Pages

Monday, August 31, 2026

ദ ഫാമിലി ഡോക്‌ടർ

എസ്.എസ്.എൽ.സി എന്നാൽ ജീവിതത്തിലെ ഒരു ടേണിംഗ് പോയിൻ്റാണ് എന്നായിരുന്നു അത് കഴിയുന്നത് വരെ പലരും പറഞ്ഞിരുന്നത്. അങ്ങോട്ട് തിരിഞ്ഞ് ആ കോളേജിലേക്ക് പോകണോ ഇങ്ങോട്ട് തിരിഞ്ഞ് ഈ കോളേജിലേക്ക് പോകണോ എന്ന കൺഫ്യൂഷൻ ഉണ്ടായി എന്നതൊഴിച്ചാൽ ഒരു ടേണിംഗ് പോയിൻ്റും എസ്.എസ്.സി പരീക്ഷ നല്ല മാർക്കോടെ പാസ്സായ ഞാൻ കണ്ടില്ല. അതു കൊണ്ടായിരിക്കും പിന്നീട് ആരോ ആ ടേണിംഗ് പോയിൻ്റ് പ്രീഡിഗ്രിയാക്കി മാറ്റിയത്.

പ്രീഡിഗ്രി എന്നാൽ ശരിക്കും ഒരു സ്വാതന്ത്യം കിട്ടിയ കാലമാണ്. പത്ത് വർഷത്തെ സ്‌കൂൾ ജീവിതത്തിന് ശേഷം വീട്ടിൽ നിന്നും സ്വാതന്ത്ര്യം കിട്ടുന്ന കാലം. കൗമാരത്തിൻ്റെ മാസ്മരിക ഭാവങ്ങൾ ജീവിതത്തിൽ നിറഞ്ഞാടുന്ന കാലം. പൊടിമീശ മുളക്കുന്നതോടൊപ്പം പ്രണയവും മനസ്സിൽ പെയ്തിറങ്ങുന്ന കാലം. അങ്ങനെ എന്തോ എന്തൊക്കെയോ ആകുന്ന കാലം. തിരൂരങ്ങാടി പി. എസ്. എം. ഒ കോളേജിലാണ് എൻ്റെ ഈ സുവർണ്ണകാലം ആരംഭിച്ചത്.

ഫസ്റ്റ് ഗ്രൂപ്പെടുത്താൽ എഞ്ചിനീയറും സെക്കൻ്റ് ഗ്രൂപ്പ് എടുത്താൽ ഡോക്ടറും തേർഡ് ഗ്രൂപ്പ് എടുത്താൽ വാദ്ധ്യാരും ഫോർത്ത് ഗ്രൂപ്പെടുത്താൽ കോമാളിയും ആകാം എന്നായിരുന്നു അന്നത്തെ സമൂഹത്തിലെ ചർച്ച. എന്നാൽ ഇതെല്ലാം ആയിരത്തിൽ ഒരുവനേ ആകൂ എന്നത് ഒരു ചർച്ചയിലും കേട്ടിരുന്നില്ല. അതിനാൽ കിട്ടിയ ഗ്രൂപ്പ് എടുത്ത് പഠിക്കാൻ പലരും നിർബന്ധിതരായി. മാത്‌സിനെ ഇഷ്‌ടപ്പെടാത്ത ഞാൻ എത്തിപ്പെട്ടത് മാത്‌സ് ഇല്ലാത്ത സെക്കൻ്റ് ഗ്രൂപ്പിലായിരുന്നു.

സ്വാതന്ത്ര്യ സമരം ഒന്നും നടത്താതെ പൊടുന്നനെ കിട്ടിയ സ്വാതന്ത്ര്യമായതിനാൽ പലരും ഈ കാലം നന്നായി ആസ്വദിക്കും. കളികൾ കൈ വിട്ട് പോകുമ്പോൾ അച്ഛനെയോ അമ്മയെയോ രക്ഷിതാവിനെയോ കോളേജിലേക്ക് വിളിപ്പിക്കും. ആ വിളിയോടെ ചിലർ നന്നാകും , ചിലർ തേരട്ട ചുരുളുന്ന പോലെ കുറച്ച് ദിവസത്തേക്ക് നല്ല കുട്ടിയായി നടന്ന് വീണ്ടും പഴയ കളികൾ തുടങ്ങും. എന്ത് ചെയ്താലും ഗുണം പിടിക്കില്ല എന്നതിനാൽ അത്തരം കേസുകൾ അദ്ധ്യാപകർ എഴുതിത്തള്ളുകയും ചെയ്യും. 

അക്കാലത്തെ കിടിലൻ മാർക്കോടെ പത്താം ക്ലാസ് പരീക്ഷ പാസ്സായി വന്ന ഒരു കുട്ടിയായിരുന്നു രാജേഷ്. കുടുംബത്തിലെ ഏക സന്താനമായതിനാൽ പത്താം ക്ലാസ് വരെ അമ്മയുടെ കർശന നിയന്ത്രണത്തിലായിരുന്നു രാജേഷ് വളർന്ന് വന്നത്. പ്രീഡിഗ്രിക്ക് ചേർന്നതോടെ അവനെ വരിഞ്ഞ് മുറുക്കിയിരുന്ന പല കെട്ടുകളും പൊട്ടിയതായി അവൻ മനസ്സിലാക്കി. പിന്നെ ഇരു ചിറകുകളും വിടർത്തി അവൻ ആകാശത്തേക്കുയർന്നു. കാമ്പസിൽ നിറഞ്ഞാടവേ എവിടെയോ പറ്റിയ ഒരു പാളിച്ചയിൽ അവൻ പിടിക്കപ്പെട്ടു. രക്ഷിതാവിനെ കൂട്ടി വരാൻ ക്ലാസ് ട്യൂട്ടർ ഉത്തരവിട്ടു. ഡോക്ടറായ അച്ഛനെ പ്രസ്തുത വിവരമറിയിക്കാൻ പോലും രാജേഷിന് ധൈര്യം ഉണ്ടായിരുന്നില്ല.

