Pages

Tuesday, March 20, 2018

അരവിഞ്ചിയിലെ കേണി

                  കാട്ടിലെ ഓരോ കാഴ്ചയും ഞങ്ങൾക്ക് പുതിയ ഓരോ അറിവുകൾ പകർന്നു കൊണ്ടിരുന്നു. നടന്ന് നടന്ന് ഞങ്ങൾ ജലസ‌മൃദ്ധമായ തുറസായ ഒരു സ്ഥലത്തെത്തി. അരവിഞ്ചി എന്നായിരുന്നു ആ സ്ഥലത്തിന് വനം വകുപ്പോദ്യോഗസ്ഥർ നൽകിയ പേര്. വിശാലമായ ഒരു പുൽമൈതാനം പോലെയായിരുന്നു ആ സ്ഥലം. ഒരു മൂലയിലായി വലിയൊരു കുളവും ഉണ്ടായിരുന്നു. ആനകൾ അടക്കമുള്ള മൃഗങ്ങൾ ജലപാനത്തിനായി അവിടെ വരാറുള്ളതായി വനപാലകർ പറഞ്ഞു. ഞങ്ങൾ അവിടെ നിൽക്കെ തന്നെ കാടിന്റെ ഓരം പറ്റി മാനുകൾ കടന്നു പൊയ്ക്കൊണ്ടിരുന്നു.
               കാട്ടിനകത്തെ വയൽ ആയിരുന്നു ഈ സ്ഥലം പോലും. മുമ്പ് ഇവിടെ ജനവാസവും കൃഷിയും ഉണ്ടായിരുന്നു. അതിന്റെ ലക്ഷണങ്ങളായി അങ്ങിങ്ങായി കാപ്പിച്ചെടികളും മറ്റും കണ്ടു. അതിനിടക്കാണ് ഒരു ‘കേണി’ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത്.   തലേ ദിവസം കേണിയെപ്പറ്റി ബാബുസാർ പറഞ്ഞിരുന്നതിനാൽ ഞങ്ങൾക്കത് പെട്ടെന്ന് മനസ്സിലായി.

                 കേണി എന്നാൽ വയനാട്ടിൽ പണ്ട് കാലത്തുണ്ടായിരുന്ന ജലത്തിന്റെ ഒരു സ്രോതസ്സാണ്. വയനാട് യഥാർത്ഥത്തിൽവയൽനാട്ആയിരുന്നു. ജലസമൃദ്ധമായ പ്രദേശങ്ങളായതിനാൽ ചെറിയ ഒരു കുഴി കുത്തിയാൽ തന്നെ, മറ്റു സ്ഥലങ്ങളിൽ കിണർ കുത്തുന്ന പോലെ വെള്ളം കിട്ടുമായിരുന്നു. ഇത്തരം കുഴികളെ സംരക്ഷിക്കാൻ ആൾമറ കെട്ടുന്ന പതിവ് അന്ന് ഇല്ലായിരുന്നു. ഇടിഞ്ഞു വീഴാതിരിക്കാൻ ഇന്നത്തെ പോലെ റിംഗ് ഇറക്കുന്ന പതിവും ഇല്ല. അതിനാൽ തന്നെ അന്നത്തെ ആൾക്കാർ അതിന് പ്രകൃതി ദത്തമായ ഒരു മാർഗ്ഗം കണ്ടെത്തി.
            
                    മൂത്ത പനയുടെ (കരിമ്പന അത്യത്തമം) തടിയറുത്ത് അതിന്റെ ചോറ് കളഞ്ഞ് അത് കുഴിയിലേക്ക് ഇറക്കി വയ്ക്കും.അതോടെ വശങ്ങൾ ഭദ്രമായി.നിലക്കാത്ത ഉറവ കാരണം വെള്ളം നിറഞ്ഞ് പനയുടെ വശങ്ങളിലൂടെ പുറത്തേക്ക് ഒഴുകും.കപ്പിയും കയറും ഇട്ട് വെള്ളം മുക്കേണ്ടതില്ല, ഒരു പാത്രം കൊണ്ട് നേരിട്ട് കേണിയിൽ നിന്നും വെള്ളം ശേഖരിക്കാം. കുറുമ വിഭാഗത്തിൽ പെട്ട ആദിവാസികൾക്കിടക്കാണ് ഇത് കൂടുതൽ പ്രചാരത്തിലുണ്ടായിരുന്നത്. കേണിയുടെ ഫോട്ടോ എടുത്തത് ഒന്നും തന്നെ ഇപ്പോൾ കാണുന്നില്ല. കൂട് മാഗസിനിൽ കേണിയെപ്പറ്റി വന്ന ഒരു ലേഖനം ഇവിടെ ക്ലിക്കിയാൽ വായിക്കാം. 

