Pages

Friday, August 19, 2016

സൌജന്യ സേവനങ്ങൾ - പോലീസ് വകുപ്പ്

            "Be ready to return to the stone age" എന്ന് ഒരു പക്ഷേ ബൂലോകത്ത് അധികം ആരും കേട്ടിരിക്കില്ല. ഒരു ഗുരുതരമായ പ്രശ്നം ഉടലെടുക്കുന്നത് വരെ ഞാനും അത് കേട്ടിരുന്നില്ല.

             സംഭവം നടക്കുന്നത് ഏകദേശം 10 വർഷം മുമ്പാണ്. ഞാൻ ജോലി ചെയ്യുന്ന വയനാട് എഞ്ചിനീയറിംഗ് കോളേജിലെ ഏതോ ഒരു കുട്ടിയുടെ പേരിൽ ഒരു പാർസൽ വന്നു.വേറെ എവിടേക്കും പോകാനില്ലാത്തതിനാൽ വൈകുന്നേരങ്ങളിലും കോളേജിൽ ഉണ്ടാകാറുള്ള എന്റെ സഹപ്രവർത്തകൻ അത് വാങ്ങി വച്ചു. അവന്റെ നിർഭാഗ്യത്തിന്, അതിന്റെ പിന്നിലുണ്ടായിരുന്ന ഊരും പേരുമില്ലാത്ത ഒരു മൊബൈൽ നമ്പർ അവൻ നോട്ട് ചെയ്തു.

            രാത്രി റൂമിലിരിക്കുമ്പോൾ തലേ ദിവസം  കസിൻ അയച്ച ഒരു എസ്.എം.എസ് (അന്ന് വാട്സ് ആപ് ഇല്ല) പെട്ടെന്ന് അവന്റെ തലയിൽ മിന്നി - "Be ready to return to the stone age".അന്ന് വൈകുന്നേരം കോളേജിൽ വച്ച് നോട്ട് ചെയ്ത ഊരും പേരുമില്ലാത്ത ആ മൊബൈൽ നമ്പറിലേക്ക് അവൻ ആ മെസേജ് ചുമ്മാ ഒരു രസത്തിനായി(?) ഫോർവേഡ് ചെയ്തു.

             മെസേജ് കിട്ടിയ തിരുവനന്തപുരത്തെ വീട്ടമ്മ ഒന്ന് ഞെട്ടി.അറിയാത്ത ഒരു നമ്പറിൽ നിന്നും വന്ന മെസേജിൽ ഒരു ഭീഷണി സ്വരം ഉള്ളതിനാൽ അവർ പോലീസിൽ പരാതി നൽകി.എസ്.എം.എസ് ആയതിനാൽ പരാതി ജില്ലാ പോലീസ് സൂപ്രണ്ടിന്റെ കീഴിലുള്ള സൈബർ സെല്ലിലേക്ക് എത്തി.മെസേജ് അയച്ച ആളെ കണ്ടെത്താൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല.നേരെ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ചു.

              പോലീസ് ആസ്ഥാനത്ത് അടച്ചിട്ട മുറിയിൽ മൂന്ന് ദിവസം എന്റെ സഹപ്രവർത്തകൻ ചോദ്യം ചെയ്യലിന് വിധേയമായി.കാരണം 2001ൽ നടന്ന വേൾഡ് ട്രേഡ് സെന്ററ് ആക്രമണത്തിന് തൊട്ട് മുമ്പ് അൽ-ക്വയ്ദ എന്ന ഭീകര സംഘടന അയച്ച മെസേജ് ആയിരുന്നു അത്!!എന്റെ സഹപ്രവർത്തകനും അൽ‌ക്വയ്ദയും തമ്മിലുള്ള ബന്ധം കണ്ടെത്താൻ പോലീസ് നിരന്തരം ചോദ്യം ചെയ്തെങ്കിലും ഒന്നും ലഭിച്ചില്ല.അവന്റെ ഫോൺ വിളികൾ ട്രാപ് ചെയ്യും എന്നതിനാൽ ഞങ്ങളിൽ പലർക്കും പിന്നെ അവനെ വിളിക്കാനും പേടി തോന്നി.നിശ്ചയിച്ച് വച്ച കല്യാണവും ഈ കാരണത്താൽ മുടങ്ങിപ്പോകും എന്ന അവസ്ഥ വരെ എത്തി.

