Pages

Tuesday, September 13, 2016

മുട്ട പുഴുങ്ങല്‍ എന്ന സിമ്പിള്‍ സ്റ്റോറി

ബാച്ചിലര്‍ ജീവിതത്തിലെ ചില കൌതുകങ്ങളിലൊന്നാണ് പാചക പരീക്ഷണങ്ങള്‍.വീട്ടുകാരെയും  ഭാവിയില്‍ വരാന്‍ പോകുന്ന വീട്ടുകാരിയെയും ഒന്ന് സര്‍പ്രൈസ് ആക്കാന്‍ വേണ്ടി കൂടിയാണ് ബാച്ചികളുടെ ഈ പാചകം എന്നാണ് ഞാന്‍ കരുതുന്നത്. വീട്ടില്‍ നിന്നും ഉണ്ടാക്കിത്തരുന്ന ഭക്ഷണങ്ങള്‍ക്ക് രുചി ഉണ്ടെങ്കിലും പൊതുവെ വ്യത്യസ്തത ഉണ്ടാകാറില്ല.ട്രഡീഷണല്‍ ഉപ്പ്മാവും പുട്ടും കടലക്കറിയും എല്ലാം മടുപ്പുളവാക്കുമ്പോള്‍ ഇന്ന് പലരും കുടുംബസമേതം ഫാസ്റ്റ്ഫുഡ് കേന്ദ്രങ്ങളില്‍ അഭയം തേടുന്നു( എന്റെ ബാച്ചി ലൈഫ് കാലഘട്ടത്തില്‍, പ്രധാന കവലകളില്‍ സന്ധ്യ മയങ്ങിയാല്‍ മാത്രം പൊങ്ങുന്ന ഒന്നോ രണ്ടോ തട്ടുകടകള്‍ മാത്രമാണ് ഉണ്ടായിരുന്നത്).

സഹമുറിയരില്‍ ഒരാള്‍ ഓം‌ലെറ്റ് അടിക്കാന്‍ കൊണ്ടുവച്ച മുട്ടകള്‍ കണ്ടപ്പോഴാണ്, കുട്ടിക്കാലത്ത് വീട്ടിലെത്തുന്ന അതിഥികള്‍ക്ക് മുട്ട പുഴുങ്ങി നല്‍കിയിരുന്ന ഓര്‍മ്മകള്‍ തികട്ടി വന്നത്.വൈകിട്ട് ചായയുടെ കൂടെ മുട്ട പുഴുങ്ങി അടിക്കാം എന്ന് അതോടെ തീരുമാനമായി.

“മുട്ട പുഴുങ്ങല്‍ വെരി സിമ്പിളാ....വെള്ളത്തിലിട്ട് തിളപ്പിച്ചാല്‍ മതി...പക്ഷെ ഉപ്പ് രസം കിട്ടാന്‍..??” മുട്ട പുഴുങ്ങലിന്റെ പ്രായോഗിക ബുദ്ധിമുട്ട് ഞാന്‍ അവതരിപ്പിച്ചു.

“ശരിയാ...പുഴുങ്ങിയ മുട്ടക്ക് ഒരു ഉപ്പ് രസം ഉണ്ടാകാറുണ്ട്...മുട്ട പുഴുങ്ങുന്നതിന് ഒരു ദിവസം മുമ്പ് അത് ഉപ്പില്‍ പൂഴ്ത്തി വയ്ക്കണം എന്നാണ് പറയാറ്...” റൂമിലെ രണ്ടാമന്‍ അവന്റെ വെടി പൊട്ടിച്ചു.

“മുട്ട അരിയില്‍ പൂഴ്ത്താറുണ്ട്...ഉപ്പില്‍ പൂഴ്ത്തുന്നത് ഞാന്‍ ഇതുവരെ കണ്ടിട്ടോ കേട്ടിട്ടോ ഇല്ല...” ഞാന്‍ എന്റെ ഭാഗം പറഞ്ഞു.

“എടാ മണ്ടാ...മുട്ട ഉപ്പില്‍ പൂഴ്ത്തുന്നത് അത് കേടാകാതിരിക്കാനാ...സാള്‍ട്ട് ഇസ് എ ഫുഡ് പ്രിസര്‍വേറ്റീവ് എന്ന് കേട്ടിട്ടില്ലേ...?” മൂന്നാമന്‍ രണ്ടാമനെ ധരിപ്പിച്ചു.

“അപ്പോ പിന്നെ ഉപ്പ് രസം??” ഞാന്‍ വീണ്ടും ആഗോളപ്രശ്നം ഉന്നയിച്ചു.

“പുഴുങ്ങിയ മുട്ടയുടെ മുകളില്‍ ഒരു കുഴി കാണാറുണ്ട്...ഉപ്പ് നിക്ഷേപിക്കാനുള്ള കുഴിയാണത്...”രണ്ടാമന്‍ വീണ്ടും ആധികാരികമായി പ്രഖ്യാപിച്ചു.