അപ്പോഴാണ് കോളേജിൻ്റെ എതിർ ഭാഗത്തുള്ള പെട്ടിക്കടയിൽ ഒരാൾ ഉണ്ടെന്നും കോളേജിലെ പലരുടെയും ലോക്കൽ ഗാർഡിയൻ അയാളാണെന്നും സുഹൃത്തുക്കളിലൂടെ രാജേഷ് മനസ്സിലാക്കിയത്. നൂറോളം പേരുടെ ലോക്കൽ ഗാർഡിയൻ ആയി റെക്കോർഡിട്ട അദ്ദേഹം ഗാർഡിയോള എന്നാണ് ഈ "മക്കളുടെ" ഇടയിൽ അറിയപ്പെടുന്നത്. ഗാർഡിയോളയെ ലോക്കൽ ഗാർഡിയനായി കിട്ടാൻ ചില നിബന്ധനകൾ ഉണ്ട്.

1.ഒരു മാസം ഒരേ ക്ലാസിലെ രണ്ട് പേരുടെ ഗാർഡിയനായി പോകില്ല
2. ഒരു വർഷം ഒരു അദ്ധ്യാപകൻ്റെ അടുത്ത് ഒരാൾക്ക്  മാത്രമേ ഗാർഡിയനാകൂ.
3. അദ്ധ്യാപകൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് താൻ പറയുന്ന ഉത്തരങ്ങൾ "മക്കൾ" ചോദ്യം ചെയ്യാൻ പാടില്ല.
4. പെൺകുട്ടികൾക്ക് ഗാർഡിയനായി പോകില്ല.
5. നോക്കൽ ഗാർഡിയൻ്റെ നോക്കു കൂലിയായി മാസത്തിൽ നൂറ് രൂപ അടയ്ക്കണം.

മേൽ നിബന്ധനകൾ എല്ലാം രാജേഷിന് അനുകൂലവും സമ്മതവുമായതിനാൽ അവനും ഗാർഡിയോളയുടെ "മകനായി" എൻറോൾ ചെയ്തു. അച്ഛൻ ഡോക്ടർ ആയതിനാൽ കാശ് ഒരു പ്രശ്‌നമല്ലെന്നും രാജേഷ് ഗാർഡിയോളയോട് പറഞ്ഞു.

അങ്ങനെ, പറഞ്ഞ ദിവസം തന്നെ രാജേഷും ഗാർഡിയോളയും അദ്ധ്യാപകന് മുന്നിൽ ഹാജരായി. സാധാരണ എല്ലാ "മക്കളേയും" പറ്റി അദ്ധ്യാപകരിൽ നിന്നും കേൾക്കുന്ന പോലെ രാജേഷിനെപ്പറ്റിയും ഗാർഡിയോള കേട്ട് ഇരുന്നു. അതിനെല്ലാം തക്കതായ കാരണങ്ങളും മറുപടികളും നിരത്തുന്ന ഗാർഡിയോളയെ , പ്രീഡിഗ്രി കഴിഞ്ഞും ലോക്കൽ ഗാർഡിയനായി കിട്ടിയാൽ കൊള്ളാം എന്ന് രാജേഷിന് തോന്നി.

"പിന്നെ ഇവൻ്റെ അച്ഛൻ എൻ്റെ ഫാമിലി ഡോക്ടർ കൂടിയാണ് ". ഒരു ബലത്തിനായി ഗാർഡിയോള കൂട്ടിച്ചേർത്തു.

"ഓഹോ ... അച്ഛൻ ഏത് ക്ലിനിക്കിലാ വർക്ക് ചെയ്യുന്നത് മോനേ?" രാജേഷിനെ നോക്കിക്കൊണ്ട് അദ്ധ്യാപകൻ ചോദിച്ചു.

"വെറ്റിനറി ഡിസ്പെൻസറി , ആതവനാട്"

മൃഗഡോക്ടറായ തൻ്റെ അച്ഛൻ ജോലി ചെയ്യുന്ന സ്ഥലം രാജേഷ് കൃത്യമായി പറഞ്ഞു കൊടുത്തു.
അദ്ധ്യാപകൻ ഗാർഡിയോളയെ നോക്കി ചുണ്ടു കോട്ടി ഒരു ചിരി ചിരിച്ചു. അന്നാദ്യമായി ഗാർഡിയോള ഒരദ്ധ്യാപകൻ്റെ മുന്നിൽ ഇളിഭ്യനായി. അതോടെ ഗാർഡിയോള ലോക്കൽ ഗാർഡിയൻ പരിപാടിയും എന്നന്നേക്കുമായി നിർത്തി.

( ത്രെഡ് കടപ്പാട് : സുനിൽ കെ)

1 comments:

Areekkodan | അരീക്കോടന്‍ said...

ബ്ലോഗെഴുത്തിലെ ഒരു നാഴികക്കല്ല് കൂടി പിന്നീടുകയാണ്. മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങൾക്ക് ഇരുപത് വയസ്സ് തികയുന്നു. ഈ ബ്ലോഗിലെ രണ്ടായിരാമത്തെ പോസ്റ്റ് വായനക്കായി സമർപ്പിക്കുന്നു

Post a Comment

നന്ദി....വീണ്ടും വരിക