                   കേണിയുടെ കഥ കേട്ടപ്പോഴാണ് എന്റെ ഹൈസ്കൂൾ പഠന കാലത്തെ ഒരോർമ്മ മനസ്സിലെത്തിയത്. ചാലിയാറിന് മറുവശത്തുള്ള ഊർങ്ങാട്ടിരി പഞ്ചായത്തിലെ മൂർക്കനാട് സുബുലുസ്സലാം ഹൈസ്കൂളിൽ ആയിരുന്നു ഞാൻ പഠിച്ചിരുന്നത്. അക്കാലത്ത് വേനൽ കാലമായാൽ പുഴ വറ്റി പകുതിയോളം വീതിയിൽ മണൽ പൊങ്ങും. ഞങ്ങൾ ഇതിനെ മാട് എന്ന് വിളിക്കും. സ്കൂൾ കടവിൽ പുഴ കടക്കാൻ തോണി മാത്രമായിരുന്നു ഉണ്ടായിരുന്നത്.ആൾക്കാർ വന്നുപോകുന്ന സ്ഥലമായതിനാൽ വേനൽക്കാലത്ത് ഇവിടെ ഓലമേഞ്ഞ താൽക്കാലിക ചായക്കട പൊങ്ങും.ചായ കാച്ചാനുള്ള വെള്ളം എടുക്കാനായി കടയുടെ പുറകിലായി കൈകൊണ്ട് മാന്തി കുഴിയുണ്ടാക്കും. അതിൽ ഇത്തരം പനയുടെ തടി ഇറക്കി മണൽ ഇടിയുന്നത് തടഞ്ഞ് വയ്ക്കും. ഇന്നും നാട്ടിൻ പുറത്തെ പുഴയോരങ്ങളിൽ വേനൽക്കാലമായാൽ ഇത്തരം ചായക്കടകളുംകേണികളുംപ്രത്യക്ഷപ്പെടാറുണ്ട്.

               ഈ വേനലിലും വെള്ളത്താൽ സ‌മൃദ്ധമായിരുന്നു അരവിഞ്ചിയിലെ ആ നീർത്തടം. ഞങ്ങൾ കാല് വയ്ക്കുമ്പോഴേക്കും അവിടം താഴ്ന്നു പോകുന്നുണ്ടായിരുന്നു. ആ താഴ്വാരത്തിലേക്ക് മഴക്കാലത്ത് വെള്ളം എത്തിക്കുന്ന നീർച്ചാലിന്റെ ഇരു വശത്തുമായിട്ട് കുഴികളുണ്ടാക്കി ഞങ്ങൾ കൊണ്ടു വന്ന കൈതയുടെ കഷ്ണങ്ങൾ നട്ടു. കൂർത്ത വടി കൊണ്ട് മണ്ണിൽ ഒന്ന് കുത്തി വശങ്ങളിലേക്ക് തുഴയുമ്പോഴേക്കും കുഴി രൂപപ്പെടുന്നത് ആ മണ്ണിന്റെ മൃദുത്വം ഞങ്ങളെ ബോധ്യപ്പെടുത്തി.
                 കൊണ്ടു വന്ന കൈതത്തണ്ടുകൾ മുഴുവൻ നട്ടു കഴിഞ്ഞപ്പോൾ അല്പം വിശ്രമിക്കാനായി ഞങ്ങൾ ഒരു തണലിലേക്ക് നീങ്ങി. കാടൊരുക്കിയ ഇരിപ്പിടത്തിൽ ബിന്ദു ടീച്ചറും രമ്യശ്രീ ടീച്ചറും ഏതാനും കുട്ടികളും  അല്പനേരം ഇരുന്നു.


(തുടരും...)

5 comments:

Areekkodan | അരീക്കോടന്‍ said...

കേണി എന്നാൽ വയനാട്ടിൽ പണ്ട് കാലത്തുണ്ടായിരുന്ന ജലത്തിന്റെ ഒരു സ്രോതസ്സാണ്.

© Mubi said...

എനിക്കാണെങ്കില്‍ കോണി'ന്ന് കേട്ടപ്പോള്‍ മലപ്പുറത്തെ ഇലക്ഷന്‍ പ്രചാരണമാണ് ഓര്‍മ്മ വന്നത്. വയനാട് കോണി പുതിയ അറിവാണ് മാഷേ..

Areekkodan | അരീക്കോടന്‍ said...

മുബീ...കോണി പണ്ട് മുതലേ കേൾക്കുന്നതാണെങ്കിലും എന്റെ ചിന്ത ആ വഴിക്ക് പോയില്ല. പിന്നെ ഇത് കേണിയാണ് , കോണിയല്ല

Cv Thankappan said...

നല്ല അറിവുകള്‍
ആശംസകള്‍ മാഷേ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...വായനക്ക് നന്ദി.കേണി ഞങ്ങള്‍ക്കും ഒരു പുതിയറിവായിരുന്ന്നു.

Post a Comment

നന്ദി....വീണ്ടും വരിക