Pages

Monday, October 07, 2019

E3 തീം പാര്‍ക്ക് - 1

          Entertainment, Education , Environment എന്നീ മൂൻ E കൾ ചേർന്നാണ് E3 theme park എന്ന പേര് ഉണ്ടായിരിക്കുന്നത്. വയനാട് ജില്ലയിലെ മക്കിയാട് എന്ന സ്ഥലത്തെ പ്രസ്തുത പാർക്ക് ജലകേളികൾ ഒട്ടും ഇല്ലാത്ത ഒരു തീം പാർക്കാണ്. അതിനാൽ തന്നെ പൊതു സ്വീകാര്യത താരതമ്യേന കുറവായിരിക്കും എന്ന് തോന്നുന്നു.
             രാവിലെ 10 മണിക്കുള്ള ഓപണിംഗ് സെറിമണി കാണണം എന്ന ഉദ്ദേശത്തോടെയാണ് കോഫീ ബീൻസ് ഹോം സ്റ്റേയിൽ നിന്നും ഞങ്ങൾ പുറപ്പെട്ടത്. റോഡിന്റെ ശോചനീയാവസ്ഥയും അപരിചിത റോഡിലൂടെയുള്ള ഡ്രൈവിംഗും കൂടി, കൃത്യം സെറിമണി കഴിഞ്ഞപ്പോൾ ഞങ്ങളെ പാർക്കിലെത്തിച്ചു. ഞായറാഴ്ച ആയിട്ടും വലിയ ആൾത്തിരക്കൊന്നും പാർക്കിൽ കണ്ടില്ല. ലൂന മോൾക്ക് ബാലഭൂമിയിൽ  നിന്നു കിട്ടിയ സമ്മാനക്കത്ത് കാണിച്ചപ്പോൾ എനിക്കും ലൂന മോൾക്കും കോമ്പ്ലിമെന്ററി പാസ് കിട്ടി. മൂന്ന് ടിക്കറ്റ് കൂടി എടുത്ത് ( Adult Rs.550/- , Child (4-12 years) Rs 450/-) ഞങ്ങൾ അകത്ത് പ്രവേശിച്ചു.
               സമയം 11 മണി കഴിഞ്ഞിരുന്നതിനാൽ 11.30നുള്ള ഷോ കാണാനാണ് ആദ്യം കയറിയത്. പഴയ സിനിമാ ടാക്കീസിനെ അനുസ്മരിപ്പിക്കുന്ന ബെഞ്ചുകൾ ആയിരുന്നു ഹാളിനകത്ത്. നൃത്തവും സംഗീതവും ചേർന്ന ഒരു ചരിത്രകഥയുടെ പുനരാവിഷ്കാരം എനിക്ക് അത്ര രുചിച്ചില്ല. എന്നെപ്പോലെ രുചിക്കാത്തവർ ഈ ഷോ കഴിഞ്ഞ് ഉടനെയുള്ള അടുത്ത ഷോക്ക് കയറാതെ കാഴ്ചകളിലേക്ക് ഇറങ്ങിപ്പോയതും അതു കൊണ്ടാവാം. പക്ഷെ രണ്ടാമത്തെ ഷോയിലെ മൂന്ന് ഐറ്റംസും കിടിലൻ ആയിരുന്നു . ലേസർമാൻ ഷോയും റിംഗ് ഗേളും ബാലൻസിംഗ് ബോയും നിലക്കാത്ത കയ്യടികൾ വാങ്ങി ( 11.30ന് ശേഷം വൈകിട്ട് 3 മണിക്ക് ഈ രണ്ട് ഷോകളും ആവർത്തിക്കും. ആദ്യം കാണാത്തവർക്ക് അപ്പോഴും കാണാം).
                 പാർക്കിലെ കാഴ്ചകളിൽ ഞങ്ങൾ ആദ്യം കയറിയത് ഹോറർ ടണലിലേക്കാണ്. കുട്ടികളെ പേടിപ്പിക്കുന്ന ചില കാഴ്ചകളും ശബ്ദങ്ങളും മുതിർന്നവരിൽ ഒരു കുലുക്കവും ഉണ്ടാക്കില്ല.പാർക്കിലെ തടാകത്തിൽ ബോട്ടിംഗ് സൌജന്യമാണ്. പെഡൽ ബോട്ട് ആയതിനാൽ പൊരി വെയിലത്ത് ഞങ്ങൾ അതിന് മുതിർന്നില്ല. കിഡ്സ് സോണിൽ കുട്ടികൾക്ക് ആർമാദിക്കാനുള്ള നിരവധി റൈഡുകൾ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കായുള്ള zip line സൌജന്യമാണ്. കുട്ടികള്‍ ആദ്യമൊന്ന് പേടിച്ച് മാറി നില്‍ക്കുമെങ്കിലും ഒരിക്കല്‍ ആസ്വദിച്ചാല്‍ വീണ്ടും കയറാന്‍ താല്പര്യപ്പെടും.പക്ഷേ എല്ലാം വണ്‍ ടൈം മാത്രമേ അനുവദിക്കൂ.
                പാര്‍ക്കിനകത്തെ പക്ഷി സങ്കേതത്തില്‍ പല തരത്തിലുള്ള തത്തകളെ കാണാം. പഞ്ച വര്‍ണ്ണ തത്ത തലങ്ങും വിലങ്ങും പറന്ന് സന്ദര്‍ശകരെ അത്ഭുതപ്പെടുത്തും. തലയിലും കയ്യിലും തത്തകളെ ഇരുത്തി ഫോട്ടോ എടുത്ത് പ്രിന്റ് തരുന്ന ഒരു പരിപാടി കൂടിയുണ്ട്. 110 രൂപ കൊടുക്കണം എന്ന് മാത്രം.

