രണ്ട് വർഷം കൂടുമ്പോൾ കൊച്ചിയിൽ വെച്ച് നടക്കുന്ന സമകാലീന കലയുടെ അന്താരാഷ്ട്ര പ്രദർശനമാണ് കൊച്ചിൻ മുസ്രിസ് ബിനാലെ. രാജ്യത്തെ ഏറ്റവും വലിയ കലാപ്രദർശനവും ഏഷ്യയിലെ ഏറ്റവും വലിയ സമകാലിക കലാപ്രദർശനവും കൂടിയാണ് കൊച്ചിൻ മുസ്രിസ് ബിനാലെ. ബിനാലെ എന്നാൽ ദ്വൈവാർഷികം എന്നാണ് ഉദ്ദേശമെങ്കിലും അവസാനമായി ബിനാലെ നടന്നത് മൂന്ന് വർഷം മുമ്പ് 2022 ഡിസംബറിലാണ്.
2012 ലെ പ്രഥമ ബിനാലെ തുടങ്ങി നാലാം ദിവസം അപ്രതീക്ഷിതമായി ഞാൻ കുടുംബ സമേതം അതിന് സാക്ഷിയായി. അന്ന് എൻട്രി ഫ്രീ ആയിരുന്നു. രണ്ടാഴ്ച കഴിഞ്ഞ് എൻട്രി ഫീ ഏർപ്പെടുത്തി. 2016 ൽ മൂന്നാം ബിനാലെക്കാണ് പിന്നീട് കുടുംബ സമേതം പോയത്. അന്ന് നൂറ് രൂപയായിരുന്നു ടിക്കറ്റിന്. അതാകട്ടെ ഏത് ദിവസവും ഉപയോഗിക്കാൻ പറ്റുന്നതും ആയിരുന്നു. ഇത്തവണ നടക്കുന്നത് ബിനാലെയുടെ ആറാം എഡിഷനാണ്. പത്ത് വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യവും പതിനെട്ട് വയസ്സ് വരെയുള്ളവർക്ക് നൂറ് രൂപയും മുതിർന്നവർക്ക് ഇരുനൂറ് രൂപയും ആണ് ടിക്കറ്റ് നിരക്ക്.ഒറ്റ ദിവസം മാത്രമേ അത് ഉപയോഗിക്കാനും പറ്റൂ.
ഇൻസ്റ്റലേഷൻ, പെയിന്റിംഗ്, ശിൽപം, സിനിമ, പെർഫോമൻസ് ആർട്ട് എന്നിവയുൾപ്പെടെ വിവിധ മാധ്യമങ്ങളിലൂടെ ദേശീയ അന്തർദേശീയ കലാകാരന്മാർ അവരുടെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്ന ഒരു മെഗാ ഇവൻ്റാണ് ബിനാലെ. കൊച്ചി-മുസിരിസ് ബിനാലെ ആധുനിക മഹാനഗരമായ കൊച്ചിയുടെയും അതിന്റെ മുൻഗാമിയും പുരാതന തുറമുഖവുമായ മുസിരിസിന്റെയും പൈതൃകത്തെ വിളിച്ചോതുന്നു. വിവിധ പ്രദർശനങ്ങളൊടൊപ്പം തന്നെ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി പ്രഭാഷണങ്ങൾ, സെമിനാറുകൾ, പ്രദർശനങ്ങൾ,വർക്ക്ഷോപ്പുകൾ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എന്നിവയും ബിനാലെയുടെ ഭാഗമായി നടക്കുന്നു.
ഫോർട്ട് കൊച്ചിയിലെ ആസ്പിൻ വാൾ എന്ന പൈതൃക കെട്ടിടമാണ് ബിനാലെയുടെ പ്രധാന വേദി. വെല്ലിംഗ്ടൺ ഐലൻ്റിലും മട്ടാഞ്ചരിയിലെ ആനന്ദ് വെയർഹൗസും ആണ് ഇപ്രാവശ്യത്തെ ബിനാലെയുടെ മറ്റ് പ്രധാന വേദികൾ. ന്യൂഇയറിൻ്റെ തലേ ദിവസം ആയതിനാൽ ആസ്പിൻ വാളിലെ ആർട്ടുകൾ മാത്രമേ ഞങ്ങൾക്ക് കാണാൻ സാധിച്ചുള്ളൂ.