“എനിക്കൊരൈഡിയ തോന്നുന്നു...സിറിഞ്ചില്‍ ഉപ്പ് വെള്ളം നിറച്ച് മുട്ടയില്‍ കയറ്റിയാലോ?” മൂന്നാമന്‍ പറഞ്ഞു.

“അത് കറക്ടാ...ഞാന്‍ മെഡിക്കല്‍ ഷോപ്പില്‍ പോയി സിറിഞ്ച് വാങ്ങി വരാം...”

“അതിനിന്ന് ഞായറാഴ്ചയല്ലേ?ഷോപ്പ് അടവായിരിക്കും...”കൂട്ടത്തില്‍ ആരുടെയോ ബുദ്ധി തത്സമയം പ്രവര്‍ത്തിച്ചു.

“നമ്മുടെ ഓണര്‍ ഇന്‍സുലിന്‍ കുത്തി വയ്ക്കാറുണ്ട്...അദ്ദേഹത്തിന്റെ അടുത്ത് സിറിഞ്ച് കാണും...”

“ഏയ്...മരുന്ന് നിറച്ച സിറിഞ്ച് പറ്റില്ല...” ഞാന്‍ പ്രശ്നം ഉന്നയിച്ചു.

“ഒരുകാര്യം ചെയ്യാം...മുട്ടയുടെ കൂര്‍ത്ത ഭാഗത്ത് ഒരു ചെറിയ ദ്വാരം ഇടുക...ശേഷം വെള്ളത്തില്‍ അല്പം ഉപ്പിട്ട് പുഴുങ്ങുക...” രണ്ടാമന്‍ പറഞ്ഞു.

“മുട്ടക്ക് ദ്വാരമിട്ടാല്‍ അതിനകത്തെ സാധനങ്ങളെല്ലാം പുറത്ത് വരില്ലേ?”

“അതിന് അല്പം ഫെവിക്കോള്‍ തേച്ച് കൊടുത്താല്‍ മതി...’

“ബെസ്റ്റ് ഐഡിയ...ഫെവിക്കോള്‍ കൂടി വയറ്റിലെത്തിച്ചിട്ട് വേണം ഹൃദയവും ശ്വാസകോശവും കൂടി ഒട്ടിപിടിക്കാന്‍...”

“എനിക്കൊരൈഡിയ തോന്നുന്നു...മുട്ട പുഴുങ്ങുന്ന വെള്ളത്തില്‍ അല്പം ഉപ്പിടുക.മുട്ടക്ക് മുകളില്‍ ഒരു മൊട്ടുസൂചി കൊണ്ട് ചെറിയൊരു ദ്വാരമിടുക. അത് സെല്ലോടാപ്പുകൊണ്ട് അടക്കുക.വെള്ളം തിളക്കുമ്പോള്‍ സെല്ലോടാപിന്നുള്ളിലൂടെ ഉപ്പ് വെള്ളം അകത്ത് കയറും...” ഞാന്‍ പറഞ്ഞു.

“ഓ പണ്ട് പഠിച്ച ഫോട്ടോസിന്തസിസ് തിയറി അല്ലേ?”

“മുട്ടയിലും ഫോട്ടോസിന്തസിസോ !!!???”

“ഫോട്ടോസിന്തസിസ് അല്ല...റിവേഴ്സ്  ഓസ്മോസിസ്...” ഞാന്‍ തിരുത്തി കൊടുത്തു.

അങ്ങനെ മൂന്ന് മുട്ടയെടുത്ത് ചെറിയ ദ്വാരമിട്ട് അത് സെല്ലോടാപ്പുകൊണ്ട് അടച്ചു.സ്റ്റൌവില്‍ വച്ച വെള്ളത്തിലേക്ക് അല്പം ഉപ്പ് കൂടി ഇട്ട് മുട്ടകള്‍ മൂന്നും അതിലേക്കിട്ടു.വെള്ളം തിളക്കാന്‍ തുടങ്ങിയതോടെ മുട്ടകള്‍ ഉരുണ്ട് മറിയാനും തുടങ്ങി.തിളച്ച് മറിയുന്ന വെള്ളം ക്രമേണ മഞ്ഞ നിറമാകുന്നത് കണ്ടെങ്കിലും ഞങ്ങളത് മൈന്റ് ചെയ്തില്ല.മൂന്ന് സെല്ലോടാപ്പ് കഷ്ണങ്ങളും കൂടി അവയ്കൊപ്പം പൊങ്ങി വന്നപ്പോഴാണ് മുട്ട പുഴുങ്ങല്‍ പാളിയതായി ഞങ്ങള്‍ മനസ്സിലാക്കിയത്.
(വിജയകരമായി പുഴുങ്ങിയ ഒരു മുട്ട തിന്ന ശേഷമുള്ള ഏമ്പക്കം ഓര്‍മ്മ അറകളില്‍ സൃഷ്ടിച്ച പ്രകമ്പനത്തില്‍ നിന്ന് പിറവി എടുത്തത്)

12 comments:

Areekkodan | അരീക്കോടന്‍ said...

