Pages

Saturday, December 21, 2024

ഗമണ്ട മണ്ടകൾ

എൻ്റെ മൂന്നാമത്തെ പുസ്തകമായ "പാഠം ഒന്ന് ഉപ്പാങ്ങ" പ്രകാശനം ചെയ്യാൻ മലയാളത്തിലെ  പ്രശസ്തരായ ഏതെങ്കിലും എഴുത്തുകാർ തന്നെ വേണമെന്ന് എനിക്കാഗ്രഹം ഉണ്ടായിരുന്നു. ആദ്യത്തെ പുസ്തകം "അമ്മാവൻ്റെ കൂളിംഗ് എഫക്ട് " ആരുമറിയാതെ ഷാർജയിലും രണ്ടാമത്തെ പുസ്തകം "ഓത്തുപള്ളി" കൊട്ടും കുരവയും ഇല്ലാതെ നാട്ടിലും പ്രകാശനം ചെയ്തതായിരുന്നു ഈ ആഗ്രഹത്തിന് പിന്നിലെ ഒരു കാരണം. ഈ പുസ്തകത്തിൽ നിന്നുള്ള വരുമാനം പൂർണ്ണമായും അരീക്കോട്, കിഴുപറമ്പ്,ഊർങ്ങാട്ടിരി, കാവനൂർ, എടവണ്ണ എന്നീ അഞ്ച് പഞ്ചായത്തുകളിലെ പാലിയേറ്റീവ് കെയർ യൂണിറ്റുകൾക്ക് വിവിധ ഉപകരണങ്ങൾ വാങ്ങിക്കാനായതിനാൽ ഒരു വാർത്താ പ്രാധാന്യം കിട്ടണം എന്നതായിരുന്നു മറ്റൊരു കാരണം.

നിലവിൽ മലയാള സാഹിത്യ ലോകത്തിൻ്റെ മുൻ നിരയിൽ എനിക്ക് പരിചയമുള്ള ഒരേ ഒരു വ്യക്തിത്വം എൻ്റെ കോളേജിലെ അദ്ധ്യാപകൻ കൂടിയായിരുന്ന ശ്രീ. എൻ.പി. ഹാഫിസ് മുഹമ്മദ് സാറായിരുന്നു. ഓത്തുപള്ളി എന്ന എൻ്റെ നോവലിന് അവതാരിക എഴുതി തന്നത് സാറായിരുന്നു. അതിനാൽ ഈ പുസ്തകത്തിൻ്റെ പ്രകാശന കർമ്മം സാറിനെക്കൊണ്ട് ചെയ്യിപ്പിക്കാം എന്ന് ഞാൻ മനസ്സിൽ കരുതി. നിർഭാഗ്യവശാൽ, പ്രകാശനം ഷെഡ്യൂൾ ചെയ്ത ദിവസത്തിൽ സാറിന് മറ്റൊരു പ്രോഗ്രാം ഉണ്ടായിരുന്നു.

അങ്ങനെയാണ് പുസ്തക പ്രസാധകരായ പേജ് ഇന്ത്യയുടെ അമരക്കാരൻ അമ്മാർ കീഴുപറമ്പ് വഴി ഞാൻ പി.കെ പാറക്കടവിൽ എത്തുന്നത്.ഒറ്റ ഫോൺ വിളിയിൽ തന്നെ കുറുങ്കഥകളുടെ കുലപതിയായ ആ മനുഷ്യനുമായി ഞാൻ ഒരു ആത്മബന്ധം സൃഷ്ടിച്ചു. പുസ്തകത്തിൻ്റെ ഒരു കോപ്പി നേരത്തെ ലഭിച്ചാൽ നന്നായിരുന്നു എന്ന് അദ്ദേഹം പറഞ്ഞതനുസരിച്ച് ഞാൻ, വെള്ളിയാഴ്ച കോഴിക്കോട് വചനം ബുക്സിൽ ഏൽപിക്കാം എന്നും ഏറ്റു.

