അങ്ങനെ 2026 - 27 എന്ന അദ്ധ്യയന വർഷം കൂടി ആരംഭിച്ചു. നാല്പത് വർഷങ്ങൾക്ക് മുമ്പത്തെ ഒരു അദ്ധ്യയന വർഷാരംഭമാണ് എൻ്റെ മനസ്സിലേക്ക് ഇരമ്പി എത്തുന്നത്. അക്കാലത്തെ ഏതൊരു സ്കൂൾ വിദ്യാർത്ഥിയുടെയും പേടി സ്വപ്നമായ എസ്. എസ്.എൽ.സി എന്ന പത്താം ക്ലാസ് പൊതു പരീക്ഷ എൻ്റെ ജീവിതത്തിലേക്കും കടന്ന് വരാൻ പോകുന്ന വർഷമായിരുന്നു അത്.
കേട്ടാൽ മനസ്സിലാകാത്ത എന്തൊക്കെയോ പരിഷ്കാരങ്ങൾ കാരണം എസ്.എസ്.എൽ സി യിലെ എൽ പോയി ഞങ്ങൾ എഴുതുന്ന പരീക്ഷ എസ്. എസ് .സി ആയി മാറി. അതു വരെയുള്ള പരീക്ഷകളിൽ മാക്സിമം മാർക്ക് അറുനൂറ് ആയിരുന്നു. ഞങ്ങൾക്കത് ആയിരത്തി ഇരുനൂറ് ആയി. മാർക്കിൻ്റെ വലിപ്പത്തിനൊപ്പം എസ്.എസ്.എൽ.സി ബുക്കിൻ്റെ വലിപ്പവും വലുതായപ്പോൾ ഒരു ഫയലിലും കൊള്ളാത്ത വിധത്തിലുള്ളതായി. ഫസ്റ്റ് ക്ലാസിനും മേലെ ഡിസ്റ്റിംഗ്ഷൻ എന്നൊരു ക്ലാസ് കൂടി വന്നു.ഞങ്ങളുടെ ബാച്ച് ഇറങ്ങിയതോടെ എല്ലാം പഴയ പടി തന്നെയായി.
നാല്പത് വർഷങ്ങൾക്ക് ശേഷം ഈ അദ്ധ്യയന വർഷത്തിൽ എൻ്റെ ഏറ്റവും ഇളയ മകൻ അപ്പർ പ്രൈമറി വിദ്യാരംഭം കുറിക്കുകയാണ്. മൂന്നാമത്തെ മകൾ എസ്.എസ്.എൽ.സി പൂർത്തിയാക്കി പടിയിറങ്ങുമ്പഴാണ് അവൾ പഠിച്ച അതേ സുല്ലമുസ്സലാം ഓറിയൻ്റൽ ഹൈസ്കൂളിലേക്ക് അവൻ പടി കയറുന്നത്. വിദ്യാരംഭം ഒരു ഉത്സവം തന്നെയാക്കി മാറ്റാൻ വിദ്യാഭ്യാസ വകുപ്പും സ്കൂളുകളും അദ്ധ്യാപകരും എല്ലാം മുന്നിട്ടിറങ്ങുന്ന കാഴ്ച ഞാനും ഭാര്യയും നേരിട്ട് കണ്ടു. പെരുമഴയത്ത് ഒരു കുടയിൽ രണ്ടും മൂന്നും പേരുമായി നനഞ്ഞൊലിച്ച് സ്കൂളിൽ പോയിരുന്ന ഒരു കാലം എൻ്റെ മനസ്സിലൂടെ മിന്നി മറഞ്ഞു.
ഇതോടൊപ്പം തന്നെ മകൻ മദ്രസാ വിദ്യാരംഭവും കുറിച്ചു. ഇത്രയും കാലം സ്കൂളിൽ തന്നെ മോറൽ സ്റ്റഡീസ് എന്ന പേരിൽ മദ്രസാ പഠനം നടത്തിയതിനാൽ നേരെ അഞ്ചാം ക്ലാസിലാണ് ഔപചാരിക മദ്രസാ വിദ്യാഭ്യാസത്തിൻ്റെ തുടക്കം കുറിക്കുന്നത്.
ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.



1 comments:
അഞ്ചിൽ പുഞ്ചിരി വിടരട്ടെ ...
Post a Comment
നന്ദി....വീണ്ടും വരിക