Pages

Wednesday, March 14, 2018

കാട്ടിലൂടെ ഒരു പ്രഭാത നടത്തം

കല്ലുമുക്കിൽ വീണ്ടും...             

               ആദ്യ പ്രകൃതി പഠന ക്യാമ്പിൽ ഞങ്ങൾ ആണുങ്ങൾ താമസിച്ചിരുന്ന ആ പുൽ‌കൂടാരത്തിന്റെ അസ്ഥിപഞ്ജരം മാത്രമേ ഇന്ന് അവിടെ നിലവിലുള്ളൂ. ട്രെഞ്ചിന്റെ മറുഭാഗത്ത് (ആന വരുന്ന സ്ഥലത്ത്) പുതിയ ഒരു കെട്ടിടം ഉണ്ടാക്കിയിട്ടുണ്ട്. അതിലാണ് ആൺ‌കുട്ടികൾക്കുള്ള താമസ സൌകര്യം !
12 പെൺകുട്ടികളും 20 ആൺ കുട്ടികളും ഞാനടക്കം 5 സ്റ്റാഫും അടങ്ങിയതായിരുന്നു ഇത്തവണത്തെ ഞങ്ങളുടെ സംഘം. രെജിസ്റ്റ്രേഷനും ചായയും കഴിഞ്ഞ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബാബു സർ ഉങ്ങു മരച്ചുവട്ടിലെ ആദ്യ സെഷൻ ആരംഭിച്ചു. ഞങ്ങൾ ഓരോരുത്തരോടും സ്വന്തം നാടിനെപ്പറ്റിയും അവിടെയുള്ള പ്രകൃതി വിഭവങ്ങളെപ്പറ്റിയും അതിന്റെ ഇന്നത്തെ അവസ്ഥയെപ്പറ്റിയും എല്ലാം പങ്ക് വയ്ക്കാൻ ആവശ്യപ്പെട്ടു. പ്രകൃതി പഠനത്തിന് വന്ന പലരും ചെയ്തു കൂട്ടിയ വികൃതികളും സ്വന്തം നാടിനെപ്പറ്റിയുള്ള അറിവിന്റെ ആഴവും ആ പങ്കിടലിലൂടെ പുറത്തായി.രാത്രി  സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബീരാൻ കുട്ടി സർ കൂടുതൽ കാര്യങ്ങളും പറഞ്ഞ് തന്നു.അടുക്കളയിലെ ചേട്ടനോടൊപ്പം ഞങ്ങളും കൂടി ചേർന്ന് തയ്യാറാക്കിയ രുചികരമായ കഞ്ഞിയും പുഴുക്കും ആസ്വദിച്ച് അന്നത്തെ ദിനത്തിന് വിരാമമിട്ടു.
പിറ്റേ ദിവസം കാട്ടിലൂടെ ഒരു പ്രഭാത നടത്തം ആയിരുന്നു ആദ്യ പരിപാടി. പക്ഷേ രാവിലെ അനുഭവപ്പെട്ട മൂടൽ മഞ്ഞ് അത്രയും നേരത്തെ വനത്തിൽ പ്രവേശിക്കുന്നതിനെ വിലക്കി. മൂടൽ മഞ്ഞിൽ മുന്നിൽ നിൽക്കുന്ന മൃഗങ്ങളെ നമുക്ക് കാണാൻ പ്രയാസമാണ്. എന്നാൽ മൃഗങ്ങൾക്ക് വാസന ലഭിക്കുന്നതിനാൽ നമ്മുടെ സാന്നിദ്ധ്യം അവ മനസ്സിലാക്കുകയും ചെയ്യും.  ഒമ്പത് മണി കഴിഞ്ഞതോടെ മഞ്ഞ് മാറി.

എക്കോ റെസ്റ്റൊറേഷൻ എന്ന പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ഞങ്ങൾക്ക് ഈ ക്യാമ്പ് അനുവദിച്ചിരുന്നത്. കാട്ടിനകത്ത് കൂടിയുള്ള അരുവിയുടെ ഓരത്ത് കൈത നടലായിരുന്നു ഞങ്ങളുടെ ഒരു കർത്തവ്യം. ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ മിക്ക നാട്ടിലെയും തോടുകളുടെ ഓരത്തുള്ള കൈത വെട്ടി നിരത്തുമ്പോൾ ഞങ്ങൾ അത് നടാൻ ഇറങ്ങുന്നതിലെ ഔചിത്യം ബീരാൻ സാർ പറഞ്ഞപ്പോഴാണ് തിരിച്ചറിഞ്ഞത്.