അൽപ സമയം കഴിഞ്ഞ് അപ്രതീക്ഷിതമായിട്ടാണ് അദ്ദേഹത്തിൻ്റെ ഒരു മെസേജ് വന്നത്. വെള്ളിയാഴ്ച വൈകിട്ട് നാലര മുതൽ അഞ്ചര വരെ ഹോട്ടൽ അളകാപുരിയിൽ ഉണ്ടാകും എന്നായിരുന്നു ആ സന്ദേശം. ഫോണിലൂടെ മൊട്ടിട്ട ബന്ധം നേരിൽ കണ്ട് ദൃഢമാക്കാനും, എൻ്റെ ആദ്യ രണ്ട് പുസ്തകങ്ങൾ കൈമാറാനും കിട്ടിയ അവസരം ഉപയോഗപ്പെടുത്താൻ ഞാൻ തീരുമാനിച്ചു.

അന്ന് കോളേജിൽ നിന്നും തിരിച്ച് കോഴിക്കോട് ടൗണിൽ ഇറങ്ങിയ ഉടനെ ഞാൻ അദ്ദേഹത്തെ ഫോണിൽ വിളിച്ചു. ഹോട്ടൽ അളകാപുരിയിൽ ഉണ്ടെന്നും നേരെ അങ്ങോട്ട് എത്താനും അദ്ദേഹം നിർദ്ദേശിച്ചു. പന്ത്രണ്ട് മിനുട്ട് കൊണ്ട് ഞാൻ അളകാപുരിയിൽ നടന്നെത്തി.  റെസ്റ്റാറൻ്റിൽ മറ്റൊരാളുമായി സംസാരിച്ച് ഇരിക്കുന്ന പി.കെ.പാറക്കടവിനെ എനിക്ക് പെട്ടെന്ന് മനസ്സിലായി. ഞാൻ അവരുടെ അടുത്തേക്ക് ചെന്നു.

"അല്ലാ... ഇത് നമ്മുടെ തറവട്ടത്തല്ലേ?" എന്നെ കണ്ടയുടൻ ഹാഫിസ് മുഹമ്മദ് സാർ ചിരിച്ചുകൊണ്ട് ചോദിച്ചു. രണ്ടു തവണ മാത്രം നേരിൽ സംസാരിച്ച (അതും രണ്ട് വർഷം മുമ്പ്) എന്നെ ഇപ്പോഴും അദ്ദേഹം ഓർക്കുന്നു എന്നതിൽ എനിക്ക് വളരെയധികം അഭിമാനം തോന്നി. അദ്ദേഹത്തെ കിട്ടണം എന്നാഗ്രഹിച്ച പരിപാടിയിലേക്ക് ആണ് പി.കെ. പാറക്കടവിനെ ലഭിച്ചത് എന്ന് ഞാൻ പറയുകയും ചെയ്തു.

അൽപ നേരം കുശല സംഭാഷണങ്ങൾ നടത്തി 'പാഠം ഒന്ന് ഉപ്പാങ്ങയും' എൻ്റെ മറ്റ് രണ്ട് പുസ്തകങ്ങളും ഞാൻ പി.കെ ക്ക് നൽകി. ഈ പുസ്തകത്തിൻ്റെ അവതാരിക എഴുതിയത് ഹാഫിസ് സാർ ആണെന്ന് ഞാൻ പറഞ്ഞതും 'ഓത്തുപള്ളി'യല്ലേ എന്ന് ഹാഫിസ് സാർ തിരിച്ച് ചോദിച്ചതും വീണ്ടും എന്നെ അത്ഭുതപ്പെടുത്തി. രണ്ട് വർഷം മുമ്പ് പ്രകാശനം ചെയ്തതും അത്രയധികം പ്രശസ്തി നേടാത്തതുമായ എൻ്റെ പുസ്തകത്തിൻ്റെ പേര് വരെ അദ്ദേഹം ഓർത്ത് വയ്ക്കുന്നു എന്നതായിരുന്നു അതിന് കാരണം.

