Pages

Tuesday, February 16, 2021

സൌഹൃദം പൂക്കുന്ന വഴികൾ - 9

സുഹൃത് ബന്ധങ്ങളുടെ വില എനിക്ക് നന്നായറിയാം. അതിനാൽ തന്നെ ഓൺലൈൻ സൗഹൃദങ്ങളെക്കാൾ ഓഫ്‌ലൈൻ സൗഹൃദങ്ങൾക്കാണ് ഞാൻ മുൻതൂക്കം നൽകാറുള്ളത്.എൽ പി സ്‌കൂൾ മുതൽ ആരംഭിച്ച മിക്ക സുഹൃത് ബന്ധങ്ങളും ഇന്നും നില നിർത്താൻ എൻ്റെ ജോലിയും സാമൂഹ്യ പദവിയും നാളിതുവരെ എനിക്ക് തടസ്സം നിന്നിട്ടില്ല. ആ തടസ്സത്തെ ഞാൻ വിളിക്കുന്ന പേരാണ് അഹംഭാവം. ഞാൻ വലിയവനാണ് എന്ന ഭാവം സ്വയം ജനിക്കുന്നതോടെ അവൻ ചെറിയവനായി മാറുന്നു എന്നാണ് എൻ്റെ നിലപാട് . 

VAIGA അന്താരാഷ്ട്ര കാർഷിക പ്രദർശനത്തോടനുബന്ധിച്ചുള്ള ഹാക്കത്തോൺ ജൂറി പാനലിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടതും ഞാൻ തൃശൂരിൽ എത്തിയതും എൻ്റെ പത്താം ക്ലാസ് സുഹൃത്തുക്കളുമായി മാത്രമേ ഞാൻ ആദ്യം ഷെയർ ചെയ്തിരുന്നുള്ളൂ. ഞാനംഗമായ മറ്റുള്ള ഗ്രൂപ്പുകളിൽ എല്ലാം, വിവിധ ജില്ലക്കാർ ഉള്ളതിനാൽ അവരുടെ ബന്ധുക്കളാരെങ്കിലും ഹാക്കത്തോണിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ അതൊരു അപവാദത്തിന് ഇടയാക്കേണ്ട എന്നതായിരുന്നു ഇതിൻ്റെ പിന്നിലെ എൻ്റെ ഉദ്ദേശ്യം. ആദ്യ ദിനത്തിലെ മൂല്യനിർണ്ണയം കഴിഞ്ഞ് റൂമിൽ എത്തിയ ഉടനെ, ഇനി പ്രശ്നം ഇല്ല എന്നതിനാൽ, ഹാക്കത്തോണിൻ്റെ ജൂറി മെമ്പർ സ്ഥാനം ലഭിച്ച വിവരം ഞാൻ മറ്റ് ഗ്രൂപ്പുകളിലും കൂടി അറിയിച്ചു.

അൽപ സമയത്തിനകം തന്നെ എനിക്ക് അഭിനന്ദനങ്ങളും കാളുകളും വരാൻ തുടങ്ങി ! എൻ്റെ പ്രിയപ്പെട്ട NSS മക്കളിൽ പെട്ട കോഴിക്കോട്ട്കാരൻ അമിത് ആയിരുന്നു ആദ്യം വിളിച്ചത്. തൃശൂരിൽ കൺസ്ട്രക്ഷൻ കമ്പനി നടത്തുന്ന അവനും തൃശൂർ സ്വദേശിയും എൻ്റെ NSS യൂണിറ്റ് വളണ്ടിയർ സെക്രട്ടറിയുമായിരുന്ന രാകേഷ് രാജനും കൂടി പിറ്റേന്ന് കാലത്ത് ഞാൻ താമസിക്കുന്ന Hotel Elite International ൽ നേരിട്ട് വന്ന് കാണാം എന്ന് അറിയിച്ചു. പിറ്റേന്ന് രാവിലെ തേക്കിൻകാട് മൈതാനിയിലൂടെയുള്ള എൻ്റെ പ്രഭാത നടത്തം കഴിഞ്ഞ ഉടൻ അവർ രണ്ട് പേരും എത്തി. 

