ദ എൻജോയ്മെൻ്റ് .... 1 (Click & Read)
"നമ്മൾ പറഞ്ഞു വന്നത്...?" ഫോൺ വന്നത് കാരണം മുറിഞ്ഞു പോയ സംഭാഷണം സത്താർ പുനരാരംഭിച്ചു.
"എൻജോയ്മെൻ്റ്..." ഞാൻ പറഞ്ഞു.
"ആ...ഇപ്പോ വിളിച്ചതും ഞാൻ പറഞ്ഞതും നീ കേട്ടില്ലേ? ഭരണ കക്ഷിക്കാരാണ് വിളിച്ചത്... അവരുടെ സ്ഥാനാർഥി ആകണം എന്ന് ... ർണിം..... ർണിം..." സത്താറിൻ്റെ ഫോൺ വീണ്ടും ബെല്ലടിച്ചു. നേരത്തെ പറഞ്ഞ അതേ കാര്യങ്ങൾ സത്താർ ആവർത്തിച്ചു. ഫോൺ കട്ട് ചെയ്ത് എന്നോട് എന്തോ പറയാൻ ഭാവിച്ചതും അടുത്ത കാൾ വന്നു. അത് സത്താർ തന്നെ കട്ട് ചെയ്തു.
"കണ്ടില്ലേ... ഇതാണ് എൻജോയ്മെൻ്റ് .. സംസ്ഥാന നേതാക്കളും ജില്ലാ നേതാക്കളും ഒക്കെയാണ് വിളിക്കുന്നത്... ഇത്രയും കാലം ആരും അറിയാത്ത സത്താർ ഇപ്പോ ആരായി?''
"ഉം…" ഞാൻ മൂളി.
"എല്ലാവരെയും ഒന്ന് മുൾമുനയിൽ നിർത്താൻ ഈ സത്താറിന് കഴിയോന്ന് നോക്കട്ടെ .."
"ഉം...ബെസ്റ്റ് എൻജോയ്മെന്റാ... ഇരുട്ടടി കിട്ടുന്നത് കരുതിക്കോ..." ഞാൻ മുന്നറിയിപ്പ് നൽകി.
"ഏയ് ....ഒരിക്കലുമില്ല..."
"നിൻ്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ..." ഞാൻ യാത്ര പറഞ്ഞിറങ്ങി.
സത്താർ സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ട് പത്ത് ദിവസം കഴിഞ്ഞു. പ്രാദേശിക നേതാക്കളും ജില്ലാ നേതാക്കളും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നിലവിലുള്ള തീരുമാനം സത്താർ മാറ്റിയില്ല.
"മാനുപ്പാ... നീ ഒരു വഴി പറഞ്ഞിരുന്നല്ലോ? അതെന്തായി?" ബൂത്ത് ലെവൽ കമ്മിറ്റി യോഗത്തിൽ ആരോ ചോദിച്ചു.
"നമ്മളെ സ്ഥാനാർത്ഥിയാക്കാൻ ഞാൻ കുറെ ശ്രമിച്ചു. "
"ജയിക്കുന്ന സീറ്റിൽ ആരെങ്കിലും തോൽക്കാൻ വേണ്ടി നിൽക്കുമോ?" ആരുടെയോ യാഥാർത്ഥ്യ ബോധം ഉണർന്നു.
"ഇനി ചെറ്യാപ്പുവിനെക്കൊണ്ട് പറയിപ്പിച്ച് നോക്കാം.." മാനുപ്പ നിർദ്ദേശിച്ചു
"എന്നാ അതും കൂടി ഒന്ന് ശ്രമിക്കാം.."
അങ്ങനെ ചെറ്യാപ്പു സത്താറിൻ്റെ വീട്ടിലെത്തി.
"ആഹാ... ആരാദ് ? ചെറ്യാപ്പുവോ...?" ചെറ്യാപ്പു വരുന്നത് കണ്ട സത്താർ ആശ്ചര്യപ്പെട്ടു.
"ആ... അന്നോട് ഒരു ഇംപോർട്ടൻ്റ് കാര്യം പറയാനാ ഞാൻ വന്നത്..."
"ആ.... എന്ത് പൊട്ടൻ കാര്യവും പറഞ്ഞോളൂ.."
"അതേയ്... ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പ് വളരെ നിർണ്ണായകമാണ് .." ചെറ്യാപ്പു സത്താറിനെ ഒരു മൂലയിലേക്ക് മാറ്റി പതുക്കെ പറഞ്ഞ് തുടങ്ങി.