              ഒരു മെസേജ് ഫോർവേഡ് ചെയ്താൽ, ഒരു മിസ്കാൾ അടിച്ചാൽ, ഒരു പോസ്റ്റ് ലൈക് ചെയ്താൽ, ഒരു വീഡിയൊ അപ്‌ലോഡ് ചെയ്താൽ എല്ലാം ഒരു പക്ഷേ നാം ഒരു സൈബർ കുറ്റകൃത്യത്തിൽ അകപ്പെട്ടേക്കാം. എന്തൊക്കെയാണ് സൈബർ കുറ്റകൃത്യങ്ങൾ എന്നും അതിന്റെ ശിക്ഷകൾ എന്ത് എന്നും സൌജന്യമായി ക്ലാസ് എടുത്ത് തരാൻ പോലീസ് വകുപ്പിനെ സമീപിച്ചാൽ മതി.വെള്ളക്കടലാസിൽ അതാത് ജില്ലയിലെ പോലീസ് മേധാവിക്ക് അപേക്ഷ നൽകിയാൽ അനുയോജ്യനായ വ്യക്തിയെ അവർ തരും.നിയമ വശങ്ങളെക്കുറിച്ച് പറയാൻ KELSA പ്രതിനിധിയും വിവിധ തരം കേസുകളെപ്പറ്റി പറയാൻ അനുഭവസ്ഥരായ പോലീസ് ഉദ്യോഗസ്ഥരെയും വിളിച്ചാൽ ക്ലാസ് ഏറെ പ്രയോജനപ്പെടും. സ്മാർട്ട് ഫോൺ ഉപയോഗം വ്യാപകമായതിനാൽ ഈ വിഷയത്തിൽ എല്ലാവർക്കും ബോധവൽക്കരണം നൽകേണ്ടത് അത്യാവശ്യമാണ്.

ചിങ്ങം പിറന്നു.മണ്ണിനും മനസ്സിനും ഐശ്വര്യം പകരാൻ ദേ കൃഷി വകുപ്പ് റെഡി.അപ്പോൾ നമുക്ക് അടുത്തത് അതിനെപ്പറ്റിയാവാം....

7 comments:

Areekkodan | അരീക്കോടന്‍ said...

ഒരു മെസേജ് ഫോർവേഡ് ചെയ്താൽ, ഒരു മിസ്കാൾ അടിച്ചാൽ, ഒരു പോസ്റ്റ് ലൈക് ചെയ്താൽ, ഒരു വീഡിയൊ അപ്‌ലോഡ് ചെയ്താൽ എല്ലാം ഒരു പക്ഷേ നാം ഒരു സൈബർ കുറ്റകൃത്യത്തിൽ അകപ്പെട്ടേക്കാം.

സുധി അറയ്ക്കൽ said...

ഹോ.ഞെട്ടിപ്പോയല്ലോ!!!!

വിനുവേട്ടന്‍ said...

ഹോ... ഞാനും ഞെട്ടി മാഷേ... ഒരു തമാശ ഏത് രീതിയിൽ എത്തിയെന്നതിന്റെ ദൃഷ്ടാന്തം...

Cv Thankappan said...

കളി കാര്യമാവുന്ന ഘട്ടങ്ങള്‍
ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

എല്ലാ വായനക്കാര്‍ക്കും നന്ദി

ഷാജി കെ എസ് said...

ആവശ്യമില്ലാത്തതിന്‌ അമിതപ്രാധാന്യം നൽകുന്നവരാണ്‌ നമ്മുടെ ഉദ്യോഗസ്ഥർ.

Areekkodan | അരീക്കോടന്‍ said...

Shaji...അതും ശരിയാണ്

Post a Comment

നന്ദി....വീണ്ടും വരിക