Pages

Friday, March 30, 2018

സൌഹൃദം പൂക്കുന്ന വഴികള്‍ - 2

സൌഹൃദം പൂക്കുന്ന വഴികള്‍ - 1

            2012 ജൂണ്‍ മാസം... എന്റെ സ്വതന്ത്ര നേതൃത്വത്തില്‍ നടന്ന ആദ്യത്തെ എന്‍.എസ്.എസ് സപ്തദിന ക്യാമ്പിലെ സീനിയര്‍ അംഗങ്ങളും നാഷണല്‍ സര്‍വീസ് സ്കീമിന്റെ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഊര്‍ജ്ജസ്വലരായ വളണ്ടിയര്‍മാരുമായ മന്‍സൂര്‍ , അപര്‍ണ്ണ, അമീന്‍, അഫ്നാസ്,ജോയല്‍ തുടങ്ങീ ഒരു വന്‍ താരനിര തന്നെ കോളേജില്‍ നിന്നും പടി ഇറങ്ങി. ഇവരില്‍ ജോയല്‍ കോട്ടയം ജില്ലക്കാരനായതിനാല്‍ പിന്നീട് കണ്ടതായി എന്റെ ഓര്‍മ്മയില്‍ ഇല്ല. മറ്റുള്ളവരെയെല്ലാം വ്യത്യസ്ത സമയത്തായി പലപ്പോഴും കാണുകയോ ഫോണ്‍ മുഖേന ബന്ധപ്പെടുകയോ ചെയ്തിട്ടുണ്ട്. ജോയല്‍ പഠനം , ജോലി,ജീവിതം അങ്ങനെ പല വഴികളിലൂടെയും കടന്നു പോകുന്ന വിവരം ഇവരില്‍ നിന്നും ഫേസ്ബുക്കില്‍ നിന്നും എനിക്ക് ലഭിക്കാറുണ്ടായിരുന്നു. ഇടക്കെപ്പോഴോ അതും മുറിഞ്ഞു.
             2018 മാര്‍ച്ച് 24. എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്ലിന്റെ വാര്‍ഷിക സംഗമവും അവാര്‍ഡ് വിതരണവും എറണാകുളം ജില്ലയിലെ കാലടി ആദിശങ്കര എഞ്ചിനീയറിംഗ് കോളേജില്‍ ആരംഭിച്ചു. എന്റെ കോളേജിലെ രണ്ട് വളണ്ടിയര്‍മാര്‍ക്ക് മികച്ച വളണ്ടിയര്‍ അവാര്‍ഡ് കിട്ടിയതിനാലും പ്രോഗ്രാം ഓഫീസറായ ശേഷം ഒരു വാര്‍ഷിക സംഗമവും പങ്കെടുക്കാതെ പോയിട്ടില്ല എന്നതിനാലും കാലടിയിലും ഞാന്‍ എത്തി. നേരത്തെ സൂചിപ്പിച്ച ജോയലിന്റെ സീനിയറും പ്രൊഗ്രാം ഓഫീസറായുള്ള എന്റെ ആദ്യ വര്‍ഷത്തെ സീനിയര്‍ വളണ്ടിയറുമായ അശ്വിന്‍‌രാജിന് മികച്ച പ്രോഗ്രാം ഓഫീസര്‍ അവാര്‍ഡും ഈ വര്‍ഷം ലഭിച്ചത് കാലടിയില്‍ എത്താന്‍ എനിക്ക് മറ്റൊരു പ്രചോദനമായി.
              അവാര്‍ഡ് ദാനവും മറ്റും കഴിഞ്ഞ് സദസ്സിന്റെ ഏറ്റവും പിന്നില്‍ ഞാന്‍ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു.സ്റ്റേജില്‍ അപ്പോഴും ആരോ പ്രസംഗിക്കുന്നുണ്ട്. എന്റെ തൊട്ടടുത്ത് വന്ന് ഒരു തടിമാടന്‍ സ്റ്റേജിലേക്ക് ഏന്തി വലിഞ്ഞ് നോക്കുന്നത് പെട്ടെന്ന് എന്റെ ദൃഷ്ടിയില്‍ പെട്ടു. ഒരു വശത്ത് നിന്ന് നോക്കിയപ്പോള്‍ അത് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ കാമ്പസില്‍ നിന്നും ഇറങ്ങിയ ജോയലാണെന്ന് എനിക്ക് തോന്നിപ്പോയി. സ്റ്റേജിലേക്ക് ശരിയായി കാണാത്തതിനാലാവും അയാള്‍ പന്തലിനകത്തേക്ക് എന്റെ അടുത്തേക്കിറങ്ങി. മുഖത്തേക്ക് നോക്കിയ ഞാന്‍ ശരിക്കും അന്തം വിട്ടു - ആറ് വര്‍ഷം മുമ്പ് യാത്ര പറഞ്ഞ ജോയല്‍ ജോസഫ് ജോയ് എന്റെ കണ്‍‌മുന്നില്‍ !!
               ഈ സംഗമത്തിന് ഞാന്‍ എത്തും എന്ന് മനസ്സിലാക്കി ജബ്ബാര്‍ സാറില്‍ നിന്ന് എന്റെ നമ്പര്‍ വാങ്ങി അന്ന് രാവിലെ എന്നെ വിളിച്ചതും ഞാന്‍ അത് ‘മൈന്റ്‘ ചെയ്യാതിരുന്നതും നാട്ടിലേക്ക് തിരിച്ച് പോകുന്നതിന് മുമ്പ് സ്റ്റേജില്‍ ഞാനുണ്ടോ എന്ന് നോക്കാനായി വീണ്ടും വന്ന കഥയും ജോയല്‍ പറഞ്ഞപ്പോള്‍ എന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളുകയായിരുന്നു. ഒരു വര്‍ഷത്തോളമായി ജോയല്‍ ഇവിടെ അധ്യാപകനായി ജോലി ചെയ്ത് വരികയായിരുന്നു. ജോയല്‍ ക്ഷണിച്ച പ്രകാരം കാലടിയില്‍ നിന്നും ഒന്നര മണിക്കൂര്‍ യാത്രയുള്ള കൂത്താട്ടുകുളത്തേക്ക് ഞാനും അശ്വിനും അന്ന് രാത്രി ജോയലിനോടൊപ്പം യാത്ര തിരിച്ചു.
             രാത്രി ഒമ്പതരയോടെ ഞങ്ങള്‍ ജോയലിന്റെ വീട്ടിലെത്തി.പപ്പയും മമ്മിയും മാത്രമേ ആ തറവാട് വീട്ടിലുള്ളൂ.ഇതുവരെ കല്യാണം കഴിക്കാത്ത ജോയല്‍ അവരുടെ ഏക സന്താനവും. മമ്മി ഞങ്ങള്‍ക്ക് എല്ലാവര്‍ക്കുമുള്ള ഭക്ഷണവും പാകം ചെയ്ത് കാത്തിരിക്കുകയായിരുന്നു. നല്ലൊരു കര്‍ഷകനായ ജോയല്‍ വാണിജ്യാടിസ്ഥാനത്തില്‍ മത്സ്യം വളര്‍ത്തുന്നുണ്ടായിരുന്നു. കുളത്തില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കാം എന്ന് കരുതിയെങ്കിലും രാത്രി വൈകിയതിനാല്‍ അത് നടന്നില്ല. പിറ്റേന്ന് രാവിലെത്തന്നെ ഞങ്ങള്‍ കുളത്തിനടുത്തെത്തി മീന്‍ വളര്‍ത്തലിന്റെ കുറെ കാര്യങ്ങള്‍ പപ്പയില്‍ നിന്ന് ചോദിച്ചറിഞ്ഞു. ഇതിനിടയില്‍ അശ്വിന്‍ ഞങ്ങളെ സെല്‍ഫിയിലാക്കി.
              ആറ് വര്‍ഷം മുമ്പ് അറ്റുപോയ ജോയലുമായുള്ള  എന്റെ അധ്യാപക-വിദ്യാര്‍ത്ഥീ ബന്ധവും അശ്വിന്റെ സീനിയര്‍-ജൂനിയര്‍ ബന്ധവും പുതുക്കി ഞങ്ങള്‍ ആ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ കൈ വീശി യാത്രയാക്കാന്‍, ഒറ്റ രാത്രി കൊണ്ട് ഞങ്ങളുടെയും കൂടി അമ്മയായ ജോയലിന്റെ അമ്മ മുറ്റത്തുണ്ടായിരുന്നു.

