1971 മുതലാണ് ഞാൻ മലപ്പുറം രാജ്യത്തെ പൗരനായത്. എന്ന് വച്ചാൽ അമ്പത് വർഷത്തിലധികമായി ഞാൻ ഈ രാജ്യത്ത് വിരാജിക്കുന്നു. ഇത്രയും കാലത്തിനിടക്ക് ഒരിക്കൽ പോലും ഞാൻ അനുഭവിച്ചിട്ടില്ലാത്തതും നേരിട്ടിട്ടില്ലാത്തതും ആയ ഒരു മഹാ സംഭവമാണ് പറയാൻ പോകുന്നത്. ഹൃദയാഘാതമുള്ളവർ അത് കഴിഞ്ഞ ശേഷം ഇത് വായിക്കുന്നതാണ് നല്ലതെന്ന് ഒരു മുന്നറിയിപ്പ് ആദ്യമേ നൽകട്ടെ.
ആരോഗ്യം നിലനിർത്താൻ യോഗ ഒരു ശീലമാക്കണമെന്ന് പ്രധാനമന്ത്രി അടയ്ക്കം പലരും പറഞ്ഞതിനാൽ എൻ്റെ ഭാര്യയെ ഞാൻ യോഗാസനം ചെയ്യാൻ പ്രോത്സാഹിപ്പിച്ചു. കാരണം കുടുംബാരോഗ്യം നിലനിൽക്കാൻ ഭാര്യ ആരോഗ്യവതിയായിരിക്കണം എന്ന് ഒരു പ്രസിഡണ്ടും പ്രധാനമന്ത്രിയും പറയാതെ തന്നെ എനിക്കറിയാമായിരുന്നു. ഭാര്യ യോഗാസനം ചെയ്യുമ്പോൾ, ഞാൻ യോഗയും ധ്യാനവും വ്യായാമവും എല്ലാം അടങ്ങിയ മെക് സെവൻ കസർത്തിനും പോയിത്തുടങ്ങി.
വ്യായാമത്തിന് പെരുന്നാളും വിഷുവും ഒന്നും ബാധകമല്ലാത്തതിനാൽ വിഷുപ്പുലരിയിലും ഞാൻ കവാത്ത് മറന്നില്ല. അവധി ദിനമായതിനാൽ കവാത്ത് കഴിഞ്ഞ് ഞാൻ സിയാറത്തിന് ( ഖബർ സന്ദർശനം ) പോയി തിരിച്ചു വരുമ്പോൾ സുഹൃത്ത് നസ്റുവിനെ വെറുതെ ഒന്ന് വിളിച്ചു നോക്കി.
താഴത്തങ്ങാടിയിലെ മാനുപ്പയുടെ ചായക്കടയിൽ ഉണ്ടെന്നും ചായ കുടിക്കാൻ വരണമെന്നും അവൻ പറഞ്ഞതോടെ ഞാൻ അങ്ങോട്ട് നീങ്ങി. ആവി പറക്കുന്ന ചായയും ചൂടുള്ള പത്തിരിയും കഴിച്ച് കുറെ നേരം ആ മക്കാനിയിൽ ഞങ്ങൾ സംസാരിച്ചിരുന്നു. എൻ്റെ ഒരു പഴയ കാല വിദ്യാർത്ഥിയെയും അവിടെ വച്ച് കണ്ടുമുട്ടി. (അദ്ധ്യാപകനെങ്കിലും കയ്യിലുള്ള പുഴുങ്ങിയ കോഴിമുട്ട അവൻ മുറുക്കിപ്പിടിച്ചു). നസ്റു ഓർഡർ ചെയ്ത ചായക്ക് കാശ് കൊടുക്കാൻ "തീറ്റപണ്ടാരങ്ങൾ" ഗ്രൂപ്പ് അഡ്മിൻ ഇൻതിസാർ എവിടെ നിന്നോ പൊട്ടിവീണു !
തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് സംഭവങ്ങളുടെ പരമ്പര ആരംഭിക്കുന്നത്. സിറ്റൗട്ടിൽ ഇരുന്ന് പത്രത്തിലെ ഒന്നാം പേജിലെ പരസ്യങ്ങൾക്കിടയിൽ നിന്ന് വാർത്ത തപ്പിക്കൊണ്ടിരുന്ന എൻ്റെ മുമ്പിൽ ഒരു കാർ വന്നു നിന്നു. ഏതാനും ബംഗാളികൾ കാറിൽ നിന്നിറങ്ങി.
"ഗേറ്റ് ഫിറ്റിംഗ് കെ ലിയെ ആയാ ഹെ ..."
"അച്ചാ... ഫിറ്റ് കരൊ .. " നാല് മാസത്തോളമായി അയൽവാസിയുടെ വീടിൻ്റെ തൂണിൽ കെട്ടിയിട്ട എൻ്റെ ഗേറ്റ് ഇന്നാദ്യമായി അതിൻ്റെ ജീവിത ധർമ്മം നിർവ്വഹിക്കാൻ പോകുന്നതിൽ ഞാൻ സന്തോഷ പുളകിതനായി.ഗേറ്റും രോമാഞ്ചകഞ്ചുകമണിഞ്ഞിട്ടുണ്ടാകും. ഇന്ന് കണി കണ്ടത് ആരെയായിരുന്നു എന്ന് ഞാൻ എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല.
"അതേയ്... ആരെങ്കിലും വിഷുവിന് വിളിച്ചിട്ടുണ്ടോ?" അനിയനെ ആരോ സദ്യക്ക് ക്ഷണിച്ചതറിഞ്ഞ ഭാര്യ എന്നോട് ചോദിച്ചു.
"നോക്കട്ടെ.."
"നോക്കട്ടെ ന്നോ... ക്ഷണിച്ചിട്ടുണ്ടോ എന്ന് ഓർമ്മയും ഇല്ലേ ?"
"നിൻ്റെ അമ്മാവൻ നോമ്പ് തുറക്ക് എന്നെ ക്ഷണിച്ചത് എങ്ങനാ?"
"വാട്സാപ്പ് വഴി "
"ആ... അത് തന്നെയാ നോക്കട്ടെ എന്ന് പറഞ്ഞത് "
ഞാൻ വാട്സാപ്പിൽ പരതി. അഞ്ഞൂറോളം വിഷു ആശംസകൾ ഉണ്ട് എന്നല്ലാതെ ഒരുത്തനും വീട്ടിലേക്ക് ക്ഷണിച്ചിട്ടില്ല.😧
"ങാ... ഞാൻ ചോറിന് ഉണ്ടാകും.." ഞാൻ ഭാര്യയോട് പറഞ്ഞു.
"പിന്നെ ... ഇന്ന് ചോറിന് താളിപ്പാ കറി.." മലപ്പുറം രാജ്യത്തെ ചോറിൻ്റെ ദേശീയ കറിയായ താളിപ്പ് ഉണ്ടാക്കുന്നതിനെപ്പറ്റി ഭാര്യ സൂചിപ്പിച്ചു.
'വിഷു ദിവസത്തിലും താളിപ്പോ' എന്ന് തോന്നിയെങ്കിലും ഞാൻ സമ്മതിച്ചു.
"എങ്കിൽ വേഗം ചീര ഒടിച്ച് കൊണ്ടുവാ.." ചോറിന് കറി നിർബന്ധമായതിനാൽ ഞാൻ അനുസരണയുള്ള ഭർത്താവായി. ചീര അടുക്കളയിൽ കൊണ്ട് വച്ചതും പുറത്ത് നിന്ന് ഒരു വിളി കേട്ടു.
"താത്തേ..." വീട്ടിൽ പാല് കൊണ്ട് വരുന്ന അമ്മിണിച്ചേച്ചിയാണ്.പാൽ പാത്രത്തിന് പകരം മൂന്നാല് വലിയ പാത്രങ്ങൾ ചേച്ചി ഓട്ടോറിക്ഷയിൽ നിന്നിറക്കി. മലപ്പുറം രാജ്യത്തെ മുസൽമാനായ എൻ്റെ വീട്ടിൻ്റെ മുറ്റത്ത് ഹിന്ദുവായ അമ്മിണിച്ചേച്ചി ഇതെന്തിൻ്റെ പുറപ്പാടിനാണ് എന്ന് നോക്കി നിൽക്കെ ഒന്നാമത്തെ പാത്രം തുറക്കപ്പെട്ടു.
