ജീവിതത്തിൽ ദുരിതം അനുഭവിക്കുന്നവരുടെ കഥകൾ നിരവധി ഞാൻ വായിക്കുകയും കേൾക്കുകയും കാണുകയും ചെയ്തിട്ടുണ്ട്. അത്തരം സംഭവങ്ങൾ എല്ലാം മനസ്സിൽ ഒരു നോവ് പടർത്താറുമുണ്ട്. നമ്മളാൽ കഴിയുന്ന ഒരു ചെറുസഹായം നൽകി ആ നോവിനെ അകറ്റാൻ സാധിക്കും എന്നതിനാൽ പലപ്പോഴും അവസാന വഴിയായി അതും ചെയ്യാറുണ്ട്.
മുസ്‌ലിം പശ്ചാത്തലത്തിലുള്ള നോവലുകൾ മലയാളത്തിൽ ധാരാളമുണ്ട്. അവയിൽ ചിലതിലെങ്കിലും ഉസ്താദുമാരോ മൊല്ലാക്കമാരോ കഥാപാത്രങ്ങളായും ഉണ്ട്. പക്ഷെ ഒരു ഗ്രാമത്തിലെ ഉസ്താദിന്റെ പൊള്ളുന്ന ജീവിതത്തിലേക്ക് വിരൽ ചൂണ്ടുന്ന ഒരു നോവൽ ഞാൻ ആദ്യമായിട്ടാണ് വായിക്കുന്നത്. 'കത്തുന്നൊരു പച്ചമരം' എന്ന പുസ്തകപ്പേര് അത്ര ആകർഷകമായി തോന്നിയില്ലെങ്കിലും വായനക്കാരന്റെ ഉള്ളിൽ അത് നീറിപ്പുകയുക തന്നെ ചെയ്യും.
ബീരാനുസ്താദ് എന്ന മദ്രസാദ്ധ്യാപകന്റെ ജീവിതമാണ് നോവലിസ്റ്റ് ഈ പുസ്തകത്തിലൂടെ വരച്ചു കാണിക്കുന്നത്. തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്ത് ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കേണ്ടി വരുന്നവരാണ് മിക്ക മദ്രസാദ്ധ്യാപകരും.അതിലേക്ക് വിധിയുടെ വിളയാട്ടം പോലെ ചില ദുരന്തങ്ങൾ കൂടി ചേരുമ്പോൾ ആ ജീവിതങ്ങൾ നിലയില്ലാക്കയത്തിലേക്ക് പതിക്കുന്നു. അപ്പോഴും, താൻ ഇത്രകാലം നട്ട നന്മമരങ്ങളിൽ നിന്നുള്ള ഒരു കനി ആശ്വാസം നൽകും എന്ന പ്രതീക്ഷ അവരിൽ നിലനിൽക്കും. ആ പ്രതീക്ഷ മാത്രമാണ് അവരെ ഈ ദുനിയാവിൽ തന്നെ പിടിച്ച് നിർത്തുന്നതും.
അലിഫും ബായും തായും മദ്രസയിൽ നിന്ന് ചൊല്ലിപ്പഠിക്കുന്ന കാലത്ത് ഉസ്താദിന്റെ ജീവിതത്തിലേക്ക് എത്തി നോക്കാൻ നമ്മൾക്ക് പക്വത ആയിട്ടുണ്ടാവില്ല. എന്നാൽ ആ പക്വത എത്തുന്ന സമയത്ത് ആവുന്നത് ചെയ്യാൻ ശ്രമിക്കുന്ന നിരവധി പേരുണ്ട്. അങ്ങനെ വല്ലപ്പോഴും കിട്ടുന്ന ഒരു സമ്മാനം പോലും അവരുടെ ജീവിതത്തിൽ ഏറെ സന്തോഷം ഉണ്ടാക്കും.പക്ഷെ, എത്ര ബുദ്ധിമുട്ടിയാലും ഒരു ഉസ്താദും ശിഷ്യരോട് തങ്ങളുടെ ജീവിത പ്രാരാബ്ധങ്ങൾ പറയാറില്ല. ഈ നോവലിലെ ബീരാനുസ്താദും ആ ഗണത്തിൽ വരുന്നു.
ഈ പുസ്തകം എൻ്റെ കണ്ണുകളെ പലപ്പോഴും സജലങ്ങളാക്കി.നോവലിന്റെ ശുഭ പര്യവസാനം സന്തോഷം കൊണ്ടും കണ്ണ് നിറച്ചു.
രചയിതാവ് : സാനു പള്ളിശ്ശേരി
പ്രസാധകർ : പേരക്ക ബുക്സ്
പേജ് : 96
4 comments:
ഈ പുസ്തകം എൻ്റെ കണ്ണുകളെ പലപ്പോഴും സജലങ്ങളാക്കി
ഈ പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി.... ആശംസകൾ
നന്നായി പരിചയപ്പെടുത്തി
Dhruvakanth... നന്ദി
മുരളിയേട്ടാ... നന്ദി
Post a Comment
നന്ദി....വീണ്ടും വരിക