2020 മാർച്ച് 22 ന് ആയിരുന്നു കേരളം കോവിഡ് മഹാമാരിക്ക് മുമ്പിൽ ആദ്യമായി കൊട്ടിയടപ്പ് ആയുധം പ്രയോഗിച്ചത്. ഒരാഴ്ചത്തെ അടച്ചുപൂട്ടൽ നീണ്ടു പോയതോടെ പലരുടെയും ജീവിതമാർഗ്ഗങ്ങളും വഴിമുട്ടി. തുടർച്ചയായ അടച്ചിടൽ ഒരു പരിഹാരമല്ല എന്ന് താമസിയാതെ എല്ലാവർക്കും ബോദ്ധ്യമായി. എങ്കിലും ജനങ്ങൾ അസാധാരണമായി കൂട്ടം കൂടുന്ന സ്ഥലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തൽ അനിവാര്യമായിരുന്നു. അങ്ങനെയാണ് രാജ്യത്തെ മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും പൂട്ട് വീണത്.
വർഷത്തിൽ ഒരു തവണ എങ്കിലും സംസ്ഥാനത്തിനകത്തോ പുറത്തോ കുടുംബ സമേതം ഒരു മേജർ യാത്ര പോവുക എന്നത് വർഷങ്ങളായി എൻ്റെ ഒരു പതിവാണ് . ഔദ്യോഗിക ജീവിതത്തിന്റെ തിരക്കിൽ നിന്ന് ഒരല്പനേരം വിട്ടു നിൽക്കാനും കുട്ടികൾക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങൾ കണ്ട് ആസ്വദിക്കാനും സർവ്വോപരി എല്ലാവരുടെയും മനസ്സിനെ ഒന്ന് ഫ്രഷ് അപ് ചെയ്യാനും ഈ യാത്രകൾ എനിക്ക് ഉപയോഗപ്പെടാറുണ്ട്.ഈ യാത്രയാണ് 2020 ലെ ലോക്ക്ഡൗണിലൂടെ എനിക്ക് നഷ്ടമായത്.പക്ഷെ മഹാമാരി ഓരോരുത്തർക്കും വരുത്തി വച്ച നിരവധി നഷ്ടങ്ങൾക്ക് മുമ്പിൽ ഇത് ഒന്നും അല്ല എന്ന് ഞാൻ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു.
കൊറോണ അത്ര പെട്ടെന്നങ്ങ് അരങ്ങ് ഒഴിഞ്ഞ് തരാൻ സാധ്യതയില്ല എന്ന് മനസ്സിലാക്കിയതോടെ 'ലിവ് വിത് കൊറോണ' എന്ന നിലയിലേക്ക് പലരും ചിന്തിക്കാൻ തുടങ്ങി. മുൻകരുതലുകൾ എടുത്തുകൊണ്ട് സാധാരണ ജീവിതം മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് യാഥാർത്ഥ മാർഗ്ഗം എന്ന് എൻ്റെ മനസ്സും മന്ത്രിക്കാൻ തുടങ്ങി.മിക്ക രോഗാണുക്കളുടെയും കൂടെ സഹവസിക്കുന്ന നാം, ഈ വൈറസിനെ ഇത്രമാത്രം ഭയപ്പെടേണ്ടതില്ലെന്ന് ചിലരെങ്കിലും തിരിച്ചറിഞ്ഞു. വീട്ടിനകത്തുള്ള ഇരിപ്പ് തുടർന്നാൽ യാത്രകൾ ഇനിയും അനന്തമായി നീളും എന്ന് ഞാനും മനസ്സിലാക്കി. അങ്ങനെ ഞാനും 'ലിവ് വിത് കൊറോണ' നടപ്പിലാക്കാൻ തീരുമാനിച്ചു.
അങ്ങനെ ഒരു വർഷത്തെ ഇടവേളക്കു ശേഷം ഞാൻ കുടുംബസമേതം ഒരു യാത്ര ആരംഭിക്കുകയാണ്. മൂത്തമോൾ ലുലുവിന് ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദ കോഴ്സ് പ്രവേശനത്തിനായുള്ള പരീക്ഷ എഴുതാൻ ഡൽഹിയിൽ പോകുന്നു. പരീക്ഷ കഴിഞ്ഞ് ജയ്പൂരും കണ്ട് മടങ്ങാനാണ് പദ്ധതി.യാത്രാ വിശേഷങ്ങൾ അടുത്ത പോസ്റ്റിൽ ....
3 comments:
അങ്ങനെ ഞാനും 'ലിവ് വിത് കൊറോണ' നടപ്പിലാക്കാൻ തീരുമാനിച്ചു.
മോളുടെ പേരിൽ അങ്ങനെ ഒരു ടൂർ
മുരളിയേട്ടാ...ഹ ഹാ .... ഒരു കാരണം കിട്ടാൻ നിക്കായിരുന്നു എന്ന് സാരം
Post a Comment
നന്ദി....വീണ്ടും വരിക