"താത്തേ... ഒരു പാത്രം എടുക്ക്...'' വലിയ പാത്രത്തിൽ നിന്ന് ചോറ് കോരി എടുത്ത് കൊണ്ട് അമ്മിണിച്ചേച്ചി പറഞ്ഞു. ബി നിലവറ പോലെ പാത്രങ്ങൾ ഇനിയും തുറക്കാനുള്ളതിനാൽ ഭാര്യ ഒന്നിന് പകരം നാലഞ്ച് പാത്രങ്ങളുമായി വന്നു. അമ്മിണിച്ചേച്ചി ചോറും സാമ്പാറും അവിയലും പായസവും ഓരോരോ പാത്രത്തിലേക്ക് വിളമ്പുന്നത് എന്നെപ്പോലെ മുറ്റത്തെ ബംഗാളികളും വാ പൊളിച്ചു നോക്കി നിന്നു.
"ആജ് ബിഹു ഹെ..." ബംഗാളിയുടെ വായ ഒന്ന് അടയാൻ വേണ്ടി ഞാൻ പറഞ്ഞു. അവൻ്റെ വായ കൂടുതൽ വിസ്താരത്തിൽ തുറന്നതിനാൽ ഞാൻ ഒന്ന് കൂടി പറഞ്ഞു.
"ആജ് വിഷു ഹെ... ഹിന്ദു ലോഗോം ക എക് ത്യോഹാർ...."
"ഹാം..." അവരപ്പോഴും മിഴിച്ച് നിന്നു.
"യെ ആസ് പാസ് കെ ഹിന്ദു ലോഗ് ഹമേം ഉൻകെ ഘർ ബുലാകർ ഭോജൻ ദേതാ ഹെ..."
മലപ്പുറം രാജ്യത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നു എന്നത് ബംഗാളികൾ അത്ഭുതത്തോടെ നോക്കി നിന്നു.എല്ലാം നൽകി എന്ന് ഉറപ്പാക്കിയ ശേഷം അമ്മിണിച്ചേച്ചി സ്ഥലം വിടുകയും ചെയ്തു. അപ്പോഴാണ് പുറത്ത് നിന്ന് അടുത്ത വിളി കേട്ടത്.
"ടീച്ചറേ..." അയൽവാസിയായ അച്ചുതേട്ടനായിരുന്നു വിളിച്ചത്.
ഞാൻ മാസ്റ്റർ ആയതിനാൽ ഭാര്യയെ പലരും ടീച്ചർ എന്നാണ് വിളിക്കാറ്. ബി.എഡ് കഴിഞ്ഞ് ആറ് മാസം ടീച്ചറായി പ്രവർത്തിച്ചത് കൊണ്ടാണ് ഈ വിളി എന്ന് അവൾ പറയുമെങ്കിലും അനുസരണയുള്ള ഭർത്താവായതിനാൽ ഞാൻ അത് മൈൻഡ് ചെയ്യാറില്ല.
"ഇതാ... പായസം " അച്ചുതേട്ടൻ ഒരു പാത്രം നീട്ടുന്നത് കണ്ട് മലപ്പുറം രാജ്യത്ത് വന്ന് താമസിക്കുന്ന ബംഗാളികൾ വീണ്ടും വാ പൊളിച്ചു. അവരുടെ വായ അടക്കാനായി ഭാര്യ നാല് ഗ്ലാസ് പായസം അവർക്ക് നൽകി.
അങ്ങനെ അമ്മിണിച്ചേച്ചിയും അച്ചുതേട്ടനും തന്ന വിഭവങ്ങളുമായി മലപ്പുറം രാജ്യത്തെ പൗരനായ ഞാൻ വയറ് നിറയെ ഊണ് കഴിച്ചു.
എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.