അജൻ്റീനൻ കലാകാരനായ എഡ്രിയാൻ വില്യാ റോയാറിൻ്റെ റീനാ ഷിമിൻ്റോ എന്ന ഇൻസ്റ്റലേഷൻ ആണ് ആദ്യം കണ്ടത്. ഫ്രിഡ്ജിൻ്റെ ഫ്രീസറിലുള്ള വിവിധ ഇൻസ്റ്റലേഷനുകൾ എനിക്ക് ഒന്നും മനസ്സിലായില്ല. പുറത്ത് നൽകിയ വിവരണം വായിച്ചപ്പോൾ "സന്ദേശം" എന്ന സിനിമയിലെ "താത്വികമായൊരു അവലോകനം റാഡിക്കലായുള്ള ഒരു മാറ്റമല്ല" എന്ന ഡയലോഗ് രംഗമാണ് ഓർമ്മ വന്നത്. തുടർന്നുള്ളവയുടെയും ഗതി അതു തന്നെയായിരുന്നു.
പെട്ടെന്നാണ് മുള കൊണ്ട് കെട്ടിയുണ്ടാക്കിയ വലിയ ഒരു ചായക്കട ഞങ്ങൾ കണ്ടത്. ലൈവായി ഭക്ഷണ സാധനങ്ങൾ അവിടെ പലരും കഴിക്കുന്നുണ്ടായിരുന്നു. പിന്നീടാണ് ബാനി അബീദി (Bani Abidi) എന്ന പാകിസ്താനിയും അനുപമ കുന്ദു എന്ന ഇന്ത്യക്കാരിയും കൂടി ഒരുക്കിയ ബരാക് 2025 എന്ന ഇൻസ്റ്റലേഷൻ ആണതെന്ന് മനസ്സിലായത് ! ബെർലിനിലെ അവരുടെ വീടുകളിലെ ഒത്തുകൂടലിൻ്റെയും ഭക്ഷണം വിളമ്പലിൻ്റെയും അനുഭവത്തിൽ നിന്നുള്ള ഒരു ഇൻസ്റ്റലേഷനായിരുന്നു അത്. പാചകക്കാരും കലാകാരന്മാരും പൊതുജനങ്ങളും ഒരുമിക്കുന്ന ഈ ആർട്ട് വർക്ക് ഈ ബിനാലെയിലെ ഏറ്റവും ശ്രദ്ധേയമായവയിൽ ഒന്നാണ്.
മൗറീഷ്യസുകാരനായ ഷിറാസ് ബെയ്ജുവിൻ്റെ സാ സിമെ ലാമെർ (Sa Sime Lamer) എന്ന ഇൻസ്റ്റലേഷനാണ് മറ്റൊരു ശ്രദ്ധേയമായ ആർട്ട്. സാമൂഹിക - പാരിസ്ഥിതിക ഘടനകളുടെ തകർച്ചയെയും സ്ത്രീ തൊഴിലാളികളുടെ ബുദ്ധിമുട്ടുകളെയും പ്രതിപാദിക്കുന്നു എന്നൊക്കെയാണ് ഇതിൻ്റെ വിശദീകരണം. മണ്ണ് കൊണ്ടുണ്ടാക്കിയതോ അല്ല മണ്ണ് പൂശിയതോ എന്നറിയില്ല തേങ്ങയും വാഴക്കുലയും മറ്റ് അടുക്കള സാമഗ്രികളും ആണ് ഇൻസ്റ്റലേഷനിൽ ഉള്ളത്.
ആസ്പിൻ വാളിലെ മുഴുവൻ ഇൻസ്റ്റലേഷനുകളും ഞങ്ങൾ കണ്ടു. ന്യൂ ഇയർ ഈവ് ആയതിനാൽ ഉച്ചക്ക് രണ്ട് മണിക്ക് തന്നെ ബിനാലെ വേദികളെല്ലാം അടച്ച് തുടങ്ങിയിരുന്നു. അതിനാൽ മട്ടാഞ്ചേരിയിലെയും വെല്ലിംഗ്ടൻ ഐലൻ്റിലെയും വേദികളിലേക്ക് ഞങ്ങൾ പോയില്ല. കണ്ടത് തന്നെ മനസ്സിലാകാത്ത സ്ഥിതിക്ക് കാണാത്തതിനെയോർത്ത് ദുഃഖം തോന്നിയില്ല. എങ്കിലും ഇനിയും ബിനാലെ വരുമ്പോൾ മനസ്സ് പറയും - ഡാ, ബിനാലെ കാണണം ട്ടോ...!




1 comments:
അങ്ങനെ വീണ്ടും ബിനാലെ കണ്ടു.
Post a Comment
നന്ദി....വീണ്ടും വരിക