Pages

Thursday, December 06, 2018

അക്കുത്തിക്കുത്താന

             സ്കൂള്‍ കാലഘട്ടത്തിലെ പ്രധാന കളികളില്‍ ഒന്നായിരുന്നു “അക്കുത്തിക്കുത്താന“ കളി. മഴ പെയ്യുന്ന ദിവസങ്ങളില്‍ പുറത്ത് കളിക്കാന്‍ പറ്റാത്തതിനാല്‍ വല്യുമ്മയുടെ മുന്നിലായിരുന്നു പലപ്പോഴും ഈ കളി കളിച്ചിരുന്നത്.ആണും പെണ്ണും എല്ലാം ഒരുമിച്ചായിരുന്നു കളി.  സ്കൂളിലും ഈ കളി ഉണ്ടായിരുന്നെങ്കിലും പെണ്‍‌കുട്ടികള്‍ മാത്രമായിരുന്നു കളിച്ചിരുന്നത്.

         അഞ്ചോ ആറോ കുട്ടികള്‍ വട്ടം കൂടിയിരുന്നാണ് ഈ കളി കളിക്കാറ്‌. വട്ടത്തില്‍ ഇരിക്കുന്ന എല്ലാവരും അവരുടെ കൈപത്തികള്‍ മുന്നിലെ കളത്തില്‍ കമഴ്ത്തി വയ്ക്കും. ശേഷം ഒരാള്‍ ഓരോരുത്തരുടെയും കൈപ്പത്തിക്കു മുകളില്‍ മ്രുദുവായി ഒന്ന് കുത്തും. ഒപ്പം 
"അക്കുത്തിക്കുത്താന വരും
കുത്തക്കരെ നിക്ക്‌ണ വെള്ളാട്ടീന്റെ
കയ്യോ കാലോ രണ്ടാലൊന്ന്
തട്ടീമുട്ടി ഒടിഞ്ഞാട്ടെ....!!" എന്ന് ഉച്ചത്തില്‍ ചൊല്ലും.

         ‘ഒടിഞ്ഞാട്ടെ‘ എന്ന് പറഞ്ഞ് ഏത് കയ്യില്‍ ആണോ അവസാനിക്കുന്നത് ആ കൈ പിന്നെ മലര്‍ത്തി വയ്ക്കണം.അങ്ങനെ ഓരോരോ കൈകളായി മലര്‍ന്ന് തുടങ്ങും. മലര്‍ന്ന കയ്യില്‍ വീണ്ടും ‘ഒടിഞ്ഞാട്ടെ‘ അവസാനിച്ചാല്‍ ആ കൈ കളിയില്‍ നിന്ന് പുറത്താകും.രണ്ട് കയ്യും പുറത്തായാല്‍ അയാള്‍ കളിക്ക് പുറത്തായി. അങ്ങനെ അവസാനം വരെ നില്‍ക്കുന്ന കൈ ആരോ അവന്‍/അവള്‍ വിജയിയാകും. യഥാര്‍ത്ഥത്തില്‍ കുറെ കുത്തുകള്‍ കിട്ടുന്നത് ഈ വിജയിക്കായിരിക്കും എന്നത് ഇപ്പോഴാണ് തിരിച്ചറിഞ്ഞത് !
                                                                     കടപ്പാട്: ഗൂഗിള്‍
      ചൊല്ലുന്ന പാട്ടിലെ ആദ്യത്തെ രണ്ട് വരി എന്താണെന്ന് ഒരു ഐഡിയയും ഇല്ലായിരുന്നു. എന്നാല്‍ അവസാനത്തെ രണ്ട് വരി മനസ്സിലായിരുന്നു.ആ വരികള്‍ ചൊല്ലാന്‍ പാടില്ല എന്ന് മാതാപിതാക്കളുടെ ഒരു വിലക്കും ഈ കളിക്കിടയില്‍ ഉണ്ടായിരുന്നു. ഒരാളുടെ നാശം തേടരുത് എന്നായിരുന്നു അതിന് അന്ന് പറഞ്ഞ കാരണം.

      ഇതേ കളി മറ്റൊരു പാട്ടുമായി ഇന്നത്തെ കുട്ടികള്‍ കളിക്കുന്നത് കണ്ടിട്ടുണ്ട്.