വിജയകരമായി പുഴുങ്ങിയ ഒരു മുട്ട തിന്ന ശേഷമുള്ള ഏമ്പക്കം ഓര്‍മ്മ അറകളില്‍ സൃഷ്ടിച്ച പ്രകമ്പനത്തില്‍ നിന്ന് പിറവി എടുത്തത്...

© Mubi said...

ഹഹഹ... മാഷേ! പാചക കലയെ പരീക്ഷിച്ച് തോല്‍പ്പിച്ച് :)

Areekkodan | അരീക്കോടന്‍ said...

മുബീ...അവസാനം ജയിച്ചു,ഉപ്പില്ലാതെ മുട്ട പുഴുങ്ങിക്കൊണ്ട്.

വിനുവേട്ടന്‍ said...

അല്ല മാഷേ... അപ്പോൾ മുട്ട പുഴുങ്ങുമ്പോൾ ശരിക്കും വെള്ളത്തിൽ ഉപ്പിടേണ്ട ആവശ്യമില്ലേ? ഉപ്പിട്ടാൽ മുട്ട പൊട്ടില്ലെന്ന് കേട്ടതൊക്കെ വെറുതെയാണോ?

mini//മിനി said...

വീട്ടമ്മ മുട്ട പുഴുങ്ങാൻ വേലക്കാരിയെ ഏല്പിച്ചു. തിളച്ച വെള്ളത്തിലിട്ട് 100വരെ എണ്ണുന്നതുവരെ ചൂടാക്കണം എന്നു പറഞ്ഞു. അവൾ എണ്ണം തെറ്റി വീണ്ടും എണ്ണി, എന്നിട്ടും തെറ്റി,,, ഒടുവിൽ മുട്ട ചുട്ടെടുത്ത കഥയുണ്ട്. പിന്നെ വെജിറ്റേറിയൻ ഹോസ്റ്റലിൽ പെൺകുട്ടികൾ മുട്ട ഓമ്ലറ്റാക്കുന്നത് ഓൺ ചെയ്ത ഇസ്ത്രിപ്പെട്ടിയുടെ മുകളിൽ പൊട്ടിച്ച് ഒഴിച്ചിട്ടാണ്. നന്നായിരിക്കുന്നു,,,

Areekkodan | അരീക്കോടന്‍ said...

വിനുവേട്ടാ...ഉപ്പിടുന്നത് മുട്ട പൊട്ടാതിരിക്കാനാണ് എന്ന് അന്നറിയില്ലല്ലോ.

മിനിച്ചേച്ചീ...എണ്ണം തെറ്റിയ കഥ ഇഷ്ടപ്പെട്ടു.

സുധി അറയ്ക്കൽ said...

നല്ല കറുത്ത കളിമണ്ണു നല്ല കട്ടിയ്ക്ക്‌ മുട്ടയിൽ തേച്ച്‌ പിടിപ്പിച്ച്‌ കുറച്ച്‌ മണൽ കൂടി ഇട്ടിട്ടുള്ള അടുപ്പിൽ ഇട്ട്‌ ചുട്ടെടുക്കുമായിരുന്നു.ഒന്ന് പരീക്ഷിച്ച്‌ നോക്കൂ.

Areekkodan | അരീക്കോടന്‍ said...

സുധീ...ആരെങ്കിലും കണ്ടാല്‍ ബോംബ് നിര്‍മ്മിക്കുകയാണെന്ന് പറഞ്ഞ് കസ്റ്റഡിയില്‍ എടുക്കോ?

Cv Thankappan said...

മുട്ടപുഴുങ്ങല്‍ ചര്‍ച്ചയും പരീക്ഷണാന്ത്യവും രസകരമായി അവതരിപ്പിച്ചു.
ആശംസകള്‍ മാഷെ

Areekkodan | അരീക്കോടന്‍ said...

Thankappetta...Thanks

റോസാപ്പൂക്കള്‍ said...

ഹോ...ബാച്ചികള്‍ എന്നാല്‍ വിവരമില്ലാത്തവര്‍ എന്നാണല്ലേ അര്‍ത്ഥം..?

Areekkodan | അരീക്കോടന്‍ said...

റോസാപൂക്കൾ...ചെറിയൊരു സ്പെല്ലിംഗ് മിസ്റ്റേക് ഉണ്ട്.അവരെ ബുജികൾ എന്നാണ് വിളിക്കുക!!

Post a Comment

നന്ദി....വീണ്ടും വരിക