Pages

Thursday, March 22, 2018

അരവിഞ്ചിയിൽ അര നാഴിക നേരം.

                 നടത്തം തുടങ്ങിയിട്ട് മണിക്കൂറുകൾ പിന്നിട്ടതിനാൽ അല്പ സമയം വിശ്രമിക്കാൻ ഞങ്ങൾ ഒരു മരത്തണലിലേക്ക് നീങ്ങി. കയ്യിൽ കരുതിയ വെള്ളം മുഴുവൻ കഴിഞ്ഞിരുന്നു. അരവിഞ്ചിയിലെ കേണി യിലെ വെള്ളം വായിൽ വയ്ക്കാൻ ആർക്കും ധൈര്യം വന്നില്ല. കാടിന്റെ തണുപ്പും ശുദ്ധ വായുവും കുളിർമ്മ നൽകിയതിനാൽ ദാഹം പെട്ടെന്ന് തന്നെ ഞങ്ങൾ മറന്നു. ഒരു കാട്ടുമാവിന്റെ ചുവട്ടിലായി ഞങ്ങൾ എല്ലാവരും ഇരുന്നു.
                  ബീരാൻ സാർ കാടിന്റെ കഥ, അല്ല കാര്യങ്ങൾ പറയാൻ തുടങ്ങി. ഞങ്ങളിരുന്ന സ്ഥലത്ത് നിന്നും ഒരു മാൻ കൊമ്പ് കിട്ടിയപ്പോൾ അത് അവിടെ തന്നെ ഇടേണ്ടതിന്റെ ആവശ്യകത അദ്ദേഹം പറഞ്ഞ് തന്നു. അത്രമേൽ ഓരോ ജീവിയും മറ്റൊന്നിനെ ആശ്രയിക്കുന്നതായി ഞങ്ങൾക്ക് അന്നേരം ബോദ്ധ്യപ്പെട്ടു. വീണു കിടന്ന ഒരു ചുള്ളിക്കമ്പിൽ കണ്ട ഫംഗസുകൾ പോലും ആദിവാസികളുടെ ഉപജീവന മാർഗ്ഗമാകുന്ന കഥ ഞങ്ങൾ അത്ഭുതത്തോടെ കേട്ടു.
                   അരവിഞ്ചിയിൽ അര നാഴിക നേരം ആയിരുന്നു പ്ലാൻ എങ്കിലും വിശ്രമം എത്ര നാഴികയായി എന്ന് ഒരു പിടിയും ഇല്ലായിരുന്നു. എല്ലാവര്‍ക്കും അത്യാവശ്യം വിശ്രമം കിട്ടിയതിനാല്‍ ഞങ്ങള്‍ അടുത്ത പണിയിലേക്ക് നീങ്ങി.

                   വയനാടന്‍ കാടിനെ നശിപ്പിക്കുന്ന മൂന്ന് തരം ചെടികളെക്കുറിച്ച് തലേ ദിവസത്തെ ക്ലാസ്സില്‍ സൂചിപ്പിച്ചിരുന്നു. മഞ്ഞക്കൊന്ന, കമ്യൂണിസ്റ്റ് പച്ച ( അപ്പ),അരിപ്പൂവ് (ഒടിച്ചുകുത്തി) എന്നിവയായിരുന്നു അവ. ഇതില്‍ അപ്പയും അരിപ്പൂവും ആയിരുന്നു ഇവിടെ സ‌മൃദ്ധമായി വളര്‍ന്നിരുന്നത്.ഇവ പുല്ല് വളരുന്നതും തടയും എന്നതിനാല്‍ മാനുകള്‍ പോലെയുള്ള ജീവികള്‍ക്കും ഭീഷണിയാണ്. ഏകദേശം എല്ലാ സ്ഥലത്തും ഇവ വ്യാപിച്ചു കഴിഞ്ഞെങ്കിലും ഞങ്ങള്‍ക്ക് ചെയ്യാനാവുന്നത് വെട്ടിക്കളയുക എന്ന ദൌത്യം ഏറ്റെടുത്തു.
               ഇതോടൊപ്പം തന്നെ, ഗ്രീഷ്മ ടീച്ചറും രമ്യശ്രീ ടീച്ചറും കൊണ്ട് വന്നിരുന്ന പുളിങ്കുരുവും ചക്കക്കുരുവും സീതപ്പഴത്തിന്റെ വിത്തും പല സ്ഥലങ്ങളിലും കുഴി കുത്തി നട്ടു. വെറുതെ കാട് കണ്ട് പോരുന്നതിന് പകരം ഇങ്ങനെ ഒരു പ്രവൃത്തി കൂടി നടപ്പിലാക്കിയ ടീച്ചര്‍മാരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അഭിനന്ദിച്ചു.

