Pages

Friday, November 23, 2018

ടോട്ടോച്ചാന്റെ കഥ

               തെത്‌സുകോ കുറോയാനഗി ( അഞ്ച് മിനുട്ട് കഴിഞ്ഞ് പറയാൻ ആവശ്യപ്പെട്ടാൽ ആള് മാറിപ്പോവും !) യുടെ ആത്മകഥയാണ് ‘ടോട്ടോച്ചാന്റെ കഥ’. പ്രാഥമിക വിദ്യാഭ്യാസം എന്നത് കുട്ടികൾക്ക് മുമ്പിൽ ഒരു പരീക്ഷണമാകുമ്പോൾ അത് മധുരമുള്ള അനുഭവവും ഓർമ്മയുമാക്കി മാറ്റാനുള്ള വഴികൾ പറഞ്ഞ് തരുന്ന ഒരു പരീക്ഷണത്തിന്റെ കഥയാണിത്. നമ്മുടെ സാഹചര്യങ്ങളിൽ മുഴുവൻ പ്രായോഗികമല്ലെങ്കിലും ചിലതൊക്കെ പരീക്ഷിക്കാം.

              ടോട്ടോച്ചാൻ എന്ന പെൺകുട്ടി ആദ്യത്തെ സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ട് പുതിയ ഒരു വിദ്യാലയത്തിൽ ചേരുന്നു. റ്റോമോ എന്ന അപൂർവ്വ വിദ്യാലയത്തെക്കുറിച്ചും സൊസാകു കൊബായാഷി എന്ന അദ്ധ്യാപകനെക്കുറിച്ചും എല്ലാവരെയും ഒരുപോലെ അത്ഭുതപ്പെടുത്തും. സ്കൂളിൽ പോകാൻ മടി കാട്ടിയിരുന്ന , ക്ലാസ്സിൽ വിവിധതരം കോപ്രായങ്ങൾ കാണിച്ചിരുന്ന ടോട്ടോച്ചാൻ റ്റോമോ സ്കൂളിൽ പോകാൻ ആവേശം കാണിക്കുന്നത് ആ സ്കൂളിന്റെ പ്രത്യേകത കൊണ്ട് തന്നെയാണ്.

                  തീവണ്ടി മുറികളില്‍ ഒരുക്കിയിരിക്കുന്ന ക്ലാസും കളത്തില്‍ നേരിട്ടിറങ്ങി അനുഭവത്തിലൂടെയുള്ള പഠനവും കുട്ടികളോടൊപ്പം കളിക്കുന്ന അദ്ധ്യാപകനും കുട്ടികള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യവും ഒക്കെയാണ് റ്റോമോ സ്കൂളിനെ കുട്ടികള്‍ ഇഷ്ടപ്പെടാന്‍ കാരണം. പോളീയോ ബാധിച്ച യാസാക്കിചാന്‍ എന്ന സഹപാഠിയെ ടോട്ടോച്ചാൻ മരത്തില്‍ കയറ്റുന്നത് ശ്വാസം അടക്കിപ്പിടിച്ചാണ് വായിച്ചത്. ‘ടോട്ടോ , നീയൊരു നല്ല കുട്ടിയാണ്’ എന്ന അദ്ധ്യാപകന്റെ ഇടക്കിടെയുള്ള ഭാഷണമാണ് യഥാര്‍ത്ഥത്തില്‍ ടോട്ടോച്ചാനെ മാറ്റുന്നത്. അദ്ധ്യാപന രീതി മാറ്റിയാല്‍ നമ്മുടെ സ്കൂളിലെ കുട്ടികളിലും ഇത്തരം മാറ്റങ്ങള്‍ കണ്ടേക്കാം.
               ലോകത്തെമ്പാടും ചര്‍ച്ച ചെയ്യപ്പെട്ട, ലോക ഭാഷകളിലേക്ക് ഏറ്റവും കൂടുതല്‍ വിവര്‍ത്തനം ചെയ്യപ്പെട്ട കൃതിയാണ് ‘റ്റോട്ടോചാന്‍’ എന്ന് പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നു. സത്യത്തില്‍ റ്റോട്ടോചാനെപ്പറ്റി നിരവധി പുസ്തകങ്ങള്‍ ഉണ്ട്. എന്റെ അനിയന്റെ ശേഖരത്തില്‍ ഉള്ളത് അല്ല എന്റെ അടുത്ത്. ഈയിടെ ‘അന്‍‌വരികളില്‍’ ‘ടൊട്ടൊചാന്‍ - ജനാലക്കരികിലെ പെണ്‍‌കുട്ടി’ എന്ന പേരിലുള്ള പുസ്തകാ‍സ്വാദനവും കേട്ടു.

