Pages

Thursday, January 15, 2026

പുതുക്കം

2024 ആഗസ്റ്റ് 15 ന് ആയിരുന്നു എൻ്റെ മൂത്ത മകൾ ലുലുവിൻ്റെ വിവാഹം. ബന്ധുക്കളും അയൽവാസികളുമായി ഇരുപത്തിയഞ്ചോളം പേരാണ് എൻ്റെ ഭാഗത്ത് നിന്ന് അതിൽ പങ്കെടുത്തത്. വരൻ്റെ നാട്ടിലെ പള്ളിയിൽ വെച്ച് നടന്ന നിക്കാഹ് കർമ്മത്തിൽ അവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ശേഷം സെപ്തംബർ 21 ന്  രണ്ടായിരം പേരെ പങ്കെടുപ്പിച്ചു കൊണ്ട് എൻ്റെ നാട്ടിൽ ഞാൻ വിവാഹ സദ്യയും നടത്തി.

വരൻ്റെ വീട്ടുകാർക്കും ബന്ധുമിത്രാദികളെ ക്ഷണിച്ച് കൊണ്ടുള്ള ഒരു വിവാഹ വിരുന്ന് നടത്തണമെന്നും,  വധുവിനെ വരൻ്റെ വീട്ടിലേക്ക് കൊണ്ടുപോകുന്ന "പുതുക്കം" എന്ന് ഞങ്ങൾ വിളിക്കുന്ന പരിപാടി അന്ന് മതി എന്നും ഞങ്ങൾ രണ്ട് കക്ഷികളും ധാരണയിൽ എത്തിയിരുന്നു. അതിനാൽ നിക്കാഹും വിവാഹ സൽക്കാരവും കഴിഞ്ഞിട്ടും മോൾ എൻ്റെ വീട്ടിൽ തന്നെ തുടർന്നു. കുടുംബത്തിലെ മിക്ക പരിപാടികൾക്കുമായി മരുമകൻ വരികയും ചില ദിവസങ്ങളിൽ വീട്ടിൽ താമസിക്കുകയും ചെയ്യും.

മകളെ വരൻ്റെ വീട്ടിലേക്ക് കൊണ്ടു പോയിട്ടില്ല എന്ന് അടുത്ത ബന്ധുക്കൾക്കും അയൽവാസികൾക്കും മാത്രമേ അറിവുണ്ടായിരുനുള്ളൂ. അതിനാൽ തന്നെ പരസ്പരം ഫോൺ ചെയ്യുമ്പോഴും നേരിട്ട് കണ്ടുമുട്ടുമ്പോഴും പലരും മകളുടെ വിശേഷങ്ങൾ തിരക്കുമായിരുന്നു. അവൾ എൻ്റെ വീട്ടിൽ ഞങ്ങളുടെ കൂടെ തന്നെയുണ്ട് എന്ന് ഞാൻ പറയുമ്പോൾ പലർക്കും പല ചിന്തകളും തെറ്റിദ്ധാരണകളും ഉയരുന്നുണ്ടായിരുന്നു. അതിനാൽ തന്നെ "പുതുക്കം" എത്രയും പെട്ടെന്ന് നടത്തൽ അനിവാര്യമായിരുന്നു.

അനാഥമായ ഒരു ബാല്യത്തിലൂടെ കടന്നു വന്നവനാണ് എൻ്റെ മരുമകൻ. ഉമ്മയും അവനും മാത്രമടങ്ങുന്ന കുടുംബം അമ്മാവൻ്റെ നിയന്ത്രണത്തിലാണ് കഴിഞ്ഞിരുന്നത്. പുതുതായി ഒരു ചെറിയ വീട് പണിത് താമസം തുടങ്ങിയെങ്കിലും  മറ്റു നിരവധി മരാമത്ത് പണികൾ ബാക്കിയുണ്ടായിരുന്നു. അത് മുഴുവനാക്കാൻ കൂടിയായിരുന്നു പുതുക്കം ഇത്രയും വൈകിപ്പിച്ചത്.

ദൈവത്തിന് സ്തുതി,വിവാഹ ചടങ്ങുകൾ പോലെ തന്നെ പ്രസ്തുത പുതുക്കം പോകൽ ചടങ്ങും ജനുവരി 11 ന് ഭംഗിയായി കഴിഞ്ഞു. ഇനി വിളിക്കുന്നവർ മോളെപ്പറ്റി ചോദിച്ചാൽ എനിക്ക് പറയാം , അവൾ ഭർത്താവിൻ്റെ വീട്ടിലാണ്.



1 comments:

Areekkodan | അരീക്കോടന്‍ said...

വധുവിനെ വരൻ്റെ വീട്ടിലേക്ക് കൊണ്ടുപോകുന്ന "പുതുക്കം "

Post a Comment

നന്ദി....വീണ്ടും വരിക