മലയാള സാഹിത്യത്തിലെ രണ്ട് ഗമണ്ടൻമാർക്കൊപ്പം എൻ്റെ മണ്ട കൂടി ഒരല്പനേരം ചേർത്തു വച്ച ശേഷം ഞാൻ, രണ്ട് പേരോടും യാത്ര പറഞ്ഞു. 

Wednesday, December 18, 2024

ഫിസിക്സ് പഠിച്ച പൂച്ച

"അയ്യോ ... അയ്യോ.. " കൂട്ടുകാരോടൊപ്പം സ്കൂളിലേക്ക് നടന്നു പോകുന്നതിനിടയിൽ പെട്ടെന്നാണ് മിനി മോളുടെ ശബ്ദം ഉയർന്നത്.

"ങേ !! എന്തു പറ്റി ?" ബാബുവും അബ്ദുവും ആമിയും മിനിമോളുടെ അടുത്തേക്ക് ഓടി വന്ന് ചുറ്റും കൂടി.

"ദേ.... അങ്ങോട്ട് നോക്ക് ..." മിനി മോൾ വഴിയരികിലെ ഉയർന്ന മതിലിലേക്ക് ചൂണ്ടിക്കാണിച്ച് കൊണ്ടു പറഞ്ഞു.
എല്ലാവരും അങ്ങോട്ട് നോക്കി.

"അതെന്താ... ഒരു പൂച്ചയും അതിൻ്റെ കുഞ്ഞുമല്ലേ...?" ബാബു ചോദിച്ചു.

"അതെ... തള്ളപ്പൂച്ചയും കുഞ്ഞും " മിനിമോൾ പറഞ്ഞു.

"അതിനെ കണ്ടിട്ടാണോ നീ പേടിച്ചത്?" ആമിക്ക് സംശയമായി.

"അതിനെ കണ്ടതിനല്ല.."

"പിന്നെ ?" എല്ലാവരും ആകാംക്ഷയോടെ മിനിമോളെ നോക്കി.

"ആ പൂച്ചയും കുഞ്ഞും മതിലിൽ നിന്നെങ്ങാനും വീണാൽ രണ്ടിൻ്റെയും കഥ കഴിഞ്ഞത് തന്നെ ..." മിനിമോൾ തൻ്റെ ഭയത്തിൻ്റെ കാരണം വെളിപ്പെടുത്തി.

"ങാ... അത് ശരിയാണല്ലോ..? ആ തള്ളപ്പൂച്ച എന്തിനാ ഇത്രയും പൊക്കത്തിൽ കയറിയത്..?" ബാബുവും ആമിയും മിനിമോളെ പിന്താങ്ങി.

"ഏയ്... ഒന്നും സംഭവിക്കില്ല.." അതുവരെ മിണ്ടാതിരുന്ന അബ്ദു പറഞ്ഞു.

"ങേ !! " എല്ലാവരും അത്ഭുതത്തോടെ അബ്ദുവിനെ നോക്കി.

"നീ ഇതു വരെ എത്ര പൂച്ചയെ കണ്ടിട്ടുണ്ട്?" അബ്ദു മിനിമോളോട് ചോദിച്ചു.

"ഒന്ന് ... രണ്ട് .... പതിനൊന്ന്..." അൽപ നേരം  വിരലിൽ എന്തൊക്കെയോ കണക്ക് കൂട്ടി മിനിമോൾ പറഞ്ഞു.

"നീയോ?" അബ്ദു ആമിയോട് ചോദിച്ചു.

"പത്തെണ്ണം കണ്ടിട്ടുണ്ടാകും...." ആമി പറഞ്ഞു.

"ബാബു എത്ര പൂച്ചയെ കണ്ടിട്ടുണ്ട്?" അബ്ദു ചോദിച്ചു.

