Pages

Wednesday, November 22, 2023

സിറ്റി പാലസും ജന്തർമന്തറും (റോയൽ രാജസ്ഥാൻ ഡേയ്‌സ് - 12)

 ആദ്യം ഇത് വായിക്കുക

ജയ്‌പൂർ നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിർമ്മിതികളാണ് സിറ്റി പാലസ്,ഹവാ മഹൽ,ജന്തർ മന്തർ എന്നിവ.ഇവ മൂന്നും അടുത്തടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ സഞ്ചാരികൾക്ക് വളരെ സൗകര്യപ്രദമാണ്. ജയ്‌പൂർ നഗര സ്ഥാപകനായ മഹാരാജ സവായ് ജയ് സിംഗ് രണ്ടാമൻ ആണ് സിറ്റി പാലസ് നിർമ്മിച്ചത്. ചെറിയൊരു ഗേറ്റിലൂടെ അകത്ത് പ്രവേശിച്ചാൽ എത്തുന്നത് കൊട്ടാരത്തിന്റെ വിശാലമായ മുറ്റത്തേക്കാണ്.

രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് സാധാരണ സമയത്തെ പ്രവേശനം.മുതിർന്നവർക്ക് 200 രൂപയും 5 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കും ഐ.ഡി കാർഡുള്ള വിദ്യാർത്ഥികൾക്കും 100 രൂപയും ആണ് പ്രവേശന ഫീസ്. രാത്രി ഏഴു മണി മുതൽ പത്ത് മണി വരെയുള്ള സമയത്താണെങ്കിൽ ഇത് യഥാക്രമം 500 രൂപയും 250 രൂപയും ആകും. 


മുഗൾ രജപുത്ര വാസ്തുശില്പകലയുടെ സമ്മിശ്ര ശൈലിയിലാണ് സിറ്റി പാലസ് രൂപകൽപന ചെയ്തിരിക്കുന്നത്. രാജവംശത്തിന്റെ പിന്മുറക്കാർ ഇപ്പോഴും താമസിക്കുന്നതിനാൽ സിറ്റി പാലസിന്റെ എല്ലാ ഭാഗത്തേക്കും സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. രാജവാഴ്ചക്കാലത്ത് അതിഥികളെ സ്വീകരിക്കാൻ ഉപയോഗിച്ചിരുന്ന മുബാറക്ക് മഹലും രാജ്ഞി താമസിച്ചിരുന്ന മഹാറാണി പാലസും ആണ് രണ്ട് - രണ്ടര മണിക്കൂർ നേരത്തെ കാഴ്ച വിരുന്നൊരുക്കുന്നത്. 

രാജകീയ വസ്ത്രങ്ങളും വേഷങ്ങളും വിശേഷാവസരങ്ങളിൽ ധരിച്ചിരുന്ന വസ്ത്രങ്ങളും മറ്റുമാണ് സവായ് മാൻസിംഗ് മ്യൂസിയമായി മാറ്റിയ മുബാറക് മഹലിലുള്ളത്. രജപുത്രരുടെ ആയുധങ്ങളാണ് മഹാറാണി പാലസിൽ കാണാനുള്ളത്.

ഇതൊന്നും കാണാൻ താല്പര്യമില്ലാത്തവരെയും സിറ്റി പാലസ് ആകർഷിക്കും.ചുമരുകളിലും മേൽക്കൂരയിലും ഉള്ള ചിത്രപ്പണികളാണ് കാലുകളെ പലപ്പോഴും നിശ്ചലമാക്കിയത്.പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മയിൽ ശില്പങ്ങളുടെ കളർ കോമ്പിനേഷൻ  ഇത്രയും ഭംഗിയായി നിർവ്വഹിച്ചത് എങ്ങനെ എന്ന് നോക്കി നിന്നുപോകും.
സിറ്റി പാലസിന്റെ സൗന്ദര്യം ആവോളം നുകർന്ന ശേഷം ഞങ്ങൾ പുറത്തിറങ്ങി. പാലസിൽ നിന്നും ഏതാനും വരകൾ അകലെയാണ് ജന്തർ മന്തർ സ്ഥിതി ചെയ്യുന്നത്. ചുട്ടു പൊള്ളുന്ന വെയിലിൽ ഞങ്ങൾ അങ്ങോട്ട് ഓടി. 

1982 ലെ ഡൽഹി ഏഷ്യാഡിന്റെ ലോഗോയിൽ കണ്ടിരുന്ന ചിത്രം ജന്തർ മന്തർ ആണെന്ന് ഞാൻ പഠിച്ച്  വച്ചിരുന്നു.1992 ൽ ഡിഗ്രി കഴിഞ്ഞ് അലീഗറിൽ പ്രവേശന പരീക്ഷ എഴുതാൻ പോയ സമയത്ത് ആദ്യമായി ഡൽഹി കാണാൻ എത്തിയപ്പോൾ ഈ ജന്തർ മന്തറിൽ ഞാൻ പോവുകയും ചെയ്തിരുന്നു. ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട എന്തോ ഒരു നിർമ്മിതി എന്ന് മാത്രമേ അന്ന് അതിനെപ്പറ്റി അറിയാമായിരുന്നുള്ളൂ. മുപ്പത് വർഷം കഴിഞ്ഞ് മറ്റൊരു ജന്തർ മന്തറിൽ എത്തുമ്പോഴും വിവരത്തിൽ ഒരു പുരോഗതിയും ഉണ്ടായിരുന്നില്ല.