എവിടെ ചെന്നാലും "ഈ നാട്ടിലെത്തി " എന്ന ഒരു സന്ദേശം ഇടുന്നതോടെ കാണാനും സൗകര്യങ്ങൾ ഒരുക്കാനും ഓടി വരുന്ന ശിഷ്യഗണങ്ങളാണ് ഒരദ്ധ്യാപകൻ്റെ ഏറ്റവും വലിയ സമ്പത്ത്. ഗുരു-ശിഷ്യ ബന്ധം ഊഷ്മളമാണെങ്കിൽ മാത്രമേ ഈ സമ്പത്ത് വളരൂ എന്ന് മാത്രം. പ്രഭാത സൂര്യൻ്റെ കിരണങ്ങളും തൃശൂർ റൗണ്ടിലെ മന്ദമാരുതൻ്റെ തലോടലും വടക്കുംനാഥൻ്റെ സാമീപ്യവും ആവോളം ആസ്വദിച്ച്  പഴയ കുറെ സ്മരണകൾ അയവിറക്കി ഞങ്ങൾ പിരിഞ്ഞു.

അടുത്ത വിളി , പത്താം ക്ലാസിലെ സഹപാഠിയായിരുന്ന ഷീജയുടെതായിരുന്നു. തൃശൂരിൽ ജോലി ചെയ്യുന്ന അവളുടെ ഓഫീസിൽ നിന്നും നടന്നെത്താവുന്ന ദൂരത്തിലാണ് എൻ്റെ ഹാക്കത്തോൺ വേദിയായ സെൻറ് തോമസ് കോളേജ് എന്നറിയിച്ചപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി. തൃശൂരിൽ കറങ്ങാനോ വേദിയിൽ നിന്ന് റൂമിലേക്ക് പോകാനോ മറ്റെന്തെങ്കിലും ആവശ്യത്തിനോ ടൂ വീലർ ആവശ്യമുണ്ടെങ്കിൽ അവളുടെ സ്കൂട്ടി എടുക്കാമെന്ന ഓഫർ സ്നേഹപൂർവ്വം നിരസിക്കേണ്ടി വന്നു. കാരണം എനിക്ക് ടൂ വീലർ ഓടിക്കാൻ അറിയില്ല എന്നത് തന്നെ.

മോണിംഗ് ടീ ബ്രേക്ക് സമയത്ത് അവളും എൻ്റെ അടുത്തെത്തി.പേരറിയാത്ത കുറെ മരങ്ങൾ തണൽ വിരിക്കുന്ന സെൻ്റ് തോമസ് കോളേജിലെ ഗാന്ധി സ്മൃതി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ഇരുന്ന് ചായ നുകരുമ്പോൾ ഞാൻ അറിയാതെ എൻ്റെ  കലാലയ ജീവിതത്തിലെ സുവർണ്ണ കാലത്തെ കാറ്റാടിത്തണലിലേക്ക് എത്തിച്ചേർന്നു.


(തുടരും... )

5 comments:

Areekkodan | അരീക്കോടന്‍ said...

പേരറിയാത്ത കുറെ മരങ്ങൾ തണൽ വിരിക്കുന്ന സെൻ്റ് തോമസ് കോളേജിലെ ഗാന്ധി സ്മൃതി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ഇരുന്ന് ചായ നുകരുമ്പോൾ ഞാൻ അറിയാതെ എൻ്റെ കലാലയ ജീവിതത്തിലെ സുവർണ്ണ കാലത്തെ കാറ്റാടിത്തണലിലേക്ക് എത്തിച്ചേർന്നു.

© Mubi said...

സൗഹൃദത്തേക്കാൾ വലുതായി മറ്റെന്തുണ്ട്!

Areekkodan | അരീക്കോടന്‍ said...

Mubi... ഫാറൂഖ് കോളേജിലെ കാറ്റാടി മരങ്ങൾ പറയുന്ന കഥകൾ എത്ര എത്ര സൗഹൃദങ്ങളുടെതാകും ?

Muralee Mukundan , ബിലാത്തിപട്ടണം said...

ജീവിത്തിലെ മഹത്തായ സമ്പാദ്യമാണ് സൗഹൃദ സമ്പാദ്യം

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ .... അതെന്നെ

Post a Comment

നന്ദി....വീണ്ടും വരിക