                   പരസ്പരം ബന്ധമില്ലാത്ത ഹ്രസ്വമായ കുറിപ്പുകളുടെ രൂപത്തിലാണ് ഈ പുസ്തകത്തില്‍ ടോട്ടോചാനിന്റെ സ്കൂള്‍ ജീവിതം പരിചയപ്പെടുത്തുന്നത്. അതു കൊണ്ടായിരിക്കും, കുട്ടികള്‍ക്ക് വായിച്ചു വളരാനും അറിവിന്റെയും സംസ്കാരത്തിന്റെയും പുതിയ ലോകങ്ങളിലെത്താനും ഒരു അക്ഷരയാത്ര എന്ന് പിന്‍‌ചട്ടയില്‍ പറയുന്നത്. പക്ഷേ കുട്ടികള്‍ക്കുള്ള പുസ്തകങ്ങളുടെ അച്ചടി അല്പം വലിപ്പത്തിലായിരിക്കണം എന്നൊരു തോന്നല്‍ ഉണ്ടായി. മുതിര്‍ന്നവര്‍ക്ക് ഈ പുസ്തകഘടന ഇഷ്ടപ്പെടാന്‍ സാധ്യതയില്ല.

പുസ്തകം : ടോട്ടോച്ചാന്റെ കഥ
രചയിതാവ്: തെത്‌സുകോ കുറോയാനഗി
പുനരാഖ്യാനം : വി ഷൈമ
പ്രസാധനം: കൈരളി ബുക്‍സ്
പേജ് : 79
വില : 80 രൂപ

10 comments:

Areekkodan | അരീക്കോടന്‍ said...

സ്കൂളിൽ പോകാൻ മടി കാട്ടിയിരുന്ന , ക്ലാസ്സിൽ വിവിധതരം കോപ്രായങ്ങൾ കാണിച്ചിരുന്ന ടോട്ടോച്ചാൻ റ്റോമോ സ്കൂളിൽ പോകാൻ ആവേശം കാണിക്കുന്നത് ആ സ്കൂളിന്റെ പ്രത്യേകത കൊണ്ട് തന്നെയാണ്.

Cv Thankappan said...

ടോട്ടോച്ച൯്റ കഥ വായിപ്പിക്കാൻ ശ്രമിച്ചതിൻ്റ ഫലമായി വളരെയധികം കുട്ടികശ കഥ വായിച്ചിട്ടുണ്ട്,ഞങ്ങളുടെ ലൈബ്രറി വഴി......
ആശംസകൾ മാഷേ

Typist | എഴുത്തുകാരി said...

കുട്ടികള്‍ മാത്രമല്ല, അധ്യാപകരും രകഷിതാക്കളും കൂടി വായിക്കണം.

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...അത് നന്നായി.ചില സ്കൂളുകളില്‍ ഭാഗികമായി പ്രാവര്‍ത്തികമാക്കിയിട്ടും ഉണ്ട്.

എഴുത്തുകാരി ചേച്ചീ...വളരെ ശരിയാണ്.എല്ലാ‍ാവരും വായിച്ചിരിക്കണം

© Mubi said...

ഞാനിടക്കിടക്ക് വായിക്കുന്ന പുസ്തകമാണ്...

Areekkodan | അരീക്കോടന്‍ said...

മുബീ...എന്തിനാ ഇടക്കിടക്ക് വായിക്കുന്നത്? വല്ല പരീക്ഷയും ഉണ്ടോ?

Muralee Mukundan , ബിലാത്തിപട്ടണം said...

ടോട്ടോച്ചാന്റെ കഥ...

Areekkodan | അരീക്കോടന്‍ said...

Bilathiji...Yes, the story of Totochan

മഹേഷ് മേനോൻ said...

പുസ്തകങ്ങൾ വായിച്ചു തുടങ്ങുന്ന കാലത്ത് ആദ്യമായി വായിച്ച പുസ്തകമാണ്. വ്യത്യസ്തതയുള്ള ക്ലാസ്സ്മുറിയും, രീതികളും ഇന്നും ഓർമയിൽ നിൽക്കുന്നു. സത്യത്തിൽ എല്ലാ ടീച്ചർമാരും നിർബന്ധമായി വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ്..

Areekkodan | അരീക്കോടന്‍ said...

മഹേഷ്‌ജി...വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഇതിന്റെ നാടകാവിഷ്കാരവും കണ്ടിരുന്നു. ശരിക്കും ഇഷ്ടപെട്ടുപോയി.

Post a Comment

നന്ദി....വീണ്ടും വരിക