Pages

Saturday, August 21, 2021

വൈറസ്

പൊളളാച്ചി ചന്തയിലെ പൊള്ളുന്ന ചൂട് മാരിമുത്തുവിന് വലിയ പ്രശ്നമുണ്ടായിരുന്നില്ല. ഇനി മടക്കയാത്ര കേരളത്തിലേക്കാണ് . ആരോഗ്യ സംരക്ഷണ രംഗത്ത് ഏറെ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ്. ഇതിന് മുമ്പും നിരവധി യാത്രകൾ കേരളത്തിലേക്ക് നടത്തിയിട്ടുണ്ട്. അതിലൊന്നും ഇത്ര പ്രശ്നം തോന്നിയിരുന്നില്ല.അന്നത്തെ പോലെ അതിർത്തി കടന്ന് കിട്ടും എന്ന് ഇത്തവണ പ്രതീക്ഷയേ ഇല്ല. എല്ലാ സംസ്ഥാനങ്ങളും അതിർത്തിയിൽ അതീവ ജാഗ്രത പുലർത്തുന്ന സമയമാണ്. രോഗം നിയന്ത്രണ വിധേയമായി എന്ന് പറയാൻ ആയിട്ടില്ലെങ്കിലും ഏറെക്കുറെ നിയന്ത്രണത്തിലാണ്. എന്നാൽ ചെറിയൊരു അശ്രദ്ധ മതി,കാര്യങ്ങൾ കൈ വിട്ടു പോകാൻ എന്ന് എല്ലാവർക്കും നല്ല ബോധ്യവുമുണ്ട്. കേരളാതിർത്തി അടുക്കുന്തോറും മാരിമുത്തുവിന്റെ മനസ്സ് അസ്വസ്ഥമാകുന്നതും ചിന്ത കാരണമാണ്

'ഒറ്റക്കായിരുന്നെങ്കിൽ ഒരു പ്രശ്നവും ഇല്ലായിരുന്നു ....ഇതിപ്പോ ...' മാരിമുത്തു ആത്മഗതം ചെയ്തു.

' ദുരിത കാലത്ത് ഇതിനൊന്നും ഇറങ്ങിപ്പുറപ്പെടേണ്ടിയിരുന്നില്ല. കുടുംബം പുലർത്തണമെങ്കിൽ പുറപ്പെടുകയല്ലാതെ നിവൃത്തിയും ഇല്ല. എത്രയോ തവണ അതിർത്തി ചെക്ക് പോസ്റ്റുകൾ കടന്നു പോയതാ .... വിനാശകാലേ വിപരീത ബുദ്ധി.. ഇനി ആലോചിച്ചിട്ടും പറഞ്ഞിട്ടും കാര്യമില്ല.' മാരിമുത്തു വണ്ടിക്കകത്തേക്ക് നോക്കിതാനൊഴികെ ഒരു ജീവിയും ഉണർന്നിരിക്കുന്നില്ല

'സുന്ദരമായ ലോകത്ത് ജീവിതം ഇനി എത്രകാലം എന്ന ഒരുറപ്പും ആർക്കും ഇല്ല ... എന്നിട്ടും ലോകത്തെ വൈവിധ്യമാർന്ന കാഴ്ചകൾ ആസ്വദിക്കാതെ ഉറങ്ങുന്ന വിഡ്ഢികൾ' മാരിമുത്തുവിന്റെ അസ്വസ്ഥമായ ചിന്തകളിൽ നിന്ന് സഹയാത്രികരോടുള്ള നീരസം ഉയരാൻ തുടങ്ങി.

'എല്ലാം നല്ല ഉറക്കത്തിലാ.. ശല്യപ്പെടുത്തേണ്ട...ഡ്രൈവർ ആയതിനാൽ എന്റെ കർത്തവ്യം ഞാൻ തന്നെ നിർവ്വഹിച്ചേ പറ്റൂ... ലക്ഷ്യസ്ഥാനത്ത് എത്താൻ ഇനിയും കിലോമീറ്ററുകൾ താണ്ടാനുണ്ട്. ഒരു ചായ കുടിക്കുന്നത് ഉറക്കത്തെ അകറ്റും' മാരിമുത്തു ആരോടെന്നില്ലാതെ പറഞ്ഞു.