               അല്പം കൂടി നടന്ന് ഞങ്ങള്‍ മുള കൊണ്ട് കെട്ടിയുണ്ടാക്കിയ  ഒരു ഇരിപ്പിടത്തില്‍ എത്തി. കാട്ടില്‍ പലതരം ജോലി ചെയ്യുന്ന കുറെ ആള്‍ക്കാരും അവിടെയുണ്ടായിരുന്നു.സമീപത്തെ വലിയൊരു മരത്തില്‍ ഒരു ഏറുമാടവും അതിലേക്ക് കയറാന്‍ കെട്ടിയുണ്ടാക്കിയ ഒരു കോണിയും കണ്ടതോടെ പലര്‍ക്കും പൂര്‍വ്വികന്റെ അസ്തികത ഉദിച്ചു. ആണും പെണ്ണുമായി കുറെ എണ്ണം സമ്മതം വാങ്ങി അതിന്റെ മേലെയും വലിഞ്ഞ് കയറി.
             താമസിയാതെ ഞങ്ങള്‍ കാട്ടില്‍ നിന്നും മടങ്ങി. അന്ന് രാത്രി  “പാമ്പുകളുടെ വൈവിധ്യം” എന്ന ഒരു അടിപൊളി ക്ലാസിലൂടെ മിക്കവാറും എല്ലാ പാമ്പുകളെപ്പറ്റിയും മനസ്സിലാക്കാന്‍ സാധിച്ചു. പ്രസ്തുത ക്ലാസ് പലരുടെയും ഉറക്കം കെടുത്തിയതായും പിറ്റേന്ന് രാവിലെ അറിഞ്ഞു.

(തുടരും....)

5 comments:

Areekkodan | അരീക്കോടന്‍ said...

അരവിഞ്ചിയിൽ അര നാഴിക നേരം ആയിരുന്നു പ്ലാൻ എങ്കിലും വിശ്രമം എത്ര നാഴികയായി എന്ന് ഒരു പിടിയും ഇല്ലായിരുന്നു.

© Mubi said...

കാട്ടില്‍ നിന്ന് ഒന്നും തന്നെ പുറത്തേക്ക് എടുക്കരുത്. ഇവിടെ ആളുകള്‍ ടെന്റുകളും ഷൂസുകളുമൊക്കെ കുടഞ്ഞും, ബ്രഷ് ചെയുന്നതും കണ്ടിട്ടാണ് ഞങ്ങളും അത് പഠിച്ചത്...

Areekkodan | അരീക്കോടന്‍ said...

മുബീ...ഇവിടെ അങ്ങനെ നിയമം ഉണ്ടെങ്കിലും എങ്ങനെയെങ്കിലും കടത്താനാണ് ശ്രമിക്കാറ്. പറയുന്നത് നമ്മുടെ വേസ്റ്റ് അവിടെ ഇട്ട് അവരുടെ വേസ്റ്റ് തിരികെ എടുക്കുക എന്ന ബാര്‍ട്ടര്‍ സമ്പ്രദായം എന്നും !!

Cv Thankappan said...

വിത്തുകള്‍ മുളച്ചുവളരട്ടേ!
വെട്ടിക്കളഞ്ഞാലും.....
ആശംസകള്‍ മാഷേ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...മഴ പെയ്തു.ഇനി വിത്തുകള്‍ മുളക്കും എന്ന് പ്രതീക്ഷിക്കുന്നു.

Post a Comment

നന്ദി....വീണ്ടും വരിക