3 comments:

Areekkodan | അരീക്കോടന്‍ said...

ആറ് വര്‍ഷം മുമ്പ് അറ്റുപോയ ജോയലുമായുള്ള എന്റെ അധ്യാപക-വിദ്യാര്‍ത്ഥീ ബന്ധവും അശ്വിന്റെ സീനിയര്‍-ജൂനിയര്‍ ബന്ധവും പുതുക്കി ഞങ്ങള്‍ ആ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ കൈ വീശി യാത്രയാക്കാന്‍, ഒറ്റ രാത്രി കൊണ്ട് ഞങ്ങളുടെയും കൂടി അമ്മയായ ജോയലിന്റെ അമ്മ മുറ്റത്തുണ്ടായിരുന്നു

Cv Thankappan said...

അപ്പോള്‍ മീന്‍വളര്‍ത്തലിനെപ്പറ്റിയും ചോദിച്ചറിഞ്ഞു....
സൌഹൃദങ്ങള്‍ പൂത്തുവിടരട്ടെ!
ആശംസകള്‍ മാഷേ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...മീന്‍ വളര്‍ത്തല്‍ ചെറിയ തോതില്‍ തുടങ്ങാന്‍ ഒരാഗ്രഹം.അറിഞ്ഞു വയ്ക്കുന്നത് നല്ലതാണല്ലോ?

Post a Comment

നന്ദി....വീണ്ടും വരിക