ്യായം അല്‍ബഖറ 261-ആം സൂക്തത്തില്‍ പറയുന്നു.
“അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിക്കുന്നവരുടെ ഉപമ, ഒരു ധാന്യമണി പോലെയാകുന്നു.ആ ധാന്യമണി മുളച്ച് അതിന്റെ ചെടിയില്‍ ഏഴ് കതിര്‍കുലകള്‍ ഉണ്ടാകുന്നു.ഓരോ കുലയിലും 100 വീതം ധാന്യമണിയുണ്ടാകുന്നു.”

അതായത് ദൈവമാര്‍ഗ്ഗത്തില്‍  ധനം ചെലവഴിക്കുന്നവന് അത് കൂടുതല്‍ ഇരട്ടിയായി ദൈവം തിരിച്ച് നല്‍കുന്നു.ദൈവമാര്‍ഗ്ഗത്തില്‍ എന്ന് പറയുമ്പോള്‍ ആ ധനത്തിന് അര്‍ഹരായവര്‍ക്ക് എന്ന നിലയിലാണ്.അല്ലാതെ ദൈവികഭവനങ്ങള്‍ക്ക് വേണ്ടി എന്ന് മാത്രമല്ല എന്ന് ഓര്‍മ്മിക്കുക.

റമളാന്‍ മാസത്തില്‍ സക്കാത്ത് നല്‍കുന്നതും സമ്പത്തിന്റെ ശുദ്ധീകരണ പ്രക്രിയക്കാണ് . മറ്റുള്ളവരുടെ അവകാശം തന്റെ ധനത്തില്‍ ഒട്ടും ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്.ആ അവകാശം അതിന്റെ അവകാശികള്‍ക്ക് നല്‍കാനാണ് സക്കാത്ത് എന്ന കര്‍മ്മം നിര്‍ബന്ധമാക്കിയത്. ഇന്നത്തെ അവസ്ഥയില്‍ സക്കാത്ത് നല്‍കാനുള്ള ധാരാളം പേര്‍ ഉണ്ടെങ്കിലും അത് ഗൌരവമായി ഗൌനിക്കാത്തത് കാരണം പാവപ്പെട്ടവര്‍ സമൂഹത്തില്‍ കൂടിക്കൊണ്ടേ ഇരിക്കുന്നു.സമൂഹത്തിലൂടെയുള്ള  സമ്പത്തിന്റെ സുഗമമായ ഒഴുക്കാണ് യഥാര്‍ത്ഥത്തില്‍ സക്കാത്തിലൂടെ ലക്ഷ്യമിടുന്നത്.അത് സാധ്യമായാല്‍ സമ്പന്നനും ദരിദ്രനും തമ്മിലുള്ള അകലം കുറയും.ക്രമേണ അങ്ങനെ ഒരു വേര്‍തിരിവ് തന്നെ ഇല്ലാതാകും.അതിനുള്ള ഒരു ശ്രമം ഈ പരിശുദ്ധ മാസത്തില്‍ എല്ലാവരും ആരംഭിച്ചെങ്കില്‍ എന്ന് ആശിക്കുന്നു.

3 comments:

Areekkodan | അരീക്കോടന്‍ said...

സമൂഹത്തിലൂടെയുള്ള സമ്പത്തിന്റെ സുഗമമായ ഒഴുക്കാണ് യഥാര്‍ത്ഥത്തില്‍ സക്കാത്തിലൂടെ ലക്ഷ്യമിടുന്നത്.അത് സാധ്യമായാല്‍ സമ്പന്നനും ദരിദ്രനും തമ്മിലുള്ള അകലം കുറയും.ക്രമേണ അങ്ങനെ ഒരു വേര്‍തിരിവ് തന്നെ ഇല്ലാതാകും.

ajith said...

നഗ്നനായി നീ ലോകത്തില്‍ വന്നു
നഗ്നനായ് തന്നെ പോകുമേ
ലോകത്തില്‍ നിനക്കില്ല യാതൊന്നും
നിന്റെ കൂടങ്ങ് പോരുവാന്‍!!

Echmukutty said...

പണം എത്ര കിട്ടിയാലാണ് മതിയാവുക? മറ്റൊരാള്‍ക്കും കൂടി അവകാശപ്പെട്ടതാണ് താന്‍ സമ്പാദിക്കുന്ന പണമെന്ന് ആര്‍ക്കാണ് തോന്നുക?
ഉണ്ടാവും കുറച്ചു പേര്‍ ... അങ്ങനെയൊക്കെ തോന്നുന്നവര്‍...

Post a Comment

നന്ദി....വീണ്ടും വരിക