പരസ്പര ശത്രുക്കളായ മെലൂഹ, സ്വദീപ് എന്നീ രണ്ട് രാജ്യങ്ങളുടെ കഥയാണ് The immortals of Meluha പറയുന്നത്. മെലൂഹ സൂര്യവംശി രാജാക്കന്മാരുടെയും സ്വദീപ് ചന്ദ്രവംശി രാജാക്കന്മാരുടെയും രാജ്യങ്ങളാണ്. തങ്ങളെയും രാജ്യത്തെയും രക്ഷിക്കാൻ ഒരു നീലകണ്ഠൻ വരുമെന്ന് സൂര്യവംശിക്കാർ വിശ്വസിച്ചിരുന്നു. അതുപ്രകാരം വന്നയാളാണ് ശിവ എന്നവർ വിശ്വസിക്കുന്നു. നീലകണ്ഠന്റെ സഹായത്തോടെ സൂര്യവംശികൾ ചന്ദ്രവംശികളെ തോൽപ്പിച്ച് സ്വദീപ് കീഴടക്കുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
രാമ എന്ന രാജാവിന്റെ സാമ്രാജ്യമായിരുന്നു മെലൂഹ. സരസ്വതി നദിയായിരുന്നു രാജ്യത്തിന്റെ ഐശ്വര്യത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നായി കണക്കാക്കപ്പെട്ടിരുന്നത്. പ്രസ്തുത നദി ശോഷിച്ച് വരുന്നത് സൂര്യവംശികളെ പ്രതിസന്ധിയിലാക്കിയിരുന്നു.ഇതിനു പുറമെ ശാരീരിക വൈകല്യങ്ങളോട് കൂടിയ നാഗ വിഭാഗത്തെയും കൂട്ടിയുള്ള ചന്ദ്രവംശികളുടെ നിരന്തര ആക്രമണവും സൂര്യവംശികളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.ഇതിന് തടയിടാൻ മെലൂഹ രാജാവായ ദക്ഷ, ടിബറ്റിലെ തനത് ഗോത്ര വർഗ്ഗക്കാരെ തന്റെ നാട്ടിലേക്ക് ക്ഷണിച്ച് കൊണ്ട് വരാൻ ദൂതന്മാരെ അയച്ചു. ഗുണ എന്ന ഗോത്രത്തിന്റെ മുഖ്യനായ ശിവ ഈ ക്ഷണം സ്വീകരിച്ച് മെലൂഹയിലേക്ക് ദേശാടനം ചെയ്തു.എന്തിനും ഏതിനും ഒരു ചിട്ടയുള്ള മെലൂഹയിലെ ജീവിത രീതി അവരിൽ മതിപ്പുളവാക്കി.
മെലൂഹയിൽ ആദ്യമായി എത്തുന്നവർ ക്വാറന്റിനിൽ പോകൽ നിർബന്ധമായിരുന്നു.അപ്രകാരം ക്വാറന്റിനിൽ പോയ എല്ലാവർക്കും അസുഖം പിടിപെട്ടു. സോമരസം എന്ന മരുന്ന് കഴിച്ചവരിൽ ശിവന്റെ കണ്ഠം മാത്രം നീല നിറമായത് ആയുർവതി എന്ന ചീഫ് ഡോക്ടർ ശ്രദ്ധിച്ചു. രാജ്യത്തിൻറെ രക്ഷകനായി കരുതിപ്പോന്ന നീലകണ്ഠൻ ഇത് തന്നെ എന്ന് തിരിച്ചറിഞ്ഞ ആയുർവതി അദ്ദേഹത്തെയും സഖാക്കളെയും രാജ്യതലസ്ഥാനമായ ദേവഗിരിയിലേക്ക് അയച്ചു. അവിടെ വച്ച് ശിവ രാജകുമാരിയായ സതിയുമായി പ്രണയത്തിലായി.കഴിഞ്ഞ ജന്മത്തിലെ തെറ്റുകൾ കാരണം തൊട്ടുകൂടാത്തവളായി ജീവിക്കുന്ന സതിയെ രാജ്യത്തെ നിയമങ്ങൾ മറികടന്ന് ശിവൻ സ്വന്തമാക്കി.
സോമരസം ഉല്പാദിപ്പിക്കുന്ന മൗണ്ട് മന്തറും ചീഫ് സയന്റിസ്റ്റ് ബൃഹസ്പതി അടക്കമുള്ളവരും, ചന്ദ്രവംശികൾ നാഗന്മാരുടെ സഹായത്തോടെ നടത്തിയ സ്ഫോടനത്തിൽ നാമാവശേഷമായി.ഈ സംഭവത്തിൽ ക്രൂദ്ധനായ ശിവൻ ചന്ദ്രവംശികളുമായി ഘോര യുദ്ധം ചെയ്തു.കീഴടക്കപ്പെട്ട ചന്ദ്രവംശി രാജാവ് നീലകണ്ഠനെ കണ്ട് രോഷാകുലനായി.ചന്ദ്രവംശി രാജകുമാരിയായ ആനന്ദമയിയും അവരുടെ രക്ഷകനായി പ്രതീക്ഷിച്ച് കൊണ്ടിരിക്കുന്ന നീലകണ്ഠനെ സൂര്യവംശികളുടെ കൂടെക്കണ്ട് അരിശം കൊണ്ടു. ഇത് കേട്ട ശിവൻ മൂകനും നിരാശനുമായി.ചന്ദ്രവംശികളുടെ തലസ്ഥാനമായ അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ വച്ച് കണ്ടുമുട്ടുന്ന പുരോഹിതനുമായുള്ള സംസാരത്തിലൂടെ ശിവൻ തന്റെ സ്വത്വം തിരിച്ചറിയുന്നതോടെ ഇരുപത്തിയാറ് അദ്ധ്യായങ്ങളുള്ള ഈ പുസ്തകം അവസാനിക്കുന്നു.
വായിച്ച് കഴിഞ്ഞപ്പോൾ ഓരോ കഥാപാത്രവും കണ്മുന്നിൽ തെളിഞ്ഞ് നിൽക്കുന്ന പോലെ അനുഭവപ്പെട്ട ഒരു പുസ്തകം കൂടിയാണ് The immortals of Meluha. വായിക്കാതെ തിരിച്ചു കൊടുത്തിരുന്നെങ്കിൽ നിരവധി കാര്യങ്ങൾ എനിക്ക് നഷ്ടപ്പെടുമായിരുന്നു എന്ന ചിന്ത ഇപ്പോഴും മനസ്സിനെ അലട്ടുന്നു.
പുസ്തകം : The immortals of Meluha
രചയിതാവ് : Amish
പ്രസാധകർ : Jo Fletcher Books, Newyork
പേജ് : 342
വില: 499 രൂപ
1 comments:
പരസ്പര ശത്രുക്കളായ മെലൂഹ, സ്വദീപ് എന്നീ രണ്ട് രാജ്യങ്ങളുടെ കഥയാണ് The immortals of Meluha പറയുന്നത്.
Post a Comment
നന്ദി....വീണ്ടും വരിക