ഞാൻ ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് ലോകത്തെ മുഴുവൻ നടുക്കിയ ഇന്ദിരാഗാന്ധി വധം നടന്നത്. ചാലിയാർ പുഴയുടെ മറുകരയിൽ സ്ഥിതി ചെയ്യുന്ന എൻ്റെ സ്കൂൾ അന്ന് നേരത്തെ വിട്ടതും കടത്തു തോണി പോലും സർവ്വീസ് നിർത്തിയതും ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. മുപ്പത് വർഷങ്ങൾക്ക് ശേഷം ഇന്ദിരാഗാന്ധിയുടെ നാമധേയത്വത്തിലുള്ള നാഷണൽ സർവ്വീസ് സ്കീം ദേശീയ അവാർഡ് ഏറ്റുവാങ്ങാൻ ഡൽഹിയിൽ എത്തിയപ്പോഴാണ് ഇന്ദിരാ ഗാന്ധിയുടെ വീടായിരുന്ന സഫ്ദർജംഗ് റോഡിലെ ഇന്ദിരാഗാന്ധി മെമ്മോറിയൽ ഞാൻ സന്ദർശിക്കുന്നത്. ഇന്ദിരാഗാന്ധിയുടെയും മകൻ രാജീവ് ഗാന്ധിയുടെയും ജീവിതത്തിലെ നിരവധി നിമിഷങ്ങൾ പ്രദർശിപ്പിക്കുന്ന പ്രസ്തുത മ്യൂസിയം മക്കളെ കാണിപ്പിക്കണം എന്ന് തോന്നാൻ കാരണം അന്നത്തെ സന്ദർശനം തന്നെയായിരുന്നു.
ഒരു കുടുംബത്തിൻ്റെ രാഷ്ട്രീയ ജീവിതം വിവരിക്കുന്ന ഒരു മ്യൂസിയമായി ഇന്ദിരാഗാന്ധി മെമ്മോറിയലിനെ വിശേഷിപ്പിക്കാം. ഇന്ദിരയുടെ ജീവിതത്തിലെ ഉയർച്ചകളും താഴ്ചകളും എല്ലാം വാർത്തകളായും ചിത്രങ്ങളായും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ ഭാഷയിലെ അന്നത്തെ പത്ര വാർത്തകൾ മ്യൂസിയത്തിൽ കാണാം. ഇന്ദിരാഗാന്ധി ഉപയോഗിച്ചിരുന്ന വിവിധ വസ്തുക്കളെപ്പറ്റിയും ദൈനംദിന ജീവിത ക്രമത്തെപ്പറ്റിയും എല്ലാം സന്ദർശകന് മനസ്സിലാക്കാം. മനോഹരമായി സെറ്റ് ചെയ്തിരിക്കുന്ന വീട്ടിലെ ലൈബ്രറി ഞങ്ങളെ ഏറെ ആകർഷിച്ചു.
വെടിയേറ്റ് മരിക്കുമ്പോൾ ഇന്ദിരാഗാന്ധി ധരിച്ചിരുന്ന സാരിയും പാദരക്ഷകളും കാണുമ്പോൾ 1984 ഒക്ടോബർ 31 ന് റേഡിയോയിലൂടെ ശ്രവിച്ച ആ മരണ വാർത്ത വീണ്ടും ഓർമ്മ വരും. ശേഷം, ചില്ലിട്ട് സംരക്ഷിച്ച ഇന്ദിരാഗാന്ധിയുടെ അവസാന പാദ ചലന സ്ഥലങ്ങൾ കൂടി കാണുമ്പോൾ ഗേറ്റിൽ നിൽക്കുന്ന സ്വന്തം അംഗരക്ഷകർ ഇന്ദിരാഗാന്ധിയെ വെടിവയ്ക്കുന്ന ചിത്രവും ഒരു നടുക്കത്തോടെ മനസ്സിൽ മിന്നി മറയും.
രാജീവ് ഗാന്ധിയുടെ ജീവിതത്തിലെ നിരവധി മുഹൂർത്തങ്ങളും ഞങ്ങളുടെ മുൻ എം.പി രാഹുൽ ഗാന്ധിയുടെയും നിലവിലുള്ള എം.പി. പ്രിയങ്കാ ഗാന്ധിയുടെയും ശൈശവകാല ചിത്രങ്ങളും കൂടി ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. 1991 ൽ ശ്രീ പെരുമ്പത്തൂരിൽ ബോംബ് സ്ഫോടനത്തിൽ മരിക്കുമ്പോൾ രാജീവ് ഗാന്ധി ധരിച്ചിരുന്ന പൈജാമയുടെയും കുർത്തയുടെയും ഷൂസിൻ്റെയും കരിഞ്ഞ കഷ്ണങ്ങൾ കാണുമ്പോഴും മനസ്സിൽ ഒരു നൊമ്പരം അനുഭവപ്പെടും.
