വീട്ടിൽ നിന്ന് തൊട്ടടുത്ത പഞ്ചായത്തിലെ സ്കൂളിലേക്കും , വർഷത്തിലൊരിക്കൽ, ബാല്യകാലം പട്ടം കണക്കെ പറന്നു കളിച്ച സ്വന്തം ജന്മഗ്രാമത്തിലേക്കും മാത്രം യാത്ര ചെയ്തിരുന്ന ഒരു പിതാവിൻ്റെ പുത്രനാണ് ഞാൻ. യാത്ര ഇഷ്ടമില്ലെങ്കിലും, അറബി അദ്ധ്യാപിക ആയതിനാൽ ഇടക്കിടക്ക് പോസ്റ്റ് പോയി മലപ്പുറം ജില്ല ഏകദേശം മുഴുവനും യാത്ര ചെയ്യേണ്ടി വന്ന ഒരു മാതാവിൻ്റെ മകനും കൂടിയാണ് ഞാൻ. അതു കൊണ്ടായിരിക്കും യാത്ര എനിക്കിഷ്ടപ്പെട്ട ഹോബികളിൽ ഒന്നായത് എന്ന് ഇന്നാണ് എനിക്ക് ബോധോദയം വന്നത്.
യാത്ര ചെയ്യുക മാത്രമല്ല അതിലെ രസകരമായ അനുഭവങ്ങൾ കോർത്തിണക്കി യാത്രാ കഥകൾ എഴുതുന്നതും എൻ്റെ ഒരു ഹോബിയാണ്. എൻ്റെ യാത്രകൾ മിക്കതും കുടുംബത്തോടൊപ്പമോ അല്ലെങ്കിൽ സുഹൃത്തുക്കളോടൊപ്പമോ ആയതിനാൽ അനുഭവങ്ങളുടെ ഒരു ഭണ്ഡാരം കൂടി എന്നെ ഏല്പിച്ചാണ് ഓരോ യാത്രയും അവസാനിക്കുന്നത്. പ്രസ്തുത അനുഭവങ്ങൾ തന്നെയാണ് അടുത്ത യാത്രക്ക് ബാക്ക് പാക്ക് തയ്യാറാക്കാനുള്ള പ്രചോദനവും.
അനാവശ്യമായ ഹൈപ്പ് നൽകുന്നതിനാൽ യാത്രാ വ്ലോഗുകൾ ഞാൻ അധികം കാണാറില്ല.യാത്രാ വിവരണം വായിക്കാനും എനിക്ക് വലിയ താല്പര്യമില്ല. എന്നാൽ യാത്രാനുഭവങ്ങൾ കയ്യിൽ കിട്ടിയാൽ അത് പൂർത്തിയാക്കാതെ മിക്കവാറും താഴെ വയ്ക്കാറുമില്ല. അത്തരത്തിൽ വായന പൂർത്തിയാക്കിയ ഒരു പുസ്തകമാണ് മൻസൂർ അഹമ്മദിൻ്റെ സിനമൺ തെരുവ്. മൻസൂറിന് ഇഷ്ടപ്പെട്ട യാത്രാ വൈറസുകളുടെ കേന്ദ്രങ്ങളിലൊന്നായ അങ്ങാടിപ്പുറം മുതൽ ആലുവ വരെയും തിരിച്ചുമുള്ള യാത്രയിലാണ് ഞാൻ സിനമൺ തെരുവിൽ കയറിയത്.
വെളുത്ത പുറങ്ങളിലൂടെ അക്ഷരങ്ങൾ വളഞ്ഞു പുളഞ്ഞു നീങ്ങുമ്പോൾ, മനസ്സ് ആ വഴിയിലൂടെ ഒരിക്കൽ കൂടി ദേശാടനം നടത്തും. മറവിയിലേക്ക് പൊടിഞ്ഞു വീഴാനിടയുള്ള വിശദാംശങ്ങളെ ഇതിലൂടെ എന്നേക്കുമായി കൊത്തിവെക്കുന്നു എന്നാണ് യാത്രയുടെ എഴുത്തിനെപ്പറ്റി മൻസൂർ അഹമ്മദ് പറയുന്നത്. ജയ്പൂരിലെ കാഴ്ചകൾ കണ്ട് രണ്ട് വർഷങ്ങൾക്ക് ശേഷം അതിനെപ്പറ്റി എഴുതിയപ്പോൾ ഞാനിത് ശരിക്കും അനുഭവിക്കുക തന്നെ ചെയ്തു.