"അതിപ്പോ കണക്കില്ല... കൊറെ എണ്ണത്തെ കണ്ടിട്ടുണ്ട്.." ബാബു പറഞ്ഞു.

"ശരി... ശരി... നിങ്ങൾ കണ്ട പൂച്ചകളിൽ ഏതെങ്കിലും ഒന്നിൻ്റെ എങ്കിലും കാല് ഒടിഞ്ഞ് വേച്ച് വേച്ച് നടക്കുന്നത് കണ്ടിട്ടുണ്ടോ?" അബ്ദു ചോദിച്ചു.
എല്ലാവരും ആലോചിച്ചു നോക്കി.

"ശരിയാ... ഞാൻ ഇതുവരെ കാലൊടിഞ്ഞ പൂച്ചയെ കണ്ടിട്ടില്ല ..." മിനിമോൾ പറഞ്ഞു.

"ഞാനും കണ്ടതായി ഓർക്കുന്നില്ല" ബാബു പറഞ്ഞു.

"ഞാനും" ആമിയും സമ്മതിച്ചു.

"ങാ.. അങ്ങനെ ഒന്ന് കാണാത്തത് എന്തു കൊണ്ടാ?" അബ്ദുവിൻ്റെ ചോദ്യം വീണ്ടും എല്ലാവരെയും ചിന്തയിലാഴ്ത്തി.പക്ഷെ, ആർക്കും ഒരുത്തരം കിട്ടിയില്ല.

"അതെന്താ?" എല്ലാവരും അബ്ദുവിനോട് ചോദിച്ചു.

"അതാണ് പ്രകൃതിയിലെ ചില വികൃതികൾ... പൂച്ച വീഴുമ്പോൾ നാല് കാലും കുത്തി മാത്രമേ വീഴൂ.." അബ്ദു പറഞ്ഞു.

"അപ്പോ കാല് ഒടിയൂലേ .... " എല്ലാവർക്കും സംശയമായി.

"ഇല്ല... അവിടെയും പൂച്ചകൾ ഒരു സൂത്രം പ്രയോഗിക്കുന്നുണ്ട്..."

"ങേ !! അതെന്താ സൂത്രം? " എല്ലാവരും അബ്ദുവിനെ നോക്കി.

"പൂച്ച വീഴുമ്പോൾ അത് നാല് കാലും വാലും പരമാവധി നിവർത്തിപ്പിടിക്കും...."

"ആ.... അത് ശരിയാ... മാളുവിൻ്റെ വീട്ടിലെ കിങ്ങിണിപ്പൂച്ച വിറക് പുരയിൽ നിന്ന് താഴെ വീഴുന്നത് ഞാൻ കണ്ടിരുന്നു..." മിനി മോൾ പറഞ്ഞു.

"അതെന്തിനാ അങ്ങനെ ചെയ്യുന്നത്..." ആമിക്കും ബാബുവിനും സംശയമടക്കാൻ കഴിഞ്ഞില്ല.

"ആ... അങ്ങനെ ചെയ്യുമ്പോൾ മാക്സിമം വായുവിനെ ആദേശം ചെയ്ത് ഒരു കുഷ്യൻ പോലെ ആക്കി പതുക്കെ നിലത്തിറങ്ങാം.." അബ്ദു വിശദീകരിച്ചു.

"ആഹാ..... പൂച്ച ഇത് എവിടന്നാ പഠിച്ചത്?" ആമി ചോദിച്ചു.

"ഓരോ ജീവികൾക്കും ദൈവം നൽകിയ ചില പാഠങ്ങളിൽ ഒന്ന്..."

"അപ്പോ എനിക്കും ഉയരത്തിൽ കയറി നിന്ന് കയ്യും കാലും നീട്ടിപ്പിടിച്ച് ഒന്നു ചാടി നോക്കണം...." ബാബു തൻ്റെ പരീക്ഷണ ത്വര പുറത്തെടുത്തു .