                ഉച്ച സമയമായതിനാല്‍ ഞങ്ങള്‍ റസ്റ്റാറന്റിലേക്ക് കയറി. 120 രൂപയാണ് ഊണിന്റെ വില. പായസവും ചിക്കന്‍ ചില്ലി പീസും അടങ്ങുന്ന ഊണ്‍ വയറ് നിറക്കും. പാകം ചെയ്ത ഒരു ഭക്ഷണ പദാര്‍ത്ഥവും പാര്‍ക്കിനകത്തേക്ക് കയറ്റില്ല എന്നതിനാല്‍ രെസ്റ്റാറന്റ് ഭക്ഷണം മാത്രമേ നിവൃത്തിയുള്ളൂ. ഭക്ഷണ ശേഷം ഞങ്ങള്‍ കയറിയത് ട്രൈബല്‍ വില്ലേജിലേക്കായിരുന്നു. മണ്‍കല നിര്‍മ്മാണത്തിന്റെ ലൈവ് കാഴ്ചയും ആദിവാസി നൃത്തവും കണ്ട ശേഷം അവരുടെ കുടിലും അവരുപയോഗിക്കുന്ന വിവിധ വസ്തുക്കളും അടങ്ങിയ മ്യൂസിയവും കാണാം.

(തുടരും...)   


5 comments:

Areekkodan | അരീക്കോടന്‍ said...

ഇ3 വിശേഷങ്ങള്‍

© Mubi said...

വെള്ളമില്ലാത്ത തീം പാർക്ക്..കൊള്ളാം :)

Areekkodan | അരീക്കോടന്‍ said...

മുബീ...തീം പാർക്ക് അങ്ങനെയും ആവാം എന്നതിന് തെളിവാണിത്.

മഹേഷ് മേനോൻ said...

വെള്ളമില്ലാത്ത എന്നതിനേക്കാൾ 'വെള്ളം പാഴാക്കാത്ത' എന്നാണ് തോന്നിയത്...

Areekkodan | അരീക്കോടന്‍ said...

മഹേഷ്...അതാണ് ശരിയായ പ്രയോഗം.

Post a Comment

നന്ദി....വീണ്ടും വരിക