ദശാബ്ദങ്ങൾക്ക് മുമ്പ്
കോഴിക്കോട് നഗരം ഒരു മഹാസംഭവത്തിന് സാക്ഷ്യം വഹിച്ചു.മാനാഞ്ചിറ മൈതാനത്ത് തിങ്ങിക്കൂടിയ
ജനങ്ങൾക്ക് മുമ്പിൽ വച്ച് , മലപ്പുറം ജില്ലയിലെ അരീക്കോടിനടുത്ത് കാവനൂരിലെ നവസാക്ഷരയായ
ചേലക്കോടൻ ആയിഷ എന്ന സ്ത്രീ കേരളം സമ്പൂർണ്ണ സാക്ഷരത നേടിയതായി പ്രഖ്യാപിച്ചു. ഇന്ത്യയിൽ
തന്നെ സമ്പൂർണ്ണ സാക്ഷരത നേടുന്ന ആദ്യത്തെ
സംസ്ഥാനമായി കേരളം മാറി. ഇന്നും സാക്ഷരതയിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നാം ഏറെ
മുന്നിലാണ്.
ലോകം മാറി.ഇന്നത്തെ യുഗം
അറിയപ്പെടുന്നത് തന്നെ ടെൿനോളജി യുഗം എന്നാണ്. അതാകട്ടെ ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്നു.
അതിനാൽ നാമും അതോടൊത്ത് ഓടാൻ നിർബന്ധിതരായിരിക്കുന്നു. തത്‌ഫലമായി സാക്ഷരത എന്ന് പദം
മാറി ഇ- സാക്ഷരത , കമ്പ്യൂട്ടർ സാക്ഷരത തുടാങ്ങിയ പദങ്ങൾ നിലവിൽ വന്നു. ഇന്ന് കമ്പ്യൂട്ടർ
ഉപയോഗിക്കാൻ അറിയാത്തവനെ നാം കാണുന്നത് പത്ത് വർഷം മുമ്പ് എഴുത്തും വായനയും അറിയാത്തവനെ
കണ്ടതുപോലെ തന്നെയാണ്. അതിനാൽ 2013-ൽ ഇ- സാക്ഷരത പൂർണ്ണമായും കൈവരിക്കാനുള്ള പദ്ധതിക്കും
കേരള സർക്കാർ തുടക്കമിട്ടിരിക്കുകയാണ്. ആദ്യഘട്ടമെന്ന നിലയിൽ 100 പഞ്ചായത്തുകളെ ഒമ്പത്
മാസം കൊണ്ട് സമ്പൂർണ്ണ ഇ-സാക്ഷരത പഞ്ചായത്തുകളാക്കി മാറ്റാനാണ് ലക്ഷ്യം.
സാക്ഷരതയുടെ കാര്യത്തിൽ
കേരളം ഏറെ മുമ്പിലാണെങ്കിലും മറ്റ് പല രംഗങ്ങളിലും ഈ സാക്ഷരതക്കനുസരിച്ചുള്ള നിലവാരം
നമുക്കില്ല എന്നതാണ് ദു:ഖസത്യം.അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പരിസ്ഥിതി സാക്ഷരത.ഇന്ന്
നമ്മുടെ പ്രകൃതിയിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ നാം സാക്ഷരനോ അതോ രാക്ഷസനോ എന്ന് എളുപ്പം ബോധ്യമാകും.
മാലിന്യങ്ങളുടെ കൂമ്പാരമാണ്
എങ്ങും നമ്മെ സ്വാഗതം ചെയ്തു കൊണ്ടിരിക്കുന്നത്. മഴക്കാലത്തിന് മുമ്പേ മാറ്റപ്പെടേണ്ടിയിരുന്ന
മാലിന്യക്കൂമ്പാരങ്ങൾ മഴ പെയ്തതോടെ ചീഞ്ഞളിഞ്ഞ് പരിസരം ദുർഗന്ധപൂരിതമാക്കി.കുത്തി ഒഴുകിയ
വെള്ളത്തിൽ അവ നാടെങ്ങും വ്യാപിച്ചു.പകർച്ച വ്യാധികൾ നാടെങ്ങും പടർന്ന് പിടിച്ചപ്പോൾ
നാം വീണ്ടും ബോധവാന്മാരായി.മാലിന്യങ്ങൾ പൊതുസ്ഥലത്ത് നിക്ഷേപ്പിച്ചതിന്റേയും അത് യഥാ
സമയത്ത് നീക്കം ചെയ്യാത്തതിന്റേയും ഫലം അനുഭവിക്കുമ്പോൾ മാത്രം ബോധം വരുന്ന ഒരു സമൂഹത്തെ
എങ്ങിനെ സാക്ഷരൻ എന്ന് വിളിക്കും എന്ന് മനസ്സിലാവുന്നില്ല.