കൈത നാം കരുതുന്ന പോലെ ഒരു ശല്യമല്ല. തോട്ടിലെ ജല സമ്പത്തിനെ നിലനിർത്താൻ സഹായിക്കുന്ന ഒരു ചെടിയാണ് കൈത. മാത്രമല്ല മത്സ്യങ്ങൾക്കും മറ്റു ജല ജീവികൾക്കും പല തരത്തിലുള്ള ഉപകാരങ്ങളും ഈ ചെടി ചെയ്യുന്നുണ്ടത്രേ.കൈത വെട്ടി വൃത്തിയാക്കിയ മിക്ക തോടുകളും മൂന്ന് വർഷത്തിനിടെ അപ്രത്യക്ഷമായതും അദ്ദേഹം പറഞ്ഞു. കൈത വെട്ടി നിരത്തിയ അതേ തൊഴിലുറപ്പ് പദ്ധതി ഇന്ന് കൈത നടാനും ഉപയോഗിക്കുന്നു എന്നതാണ് വിരോധാഭാസം.

കയ്യിൽ ഓരോ കൈത കഷ്ണങ്ങളുമായി ഞങ്ങൾ ബീരാൻ സാറിന് പിന്നാലെ കാട്ടിലേക്ക് നടന്നു. അല്പം മുന്നിലായി ക്യാമറയും കൊണ്ട് ബാബു സാറും നടന്നു. 
കാട്ടിൽ പ്രവേശിച്ച് പത്ത് മിനുട്ടിനകം തന്നെ മുളകൾ ഞെരിഞ്ഞമരുന്ന ശബ്ദം ഞങ്ങൾ കേട്ടു. അല്പ സമയത്തേക്ക് ഞങ്ങളെ അത് തടഞ്ഞ് നിർത്തി. പലരുടെയും മുഖത്ത് ആശങ്ക പടരാൻ തുടങ്ങി. പക്ഷെ ബീരാൻ സാർ വിദഗ്ദമായി ആ രംഗം കൈകാര്യം ചെയ്തു.അല്പം കൂടി നടന്നതോടെ ഞങ്ങൾ ഒരു ഉപകരണം കണ്ടു.
കടുവകളുടെ കണക്കെടുപ്പിനായി സ്ഥാപിച്ച ക്യാമറയായിരുന്നു അത്.  മുമ്പിലൂടെ പോകുന്ന മനുഷ്യനടക്കമുള്ള ജീവികളുടെ ഫോട്ടോ അതിൽ പതിയും. അതിനാൽ തന്നെ അനധികൃത നുഴഞ്ഞ് കയറ്റക്കാർ ഉണ്ടെങ്കിൽ അവരും ക്യാമറയിൽ കുടുങ്ങും. കാടിന്റെ പല ഭാഗങ്ങളിലും ഇത് സ്ഥാപിച്ചതായി ഞങ്ങൾ കണ്ടു. പുലർക്കാല കാടിന്റെ മനോഹാരിത ഞങ്ങളെ ശരിക്കും വശീകരിച്ചു.
പെട്ടെന്ന് അല്പം മുന്നിൽ നടന്നിരുന്ന ബാബു സർ കയ്യുയർത്തി ഞങ്ങളോട് നിൽക്കാൻ ആംഗ്യം കാട്ടി. പിന്നെ കണ്ടത് അദ്ദേഹം പിന്തിരിഞ്ഞോടുന്നതാണ്. ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ ഞങ്ങൾ എല്ലാവരും പകച്ചു നിന്നു.

(തുടരും...)

1 comments:

Areekkodan | അരീക്കോടന്‍ said...

പെട്ടെന്ന് അല്പം മുന്നിൽ നടന്നിരുന്ന ബാബു സർ കയ്യുയർത്തി ഞങ്ങളോട് നിൽക്കാൻ ആംഗ്യം കാട്ടി. പിന്നെ കണ്ടത് അദ്ദേഹം പിന്തിരിഞ്ഞോടുന്നതാണ്.

Post a Comment

നന്ദി....വീണ്ടും വരിക