Pages

Monday, March 26, 2018

കാട്ടുനായ്ക്ക കോളനിയില്‍...

              ഇന്ന് ഈ പ്രകൃതി പഠന ക്യാമ്പ് അവസാനിക്കുകയാണ്. കല്ലുമുക്കും അരവിഞ്ചിയും മൂന്ന് ദിവസം ഞങ്ങളെ ത്രസിപ്പിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥരും മറവി എന്ന തിരശ്ശീലയുടെ പിന്നിലേക്ക് നീങ്ങാന്‍ പോകുന്നു. അതിന് മുമ്പ് കാടിന്റെ മക്കളുടെ ജീവിതം കൂടി ഒന്നടുത്ത് അറിയുക എന്ന ലക്ഷ്യത്തോടെ ഞങ്ങള്‍ തൊട്ടടുത്ത കാട്ടുനായ്ക്ക കോളനിയിലേക്ക് നീങ്ങി.

               അടുത്തടുത്ത് സ്ഥാപിച്ച വീടുകള്‍ ആയിരുന്നു കോളനിയില്‍. അതില്‍ തന്നെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉണ്ട്. വശങ്ങള്‍ ഓട കൊണ്ട് കെട്ടിയുണ്ടാക്കിയ ഒറ്റ മുറി വീടുകളും ഉണ്ട്. നായയും പൂച്ചയും ആടും മേയുന്ന പൊടി മണ്ണില്‍ കൊച്ചു കുട്ടികളും നിരങ്ങുന്ന കാഴ്ച മനസ്സില്‍ ചെറിയൊരു നൊമ്പരം ഉണ്ടാക്കി. ഈ മാതാപിതാക്കളുടെ മക്കളായി ജനിച്ചതിനാല്‍ അവര്‍ അനുഭവിക്കേണ്ടി വരുന്ന അസ്വാതന്ത്ര്യം എന്ന് എനിക്ക് തോന്നിയ ചില കാര്യങ്ങളായിരുന്നു ഈ നൊമ്പരത്തിന് കാരണം. പക്ഷെ നാട്ടിലെ മക്കളെ അപേക്ഷിച്ച് അവര്‍ മണ്ണിലനുഭവിക്കുന്ന സ്വാതന്ത്ര്യവും ഞാന്‍ തിരിച്ചറിഞ്ഞു.
                 രണ്ട് വര്‍ഷം മുമ്പ് ബേഗൂരില്‍ പ്രകൃതി പഠന ക്യാമ്പ് നടത്തിയപ്പോ‍ള്‍ തൊട്ടടുത്തുണ്ടായിരുന്ന കോളനിയിലെ കുട്ടികള്‍ അവതരിപ്പിച്ച ഒരു ആദിവാസി കലാരൂപം എന്റെ മനസ്സില്‍ തങ്ങി നിന്നിരുന്നു. ഈ കോളനിയിലും അത്തരം എന്തെങ്കിലും ഒരു കലാപ്രകടനം കുട്ടികളില്‍ നിന്നും ഞാന്‍ പ്രതീക്ഷിച്ചു. എല്ലാ കുഞ്ഞുമക്കളെയും ഒരു വീട്ടിലേക്കെത്തിച്ച് അവരോട് പാട്ടു പാടാന്‍ പറഞ്ഞപ്പോഴാണ് ടി.വിയുടെ സ്വാധീനം തിരിച്ചറിഞ്ഞത്.പാട്ടുകള്‍ എല്ലാം തന്നെ സിനിമയില്‍ നിന്നുള്ളവ മാത്രമായിരുന്നു. കോങ്ക്രീറ്റ് വീടുകളും അനുബന്ധ സൌകര്യങ്ങളും ഒരുക്കിയപ്പോള്‍ അവരുടെ സ്വന്തം ഗോത്ര സംസ്കൃതി നിലനിര്‍ത്താന്‍ ഒന്നും ചെയ്യാത്തതിന്റെ പരിണത ഫലം സമീപഭാവിയില്‍ തന്നെ പ്രകടമായിത്തുടങ്ങും എന്ന് തീര്‍ച്ച. കുട്ടികളോടൊപ്പം ഞങ്ങളും ചില കലാപരിപാടികള്‍ അവതരിപ്പിച്ചു.
                     പാട്ടു പാടിയ മുഴുവന്‍ കുട്ടികള്‍ക്കും പത്ത് രൂപ വീതം ഞങ്ങള്‍ സമ്മാനമായി നല്‍കി. സാധനങ്ങള്‍ക്ക് പകരം കാശ് ആണ് അവര്‍ ഇഷ്ടപ്പെടുക എന്ന വിദഗ്ദാഭിപ്രായത്തിലാണ് ഞങ്ങള്‍ ആ തീരുമാനത്തില്‍ എത്തിയത്. സമ്മാനം വിതരണം ചെയ്ത ഞാന്‍ കുട്ടികളോട് എല്ലാം അവരുടെ പേരും പഠിക്കുന്ന ക്ലാസും ഞാന്‍ അന്വേഷിച്ചിരുന്നു. ഇത് അറിഞ്ഞ ഒരുത്തന്‍ വേറെ ഒരുവനോട് മെല്ലെ പോയി ചോദിച്ചു - ഞാന്‍ എത്രാം ക്ലാസ്സിലാ !!!
              കൂട്ടത്തില്‍ ഒരു കൊച്ചു കുട്ടിയെ എടുത്ത് പൊക്കിയപ്പോള്‍ നല്ല ചൂട് അനുഭവപ്പെട്ടു. കുട്ടിക്ക് നല്ല പനിയുണ്ടായിരുന്നു. പക്ഷെ പറയാനും  ശ്രദ്ധിക്കാനും ആളില്ലാത്ത ബാല്യം - അതും എന്നെ നൊമ്പരപ്പെടുത്തി.
               