ഇന്ദിരാഗാന്ധി മെമ്മോറിയൽ കണ്ട ശേഷം ഞങ്ങൾ പോയത് ഗാന്ധി സ്മൃതിയിലേക്കാണ്. മുമ്പ് ബിർള ഹൗസ് എന്നറിയപ്പെട്ടിരുന്ന ഈ മ്യൂസിയം ഡൽഹിയിൽ എത്തുന്ന അധിക സഞ്ചാരികളും കാണാറില്ല. എൻ്റെ ഒന്നാമത്തെയോ രണ്ടാമത്തെയോ ഡൽഹി സന്ദർശന വേളയിൽ പോയ ഒരു മങ്ങിയ ഓർമ്മ മാത്രമേ എനിക്കും ഉണ്ടായിരുന്നുള്ളൂ. ഗാന്ധിജിയുടെ അവസാന കാലടികൾ അവിടെ സിമൻ്റിൽ തീർത്തത് ഓർമ്മയിൽ പച്ചപിടിച്ച് തന്നെ നിൽക്കുന്നുണ്ട്. 'ഗാന്ധിജി ആത്മഹത്യ ചെയ്തു' എന്ന റിപ്പോർട്ട് വരുന്നതിന് മുമ്പ് മക്കളെ ഇതൊക്കെ ബോധ്യപ്പെടുത്തൽ അനിവാര്യമാണ് എന്ന് ഒരു പിതാവെന്ന നിലക്ക് എൻ്റെ കടമയാണ് എന്ന ചിന്തയാണ് ഞങ്ങളെ വീണ്ടും ഗാന്ധി സ്മൃതിയിൽ എത്തിച്ചത്.
സബർമതി ആശ്രമത്തിൽ നിന്നും വിട്ടു പോന്ന ശേഷം ഡൽഹിയിൽ ഗാന്ധി താമസിച്ചിരുന്ന വീടാണ് ബിർള ഹൗസ്. വൃവസായ പ്രമുഖരായ ബിർള ഫാമിലിയുടെ വീടായിരുന്നതിനാലാണ് ഇതിനെ ബിർള ഹൗസ് എന്ന് വിളിച്ചിരുന്നത്. ഇന്ന് ബിർള ഹൗസ് എന്ന് പറഞ്ഞാൽ ബിർള മന്ദിറിലും ഗാന്ധി സ്മൃതി എന്ന് പറഞ്ഞാൽ രാജ്ഘട്ടിലും എത്തിച്ച് തരുന്നവരാണ് ഡൽഹിയിലെ മിക്ക ഓട്ടോ ഡ്രൈവർമാരും. ഗാന്ധിജിയെ അടുത്തറിയാൻ സഹായിക്കുന്ന ഈ മ്യൂസിയത്തെ അവർക്ക് അറിയാത്തതോ അതല്ല മനപ്പൂർവ്വം മറക്കുന്നതോ എന്ന് നിശ്ചയമില്ല.
ഗാന്ധിജി ദേശീയ നേതാക്കളോട് ഒപ്പം ഇരുന്ന് സംസാരിച്ചിരുന്ന ഇടങ്ങൾ അതേ പോലെ ഈ വീട്ടിൽ നിലനിർത്തിയിട്ടുണ്ട്. ഗാന്ധിജിയുടെ ജീവിതത്തിലെ നിരവധി മുഹൂർത്തങ്ങളും ഫോട്ടോകളായും വിവരണങ്ങളായും പ്രദർശിപ്പിച്ചിട്ടുണ്ട്. 2005 ൽ ആരംഭിച്ച ഒരു മൾട്ടിമീഡിയ മ്യൂസിയവും ബിർള ഹൗസിലെ രണ്ടാം നിലയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ ജീവിതത്തിലെ വിവിധ കാര്യങ്ങൾ എളുപ്പം മനസ്സിലാക്കാൻ പറ്റുമെങ്കിലും ചിലത് ഈ മൾട്ടിമീഡിയ പ്രദർശനത്തിലും വിട്ടുപോയിട്ടുണ്ട്. സബർമതി ആശ്രമത്തെക്കുറിച്ചോ പ്രസ്തുത ആശ്രമത്തിലെ ഗാന്ധിജിയുടെ ജീവിതത്തെക്കുറിച്ചോ വളരെ പരിമിതമായ അറിവേ ഇവിടെ നിന്ന് ലഭിക്കൂ.
മനുവിൻ്റെയും ആഭയുടെയും തോളിൽ പിടിച്ചു കൊണ്ട് ബിർളാ ഹൗസിൽ നിന്നും പ്രാർത്ഥനാ സ്ഥലത്തേക്ക് നടന്ന ഗാന്ധിജിയുടെ ഓരോ കാലടിയും ഇവിടെ ആലേഖനം ചെയ്ത് വച്ചിട്ടുണ്ട്. അവയെ പിന്തുടർന്ന് ഞങ്ങൾ എത്തിയത് തുറസായ ഒരു സ്ഥലത്തായിരുന്നു. നാഥുറാം ഗോഡ്സെ ഗാന്ധിജിയെ വെടി വച്ച് വീഴ്ത്തിയ സ്ഥലം അവിടെ മാർക്ക് ചെയ്ത് വച്ചിട്ടുണ്ട്. "ഹേ റാം" എന്നെഴുതിയ ആ സ്തൂപത്തിനടുത്ത് വിങ്ങുന്ന ഹൃദയവുമായി ഞങ്ങളും ഏതാനും നിമിഷം മൗനമായി നിന്ന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
രണ്ട് മ്യൂസിയങ്ങളും തിങ്കളാഴ്ചയും ദേശീയ അവധി ദിവസങ്ങളും ഒഴികെയുള്ള എല്ലാ ദിവസവും രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ സൗജന്യ പ്രവേശനം അനുവദിക്കും.