"ആ...."
"എങ്ങനെയും ഭരണത്തിൽ എത്തുക എന്നത് ഒരു ജീവന്മരണ പോരാട്ടമാണ്.."
" ഉം"
"അപ്പോ ഈ വാർഡിലെ വോട്ടുകൾ സ്പ്ലിറ്റ് ആയിക്കൂടാ..."
"ങാ.."
"നീ സ്ഥാനാർത്ഥിയായി നിന്നാൽ ഞങ്ങൾക്ക് ക്ഷീണം തട്ടും.."
"ഹാ.."
"അതോണ്ട്.."
"??"
"നീ പിൻമാറണം ...... ആ ഫ്ലക്സ് ബോർഡ് അഴിച്ച് മാറ്റണം ....."
"ഓ.കെ. ചെറ്യാപ്പോ... നീ പറഞ്ഞാൽ പിന്നെ എതിരില്ല. പക്ഷേ, സ്സ് ... വുസ്.... സ് ... സു... സ്..." സത്താർ ചെറ്യാപ്പുവിൻ്റെ കാതിൽ മന്ത്രിച്ചു.
"അതൊക്കെ ഞാൻ ഏറ്റു.... ഇന്നാ ... " ചെറ്യാപ്പു ട്രൗസറിൻ്റെ പോക്കറ്റിൽ നിന്ന് ഒരു പൊതിക്കെട്ടെടുത്ത് സത്താറിൻ്റെ കയ്യിൽ കൊടുത്തു. ചെറ്യാപ്പു സന്തോഷത്തോടെ മടങ്ങി. സത്താർ ഒരു കള്ളച്ചിരിയോടെ വീട്ടിനകത്തേക്ക് കയറി.
* * * * * *
"സത്താറേ ... എന്തായി, നീ നോമിനേഷൻ കൊടുത്തോ?" പിറ്റേന്ന് ഞാൻ സത്താറിനെ വിളിച്ചു.
"ഹും... ഇനക്ക് പിരാന്തുണ്ടോ അത് കൊടുക്കാൻ.... ജയിച്ചാൽ ആകെ കിട്ടാൻ പോണത് മാസം ഏഴായിരം ഉലുവ....അതിന് വാർഡിലെ കക്കൂസുകൾ വരെ കഴുകേണ്ടി വരും…"
"എന്നിട്ട് എന്താക്കി ?"
"ഞാൻ നോമിനേഷൻ കൊടുത്തില്ല.."
"അപ്പോ ഇത്രയും ദിവസം ആ ചെക്കന്മാർക്ക് കൊടുത്ത ഭക്ഷണത്തിന്റെയും മറ്റും ചെലവ് ?"
"അതല്ലേ ഇതിലെ ഏറ്റവും വലിയ എൻജോയ്മെൻ്റ്..... ഒക്കെ ലാഭത്തിൽ കലാശിച്ചു .... ചെലവ് കഴിച്ച് ബാക്കി കൊണ്ട് നമ്മളെ ചെക്കന്മാർക്ക് ഒരു ടൂറും റെഡിയാക്കി. അവർ ആ ഫ്ലെക്സ് അഴിച്ച് വണ്ടിക്ക് മുന്നിൽ കെട്ടി ഇന്ന് രാവിലെ ബാംഗ്ലൂർക്ക് ടൂർ പോയി.."
"യാ കുദാ... " ഞാൻ തലയിൽ കൈ വെച്ചു.
"ആബിദേ...ജീവിതം എൻജോയ്മെൻ്റ്നാണ് .... എൻജോയി ... പിന്നിം എൻജോയി ...... ഇപ്പോ അവരും ഹാപ്പി.... ഞാനും ഹാപ്പി...... എൻ്റെ ചങ്ക് ചെക്കൻമാരും ഹാപ്പി... ഇനി അടുത്ത എലെക്ഷൻ വരുമ്പോഴല്ലേ? അത് അപ്പോൾ നോക്കാം..."
അപ്പോഴാണ് സത്താറിൻ്റെ എൻജോയ്മെൻ്റിൻ്റെ രഹസ്യം എനിക്ക് പിടികിട്ടിയത്.

1 comments:
ജീവിതം എൻജോയ്മെൻ്റ്നാണ് .... എൻജോയി ... പിന്നിം എൻജോയി
Post a Comment
നന്ദി....വീണ്ടും വരിക