എൻ്റെ വീട്ടിൽ മൂന്ന് മാവുകൾ ഉണ്ട്. മാങ്ങാ സീസൺ ആകുമ്പോൾ അവയിൽ മാങ്ങ ഉണ്ടാകും. ഒരു മാവ് നല്ലവണ്ണം കായ്ക്കും; മറ്റ് രണ്ട് മാവുകളും അവസരം പാർത്തിരിക്കും. കഴിഞ്ഞ അഞ്ച് വർഷമായി ഇതായിരുന്നു സ്ഥിതി. ബട്ട്, ഈ വർഷം മൂന്ന് മാവുകളും മത്സരിച്ചങ്ങ് പൂക്കുകയും കായ്ക്കുകയും ചെയ്തു🥰.
അങ്ങനെ മാങ്ങ പഴുത്ത് വീഴാൻ തുടങ്ങി. ഒരു മാവിലെ മാങ്ങ അൽപം ചെറുതും ഉരുണ്ടതുമായിരുന്നു. തൊലിക്ക് നല്ല കട്ടിയും. മറ്റൊരു മാവിലെ മാങ്ങക്ക് പച്ചയും ചുവപ്പും കലർന്ന് ഒരു ഇരുനിറമായിരുന്നു. നല്ല വലിപ്പവും ഉണ്ടായിരുന്നു. അണ്ണാനും കാക്കക്കും വവ്വാലിനും എല്ലാം ആ മാങ്ങയായിരുന്നു ഇഷ്ടം. മൂന്നാമത്തെ മാവിലെ മാങ്ങക്ക് നല്ല വൃത്തിയുണ്ടായിരുന്നു. തടി എൻ്റെ പറമ്പിലാണെങ്കിലും അയൽക്കാരുടെ പറമ്പിലായിരുന്നു മാങ്ങ കൂടുതലും തൂങ്ങിയിരുന്നത്🫣.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൂന്ന് മാവുകളും കൂടി ഒരു മത്സരത്തിലാണ്. ആരുടേതാണ് ഏറ്റവും സുന്ദരൻ മാങ്ങ എന്നതാണ് മത്സരം. ഒറ്റ നോട്ടത്തിൽ ഏതൊരാൾക്കും അത് മനസ്സിലാകും എങ്കിലും മറ്റ് രണ്ട് മാവുകളും അത് വക വയ്ക്കുന്നില്ല🙄.
ഏതായാലും മാങ്ങകൾ മൂന്നും മേശപ്പുറത്ത് വെച്ച് ഞാൻ കാത്തിരിക്കുകയാണ്. വിരുന്നു പോയ ഭാര്യയും മക്കളും തിരിച്ച് വന്ന ശേഷം ഒരു തീരുമാനമാക്കിയിട്ട് വേണം ചെത്തിയങ്ങ് തിന്നാൻ😆.
(ആർക്കെങ്കിലും എന്തിനോടെങ്കിലും സാമ്യം തോന്നിയിട്ടുണ്ടെങ്കിൽ അത് കാലാവസ്ഥയുടെ പ്രശ്നമാണ്, ഞാൻ നിരപരാധിയാണ്😜)


3 comments:
കേരള മുഖ്യമന്ത്രി ആര് എന്ന് എന്നറിയും ആവോ ?
അറിഞ്ഞിട്ട് പ്രത്യേകിച്ച് എന്തെങ്കിലും കാര്യം...?!
ഇക്കൊല്ലം തന്നെ ബൂത്തിൽ വീണ്ടും പോകേണ്ടി വരുമോ എന്ന് അറിഞ്ഞ് വയ്ക്കാം🤩
Post a Comment
നന്ദി....വീണ്ടും വരിക