അത്തള പിത്തള തവളാച്ചി
ചുക്കുമ്മിരിക്കണ ചൂളാപ്പ
മറിയം വന്ന് വിളക്കൂതി
ഗുണ്ടാ മാണീ സാറാ കോട്ട്

ഇതില്‍ മൂന്നാമത്തെ വരിയുടെ അര്‍ത്ഥം മാത്രമേ ഇത്ര പ്രായമായിട്ടും മനസ്സിലാകുന്നുള്ളൂ !! ജനറേഷന്‍ ഗ്യാപ് ആയിരിക്കും അല്ലേ?

      പലതരം കളികളാൽ സമൃദ്ധമായിരുന്നു ഞങ്ങളുടെ കുട്ടിക്കാലം. ഇനിയും പല കളികളും ഓര്‍മ്മയില്‍ വരുന്നു. പറയാം ഓരോന്നായി പിന്നീട്.

10 comments:

Areekkodan | അരീക്കോടന്‍ said...

പലതരം കളികളാൽ സമൃദ്ധമായിരുന്നു ഞങ്ങളുടെ കുട്ടിക്കാലം.

റോസാപ്പൂക്കള്‍ said...

ഇത് പല തരത്തിൽ പാടും.

ആക്കിത്തിക്കുത് ആന വരമ്പത്
കയ്യേ കുത്ത് കരിം കുത്ത് ..

എന്നാണ് ഞങ്ങൾ പാടിയിരുന്നത്

Areekkodan | അരീക്കോടന്‍ said...

റോസ്ലിൻ... ഓരോ നാട്ടിലും അതിന്റെതായ മാറ്റങ്ങൾ അല്ലേ?

Philip Verghese 'Ariel' said...

വളരെ രസകരമായ കളികളെപ്പറ്റിക്കുറിച്ചതു എന്നെ എന്റെ ബാല്യകാലത്തേക്കു കൂട്ടിക്കൊണ്ടു പോയി . നന്നായി അവതരിപ്പിച്ചു മാഷേ

മഹേഷ് മേനോൻ said...

ഒരുപാടു കളിച്ചിട്ടുള്ള കളിയായതുകൊണ്ടു നല്ല ഒരു നൊസ്റ്റാൾജിയ സുഖം കിട്ടി വായിച്ചപ്പോൾ! വരികളിൽ ഓരോ സ്ഥലത്തിനനുസരിച്ച് ചെറിയ വ്യത്യാസങ്ങൾ ഉണ്ടെന്നു മാത്രം..

Areekkodan | അരീക്കോടന്‍ said...

ഫിലിപ്‌ജി...ഇന്നും അക്കുത്തിക്കുത്താന എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കുട്ടിക്കാലത്തേക്ക് ഓടി എത്തും.

മഹേഷ് ജി...വീഡിയോ ഗെയിമുകളുടെ ഇക്കാലത്ത് ഈ കളികളൊക്കെ ഒന്ന് തിരിച്ചു കൊണ്ടു വരാന്‍ എന്താ ചെയ്യ?

Cv Thankappan said...

കുട്ടികൾ ആഗ്രഹിച്ചാലും മാതാപിതാക്കളിൽ ചിലർ സമ്മതിച്ചെന്നുവരില്ല!സ്റ്റാറ്റസ്.......
ആശംസകൾ മാഷേ

Areekkodan | അരീക്കോടന്‍ said...

Thankappanji...അതുകൊണ്ട് തന്നെയാ മാതാപിതാക്കളെ വൃദ്ധസദനത്തിൽ തള്ളുന്നതും - സ്റ്റാറ്റസ്!!

Muralee Mukundan , ബിലാത്തിപട്ടണം said...

കിളിമാസ് ,പമ്പരം കൊത്ത് ,
ഗോലി കളി , പുള്ളിക്കുത്ത് , അത്തള പിത്തള ,കണ്ണടക്ക
നമ്മുടെ മക്കളെല്ലാം മിസ് ചെയ്ത എത്രയെത്ര കുട്ടികളികൾ ...!

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...അതെ, എത്ര എത്ര കളികൾ !!

Post a Comment

നന്ദി....വീണ്ടും വരിക