ഇനി കൃഷിഭൂമിയിലേക്ക്
ഒന്ന് തിരിഞ്ഞു നോക്കുക.മണ്ണിലെല്ലാം പ്ലാസ്റ്റിക്കിന്റേയും മറ്റ് മാലിന്യങ്ങളുടേയും
അവശിഷ്ടങ്ങളാണ്.നമ്മുടെ സൌകര്യത്തിന് വേണ്ടി നാം തന്നെ വാങ്ഗിക്കൂട്ടിയ സാധനങ്ങൾ ഉപയോഗം
കഴിഞ്ഞപ്പോൾ വലിച്ചെറിഞ്ഞത് മണ്ണിന്റെ ഘടനയെത്തന്നെ മാറ്റിമറിച്ചു. കൃഷിഭൂമിയിലെ അമിതമായ
രാസവളപ്രയോഗവും മണ്ണിന്റെ സ്വഭാവത്തിൽ വ്യത്യാസങ്ങൾ സൃഷ്ടിച്ചു.ഇതൊന്നും നേരത്തെ അറിയാത്തത്
കൊണ്ടല്ല ,മറിച്ച് ഇക്കാര്യത്തിൽ നാം നിരക്ഷരത നടിക്കുന്നത് കൊണ്ടാണ്.
പൊതുസ്ഥലങ്ങളിൽ മാലിന്യം
നിക്ഷേപിക്കുന്നതും പ്ലാസ്റ്റിക് ക്യാരിബാഗുകളും പെറ്റ്ബോട്ടിലുകളും മറ്റും അലക്ഷ്യമായി
വലിച്ചെറിയുന്നതും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിയമം മൂലം കർശനമായി നിരോധിച്ചിരിക്കുന്നു.നമ്മുടെ അയൽസംസ്ഥാനമായ കർണ്ണാടകയിലൂടെ സഞ്ചരിക്കുമ്പോൾ നിങ്ങളുടെ വാഹനത്തിൽ നിന്നും
പ്ലാസ്റ്റിക് ക്യാരിബാഗോ ബോട്ടിലോ റോഡിലേക്ക് ഇട്ടുനോക്കുക.നിമിഷങ്ങൾക്കകം അതിന്റെ
ഭവിഷ്യത്ത് നിങ്ങളെത്തേടി എത്തും.പരിസ്ഥിതി സാക്ഷരരായ ജനങ്ങൾ സദാജാഗരൂകരായി ഇരിക്കുന്നതാണ്
ഇതിന് കാരണം.
അതിനാൽ നൂറ് ശതമാനം സാക്ഷരതയോ
പൂർണ്ണ ഇ- സാക്ഷരതയോ നേടുന്നതിന് മുമ്പ് നമ്മുടെ പരിസ്ഥിതിയെ താളം തെറ്റിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച്
കേരള ജനത ബോധവാന്മാരേകേണ്ടിയിരിക്കുന്നു. പരിസ്ഥിതി നില നിന്നാലേ നമുക്ക് നിലനിൽപ്പുള്ളൂ.
നാം നില നിന്നാലേ സാക്ഷരതക്ക് പ്രസക്തിയുള്ളൂ. പരിസ്ഥിതി സാക്ഷരത നേടാനുള്ള ഒരു കൂട്ടായ
സംരംഭം ആരംഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.കാലത്തിന്റെ ഈ അനിവാര്യതയിലേക്ക്
നമുക്ക് ഒന്നിച്ച് മുന്നിട്ടിറങ്ങാം.
3 comments:
അതിനാൽ നൂറ് ശതമാനം സാക്ഷരതയോ പൂർണ്ണ ഇ- സാക്ഷരതയോ നേടുന്നതിന് മുമ്പ് നമ്മുടെ പരിസ്ഥിതിയെ താളം തെറ്റിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് കേരള ജനത ബോധവാന്മാരേകേണ്ടിയിരിക്കുന്നു.
വളരെ ശരിയായ കാര്യം
"മാലിന്യങ്ങൾ പൊതുസ്ഥലത്ത് നിക്ഷേപ്പിച്ചതിന്റേയും അത് യഥാ സമയത്ത് നീക്കം ചെയ്യാത്തതിന്റേയും ഫലം അനുഭവിക്കുമ്പോൾ മാത്രം ബോധം വരുന്ന ഒരു സമൂഹത്തെ എങ്ങിനെ സാക്ഷരൻ എന്ന് വിളിക്കും എന്ന് മനസ്സിലാവുന്നില്ല...."
Excellent, well said.
Post a Comment
നന്ദി....വീണ്ടും വരിക