"ഉപ്പച്ചീ ... അടുത്തത് എങ്ങോട്ടാ?" ലൂന മോൾ ചോദിച്ചു.

"ജന്തർ മന്തർ" ഞാൻ അലക്ഷ്യമായി മറുപടി പറഞ്ഞു.

"എന്ത്?" എല്ലാവരുടെയും മുഖത്ത് ഇതുവരെ കേൾക്കാത്ത ഒരു പേര് കേട്ടതിലുള്ള ആകാംക്ഷ ഉണ്ടായിരുന്നു.

" ജന്തർ മന്തർ ... എന്ന് വച്ചാൽ യുനെസ്‌കോ പൈതൃക പട്ടികയിലെ ഒരു സാധനം ... ബാക്കി അവിടെ എത്തുമ്പോൾ കാണാം ..." ഞാൻ മെല്ലെ തടിയൂരി.

ആകാശ ഗോളങ്ങളെയും ഗ്രഹങ്ങളെയും നിരീക്ഷിക്കാനും സമയം കൃത്യമായി നിർണയിക്കാനും ജ്യോതിശാസ്ത്ര പഠനത്തിനുമായി മഹാരാജ സവായ് ജയ് സിംഗ് രണ്ടാമൻ ഇന്ത്യയിൽ അഞ്ച് ജന്തർ മന്തറുകൾ സ്ഥാപിച്ചിരുന്നു.ന്യൂ ഡൽഹി,ജയ്‌പൂർ,ഉജ്ജയ്‌നി, മഥുര,വാരാണസി എന്നിവിടങ്ങളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവയിൽ ഏറ്റവും വലുതും പത്തൊമ്പത് ജ്യാമിതീയ ഉപകരണങ്ങൾ ഉള്ളതുമായ ജന്തർ മന്തറാണ് ജയ്‌പൂരിലേത്. 

കണ്ടിട്ട് പ്രത്യേകിച്ച് ഒരു കാര്യമില്ലെങ്കിലും മുന്നൂറോളം വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ  ജ്യോതിശാസ്ത്രം ഇത്രയും പുരോഗമിച്ചിരുന്നു എന്നതിന്റെ തെളിവ് ദർശിക്കാം എന്നതിനാലും ഭാര്യക്കും കുടുംബത്തിനും ജന്തർ മന്തർ എന്താണെന്ന് അറിയിക്കാനും വേണ്ടി ഞാൻ ടിക്കറ്റ് കൗണ്ടറിനടുത്തേക്ക് നീങ്ങി.

മുതിർന്നവർക്ക് അമ്പത് രൂപയും വിദ്യാർത്ഥികൾക്ക് ഇരുപത് രൂപയും ആണ് പ്രവേശന ഫീസ്. സംസ്കൃതത്തിൽ ജന്ത്ര എന്നാൽ ഉപകരണം എന്നും മന്ത്ര എന്നാൽ കണക്ക് കൂട്ടൽ എന്നുമാണ്.അതായത് കണക്ക് കൂട്ടുന്ന ഉപകരണം എന്നാണ് ജന്തർ മന്തർ കൊണ്ട് ഉദ്ദേശിക്കുന്നത്.


പാതി വഴിയിൽ നിർമ്മാണം ഉപേക്ഷിച്ച ചില നിർമ്മിതികൾ തേച്ച് മിനുക്കി ആകർഷകമായ പെയിന്റും അടിച്ച് വച്ചത്  എന്നാണ് സാധാരണക്കാർക്ക് ഇത് കാണുമ്പോൾ തോന്നുക. ഓരോ നിർമ്മിതിക്കടുത്തും ഓരോ തരം 'യന്ത്ര' എന്നും എന്തിന് ഉപയോഗിക്കുന്നു എന്നും വിവരണ ബോർഡുണ്ട്. കത്തുന്ന വെയിലിൽ അത് വായിച്ച് ആ 'യന്ത്രത്തിലേക്ക് ഒന്ന് നോക്കുക കൂടി ചെയ്താൽ തല നന്നായി കറങ്ങും. ആയതിനാൽ ഏതാനും ചില ജന്ത്രങ്ങൾക്കടുത്തുള മന്ത്രങ്ങൾ മാത്രം വായിച്ച് ഞാനും കുടുംബവും പുറത്തിറങ്ങി.

"ജന്തർ മന്തർ എന്താണെന്ന് ഇപ്പോൾ തിരിഞ്ഞില്ലേ? " ഞാൻ കുടുംബത്തോട് ചോദിച്ചു.

"ഉം... വെറും തിരി അല്ല... നട്ടം തിരിഞ്ഞ് ..." 




1 comments:

Areekkodan | അരീക്കോടന്‍ said...

ജന്തർ മന്തർ എന്താണെന്ന് ഇപ്പോൾ തിരിഞ്ഞില്ലേ? " ഞാൻ കുടുംബത്തോട് ചോദിച്ചു.

Post a Comment

നന്ദി....വീണ്ടും വരിക