പുഴ ഒരു നാടിന്റെ ജീവനാഡിയാണ് എന്നതിൽ എനിക്ക് സംശയമില്ല. കാരണം കുന്നിൻ മുകളിലുള്ള എന്റെ പുരയിടത്തിലെ 22 കോൽ താഴ്ചയുള്ള കിണറിൽ വെള്ളം പൊങ്ങുന്നതും താഴുന്നതും പുഴയിലെ വെള്ളത്തിന്റെ ലെവലിനസരിച്ചായിരുന്നു. ഇപ്പോൾ പുഴയിലെ വെള്ളം ഒരു സ്ഥിരം ലെവലിൽ ആയതിനാൽ കിണറിലെ വെള്ളവും സ്ഥിരമാണ്. പുഴക്കരയിലെ മിക്ക വീട്ടിലെയും കിണറുകളുടെയും സ്ഥിതി ഇതു തന്നെയായിരിക്കും.
കുട്ടിക്കാലത്ത് ചാലിയാറിന്റെ തീരത്തെ മണൽപരപ്പിൽ ഞങ്ങൾ പല കളികളും കളിച്ചിരുന്നു. ഫുട്ബാൾ തന്നെയായിരുന്നു അതിൽ പ്രധാനം. മണൽപരപ്പിൽ ഓടിക്കളിച്ചവന് പിന്നീട് ഗ്രൌണ്ടിൽ കളിക്കുമ്പോൾ ക്ഷീണം തോന്നുകയില്ല എന്ന് അന്ന് പറയാറുണ്ടായിരുന്നു. അന്ന് അതിന്റെ പൊരുൾ അറിഞ്ഞിരുന്നില്ല. മണലിൽ ഓടാൻ കൂടുതൽ ഊർജ്ജം വേണമെന്നും ഗ്രൌണ്ടിൽ ഓടാൻ അത്രയും ഊർജ്ജം ആവശ്യമില്ലെന്നും, അതിനാലാണ് അങ്ങനെ പറഞ്ഞിരുന്നത് എന്നും കാലം പിന്നിട്ടപ്പോൾ മനസ്സിലായി.
അക്കാലത്ത് ചാലിയാർ സുന്ദരിയായിരുന്നു. വിശാലമായ മണൽപരപ്പും തെളിഞ്ഞ വെള്ളവും ഇരു കരയിലും ഇടതൂർന്ന് നിൽക്കുന്ന മരങ്ങളും നീലാകാശവും കൂടി സൃഷ്ടിക്കുന്ന ഫ്രെയിം ഹൃദ്യമായ ഒരു കാഴ്ച തന്നെയായിരുന്നു. തടയണ വന്നതിനാൽ കെട്ടി നിർത്തപ്പെട്ട ഇന്നത്തെ വെള്ളത്തിന് ഒരു തരം കറുത്ത പച്ച നിറമാണ്.കരയുടെ അടുത്ത് പോലും നദിയുടെ അടിത്തട്ട് കാണാൻ സാധിക്കില്ല. മണൽപരപ്പ് ചില സ്ഥലങ്ങളിൽ മാത്രമായി ഒതുങ്ങുകയും ചെയ്തു.
അടുത്തിടെ ഞാൻ പെങ്ങളുടെ മകനെയും എന്റെ കുഞ്ഞു മോനെയും കൂട്ടി ചാലിയാറിൽ ഒന്നിറങ്ങി. കരയിൽ മരത്തോട് ബന്ധിപ്പിച്ച കുഞ്ഞുതോണി എന്നെ പഴയ പല ഓർമ്മകളിലേക്കും കൊണ്ടുപോയി. അമ്മാവന്റെ അടുത്ത് നിന്ന് കിട്ടിയ ഒരു അനുഭവം പെട്ടെന്ന് മനസ്സിലൂടെ കടന്നുപോയി. തോണിയുടെ ആ ഫ്രെയിം ക്യാമറയിൽ ഒന്ന് പകർത്താൻ തോന്നി. കുട്ടികളെ തോണിയിൽ കയറ്റി ഇരുത്തി ഞാൻ ഒരു ഫോട്ടോ എടുത്തു. ചാലിയാർ വീണ്ടും ഫോട്ടോയിൽ സുന്ദരിയായി.
കുട്ടികളെയും കൊണ്ട് മുമ്പ് പലസമയത്തും ചാലിയാറിന്റെ സൌന്ദര്യം ആസ്വദിക്കാനും കാറ്റ് കൊണ്ടിരിക്കാനും പോയിട്ടുണ്ട്. അന്ന് മൊബൈൽ ക്യാമറയോ ഡിജിറ്റൽ ക്യാമറയോ ഇല്ലാത്തതിനാൽ അവ ഒന്നും പകർത്താൻ സാധിച്ചിരുന്നില്ല.ഇരുട്ട് പടരാൻ തുടങ്ങി. ചാലിയാറിന് അതിന്റെ യഥാർത്ഥ സൌന്ദര്യം തിരിച്ച് കിട്ടുന്ന നല്ല ദിനം സ്വപ്നം കണ്ട് ഞാൻ നദിയിൽ നിന്നും കയറി.
3 comments:
ചാലിയാറിൽ അല്പ സമയം
ചാലിയാർ മാത്രമല്ല
എല്ലാ നന്ദികളും സുന്ദരികളായിരുന്നു ...!
മുരളിയേട്ടാ...എന്റെ മുറ്റത്തെ നദിയെപ്പറ്റിയല്ലേ എനിക്ക് ഉറപ്പിച്ച് പറയാന് കഴിയൂ.
Post a Comment
നന്ദി....വീണ്ടും വരിക