"അയ്യോ.. അത് വേണ്ട..." അബ്ദു ഓർമ്മിപ്പിച്ചു.

"ങാ... കഥ പറഞ്ഞ് പറഞ്ഞ് സ്കൂളിൽ എത്തിയത് അറിഞ്ഞില്ല..." മിനിമോൾ പറഞ്ഞു.

"ഇനിയും ഇങ്ങനെ പലതും നമുക്ക് അറിയാനുണ്ട്. അവസരം വരുമ്പോൾ പറഞ്ഞ് തരാം..." അബ്ദു എല്ലാവരോടുമായി പറഞ്ഞു.

"തീർച്ചയായും.." നാലു പേരും അവരവരുടെ ക്ലാസുകളിലേക്ക് നടന്ന് നീങ്ങി.

Sunday, December 15, 2024

വയനാട് വ്യൂ പോയിന്റ് റിസോർട്ട്

എൻ്റെ നാട്ടിൽ പല കുടുംബ സംഗമങ്ങളും പതിവായി നടക്കാറുണ്ട്. ഒരു തറവാട്ട് വീട്ടിൽ എല്ലാവരും ഒരുമിച്ച് കൂടുക അല്ലെങ്കിൽ ഒരു ഓഡിറ്റോറിയത്തിൽ ഒത്തു ചേർന്ന് പിരിയുക തുടങ്ങിയവയാണ് സാധാരണ പതിവ്. ഈയിടെയായി റിസോർട്ടുകളിൽ വച്ചും കുടുംബ സംഗമം സംഘടിപ്പിക്കുന്ന പതിവ് കണ്ടു വരുന്നുണ്ട്. എൻ്റെ ഭാര്യാ കുടുംബത്തിൻ്റെ അത്തരം ഒരു ഒത്തുചേരൽ ഇക്കഴിഞ്ഞ നവംബർ 23, 24 തിയ്യതികളിൽ വയനാട്ടിൽ വച്ച് നടന്നു.

വീട് സംബന്ധമായ എല്ലാ ചുറ്റുപാടുകളിൽ നിന്നും അതേ പോലെയുള്ള മറ്റു തിരക്കുകളിൽ നിന്നും കുടുംബത്തിലെ എല്ലാവരും രണ്ട് ദിവസം സ്വതന്ത്രമാവുക എന്നതായിരുന്നു കുടുംബ സംഗമം റിസോർട്ടിൽ സംഘടിപ്പിക്കുന്നതിൻ്റെ പ്രധാന ഉദ്ദേശം. മാനസികോല്ലാസവും ആസ്വാദനവും ഒപ്പം ചില ഉണർത്തലുകളും ആയിരുന്നു സംഗമത്തിലൂടെ ലക്ഷ്യമിട്ടത്. ഏറെക്കുറെ അതെല്ലാം സാധ്യമായി എന്ന് തന്നെയാണ് എന്റെ വിശ്വാസം.

തവിഞ്ഞാലിലെ വയനാട് വ്യൂ പോയിന്റ് റിസോർട്ടായിരുന്നു സംഗമത്തിനായി ഞങ്ങൾ തെരഞ്ഞെടുത്തത്. ഡബിൾ ബെഡ് സൗകര്യത്തോടെയുള്ള വില്ലകളായിട്ടാണ് റിസോർട്ട് സംവിധാനിച്ചിരിക്കുന്നത്. ഉടമസ്ഥൻ്റെ വീട് കഴിഞ്ഞ് മുകളിലോട്ട് പറമ്പായി കിടക്കുന്ന സ്ഥലത്താണ് വില്ലകൾ. നാടൻ പ്ലാവുകൾ അടുത്തടുത്ത് നട്ടു പിടിപ്പിച്ച് അവയിലെല്ലാം വലിയ ഊഞ്ഞാലുകളും കയർ കട്ടിലുകളും ഒരുക്കിയതിനാൽ ഏത് പ്രായക്കാർക്കും അവ ആസ്വദിക്കാൻ കഴിയും. ഈ വൃക്ഷങ്ങൾക്കിടയിലായി അർദ്ധവൃത്താകൃതിയിൽ സിമൻ്റ് കസേരയും ഉണ്ട്. പത്തിരുപത്തഞ്ച് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് ഔട്ട്ഡോർ മീറ്റിംഗ് നടത്താൻ ഈ സംവിധാനം വളരെ അനുയോജ്യമായി തോന്നി.

