1995 ൽ ബി എഡി ന് പഠിക്കുന്ന കാലത്ത് മലമ്പുഴയിലേക്ക് ഒരു വിനോദയാത്ര പോയിരുന്നു. അന്ന് അവിടെ ഉദ്യാനത്തിൽ ഒരു തൂക്കുപാലം ഉണ്ടായിരുന്നു. ഇപ്പോൾ ഉണ്ടോ എന്നറിയില്ല. കൂടെയുള്ള പലർക്കും തൂക്കുപാലത്തിൽ കയറാൻ പേടിയായിരുന്നു. ഇത് മനസ്സിലാക്കിയ ഞാൻ, സഹപാഠികളുടെ പേടി മാറ്റാൻ അതൊന്ന് കുലുക്കാൻ മനസ്സിൽ തീരുമാനിച്ചു. അങ്ങനെ കുറച്ച് പേടിത്തൊണ്ടികൾ പാലത്തിൽ കയറിയതും ഞാൻ അത് നന്നായിട്ട് ആട്ടി. എല്ലാവരും പേടിയുടെ ഒരു നിമ്‌ന്നോന്നതത്തിലൂടെ കടന്നു പോയി എന്നുറപ്പു വരുത്തി ഞാൻ പാലത്തിൽ നിന്നിറങ്ങി. അതുപോലെ ഇന്ന്, ഞാൻ സവാരിക്ക് കയറിയ റോപ് ആരോ മന:പൂർവ്വം കുലുക്കുന്നുണ്ടോ എന്നെനിക്ക് ഒരു സംശയം തോന്നി.
കൃത്യം ആ സമയത്ത് തന്നെ മോള് എന്നോട് മെല്ലെ പോകാനും പറഞ്ഞു. ആകാശ സെൽഫിയിൽ എന്നെയും കൂടി ഉൾപ്പെടുത്താനായിരുന്നു അത്. റോപ് നന്നായി കുലുങ്ങുന്നതും സൈക്കിൾ റോപിൽ നിന്ന് ചെരിയുന്നതും എന്റെ ഉള്ളിൽ ആധി പടർത്തി.താഴെ നല്ല ചെങ്കൽ പാറ നിറഞ്ഞ സ്ഥലമാണ്. വീണാൽ വാരിക്കൂട്ടി പെറുക്കി വയ്‌ക്കേണ്ടി വരും എന്നുറപ്പ് ആയിരുന്നു.ഞാൻ സർവ്വ ശക്തിയും സംഭരിച്ച് വീണ്ടും ചവിട്ടി. താഴെയുള്ളവർ മേലോട്ട് തന്നെ നോക്കി നിൽക്കുന്നത് എന്തിനാണാവോ എന്ന ചിന്ത ആധി വീണ്ടും കൂട്ടി. റോപിന്റെ കുലുക്കത്തിൽ സൈക്കിൾ എങ്ങാനും ഉയർന്നു പൊങ്ങിയാൽ പിന്നെ അതിന്റെ പാളം തെറ്റിയത് തന്നെ. പിന്നെ സൈക്കിളും ഞാനും ഞാണിന്മേൽ തൂങ്ങി നിൽക്കും. മദ്ധ്യഭാഗത്ത് കുടുങ്ങിപ്പോയാൽ എന്ത് ചെയ്യും എന്ന് ഞാൻ ഓപ്പറേറ്റർമാരോട് ചോദിച്ചതും ഇല്ല. Zip Lineൽ കയറിയപ്പോൾ അതെല്ലാം ചോദിച്ച് മനസ്സിലാക്കി വച്ചിരുന്നു.
സൈക്കിൾ നീങ്ങുന്നില്ല എന്ന വിവരം ഞാൻ തൽക്കാലം മോളെ അറിയിച്ചില്ല. ഇനി അവളും കൂടി ടെൻഷൻ അടിക്കേണ്ട എന്ന് കരുതി. താമസിയാതെ, അല്പം അധികം ശക്തി എടുത്ത് തന്നെ ചവിട്ടി അവളുടെ പാരലൽ ലൈനിൽ ഞാൻ എത്തി. ആവശ്യമുള്ള ഫോട്ടോയും സെൽഫിയും എല്ലാം എടുത്തു. ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടയിൽ തന്നെ, കാല് അതിനെ ഏല്പിച്ച പണി തുടർന്നതിനാൽ ലക്ഷ്യ സ്ഥാനം അടുത്തേക്ക് വന്നു കൊണ്ടിരുന്നു. പത്ത് മിനുട്ട് നേരത്തേക്കുള്ള സവാരി ആണെങ്കിലും അനുഭവം ഒരു യുഗത്തിന്റേതായിരുന്നു.
സൈക്കിളിൽ നിന്ന് ഇറങ്ങിയ ശേഷം ഞാൻ എന്റെ അനുഭവം ഓപ്പറേറ്റർമാരുമായി പങ്കു വച്ചു. സാധാരണ സൈക്കിൾ സവാരി അറിയുന്നവർ ബാലൻസ് ചെയ്താണ് ചവിട്ടുക. റോപ്പിലും അതേ പോലെ ബാലൻസ് ചെയ്തു ചവിട്ടാൻ ശ്രമിച്ചതാണ് റോപ് കുലുങ്ങാൻ കാരണം പോലും. ബാലൻസ് ചെയ്യാൻ ശ്രമിക്കുന്നത് ഞാൻ പോലും അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം . അപ്പോൾ സൈക്കിൾ സവാരി അറിയാത്തവർക്കാണ് ആകാശ സൈക്കിൾ യാത്ര നന്നായി വഴങ്ങുക ! കാറ്റിന്റെ ശക്തി കൂടുതൽ ആണെങ്കിലും റോപ് ആടിയുലയും. അത്തരം സമയങ്ങളിൽ കയറാതിരിക്കുന്നതാണ് മനസ്സിനും തടിക്കും നല്ലത്.
വയസ്സ് അമ്പതിലേക്ക് കടന്നു തുടങ്ങിയെങ്കിലും മനസ്സ് യുവത്വത്തിൽ തന്നെയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു കൊണ്ട് ആ പരിപാടിയും പൂർത്തിയാക്കി.
7 comments:
വയസ്സ് അമ്പതിലേക്ക് കടന്നു തുടങ്ങിയെങ്കിലും മനസ്സ് യുവത്വത്തിൽ തന്നെയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു കൊണ്ട് ആ പരിപാടിയും പൂർത്തിയാക്കി.
പടച്ചോന്നെ...സമ്മതിച്ചു കേട്ടോ...
ഞാൻ ആണേൽ പകുതി എത്തുമ്പോഴേക്കും നിലത്തു വീണു തകിട് പൊടിയായിട്ടുണ്ടാവും...
Shaiju...ഹ ഹ ഹാ... ഒരു ധൈര്യത്തിന് കയറി. പിന്നെ പൂർത്തിയാക്കുകയല്ലാതെ നിവൃത്തിയില്ലാതായി.
സാഹസം തന്നെ മാഷേ...
Mubi...സത്യത്തിൽ വീഡിയോ കണ്ടപ്പൊഴാ ഇതിന്റെ ഭയം അങ്കുരിച്ചത്
സാഹസികൻ തന്നെ ...!
മുരളിയേട്ടാ ....വയസ്സ് ഒരു നിമിഷത്തേക്ക് മറന്നു !!
Post a Comment
നന്ദി....വീണ്ടും വരിക