സിനമൺ തെരുവിൻ്റെ പ്രവേശന കവാടം മൊറോക്കോയിലാണ്. ലോക സഞ്ചാരികളുടെ തലതൊട്ടപ്പനായ ഇബ്നു ബത്തൂത്ത പാദുകം അഴിച്ചു വെച്ച് വിശ്രമിക്കുന്നിടത്ത് നിന്ന് മൻസൂർ സ്വന്തം കാലൊപ്പുകൾ ചാർത്താൻ ആരംഭിക്കുന്നു. "മഹാനായ യാത്രികാ , പതിമൂന്ന് നൂറ്റാണ്ട് മുമ്പ് നിങ്ങൾ വന്നെത്തിയ കോഴിക്കോട് നിന്ന് നിങ്ങളെ തേടിയെത്തിയതാണ് ഞാൻ. കുറ്റിച്ചിറയിലെ മിശ്കാൽ പള്ളിയുടെ മുറ്റത്ത് നിൽക്കുമ്പോൾ നിങ്ങളിവിടെ വന്നിട്ടുണ്ടല്ലോ എന്നോർത്ത് അത്ഭുതപ്പെട്ട കുട്ടി, ഏഴ് നൂറ്റാണ്ടുകൾക്കിപ്പുറവും കാലത്തിൻ്റെ നിശബ്ദ സാക്ഷിയായി ആ പള്ളി അവിടെയുണ്ടെന്ന് നിങ്ങളോട് മന്ത്രിക്കുന്നു" എന്ന് മൻസൂർ ഇബ്നു ബത്തൂത്തയോട് പറയുമ്പോൾ യാത്രയെഴുത്തിൻ്റെ ഹൃദയ ഹാരിത വായനക്കാരെ പിടിച്ചിരുത്തുന്നു.
സഞ്ചാരി കേവലം ഒരു യാത്രക്കാരനാകുമ്പോൾ ഓരോ യാത്രയും പൊട്ടിയ പടക്കം പോലെയാണ്. ഉപകാരമില്ലാത്ത ചില അവശിഷ്ടങ്ങൾ മാത്രമായിരിക്കും അതിൻ്റെ അന്തിമ ഫലം. തൻ്റെ അനുഭവങ്ങൾ അനുവാചകരിലേക്ക് പകരുന്ന രീതിയിൽ എഴുതണമെങ്കിൽ സഞ്ചാരി നല്ല ഒരു വായനക്കാരൻ കൂടിയാകണം. നോവലുകളും കഥകളും പശ്ചാത്തലമാക്കിയ സ്ഥലങ്ങളും അത് ജന്മം കൊണ്ട എഴുത്ത് മുറികളും കാണുമ്പോൾ പ്രസ്തുത രചന മനസ്സിൽ ഒരു ശില്പമായി മാറും. അതിനാൽ തന്നെ ഇഷ്ടപ്പെട്ട എഴുത്തുകാരുടെ സങ്കേതങ്ങൾ തേടിയുള്ള യാത്രകൾ സഞ്ചാരികൾക്ക് എന്നും പ്രിയങ്കരമാണ്. അവരുടെ കൃതികളിലെ വരികൾ നിവേദ്യമായി സമർപ്പിച്ചാണ് അവിടെ നിന്ന് തിരിച്ച് നടക്കാറുള്ളത് എന്ന് നോബൽ സമ്മാന ജേതാവായ നജീബ് മഹ്ഫൂസിൻ്റെ എഴുത്ത് മുറി കണ്ടിറങ്ങുന്ന മൻസൂർ പറയുമ്പോൾ വായനക്കാരനും അതംഗീകരിക്കുന്നു.
പുസ്തകങ്ങളിൽ വായിച്ച ചരിത്രം കാഴ്ചയായി മാറുമ്പോൾ, മനുഷ്യൻ സഞ്ചരിക്കുന്നത് സ്ഥലങ്ങൾക്കിടയിലൂടെ മാത്രമല്ല കാലങ്ങൾക്കിടയിലൂടെയുമാണെന്ന തിരിച്ചറിവ് ബാക്കിയാകുന്നു.യാത്ര എന്നത് മുന്നോട്ടുള്ള സഞ്ചാരം മാത്രമല്ല പിന്നിട്ട വഴികളിലേക്കുള്ള തിരിഞ്ഞുനോട്ടം കൂടിയാണ്. നരച്ച നഗരത്തിൻ്റെ കഥ പറയുമ്പോൾ എത്ര സുന്ദരമായാണ് മൻസൂർ യാത്രയെ നിർവ്വചിച്ചിരിക്കുന്നത്.