ഡ്രൈവിംഗിനിടയിൽ ശ്രദ്ധയിൽ പെട്ട ഒരു ചായക്കട മാരിമുത്തുവിന്റെ ആഗ്രഹത്തെ ഉത്തേജിപ്പിച്ചു. വണ്ടി സൈഡിലേക്ക് ഒതുക്കി നിർത്തി അവൻ ഇറങ്ങി. വണ്ടിയിലെ സഹജീവികൾ എല്ലാം കണ്ണടച്ച് തന്നെ കിടപ്പാണ് . ആരെയും ശല്യപ്പെടുത്താതെ മാരിമുത്തു ചായക്കടയിലേക്ക് നടന്നു.

"അളിയോ ... അതിർത്തിയിൽ മുഴുവൻ ഭയങ്കര പരിശോധനയാണല്ലോ..." ചായക്കടയിൽ കയറുമ്പോൾ തന്നെ താൻ ഇഷ്ടപ്പെടാത്ത വർത്തമാനം മാരിമുത്തുവിന്റെ കാതിൽ വന്നലച്ചു

".അതിനെന്താ... എല്ലാ പേപ്പറുകളും കൃത്യമാണെങ്കിൽ പ്രശ്നമില്ലാതെ കടന്നു പോകാം ... പഴയ കാലത്തെ പോലെ തരികിട ഒന്നും സമയത്ത് നടക്കില്ല ..."

"ങാ .... മാരക വൈറസാന്നാ കേട്ടത്... എന്തെങ്കിലും പാളിച്ച പറ്റിയാൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ, കാരണം ബോധിപ്പിക്കേണ്ടി വരും ... അതുകൊണ്ടാ ഇത്രയും കർശനമായ പരിശോധന"

"സംഗതി അത്രയും സീരിയസ് ആണ് ... കൈ വിട്ടു പോയാൽ പിന്നെ പിടിച്ചു കെട്ടാൻ സാധിക്കുകയില്ല ... അതിനാൽ അതിർത്തി കടക്കുന്ന നാം ഓരോരുത്തരും ജാഗ്രത പുലർത്തിയേ പറ്റൂ ..." ചായ കുടിച്ച് കൊണ്ടിരിക്കുന്ന മറ്റു ഡ്രൈവർമാരുടെ സംഭാഷണം മാരിമുത്തുവിനെ ഇരിക്കപ്പൊറുതി ഇല്ലാത്തവനാക്കി.

'യാത്രാ രേഖകൾ എല്ലാം കൃത്യമാണ് . എങ്കിലും ഏതെങ്കിലും ഒരു പരിശോധകന് സംശയം തോന്നിയാൽ അതുമതി , മുഴുവൻ എണ്ണത്തിനെയും പരിശോധിക്കാൻ ... ദീർഘ യാത്ര എല്ലാവരുടെയും മുഖത്ത് ക്ഷീണം പടർത്തിയുണ്ട് ... വാടിയ ഒരൊറ്റ ഒരു  മുഖം കണ്ടാൽ , കർശന പരിശോധന ഉറപ്പാ ... ഒരു പക്ഷെ സ്പോട്ടിൽ തന്നെ വാക്സിനേഷനും നിർദ്ദേശിച്ചേക്കും ..' മാരിമുത്തുവിന്റെ ചിന്ത കാടുകയറാൻ തുടങ്ങി.

ഓർഡർ ചെയ്ത ചായ വേഗം വലിച്ച് കുടിച്ച് കാശും കൊടുത്ത് മാരിമുത്തു വീണ്ടും വണ്ടിയിൽ കയറി. പിന്നിലേക്ക് ഒരിക്കൽ കൂടി എത്തി നോക്കിയ ശേഷം വണ്ടി സ്റ്റാർട്ട് ചെയ്തു. അപ്പോഴും മയക്കം ആരെയും വിട്ടൊഴിഞ്ഞിരുന്നില്ല. പലവിധ ചിന്തകളും മനസ്സിൽ കൂട്ടിയും കിഴിച്ചും മാരിമുത്തു കേരളാതിർത്തിയിൽ എത്തി. ഓരോ ചെക്ക് പോസ്റ്റുകളും കടക്കുമ്പോൾ മാരിമുത്തുവിന്റെ ഉള്ളിൽ നിന്നും ആശ്വാസത്തിന്റെ നെടുവീർപ്പുകൾ ഉയർന്നു

