Pages

Monday, June 04, 2018

തോല്പിക്കാം, പ്ലാസ്റ്റിക് മലിനീകരണത്തെ

               വീണ്ടും ഒരു ജൂൺ അഞ്ച് നമ്മുടെ മുമ്പിലേക്ക് കടന്നു വരികയാണ്. ഒന്നാം ക്ലാസ് മുതൽ കോളേജ് തലം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ ദിനം പരിചിതമാണ്. ഏറെക്കുറെ സാധാരണക്കാർക്കും ഈ ദിവസം പരിചിതമായിക്കഴിഞ്ഞു. 95% പേർക്കും ആ ദിനം പരിചിതമായത് പരിസ്ഥിതി ദിനം എന്ന പേരിൽ വൃക്ഷത്തൈകൾ നടുന്നതു കൊണ്ടാണ്.

                എന്നാൽ ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി സംരക്ഷണ വിഭാഗമായ UNEP എല്ലാ വർഷവും  ഒരു പ്രത്യേക വിഷയത്തിൽ ഊന്നിക്കൊണ്ട്, ഈ ദിനത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഏതെങ്കിലും ഒരു രാജ്യത്തെ അതിന്റെ ആതിഥേയ രാഷ്ട്രമായി തെരഞ്ഞെടുക്കാറും ഉണ്ട്. ഈ വർഷത്തെ വിഷയം #BeatPlasticPollution എന്നതാണ്. നമ്മുടെ ഇന്ത്യയാണ് ആതിഥേയ രാഷ്ട്രം.

             ലോകത്ത് ഓരോ മിനുട്ടിലും 10 ലക്ഷം പ്ലാസ്റ്റിക് കുടിവെള്ള ബോട്ടിലുകൾ വിറ്റുകൊണ്ടിരിക്കുന്നു എന്ന് പറഞ്ഞാൽ നാം ചുമ്മാ വായിച്ച് തള്ളും. അതിന്റെ പകുതിയെങ്കിലും അനാഥമായി ഭൂമിയിലേക്ക് വലിച്ചെറിയപ്പെടും എന്ന് ഞാൻ പറഞ്ഞാൽ നിങ്ങളത് വിശ്വസിക്കും.കാരണം അതാണ് നമ്മുടെ ശീലം. ഓരോ വർഷവും അഞ്ച് ട്രില്ല്യൺ പ്ലാസ്റ്റിക് കാരിബാഗുകളും നാം ഉപയോഗിക്കുന്നുണ്ട്. ഒരു ട്രില്ല്യൺ എന്നാൽ 1,000,000,000,000,000,000 ആണ്. ഇതിലും പകുതിയോളം ഭൂമിയിലേക്ക് വലിച്ചെറിയപ്പെടുന്നു. 300 മില്ല്യൺ (1 മില്ല്യൺ = 10 ലക്ഷം) ടൺ പ്ലാസ്റ്റിക് മാലിന്യം ആണ് വർഷം തോറും ഇങ്ങനെ പുറം തള്ളുന്നത്. എന്ന് വച്ചാൽ ലോക ജനസംഖ്യയുടെ അതേ ഭാരം !!

              ഓഖി കടന്നുപോയ ശേഷം മുംബൈ തീരത്തടിഞ്ഞ പ്ലാസ്റ്റിക് മാലിന്യം നാം കണ്ടതാണ്. നാം കടലിന് നൽകിയത് കടൽ നമുക്ക് തിരികെ തന്നപ്പോൾ അത് നീക്കം ചെയ്യാൻ നമുക്ക് മാസങ്ങൾ തന്നെ വേണ്ടി വന്നു.ഈ തോതിൽ കടൽ മലിനമാക്കുന്നത് തുടർന്നാൽ 2050ഓടെ കടലിൽ മത്സ്യങ്ങളെക്കാളും കൂടുതൽ പ്ലാസ്റ്റിക് ആയിരിക്കും !! 

            പ്ലാസ്റ്റിക് മാലിന്യം കൂടുതലും സൃഷ്ടിക്കുന്നത് അമേരിക്ക,ജപ്പാൻ തുടങ്ങീ രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളും ആണ്. ഈ രാജ്യങ്ങൾ അത് ഏറെക്കുറെ നിർമാർജ്ജനം ചെയ്യുന്നുമുണ്ട്. എന്നാൽ സാമ്പത്തികമായി കുതിക്കുന്ന ചൈന, തായ്‌ലാന്റ്,ഫിലിപ്പീൻ‌സ്,വിയെറ്റ്നാം.ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യം കൂടുതലും കടലിൽ എത്തിച്ചേരുന്നു എന്ന് പഠനങ്ങൾ പറയുന്നു. അതായത് സാമ്പത്തികാഭിവൃദ്ധിക്ക് ഒപ്പം ഉപഭോഗ സംസ്കാരം കൂടുന്നു, പ്ലാസ്റ്റിക് ഉപയോഗവും വർദ്ധിക്കുന്നു. സാമ്പത്തികമായി പുരോഗമിക്കുന്നു എന്ന് പറയപ്പെടുന്ന നമ്മുടെ രാജ്യവും താമസിയാതെ ഈ ഗണത്തിൽ ചേരും എന്നർത്ഥം.

