ഡിസംബർ എന്നാൽ കുളിരിൻ്റെ മാസം എന്നായിരുന്നു കുട്ടിക്കാലത്ത് മനസ്സിൽ കയറ്റി വച്ചത്. കലാലയ ജീവിത കാലത്ത് അത് ആശംസാ കാർഡുകൾ അയക്കുന്നതിൻ്റെയും കൈപറ്റുന്നതിൻ്റെയും മാസമായി മാറി. ജോലി ലഭിച്ചു നാഷനൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസറായതോടെ അത് NSS ക്യാമ്പുകളുടെ കാലമായി.
ഞാൻ ആദ്യമായി ഒരു NSS ദശദിന ക്യാമ്പിൽ പങ്കെടുക്കുന്നത് 1988 ഡിസംബറിലാണ്. തിരൂരങ്ങാടി പി.എസ്.എം. ഒ കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് വളണ്ടിയർ ആയിട്ടായിരുന്നു അന്ന് പങ്കെടുത്തത്. കോട്ടക്കലിനടുത്ത് സ്വാഗതമാട് എന്ന സ്ഥലത്തായിരുന്നു എൻ്റെ ആ പ്രഥമ ക്യാമ്പ്. പിന്നീട് ഡിഗ്രിക്ക് ഫാറൂഖ് കോളേജിൽ പഠിക്കുമ്പോൾ 1991 ൽ ഒരു ദശദിന ക്യാമ്പിൽ കൂടി പങ്കെടുത്തു. കോഴിക്കോട് എം.എം. ഹൈസ്കൂളിൽ ആയിരുന്നു പ്രസ്തുത ക്യാമ്പ്. ക്രിസ്മസ് അവധിക്കാലം മുഴുവൻ നീളുന്ന പത്ത് ദിവസത്തെ ക്യാമ്പുകൾ ആയിരുന്നു ഇവ രണ്ടും.
കാലം കടന്നു പോയി. എൻ.എസ്.എസുമായി എൻ്റെ ബന്ധം ഏറെക്കുറെ അറ്റു പോയി. കോളേജിൽ ജോലി കിട്ടിയതോടെ എൻ്റെ ഉള്ളിലെ പഴയ വളണ്ടിയർ വീണ്ടും ഉണർന്നെണീറ്റു. അങ്ങനെ 2009 ൽ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിൻ്റെ പാവണ്ടൂർ ക്യാമ്പിലെ ഒരു സന്ദർശകനായി വീണ്ടും ഞാൻ ക്യാമ്പിൻ്റെ രസം അറിഞ്ഞു. അടുത്ത വർഷം പ്രോഗ്രാം ഓഫീസറായി നിയമനം ലഭിക്കാനും അത് കാരണമായി.അപ്പോഴേക്കും ക്യാമ്പ് സപ്തദിനത്തിലേക്ക് ചുരുങ്ങിയിരുന്നു.
2010 തലയാട് എ.എൽ.പി സ്കൂളിൽ നടന്ന കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിൻ്റെ സപ്തദിന ക്യാമ്പാണ് പ്രോഗാം ഓഫീസറായുള്ള എൻ്റെ പ്രഥമ ക്യാമ്പ്. ഹൃദയം പറിച്ചെടുത്തായിരുന്നു അന്ന് എല്ലാവരും ആ നാട്ടിൽ നിന്നും തിരിച്ചു പോന്നത്. 2011-ൽ കൂമ്പാറ എൽ.പി സ്കൂളിലും 2012 ൽ തലക്കുളത്തൂർ ഹൈസ്കൂളിലും 2013 ൽ കുതിരവട്ടം എൽ.പി സ്കൂളിലും എൻ്റെ നേതൃത്വത്തിൽ എൻ.എസ്. എസ് സപ്തദിന ക്യാമ്പുകൾ നടന്നു. ശേഷം ഞാൻ പ്രോഗാം ഓഫീസർ സ്ഥാനം ഒഴിഞ്ഞു.
2015 ൽ വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിലേക്ക് സ്ഥലം മാറ്റം കിട്ടി എത്തിയപ്പോഴും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായി എനിക്ക് നിയമനം കിട്ടി. ആ വർഷം ഡിസംബറിൽ കോളേജിൽ വെച്ചും 2016 ലും 2017 ലും മാനന്തവാടി ഗവ. യു.പി സ്കൂളിൽ വെച്ചും സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു.
ഏഴ് ക്യാമ്പുകൾക്ക് നേതൃത്വം നൽകിയ ശേഷം ഞാൻ പ്രോഗ്രാം ഓഫീസർ പദവിയിൽ നിന്നും എന്നന്നേക്കുമായി പടിയിറങ്ങി. എങ്കിലും പിന്നീടുള്ള വർഷങ്ങളിൽ എല്ലാം എൻ്റെ ക്രിസ്മസ് അവധികൾ പല ക്യാമ്പുകളിലുമായി വിഭജിക്കപ്പെട്ടു. ഡിസംബർ സമാഗതമാകുന്നത് തന്നെ മനസ്സിന് സന്തോഷം പകരുന്ന ഒരു സംഗതിയായി മാറി.
ഈ വർഷവും എൻ്റെ കോളേജിൻ്റെ ക്യാമ്പിൽ എത്തിച്ചേരാൻ എനിക്ക് അവസരം കിട്ടി.ഞാൻ അറിയാത്തതും എന്നെ അറിയാത്തതുമായ ഒരു ക്യാമ്പിൽ ഒരു സർപ്രൈസ് വിസിറ്റ് നടത്തണം എന്നാണ് അടുത്ത ആഗ്രഹം.


1 comments:
ചില NSS ക്യാമ്പ് ഓർമ്മകൾ
Post a Comment
നന്ദി....വീണ്ടും വരിക