അവസാന ചെക്ക്പോസ്റ്റിൽ വണ്ടി സൈഡാക്കി മാരിമുത്തു ഇറങ്ങി. കടലാസുകളുമായി ഉദ്യോഗസ്ഥന്റെ മുന്നിലെത്തി. കടലാസുകൾ തിരിച്ചും മറിച്ചും നോക്കിയ ശേഷം അയാൾ മാരിമുത്തുവിന്റെ മുഖത്തേക്ക് ഒന്ന് നോക്കി . അവന്റെ ഹൃദയം പട പടാ അടിക്കുന്നത് തൊട്ടടുത്തിരിക്കുന്നവർക്ക് പോലും കേൾക്കാമായിരുന്നു. മാരിമുത്തു നൽകിയ കടലാസുമായി പരിശോധകൻ പുറത്തിറങ്ങി.

"ഏതാ വണ്ടി ?" അയാൾ ചോദിച്ചു 

"ദാ ... മുന്നിൽ തണലിൽ പാർക്ക് ചെയ്തത് ..." മാരിമുത്തു കാണിച്ചുകൊടുത്ത വണ്ടിക്ക് നേരെ അയാൾ നടന്നു. പിന്നിലൂടെ ചെന്ന് അയാൾ അകത്തേക്ക് ഒന്ന് എത്തി നോക്കി

"സാർ...വണ്ടിയിൽ നിന്നിറക്കി  പരിശോധിക്കുന്നതാ നല്ലത് ..." പരിശോധകൻ ഉറക്കെ വിളിച്ച് പറഞ്ഞു. അതുകേട്ട് ഓഫീസിൽ നിന്നും വെളുത്ത കോട്ടിട്ട ഒരാൾ പുറത്ത് വന്നു. ഒറ്റ നോട്ടത്തിൽ തന്നെ അയാൾ ഒരു ഡോക്ടറാണെന്ന് മാരിമുത്തുവിന് മനസ്സിലായി. അവന്റെ ഹൃദയം വീണ്ടും പട പടാ അടിക്കാൻ തുടങ്ങി.

"അസുഖ ലക്ഷണം കാണുന്നുണ്ട് ... എവിടുന്നാ വരുന്നത് ?" ഡോക്ടർ മാരിമുത്തുവിനോട് ചോദിച്ചു.

"പൊള്ളാച്ചീന്നാ സാർ .." കൈ കൂപ്പി കൊണ്ട് മാരിമുത്തു പറഞ്ഞു 

" ... അപ്പോൾ ഇത്രയും നേരം ഒരുമിച്ച് ആയിരുന്നില്ലേ ... ഇത് ഒരു വൈറസ് രോഗമാണ്... അസുഖം പകരാൻ സാധ്യത കൂടുതലാ...എല്ലാത്തിനെയും വിളിച്ചിറക്കിക്കോ.... വിശദമായ പരിശോധന ആവശ്യമാണ് ... വാക്സിൻ എടുക്കണം , അസുഖ ലക്ഷണം കണ്ടവയെ ക്വോറന്റീനിലും ആക്കണം

മറുവാക്ക് പറയാനില്ലാത്തതിനാൽ മാരിമുത്തു വണ്ടിക്ക് പിന്നിലേക്ക് നീങ്ങി. ഷട്ടർ തുറന്ന് വണ്ടിയിലുണ്ടായിരുന്ന മുഴുവൻ നാൽക്കാലികളെയും ഇറക്കി കുളമ്പു രോഗ പ്രതിരോധ വാക്സിൻ എടുക്കാനായി ക്വോറന്റീൻ കേന്ദ്രത്തിലേക്ക് തെളിച്ചു കൊണ്ടുപോയി !

3 comments:

Areekkodan | അരീക്കോടന്‍ said...

ക്വോറന്റീൻ എന്ന വാക്ക് ആദ്യമായി കേട്ട 1996 ലെ മൃഗ സംരക്ഷണ വകുപ്പിലെ സർവീസ് സ്മരണയ്ക്ക്

Muralee Mukundan , ബിലാത്തിപട്ടണം said...

ജോലിയനുഭവങ്ങളിലെ ആദ്യത്തെ ക്വോറന്റീൻ

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ... അതെ

Post a Comment

നന്ദി....വീണ്ടും വരിക