(കഥ ഇതുവരെ)
(തുടരും…..)
രാഷ്ട്രപതിഭവനിലെ മായക്കാഴ്ചകളെപ്പറ്റി
ആർക്കും ഒരു എത്തും പിടിയും ഇല്ലാത്തതിനാൽ പിറ്റേന്ന് കാലത്ത് തന്നെ എല്ലാവരും എണീറ്റ്
കുളിച്ച് റെഡിയായി. തണുപ്പ് കാരണം കുളിക്കാത്തവരും കുളിച്ചതായി പ്രതീതി ജനിപ്പിച്ചു.പക്ഷേ
അവരുടെ പെർഫ്യൂമുകൾ ‘ഞാൻ കുളിച്ചിട്ടില്ല’ എന്ന ലേബൽ അവരുടെ നെറ്റിയിൽ ഒട്ടിച്ചിരുന്നത്
അവർ അറിഞ്ഞില്ല.
കൃത്യസമയത്ത് തന്നെ ഞങ്ങൾക്കായി
പ്രത്യേകം തയ്യാറാക്കിയ ബസ്സിനടുത്ത് ഞങ്ങൾ എത്തി. രാഷ്ട്രപതിഭവനിന്റെ 37ആം നമ്പർ
ഗേറ്റിലൂടെ ആയിരുന്നു ഞങ്ങളുടെ ബസ്സിനുള്ള പ്രവേശനം പറഞ്ഞിരുന്നത് (രാഷ്ട്രപതിഭവന് 40തിലധികം ഗേറ്റുകൾ ഉണ്ട് എന്നാണ് എന്റെ ധാരണ).ഗേറ്റിനടുത്ത് സെക്യൂരിറ്റി ജീവനക്കാർ
ബസ് തടഞ്ഞു. ഞങ്ങളുടെ സംഘത്തലവൻ ബസ്സിൽ നിന്നിറങ്ങി ഗേറ്റിനടുത്തേക്ക് നീങ്ങി.
“ഹം കേരളവാല ഹൈം…രാഷ്ട്രപതിഭവൻ കാൺണെ ഔർ അവാർഡ് ഖരീദ്നെ കെലിയെ ആയാ ഹൈം…”
“ക്യാ ?? രാഷ്ട്രപതിഭവൻ
കാൺണെ ഔർ അവാർഡ് ഖരീദ്നെ ???” സെക്യൂരിറ്റിക്ക് മനസ്സിലായില്ല.
“ആബിദേ….വാങ്ങുക എന്നതിന് ഹിന്ദിയിൽ ഖരീദ്ന എന്ന് തന്നെയല്ലേ പറയുക…?” സംഘത്തലവൻ എന്നോട് ചോദിച്ചു.
“അതേ സാർ…പക്ഷേ അത് പൈസ കൊടുത്ത് വാങ്ങുന്നതിനാണ് പറയുന്നത്…” ഞാൻ മറുപടി പറഞ്ഞു.
“ശൊ…ഈ ഹിന്ദി എന്ന് പറഞ്ഞാൽ തന്നെ ഒരു ‘കിണ്ടി’ ലാംഗേജ് ആണ്….ഇനി നീ തന്നെ ചെന്ന് പറ…”
“ശരി സാർ….” സെക്യൂരിറ്റിക്കാരനോട് എന്താണ് പറയേണ്ടത് എന്ന് അറിയില്ലെങ്കിലും
ഞാൻ ദൌത്യം ഏറ്റെടുത്തു.നേരെ ചെന്ന് എന്റെ കയ്യിലുണ്ടായിരുന്ന വൈകുന്നേരത്തെ പരിപാടിയുടെ
ക്ഷണക്കത്ത് കാണിച്ചു കൊടുത്തു.
“ഓകെ….സാബ്….ബസ് തോ ബാഹർ പാർക്ക് കരൊ…ആപ് സബ് സീധ ചലോ..” രണ്ടടി പിന്നോട്ട് നിന്ന് സല്യൂട്ട് ചെയ്തുകൊണ്ട്
അദ്ദേഹം പറഞ്ഞു. കേന്ദ്ര യുവജനക്ഷേമവകുപ്പ് മന്ത്രി ശ്രീ.ജിതേന്ദ്രസിങിന്റെ ക്ഷണക്കത്തായിരുന്നു
ആ മാന്ത്രികക്കത്ത്.
ഞങ്ങൾ എല്ലാവരും ബസ്സിൽ
നിന്നിറങ്ങി.അദ്ദേഹം പറഞ്ഞ വഴിയിലൂടെ നടന്നു. അൽഭുത ലോകത്തിൽ എത്തിയ ആലീസിനെപ്പോലെ
കാഴ്ചകൾ ആദ്യം കാണാൻ സ്ത്രീകൾ മുന്നിലും അല്പം പിന്നിലായി ഞങ്ങളും പിന്തുടർന്നു. അല്പദൂരം
നടന്നതും റോഡിന് ഒത്ത നടുവിൽ ഒരു മയിൽ നിൽക്കുന്നത് കണ്ടു.
“സാർ…കണ്ടൊ മയിൽ….ഒരു പേടിയും ഇല്ലാതെ നടക്കുന്നു…” സ്ത്രീകൾ വിളിച്ചു പറഞ്ഞു.
