Pages

Wednesday, July 31, 2013

രാത്രി കാല ഡ്രൈവിങ്ങ്

ഡ്രൈവിങ് എന്നത് ഒരു കലയാണ്. തനിക്കനുവദിക്കപ്പെട്ട സ്ഥലത്ത് ഏറ്റവും വൃത്തിയായി ഭംഗിയുള്ള ഒരു ചിത്രം വരക്കുന്ന ഒരു കലാകാരന്റെ വിരുത് തന്നെ വേണം ഇന്നത്തെ നിരത്തിലൂടെ വണ്ടി ഓടിക്കണമെങ്കില്‍. ഇടുങ്ങിയ റോഡ് വാഹനങ്ങള്‍ക്ക് തന്നെ തികയാത്തിടത്താണ് മനുഷ്യനും പിന്നെ നാല്‍ക്കാലികളും കൂടി വിഹരിക്കാന്‍ ഉപയോഗപ്പെടുത്തുന്നത്. ഇവരുടെ എല്ലാം ഇടയിലൂടെ തട്ടാതെയും മുട്ടാതെയും കടന്നു പോകുമ്പോള്‍ ഡ്രൈവര്‍ അറിയാതെ റോഡില്‍ ഒരു മനോഹര ചിത്രം വരക്കുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എനിക്ക് രാത്രി ഡ്രൈവ് ചെയ്യേണ്ട അവസരങ്ങള്‍ കൂടുതലായിരുന്നു. അതുകൊണ്ട് തന്നെ റോഡില്‍ പലതരക്കാരായ ഡ്രൈവര്‍മാരേയും നേരിട്ട് അനുഭവിക്കാന്‍ സാധിച്ചു. പകല്‍ ഡ്രൈവിങ്ങും രാത്രി ഡ്രൈവിങ്ങും വളരെ വ്യത്യസ്തമാണ് എന്നാണ് എന്റെ അഭിപ്രായം. പകല്‍ നമ്മുടെ കണ്ണുകള്‍ എല്ലാം വീക്ഷിക്കുന്നതിനാല്‍ വാഹനത്തിന്റെ എല്ലാ വശത്തേയും പറ്റി നാം സദാ ജാഗരൂകരാണ്.എന്നാല്‍ രാത്രി ഒരു ഡ്രൈവര്‍ക്ക് മുന്നിലേക്ക് മാത്രമേ സാധാരണ ഗതിയില്‍ കാഴ്ച ഉണ്ടായിരിക്കുകയുള്ളൂ.വശങ്ങളും കടന്നുപോയ പിന്നണികളും സദാ ഇരുട്ടിലായിരിക്കും.അതുകൊണ്ട് തന്നെ  ശ്രദ്ധയില്‍ അല്പസ്വല്പം വ്യത്യാസം ഉണ്ടായിരിക്കും.

രാത്രി ഡ്രൈവിങ്ങില്‍ ഏറ്റവും അവശ്യം വേണ്ട ഒന്ന് മാന്യതയാണ്. ഡ്രൈവിങ്ങിന്റെ ബാലപാഠങ്ങളില്‍ ഒന്നാണ് ഹെഡ്‌ലൈറ്റിന്റെ ഉപയോഗക്രമം.ഇരുട്ടായാല്‍ ഹെഡ്‌ലൈറ്റ് പ്രകാശിപ്പിക്കല്‍ നിര്‍ബന്ധമാണ്. അത് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദ്ദേശിച്ച പ്രകാരമുള്ള നിറത്തിലുള്ളത് തന്നെയായിരിക്കണം.ചില വാഹനങ്ങളില്‍ നിന്നും വരുന്ന പ്രകാശം എതിരെ വരുന്നവരുടെ കണ്ണഞ്ചിപ്പിക്കുന്നതാണ്.എന്നാല്‍ ആ വാഹനത്തിന്റെ ഡ്രൈവര്‍ അത് ഗൌനിക്കുന്നേ ഇല്ല.ഫലമോ എതിരെ വരുന്നവന്‍ തന്റേതല്ലാത്ത കാരണത്താല്‍ അപകടത്തിലേക്ക് ചാടുന്നു.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ 90 ശതമാനം അവസരങ്ങളിലും എതിരെ വരുന്ന വാഹനക്കാരന് വേണ്ടി ഞാന്‍ എന്റെ വാഹനത്തിന്റെ ഹെഡ്‌ലൈറ്റ് ഡിം ചെയ്തു.പക്ഷേ തിരിച്ച് അതേ പ്രകാരം ചെയ്തത് 5 ശതമാനത്തില്‍ താഴെ വരെ മാത്രം! താന്‍ കടന്നുപോകുന്ന പാത തന്നെപ്പോലെ എതിരെ വരുന്നവനും ഉപയോഗിക്കാന്‍ അവകാശപ്പെട്ടതാണ് എന്നിരിക്കെ അവന്റെ കണ്ണിലേക്ക് ലൈറ്റടിച്ച് അവനെ ഒരു മൂലയിലേക്ക് ഒതുക്കി രാജകീയമായി കടന്നു പോകുന്ന ഈ സംസ്കാരം വിവേകമുള്ള ഒരു ജനതക്ക് ഒട്ടും യോജിച്ചതല്ല.

കേരളത്തില്‍ വാഹനങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടേ ഇരിക്കുകയാണ്.അതിനാല്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ നമ്മുടെ റോഡുകള്‍ മുഴുവന്‍ കുരുതിക്കളങ്ങളായി മാറും.ഇപ്പോള്‍ തന്നെ ഓരോ വര്‍ഷവും റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുക്കൊണ്ടിരിക്കുന്നു. ഇതിന് ഒരു അറുതി വരുത്തേണ്ടത് നാം ഓരോരുത്തരുടേയും കടമയാണ്.അതിനാല്‍ വാഹനം ഏത് തന്നെയാകട്ടെ അതോടിക്കുമ്പോള്‍ റോഡിലുള്ള എല്ലാവരേയും ബഹുമാനിക്കലാണ് എന്നും അഭികാമ്യം.

4 comments:

Areekkodan | അരീക്കോടന്‍ said...

രാത്രി ഡ്രൈവിങ്ങില്‍ ഏറ്റവും അവശ്യം വേണ്ട ഒന്ന് മാന്യതയാണ്.

Echmukutty said...

അജ്ഞന്‍, അക്ഷമന്‍, അഹങ്കാരി ഇവരൊക്കെ ഡ്രൈവ് ചെയ്യുമ്പോള്‍ മറ്റുള്ളവരുടെ കണ്ണു മഞ്ഞളിക്കും. അവര്‍ക്ക് അവരൊഴികെ റോഡിലുള്ള ആരെയും ബഹുമാനിക്കാന്‍ കഴിയില്ല.

Cv Thankappan said...

റോഡുകളുടെ ശോചനീയമായ സ്ഥിതി അതിലേറെ കഷ്ടം!
ആശംസകള്‍

ajith said...

കേരളത്തില്‍ പൊതുവെ മാന്യത കുറവാണ് റോഡില്‍
പല രാജ്യങ്ങളില്‍ ഡ്രൈവ് ചെയ്ത അനുഭവത്തിന്റെ വെളിച്ചത്തിലാണിത് പറയുന്നത്

Post a Comment

നന്ദി....വീണ്ടും വരിക