Pages

Monday, February 24, 2025

അക്ഷർധാം ക്ഷേത്രവും അഡലജ് പടിക്കിണറും ( ദ ഐവി - 3)

കഥ തുടരുന്നു.... ( For Previous episodes Click Here )

എൻ്റെ ഹൃദയത്തിൻ്റെ തുടി കൊട്ടലിനെക്കാളും പവർഫുൾ ആയിരുന്നു അക്ഷർധാം ക്ഷേത്രത്തിലെ മണിനാദം എന്ന് അൽപ സമയത്തിനകം തിരിച്ചറിഞ്ഞു.ടൂർ ചാർട്ടിൽ ഇല്ലാതിരുന്ന അക്ഷർധാം ക്ഷേത്രം കാണാം എന്ന് പെട്ടെന്നാണ് അറിയിപ്പ് വന്നത്. അതനുസരിച്ച് "ഷഹജാനന്ദ്" അക്ഷർധാമിനെ ലക്ഷ്യമാക്കി നീങ്ങി.

2013 - ൽ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള  ഇന്ദിരാഗാന്ധി എൻ.എസ്.എസ് നാഷണൽ അവാർഡ്  (Click n Read) സ്വീകരിക്കാൻ രാഷ്ട്രപതി ഭവനിൽ എത്തുന്നതിൻ്റെ തലേ ദിവസം ഞാൻ , കുടുംബ സമേതം ഡൽഹി അക്ഷർധാം ക്ഷേത്രം സന്ദർശിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം കാണാം എന്ന ആഗ്രഹത്തിലാണ് ഞാനവിടെ എത്തിയത്. ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനായി പൊരിവെയിലത്ത് കാത്ത് നിൽക്കുന്ന ഭക്തജനങ്ങളെ കണ്ടപ്പോൾ എനിക്ക്  അത്ഭുതം തോന്നി. ഞങ്ങളുടെ വേഷ വിധാനങ്ങൾ കണ്ട് അന്ന് പലരും ഞങ്ങളെ തുറിച്ച് നോക്കി. പത്ത് കിലോമീറ്ററിലധികം കുതിര വണ്ടിയിൽ കുലുങ്ങി കുലുങ്ങി എത്തിയതിനാൽ ക്ഷേത്രം കണ്ട് തന്നെ മടങ്ങാൻ ഞങ്ങൾ തീരുമാനിച്ചു. അന്നത്തെപ്പോലെയുള്ള തിരക്ക് പ്രതീക്ഷിച്ചാണ് ഞാൻ അഹമ്മദാബാദ് അക്ഷർധാമിലും എത്തിയത്.

കണക്കിൽ പണ്ടേ ഞാൻ മോശമായിരുന്നതിനാൽ, എൻ്റെ കണക്ക് കൂട്ടലുകൾ എല്ലാം തെറ്റി. ഒഴിഞ്ഞ് കിടക്കുന്ന പ്രവേശന കവാടത്തിൽ ഞങ്ങൾ എല്ലാവരും ദേഹ പരിശോധനക്ക് വിധേയരായി. ക്ഷേത്ര സമുച്ചയത്തിലേക്ക് പ്രവേശിക്കുമ്പോൾ ഒരു തരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും അനുവദനീയമല്ല. ബെൽറ്റടക്കം അഴിച്ച് പരിശോധിക്കും. 

പാദരക്ഷകൾ അഴിച്ചുവച്ച് എല്ലാവരും ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ചു. ഏറ്റവും അടുത്ത രണ്ട് അനുയായികൾക്ക് ഒപ്പമുള്ള സ്വാമി നാരായണിൻ്റെ പ്രതിമയാണ് സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. ആ രണ്ട് അനുയായികളിൽ ഒരാളാണ് ഷഹജാനന്ദ് എന്നും സ്വാമിയുടെ തന്നെ മറ്റൊരു പേരാണ് ഷഹജാനന്ദ് എന്നും പറയപ്പെടുന്നുണ്ട്. സ്വാമി നാരായണിൻ്റെ ജീവ ചരിത്രം ക്ഷേത്രത്തിൻ്റെ മുകൾത്തട്ടിൽ ക്രമീകരിച്ച ചിത്ര സഹിതമുള്ള വിശദീകരണത്തിൽ നിന്ന് മനസ്സിലാക്കാം.

പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സ്വാമിനാരായൺ എന്ന സന്യാസിയുടെ പേരിലുള്ള  Bochasanwasi Akshar Purushottam Swaminarayan Sanstha എന്ന trust ൻ്റെ കീഴിലാണ് ലോകമാകമാനമുള്ള അക്ഷർധാം ക്ഷേത്രങ്ങൾ. ശില്പഭംഗി കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റുന്ന വിധത്തിലാണ് എല്ലാ ക്ഷേത്രങ്ങളും നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിൽ ന്യൂഡൽഹിക്കും അഹമ്മദാബാദിനും പുറമെ ഗാന്ധിനഗറിൽ കൂടി ഒരു അക്ഷർധാം ക്ഷേത്രം ഉണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ക്ഷേത്ര സമുച്ചയത്തിലെ കഫറ്റീരിയയിൽ നിന്ന് തന്നെ ഉച്ചഭക്ഷണവും കഴിച്ച് ഞങ്ങൾ അടുത്ത സന്ദർശന സ്ഥലമായ അഡ്‌ലജ്  സ്റ്റെപ് കിണറിലേക്ക് നീങ്ങി.