ഇവയ്ക്ക് പുറമെ പരിസരത്തിൻ്റെ ആകാശ വീക്ഷണത്തിനായി ഒരു വാച്ച് Sവർ, ഷട്ടിൽ കോർട്ട്, ക്യാമ്പ് ഫയർ ഏരിയ, ഫുട്ബാൾ കോർട്ട് (ഭാവിയിൽ ടർഫ് ആയേക്കും ), സ്വിമ്മിംഗ് പൂൾ, കോൺഫറൻസ് ഹാൾ തുടങ്ങിയവയും ഉണ്ട്. പ്രഭാതത്തിൽ പക്ഷികളുടെ കളകൂജനം ആരെയും ഒന്ന് കാത് കൂർപ്പിക്കാൻ പ്രചോദനം നൽകും.

വളരെ കാലങ്ങൾക്ക് ശേഷം ഷട്ടിൽ ബാഡ്മിന്റൺ ഒന്ന് കളിച്ച് നോക്കാനും മത്സരിച്ച് നീന്താനും എനിക്കും അവസരം കിട്ടി.  

ഒരു ദിവസത്തേക്ക് ഇരുപതിനായിരം രൂപയാണ് ഈ മുഴുവൻ സൗകര്യങ്ങൾക്കുമായി ഈടാക്കിയത്. വൈകിട്ടുള്ള ചായയും പ്രഭാത ഭക്ഷണവും ഇതിൽ ഉൾപ്പെടും. 26 മുതിർന്നവരും 3 കുട്ടികളും 3 പിഞ്ചുമക്കളും അടങ്ങിയ ഞങ്ങളുടെ സംഘത്തിന് ഈ സ്ഥലം ഹൃദ്യമായി.


Monday, December 09, 2024

മർക്കസ് നോളജ് സിറ്റി

താമരശ്ശേരി - കൽപറ്റ റൂട്ടിലുള്ള കൈതപ്പൊയിലിൽ നിന്ന് വലത്തോട്ടുള്ള റോഡിലൂടെ മുന്നോട്ട് പോയാൽ മർക്കസ് നോളജ് സിറ്റിയിൽ എത്താം എന്ന് ഞാൻ മനസ്സിലാക്കി വച്ചിട്ട് രണ്ട് മൂന്ന് വർഷം കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം. മത - ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും പാർപ്പിട സമുച്ചയങ്ങളും കൺവെൻഷൻ സെൻ്ററും ' പള്ളിയും എല്ലാം അടങ്ങിയ ഒരു ടൗൺഷിപ്പ് എന്നതിൽ കവിഞ്ഞ് മറ്റൊരു പ്രത്യേകതയും മർക്കസ് നോളജ് സിറ്റിക്ക് ഉള്ളതായി എനിക്കറിയില്ലായിരുന്നു.

