Pages

Friday, July 19, 2024

ഒരു അട്ടപ്പാടി യാത്ര - 1

അട്ടപ്പാടി എന്ന് കേൾക്കുമ്പോൾ സൈലൻറ് വാലിയും മധുവും ആണ് എപ്പോഴും മനസ്സിൽ ഓടി വരുന്നത്. വിവിധ മാധ്യമങ്ങൾ വഴിയും അട്ടപ്പാടിയെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും അത് കൂടുതലും പട്ടിണി മരണങ്ങളെക്കുറിച്ചായിരുന്നു. സൈലൻറ് വാലിക്കപ്പുറം ഈ റൂട്ടിൽ യാത്ര ചെയ്യാത്തതിനാൽ അട്ടപ്പാടിയെപ്പറ്റി എനിക്ക് കൂടുതൽ അനുഭവ പരിചയവും ഇല്ലായിരുന്നു.ഇതിനൊക്കെ ഒരു പരിഹാരം എന്ന നിലയ്ക്കും, എനിക്കും കൂട്ടുകാർക്കും ചെയ്യാൻ പറ്റുന്ന വളരെ നല്ല സാമൂഹ്യപ്രവർത്തനം എന്ന നിലക്കും, ഒപ്പം ഒരു വിനോദയാത്ര എന്ന നിലക്കുമായിരുന്നു അഗളിയിലെ കാരറ ഗവ. യു പി സ്‌കൂളിലേക്കുള്ള പഠന സാമഗ്രികളുടെ വിതരണത്തിന് ഞാൻ മുന്നിട്ടിറങ്ങിയത്.

രാവിലെ ആറര മണിയോടെ ഞാനും പത്താം ക്‌ളാസ് സഹപാഠികളായിരുന്ന ശൈഖ് മുജീബ് റഹ്മാൻ, ജാഫർ, മുജീബ്റഹ്മാൻ, മെഹബൂബ്, ബഷീർ, നാരായണൻ എന്നിവരും അടങ്ങുന്ന ഏഴംഗ സംഘം അരീക്കോട് നിന്നും  പുറപ്പെട്ടു.ആദിവാസി ജീവിതവും സൈലന്റ് വാലിയും പരിചയപ്പെടാൻ ഒരു അവസരം ആകും എന്നതിനാൽ എന്റെ ചെറിയ മകൻ ലിദുവിനെയും ഞാൻ കൂടെക്കൂട്ടി.എട്ടര മണിയോടെ ഞങ്ങൾ മണ്ണാർക്കാട് എത്തി. പ്രഭാത ഭക്ഷണത്തിന് ശേഷം വീണ്ടും യാത്ര തുടർന്നു.

ആനമൂളി എന്ന സ്ഥലം കഴിഞ്ഞതും ചുരം ആരംഭിച്ചു.മൺസൂൺ സീസൺ ആയതിനാൽ വഴിനീളെ ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളും പാറയിൽ നിന്നുള്ള നീരൊഴുക്കുകളും കാണാമായിരുന്നു.സഞ്ചാരികളിൽ പലരും അതെല്ലാം ക്യാമറയിൽ പകർത്തുന്നുമുണ്ട്. അൽപ നേരത്തെ യാത്രക്ക് ശേഷം നിരവധി വാഹനങ്ങൾ പാർക്ക് ചെയ്ത ഒരു ഹെയർപിൻ വളവിൽ ഞങ്ങളെത്തി.അട്ടപ്പാടി ചുരത്തിലെ പ്രധാനപ്പെട്ട ഒരു വ്യൂ പോയിന്റായിരുന്നു അത്.നേരിയ ചാറൽ മഴയ്‌ക്കൊപ്പം കോടയും കൂടി ഇറങ്ങിയതോടെ അത് വേറിട്ട ഒരു അനുഭവമായി.അൽപനേരം അതാസ്വദിച്ച ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.

സൈലന്റ് വാലി ദേശീയ ഉദ്യാനത്തിലേക്കുള്ള പ്രവേശന കവാടമായ മുക്കാളിയായിരുന്നു ഞങ്ങളുടെ  അടുത്ത ഡെസ്റ്റിനേഷൻ. പത്ത് വർഷം മുമ്പ് എന്റെ കോളേജിലെ കുട്ടികളെയും കൊണ്ട് പ്രകൃതി പഠന ക്യാമ്പിന് (click & read) എത്തിയപ്പോഴുള്ള മുക്കാളിയല്ല ഇപ്പോഴത്തെ മുക്കാളി എന്ന് അവിടെ ഇറങ്ങിയപ്പോഴേ മനസ്സിലായി.ആൾക്കൂട്ടത്തിന്റെ മർദ്ദനമേറ്റു മധു എന്ന ആദിവാസി യുവാവ് രക്തസാക്ഷിയായത് ഈ കവലയിലായിരുന്നു. പത്ത് വർഷം മുമ്പ് ഞങ്ങൾ താമസിച്ച ഡോർമെട്രിയും പാചകപ്പുരയും കണ്ടപ്പോൾ മനസ്സിൽ  ഓർമ്മകൾ വീണ്ടും തിരതല്ലി.സൈലന്റ് വാലിക്ക് അകത്ത് കയറാൻ പ്ലാൻ ഇല്ലാത്തതിനാൽ പെട്ടെന്ന് തന്നെ ഞങ്ങൾ അഗളിയിലേക്ക് തിരിച്ചു.

വഴിയിൽ ഭവാനിപ്പുഴക്ക് കുറുകെയുള്ള ചെറിയ ഒരു പാലം ദൃഷ്ടിയിൽ പെട്ടു.സമയം ധാരാളം ഉള്ളതിനാൽ ഞങ്ങൾ അവിടെയും ഇറങ്ങി. കേരളത്തിലെ നാല്പത്തിനാല് നദികളിൽ മൂന്നെണ്ണം മാത്രമാണ് കിഴക്കോട്ട് ഒഴുകുന്നത്.അതിൽ ഒന്നാണ് ഭവാനി.വയനാട്ടിലെ കബനിയും ഇടുക്കിയിലെ പാമ്പാറുമാണ് മറ്റു രണ്ടെണ്ണം.തമിഴ് നാട്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയാണ് ഭവാനിപ്പുഴ.

മൺസൂൺ കാലത്ത് എല്ലാ പുഴകളും അപകടകരമായതിനാൽ ഭവാനിയെ പാലത്തിൽ നിന്ന് നോക്കിക്കണ്ട് ഞങ്ങൾ യാത്ര തുടർന്നു.പത്തര മണിയോടെ, എന്റെ സഹപാഠിയായിരുന്ന സിന്ധുവിന്റെ  (click & read) നക്കുപതിയിലെ വീട്ടിൽ ഞങ്ങളെത്തി.


ഭാഗം 2 : നരസിമുക്കിലേക്ക്...

1 comments:

Areekkodan | അരീക്കോടന്‍ said...

മൺസൂൺ സീസൺ ആയതിനാൽ വഴിനീളെ ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളും പാറയിൽ നിന്നുള്ള നീരൊഴുക്കുകളും കാണാമായിരുന്നു.

Post a Comment

നന്ദി....വീണ്ടും വരിക