                 ഉച്ചക്ക് രണ്ട് മണിയോടെ എല്ലാ പ്രവൃത്തികളും അവസാനിപ്പിച്ച് ഞങ്ങള്‍ കാട്ടില്‍ നിന്നും നാട്ടിലേക്ക് തിരിച്ചു. എന്റെ എന്‍.എസ്.എസ് ജീവിതത്തിലെ ആറാമത്തെ ത്രിദിന പ്രകൃതി പഠന ക്യാമ്പിനും അതോടെ പരിസമാപ്തിയായി.

5 comments:

Areekkodan | അരീക്കോടന്‍ said...

സമ്മാനം വിതരണം ചെയ്ത ഞാന്‍ കുട്ടികളോട് എല്ലാം അവരുടെ പേരും പഠിക്കുന്ന ക്ലാസും ഞാന്‍ അന്വേഷിച്ചിരുന്നു. ഇത് അറിഞ്ഞ ഒരുത്തന്‍ വേറെ ഒരുവനോട് മെല്ലെ പോയി ചോദിച്ചു - ഞാന്‍ എത്രാം ക്ലാസ്സിലാ !!!

Cv Thankappan said...

നൊമ്പരകുറിപ്പായി.....
ആശംസകള്‍ മാഷേ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...വീണ്ടും ഇതുവഴി വന്നതിൽ ഏറെ സന്തോഷം.

Mubi said...

അവര്‍ക്ക് വേണ്ടിയുള്ള ഫണ്ടുകള്‍???

Areekkodan | അരീക്കോടന്‍ said...

മുബീ...പ്രധാനമായും ട്രൈബല്‍ ഡവലപ്‌മെന്റ് ഫണ്ട്.പല പദ്ധതികള്‍ക്കായി കൊടുക്കുന്നുണ്ടെങ്കിലും ഇടനിലക്കാര്‍ പിടുങ്ങുന്നു.

Post a Comment

നന്ദി....വീണ്ടും വരിക