വയനാട്ടിലേക്കുള്ള യാത്രാമധ്യേ അപ്രതീക്ഷിതമായാണ് ഞാൻ മർക്കസ് നോളജ് സിറ്റിയുടെ ഗേറ്റിന് മുമ്പിലൂടെ കടന്നു പോയത്. കാറ് പാസ് ചെയ്ത ശേഷമാണ് ഇതാണ് ഞാൻ കാണാൻ ഉദ്ദേശിച്ചിരുന്ന മർക്കസ് നോളജ് സിറ്റി എന്ന് തിരിച്ചറിഞ്ഞത്. ഉടനെ, നോളജ് സിറ്റിയിൽ ജോലി ചെയ്യുന്ന പ്രിയ സുഹൃത്തിന് ഞാൻ ഫോൺ ചെയ്തു. ഇന്ന് നോളജ് സിറ്റിയിൽ ഉണ്ടെന്നും ഇപ്പോൾ തന്നെ വരണമെന്നും പറഞ്ഞപ്പോൾ മറ്റൊന്നും പിന്നീട് ആലോചിച്ചില്ല. കാർ റിവേഴ്സ് എടുത്ത് നേരെ അവിടെ  എത്തി.

സുഹൃത്തിന്റെ ഓഫീസിൽ ഞങ്ങളെത്തി നിമിഷങ്ങൾക്കകം തന്നെ ഒരു പ്രത്യേക തരം കഞ്ഞി വെൽകം ഡ്രിങ്ക് ആയി എത്തി. ഉലുവയും ജീരകവും മറ്റെന്തൊക്കെയോ ഔഷധങ്ങളും ചേർത്തുള്ള കുത്തരിക്കഞ്ഞി എനിക്കിഷ്ടമായി. അവിടെ വരുന്നവർക്കെല്ലാം പതിനൊന്ന് മണിക്ക് പ്രസ്തുത കഞ്ഞി നൽകാറുണ്ട് എന്ന് പറഞ്ഞു. 

കഞ്ഞി കുടിച്ചു കൊണ്ടിരിക്കെ തന്നെ നോളജ് സിറ്റിയിലെ പള്ളി കാണാനുള്ള ക്രമീകരണങ്ങളും സുഹൃത്ത് ചെയ്തു. ശനി, ഞായർ ദിവസങ്ങളിൽ മാത്രമാണ് സ്ത്രീകളെ പള്ളി കാണാൻ അനുവദിക്കുന്നത്. അതും രാവിലെ പതിനൊന്ന് മണി വരെ മാത്രമാണ് അനുവാദം. നോളജ് സിറ്റി മുഴുവൻ കറങ്ങിക്കാണാൻ പോകാനായി ബഗ്ഗി കാർട്ട് വരുമെന്നും അതിന് മുമ്പ് ഒരു ഇൻഡസ്ട്രി വിസിറ്റ് നടത്താമെന്നും സുഹൃത്ത് പറഞ്ഞു. അതനുസരിച്ച് അതേ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന വിവിധ വൈദ്യുതോപകരണ നിർമ്മാണ കമ്പനി സന്ദർശിച്ചു.

ബഗ്ഗി കാർട്ട് വന്നതോടെ എല്ലാവരും അതിൽ കയറി സൈറ്റ് സീയിങ് ആരംഭിച്ചു. മക്കാ ഗേറ്റിലൂടെയാണ് പള്ളി കോമ്പൗണ്ടിലേക്കുള്ള പ്രവേശനം. പള്ളി കവാടത്തിൽ രണ്ട് പേർ ഞങ്ങളെ ആദരപൂർവ്വം സ്വീകരിച്ചു കൊണ്ട് വലിയ ഒരു ഹാളിൽ ഇരുത്തി. കാശ്മീരിലെ ഇഷ്ഫാഖിൻ്റെ വീട്ടിലെ സ്വീകരണ മുറിയാണ് പെട്ടെന്ന് ഓർമ്മ വന്നത്. നോളജ് സിറ്റിയെ പരിചയപ്പെടുത്തുന്ന ഒരു വീഡിയോ പ്രസൻ്റേഷൻ ഞങ്ങൾക്കായി പ്ലേ ചെയ്തു. അതിലൂടെയാണ് നോളജ് സിറ്റിയുടെ പഞ്ചസ്തംഭ പ്രവർത്തനങ്ങൾ (വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, പാർപ്പിടം, വിനോദം, വ്യവസായം ) തിരിച്ചറിഞ്ഞത്. ഇതിനിടക്ക് ഞങ്ങളുടെ മുമ്പിൽ അജ്‌വ കാരക്കയും പ്ലേറ്റുകളിൽ എത്തി.