“ഇത് രാഷ്ട്രപതിഭവനാ….മയിൽ നമ്മുടെ ദേശീയ പക്ഷിയും…അപ്പോൾ
അതിനെ ഇവിടെ വളർത്തുന്നതാവും…അതിന് സ്വൈരമായി നടക്കാനും പറ്റും…” മയിലിനെ കാണാനുള്ള കാരണം ഞാൻ വിശദീകരിച്ചു കൊടുത്തു.
“ങേ!!!എങ്കിൽ ഇനി സാർ
തന്നെ മുന്നിൽ നടന്നോളൂ…ഞങ്ങൾ പിന്നിൽ വരാം…” സ്ത്രീകൾ പിന്നിലേക്ക് വലിഞ്ഞു.
“അതെന്താ…?മയിൽ നിങ്ങളെ ഒന്നും ചെയ്യില്ല…”
“അതല്ല…ഇത് രാഷ്ട്രപതിഭവനാ…..കടുവ നമ്മുടെ ദേശീയ മൃഗവും…അതിനേയും ഇതേപോലെ തുറന്ന് വിട്ടിട്ടുണ്ടെങ്കിൽ!!!“
“ഓ….അത് ശരിയാണല്ലോ….അതുകൊണ്ട് ഒരു കാര്യം ചെയ്യ്….നമുക്ക് ഹിന്ദി അറിയില്ല …ആബിദ് മുന്നിൽ പോയി നോക്ക്…” എല്ലാവരും കൂടി അതും എന്റെ തലയിലേക്ക് ഇട്ടു.
“അതിന് കടുവക്കും ഹിന്ദി
അറിയില്ലല്ലോ….പിന്നെ ഞാൻ മുന്നിൽ പോയിട്ട് എന്താ കാര്യം?”
“നീ മുന്നിൽ പോയി അടുത്ത
സെക്യൂരിറ്റിക്കാരനോട് ചോദിക്ക്….മയിലിനെ കണ്ടപോലെ ഇനി കടുവയെയും കാണുമോ എന്ന്…“
‘യാ കുദാ !!! കടുവക്ക്
ഹിന്ദിയിൽ എന്താ പറയാ’ ഞാൻ ആലോചിച്ചു.
“ഗ്ഘാർ….” പെട്ടെന്ന് ഒരു അലർച്ച കേട്ട് എല്ലാവരും ഞെട്ടിത്തിരിഞ്ഞു നോക്കി.യൂനിഫോമിട്ട
ഒരാൾ ഓടിക്കുന്ന ബൈക്കിന് പിന്നിൽ യൂനിഫോമിട്ട ഒരു കുരങ്ങൻ!!അവൻ ശബ്ദമുണ്ടാക്കിക്കൊണ്ട്
കടന്നുപോകുന്നു.വഴിയിൽ നിൽക്കുന്ന സെക്യൂരിറ്റിക്കാർ സല്യൂട്ട് ചെയ്യുന്നു !!
‘അപ്പോൾ നേരത്തെ ഗേറ്റിൽ
എനിക്ക് കിട്ടിയതും ഇതേ സല്യൂട്ട് ആയിരുന്നോ ?അയ്യേ!!!‘
(തുടരും…..)
6 comments:
“ഹം കേരളവാല ഹൈം…രാഷ്ട്രപതിഭവൻ കാൺണെ ഔർ അവാർഡ് ഖരീദ്നെ കെലിയെ ആയാ ഹൈം…”
“ക്യാ ?? രാഷ്ട്രപതിഭവൻ കാൺണെ ഔർ അവാർഡ് ഖരീദ്നെ ???” സെക്യൂരിറ്റിക്ക് മനസ്സിലായില്ല.
:)
അതെന്താ സംഭവം മാഷേ? ബൈക്കിൽ പോയ ആ കുരങ്ങന്റെ കാര്യം...? അടുത്ത ലക്കത്തിൽ പറയുമായിരിക്കും അല്ലേ?
ശ്രീ...എന്താ,ഹിന്ദി കേട്ട് അന്തം വിട്ടോ?
വിനുവേട്ടാ....ആ കുരങ്ങൻ അവിടെ ഏതോ പ്രത്യേക ഡ്യൂട്ടി ചെയ്യുന്നവനാണ് പോലും
“അവാർഡ് ഖരീദ് നെ കേലിയെ ആയാ ഹൈം..”
കടുപ്പൻ ഹിന്ദിയാണല്ലോ സാറെ.. ഇത്രേമൊക്കെ പറഞ്ഞൊപ്പിക്കുന്നതിന് സ്പെഷൽ അവാർഡ് തരേണ്ടതാ..
എന്നാലും ആ കുരങ്ങന്റെ കാര്യത്തിൽ ഒരു കൺഫ്യൂഷൻ... ശരിക്കുള്ള കുരങ്ങ് തന്നെയാണോ?
അവാർഡ് ഒന്നും ഖരീദാൻ ഇല്ലെങ്കിലും രാഷ്ട്രപതി ഭവൻ കാൺണെ കേലിയെ ഹം കോ ഭി ഏക് ബാർ പോകൺ ഹൈ... !!
ഹിന്ദിക്കാരു കേൾക്കേണ്ട.
Post a Comment
നന്ദി....വീണ്ടും വരിക