             സർക്കാർ ഭാഗത്ത് നിന്ന് ഇതിന് തടയിടാൻ നിരവധി നിയമങ്ങൾ ഉണ്ട് , ഇനിയും ഉണ്ടാകും. പക്ഷെ നിയമങ്ങൾ കാറ്റിൽ പറത്തുന്ന ഒരു ജനവിഭാഗത്തിന് മുന്നിൽ ഇത് കൊണ്ട് യാതൊരു ഗുണവും ഇല്ല. മലിനീകരണത്തിന്റെ അനന്തരഫലങ്ങൾ പലതരം പകർച്ച വ്യാധികളുടെ രൂപത്തിലും മറ്റും നാം അനുഭവിച്ച് കൊണ്ടിരിക്കുന്നു. ഏറ്റവും അവസാനമായി നിപ വൈറസും ഉറവിടം അജ്ഞാതമായി നമ്മെ ഭീതിപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

             അതിനാൽ  നമുക്ക് വേണ്ടത് ഓരോരുത്തരും സ്വയം ഒരു തീരുമാനം എടുക്കുകയാണ്. എന്റെ വീട്ടിൽ പ്ലാസ്റ്റിക് മാലിന്യം വരുന്നതിന് ഞാൻ തടയിടും എന്ന ഉറച്ച തീരുമാനം എടുക്കുക. സാധിക്കുമോ ? സാധിക്കും. കഴിഞ്ഞ 15 വർഷമായി ഞാൻ ഇത് പ്രാക്ടീസ് ചെയ്യുന്നു. ഞാൻ സ്ഥിരമായി സാധനങ്ങൾ വാങ്ങുന്ന പച്ചക്കറി കടക്കാരനും ബേക്കറിക്കാരനും മീൻ‌കാരനും പലചരക്ക് പീടികക്കാരനും മുട്ടപ്പീടികക്കാരനും വർഷങ്ങളായി എനിക്ക് പ്ലാസ്റ്റിക് കവർ തരാറില്ല. അവരത് കടലാസിൽ പൊതിഞ്ഞേ തരൂ !! എന്റെ ബാഗിലോ പാന്റിന്റെ കീശയിലോ എപ്പോഴും ഒരു തുണി സഞ്ചിയും ഉണ്ടായിരിക്കും.കടലാസിൽ പൊതിഞ്ഞ സാധനങ്ങൾ അതിലേക്ക് വയ്ക്കും. അല്ലെങ്കിൽ അതേ പോലെ കയ്യിൽ പിടിച്ച് കൊണ്ട് വരും.

ഈ പരിസ്ഥിതി ദിനം മുതൽ നമുക്കും ഒരു പരീക്ഷണം നടത്താം. പ്ലാസ്റ്റിക് മാലിന്യത്തെ നമ്മുടെ വീട്ടിൽ നിന്നും നാട്ടിൽ നിന്നും പടി കടത്താം.
ഈ ലിങ്കിലൂടെയും കൂടി ഒന്ന് സന്ദർശിക്കൂ....#BeatPlasticPollution.

ഈ കുറിപ്പ് 12/6/18ലെ തേജസ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്.

3 comments:

Areekkodan | അരീക്കോടന്‍ said...

300 മില്ല്യൺ (1 മില്ല്യൺ = 10 ലക്ഷം) ടൺ പ്ലാസ്റ്റിക് മാലിന്യം ആണ് വർഷം തോറും ഇങ്ങനെ പുറം തള്ളുന്നത്. എന്ന് വച്ചാൽ ലോക ജനസംഖ്യയുടെ അതേ ഭാരം !!

മഹേഷ് മേനോൻ said...

തീർച്ചയായും നമ്മൾ പണ്ടേ ചെയ്യേണ്ട കാര്യങ്ങൾ. മാഷുടെ എളിയ മാതൃക മറ്റുള്ളവരും പകർത്തട്ടെ.

അഭിമാനത്തോടെ തന്നെ പറയാം. കഴിഞ്ഞ 6 മാസമായി ഒരു 'ക്യാരിബാഗ്' പോലും പുതുതായി വാങ്ങിയിട്ടില്ല. എപ്പോഴും ഒരു കവർ കൈയിൽ കരുതാറുണ്ട് . പക്ഷെ ഇപ്പോളത്തെ യഥാർത്ഥ വില്ലൻ ക്യാരിബാഗ് അല്ല. മറിച്ച് വിവിധങ്ങളായ പൊടികൾ വരുന്ന കവറുകൾ ആണ്. അത് ഒഴിവാക്കാനുള്ള ശ്രമം വിജയിച്ചിട്ടില്ല. സിറ്റിയിൽ മല്ലി, മുളക് തുടങ്ങിയവ വാങ്ങി പൊടിക്കുക എന്നതിലെ പ്രായോഗിക ബുദ്ധിമുട്ടു തന്നെ കാരണം :-(

© Mubi said...

അവനവന്‍ വിചാരിച്ചാല്‍ മാത്രമേ ഇതിനെ തടയാനാകൂ..

Post a Comment

നന്ദി....വീണ്ടും വരിക