സിന്ധു നദീതട സംസ്കാരത്തിന്റെ തനത് മുദ്രകളിൽ ഒന്നാണ് സ്റ്റെപ് കിണറുകൾ. കോട്ടകളും കൊട്ടാരങ്ങളും കൊണ്ട് സമൃദ്ധമായ രാജസ്ഥാനിൽ നിരവധി പടിക്കിണറുകൾ ഉണ്ട്. 2020 ലെ ജയ്‌പൂർ സന്ദർശന വേളയിൽ നഹാർഗർഹ് കോട്ടയ്ക്കുള്ളിൽ (click & read) വലിയ ഒരു Step Well ഞാൻ കണ്ടിരുന്നു. അപൂർവ്വമായി ലഭിക്കുന്ന മഴയുടെ സിംഹഭാഗം വെള്ളവും ശേഖരിച്ച് വയ്ക്കുക എന്ന ലക്ഷ്യത്തോടെ ഉണ്ടാക്കിയതാണ് പടിക്കിണറുകൾ. കൂടാതെ തീർത്ഥാടകർക്കും വാണിജ്യ സംഘങ്ങൾക്കും വിശ്രമ കേന്ദ്രമായും ഇവ ഉപയോഗപ്പെടുത്തിയിരുന്നു.

വാസ്കോഡ ഗാമ കോഴിക്കോട്ട് കാല് കുത്തിയ 1498ൽ തന്നെയാണ് അഡ്ലെജ് സ്റ്റെപ്പ് വെല്ലും നിർമ്മിതമായത്.നാട്ടു രാജാവായിരുന്ന റാണാ വീർ സിംഗ് ആണ് ഈ അഞ്ച് നില സ്റ്റെപ്പ് വെൽ നിർമ്മാണം തുടങ്ങിയത്. എങ്കിലും ഇതിൻ്റെ മറ്റൊരു പേര് രുധാബായി സ്റ്റെപ്പ് വെൽ എന്നാണ്. അതിൻ്റെ പിന്നിൽ ഒരു ചരിത്രമുണ്ട്.

സ്റ്റെപ്പ് വെൽ നിർമ്മാണം പൂർത്തിയാക്കുന്നതിന് മുമ്പ് മെഹ്മൂദ് ബഗോഡയുമായുള്ള യുദ്ധത്തിൽ റാണാ വീർ സിംഗ് കൊല്ലപ്പെട്ടു.  വീർ സിംഗിൻ്റെ ഭാര്യയായ രുധാബായിയുമായി ബഗോഡ പ്രണയത്തിലായി. വിവാഹം കഴിക്കാൻ രുധാബായി മുന്നോട്ട് വച്ച വ്യവസ്ഥകളിൽ ഒന്ന് ഈ സ്റ്റെപ്പ് വെൽ നിർമ്മാണം പൂർത്തിയാക്കണം എന്നായിരുന്നു. ബഗോഡ അത് അംഗീകരിച്ചു. നിർമ്മാണം പൂർത്തിയായ സ്റ്റെപ്പ് വെൽ പുണ്യാഹം നടത്താനായി ഏതാനും വിശുദ്ധ സന്യാസിമാരോട് അതിൽ സ്നാനം ചെയ്യാൻ രുധാബായി കൽപിച്ചു. അങ്ങനെ  പുണ്യമാക്കിയ കിണറിൽ വീണ് രുധാബായി മരിച്ചു. 

ശില്പചാതുരി കൊണ്ട് ആകർഷണീയമായ സ്റ്റെപ്പ് വെല്ലിനകത്തേക്ക് ഇറങ്ങുന്തോറും തണുപ്പ് കൂടിക്കൂടി വരുന്നത് അനുഭവിച്ചറിയാം. ചുറ്റും ബാരിക്കേഡ് കെട്ടിയതിനാൽ വെള്ളത്തിലേക്ക് ഇറങ്ങാൻ സാധിക്കില്ല. ഇനി ഇതുപോലെ ഒരു സ്റ്റെപ്പ് വെൽ എവിടെയും നിർമ്മിക്കരുത് എന്നതിനാൽ ഈ സ്റ്റെപ്പ് വെല്ലിൻ്റെ ആറ് ശിൽപികളെയും മഹ്മൂദ് ബഗോഡ വധിച്ചതായി പറയപ്പെടുന്നു. അവരുടെ ശവകുടീരങ്ങളും സമീപത്ത് കാണാം.

ഗുജറാത്തിൻ്റെ തലസ്ഥാന നഗരിയായ ഗാന്ധിനഗറിൽ നിന്നും വെറും അഞ്ച് കിലോമീറ്റർ അകലെയാണ് Adalaj Step Well സ്ഥിതി ചെയ്യുന്നത്. അഹമ്മദാബാദിൽ നിന്ന് പതിനാറ് കിലോമീറ്ററോളം ദൂരമുണ്ട്. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു മണി വരെ പ്രവേശനമുണ്ട്. പ്രവേശന ഫീസ് ഇല്ല.

ടൂർ ഇറ്റിനറി പ്രകാരം അഹമ്മദാബാദിൽ ഇനി കാണാനുള്ളത് രാഷ്ട്രപിതവ് ബാപ്പുജിയുടെ കാലടികളാൽ ധന്യമായ സബർമതി ആശ്രമം ആണ്. അവിടം കാണാനായി ഞങ്ങൾ യാത്ര തിരിച്ചു.

(തുടരും...)

1 comments:

Areekkodan | അരീക്കോടന്‍ said...

ഇതിൻ്റെ മറ്റൊരു പേര് രുധാബായി സ്റ്റെപ്പ് വെൽ എന്നാണ്. അതിൻ്റെ പിന്നിൽ ഒരു ചരിത്രമുണ്ട്.

Post a Comment

നന്ദി....വീണ്ടും വരിക