ഇസ്ലാം മതത്തെപ്പറ്റി പഠിക്കാൻ ആഗ്രഹിക്കുന്നവരെ ഉദ്ദേശിച്ചുള്ളതും പള്ളിയുടെ മുകൾ ഭാഗത്ത് ക്രമീകരിച്ചതുമായ വിശാലമായ ഒരു ലൈബ്രറിയിലേക്കാണ് പിന്നീട് ഞങ്ങളെ കൊണ്ടു പോയത്. അമുസ്ലിംകൾക്കും നമസ്കാര കർമ്മങ്ങൾ അവിടെ നിന്നും വീക്ഷിക്കാനാകും. സ്ത്രീകൾക്ക് പള്ളിയുടെ ഉൾഭാഗം ഇവിടെ നിന്നും കാണാം.

ശേഷം പുരുഷന്മാർ മാത്രം പള്ളിക്കകത്തേക്ക് പ്രവേശിച്ചു. മുഗൾ വാസ്തു വിദ്യാ ശൈലിയിൽ പണിത പള്ളി "ജാമിഉൽ ഫുതൂഹ്" എന്നാണ് അറിയപ്പെടുന്നത്. വിവിധതരം പ്രതിസന്ധികളെ അതിജീവിച്ച് വിജയിച്ചത് എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് പള്ളി ഭാരവാഹികളിൽ ഒരാൾ പറഞ്ഞു. പൂർണ്ണമായും സാധാരണ ജനങ്ങളുടെ സംഭാവന സ്വീകരിച്ചാണ്  പള്ളി നിർമ്മിച്ചത്.

                                                      

പള്ളിയുടെ അകവശം കണ്ടപ്പോൾ, ശ്രീനഗറിലെ ഹസ്രത്ത് ബാൽ പള്ളിയാണ്  എനിക്ക് ഓർമ്മ വന്നത്. പതിനായിരം പേർക്ക് മഴയും വെയിലും കൊള്ളാതെയും ഇരുപത്തി അയ്യായിരം പേർക്ക് ഒരുമിച്ചും നമസ്കരിക്കാൻ സാധിക്കുന്ന ഈ പള്ളിയാണ് ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ പള്ളി എന്ന് പറയപ്പെടുന്നു.മസ്ജിദുൽ ആസാർ എന്ന പേരിലും പള്ളി അറിയപ്പെടുന്നുണ്ട്.

പള്ളിയിൽ നിന്ന് പുറത്തിറങ്ങി ഞങ്ങൾ വീണ്ടും ഹാളിലെത്തി. വിസിറ്റേഴ്സ് ഡയറിയിൽ ഒരു കുറിപ്പും എഴുതി. പള്ളിക്ക് വരുന്ന ചെലവുകളെപ്പറ്റിയും അതിലേക്ക് സംഭാവന നൽകാനുള്ള വിവിധ രീതികളെക്കുറിച്ചും റിസീവർ പറഞ്ഞ് തന്നു. 

സമയം പരിമിതമായതിനാൽ നോളജ് സിറ്റിയുടെ മറ്റ് ഭാഗങ്ങളിലൂടെ ബഗ്ഗിയിൽ തന്നെ ഒരു ഓട്ട പ്രദക്ഷിണം നടത്തി.തിരക്കിനിടയിലും എല്ലാ സൗകര്യവും ചെയ്ത്,  ഞങ്ങളോടൊപ്പം വന്ന പ്രിയ സുഹൃത്തിനോട് നന്ദി പറഞ്ഞ് ഞങ്ങൾ വയനാട്ടിലേക്ക് തിരിച്ചു.