ദൂരങ്ങൾ അടയാളപ്പെടുത്തിയ ശിലകളെക്കാൾ, സ്ഥലങ്ങൾ മാത്രം അടയാളപ്പെടുത്തിയ ദിശാസൂചികളാണ് എന്നെ പ്രലോഭിപ്പിക്കാറുള്ളത്. അല്ലെങ്കിലും ദൂരങ്ങൾ എന്നത് യാത്രികരുടെ ചിന്തകളിൽ കടന്നുവരേണ്ട ഒന്നല്ല. ഒരിക്കൽ അവിടെയെല്ലാമെത്തും എന്ന കരാറിൽ എപ്പോഴോ സ്വന്തം ഒപ്പുവെച്ചിട്ടുണ്ട്. ഒരു സഞ്ചാരിയുടെ മനോഗതം എന്തായിരിക്കണം എന്ന് ഈ വരികളിലൂടെ മൻസൂർ പറയുന്നു.
യാത്രയിലെ എല്ലാ അനുഭവങ്ങളും സന്തോഷകരമാകണമെന്നില്ല.അൽമാറ്റി എയർപോർട്ടിലെ പരിശോധനക്കിടെ ഉദ്യോഗസ്ഥർ തൻ്റെ ബാഗിൽ നിന്ന്, സമ്മാനമായി കിട്ടിയ ജാം കുപ്പി എടുത്തു മാറ്റിയപ്പോൾ ഹൃദയം പിടഞ്ഞതായി മൻസൂർ പറയുന്നു. ഓർമ്മകളുടെ രുചിയെ ആണല്ലോ അവർ മായ്ച്ചു കളഞ്ഞത് എന്ന ആത്മഗതം വായനക്കാരൻ്റെ ഹൃദയത്തെയും വേദനിപ്പിക്കുന്നു.
"യാത്രയെ ഇത്രയും ആനന്ദകരമാക്കുന്നതിൽ കഥകളും കഥാപാത്രങ്ങളും കാലവും അതു സംഭവിക്കുന്ന ഭൂമികയും ചെലുത്തുന്ന സ്വാധീനം അപാരമാണ്. അതുകൊണ്ടു തന്നെ പുസ്തകങ്ങളിലൂടെ ദേശങ്ങളുടെ പുരാവൃത്തത്തിലേക്ക് നുഴഞ്ഞു കയറുന്ന ഒരു സഞ്ചാരി എപ്പോഴും എൻ്റെയുള്ളിലുണ്ട്". മൻസൂർ പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് സിനമൺ തെരുവിൻ്റെ അവസാനത്തിൽ എത്തുമ്പോൾ നാം ശരിക്കും തിരിച്ചറിയും.
യാത്ര ഇഷ്ടപ്പെടുന്നവർക്ക് സിനമൺ തെരുവും ഇഷ്ടപ്പെടും, തീർച്ച.
പ്രസാധനം: മാതൃഭൂമി ബുക്സ്
പേജ് : 135
വില: 210 രൂപ


2 comments:
ഒരു യാത്രയിൽ വായിച്ച് മറ്റൊരു യാത്രയിൽ കുറിപ്പെഴുതി മുംബൈ യാത്രയിൽ പോസ്റ്റ് ചെയ്യുന്ന യാത്രാ പുസ്തക ആസ്വാദനക്കുറിപ്പ്
അബിദേഎഴുത്ത് അതിമനോഹരമായിട്ടുണ്ട് നിന്നിൽഎഴുത്തിൻ്റെ ക്രാഫ്റ്റ് പൂർണ്ണതയിലെത്തിയത് ഈ കുറിപ്പിൽ അനുഭവിക്കാനാവുന്നുണ്ട്. സ്വന്തമായ ചിലനിരിക്ഷണങ്ങൾ കൊണ്ട് അടിവര ചാർത്തിയ എഴുത്തിന് ചാരുത മാത്രമല്ല മിഴിവേകുന്നത്. ഫേസ്ബുക്കിൽ ലിമിറ്റ് ചെയ്ത അഭിപ്രായപ്രകടനത്തെ അടക്കി വെക്കാനാവാത്ത സന്തോഷത്തെ പ്രകടിപ്പിക്കാനാവാതായപ്പോൾ ബ്ലോഗിൽ കയറി പയറ്റുന്ന ഒരു ഔദ്ധത്യത്തിന് ക്ഷമചോദിക്കേണ്ടതാണ്. എഴുത്തിൻ്റെ സൗന്ദര്യം എന്നെ അന്ധനാക്കിക്കളഞ്ഞൂ
മുഹമ്മദ് ടി തറവട്ടത്ത്
Post a Comment
നന്ദി....വീണ്ടും വരിക