Pages

Saturday, October 24, 2026

നൈറ്റ് വേ ഓഫ് മുംബൈ (സഹ്യാദ്രി യാത്ര - 3)

സഹ്യാദ്രി യാത്ര - 2

ഹോട്ടലിൽ നിന്നും പുറത്തിറങ്ങിയ ഞങ്ങൾ നേരെ ഗേറ്റ് വേ ഓഫ് ഇന്ത്യയിലേക്ക് പോകാൻ തീരുമാനിച്ചു. ഇതുവരെ പകൽ വെളിച്ചത്തിൽ പോലും കാണാത്ത ഒരു സാധനം രാത്രിയിൽ എങ്ങനെയിരിക്കും എന്ന് ഞാൻ ആലോചിക്കുക പോലും ചെയ്തില്ല. ഞങ്ങൾ താമസിക്കുന്നിടത്ത് നിന്ന് വെറും എഴുന്നൂറ് മീറ്റർ മാത്രമേ ഗേറ്റ് വേ ഓഫ് ഇന്ത്യയിലേക്ക് ഉള്ളൂ എന്നും നടന്നു പോകാമെന്നും അന്വേഷണത്തിൽ വ്യക്തമായി. സിറ്റിയിലൂടെയുള്ള രാത്രി നടത്തം ഹൃദ്യമായതിനാൽ എല്ലാവരും നടക്കാൻ തയ്യാറുമായി. ഗൂഗിൾ മാപ്പിട്ട് ബഷീർ മാസ്റ്റർ ഞങ്ങളെ മുന്നിൽ നിന്ന് നയിച്ചു.

പഴയ ഹിന്ദി സിനിമകളിലും മലയാളം സിനിമകളിലും കണ്ടിരുന്ന പുരാതന കെട്ടിടങ്ങൾ നിറഞ്ഞ ഒരു തെരുവിലൂടെയാണ് ഞങ്ങൾ നടന്നത്. പകൽ തല ഉയർത്തി പ്രൗഢി വിളിച്ചോതുന്ന ആ കെട്ടിടങ്ങൾ ഇരുട്ടിൽ പതുങ്ങി നിൽക്കുന്ന പിശാചുക്കളെ പോലെ തോന്നി. ചരിത്രത്തിലെ വെളുത്തതും കറുത്തതുമായ ഇടനാഴികളും പേറി നിൽക്കുന്ന ആ കെട്ടിടങ്ങളിൽ ഇപ്പോഴും കാലൊപ്പുകൾ പതിയുന്നുണ്ട് എന്ന് പുറത്തേക്ക് തള്ളി നിൽക്കുന്ന എ സി ഔട്ട്ഡോർ യൂണിറ്റുകൾ വിളിച്ച് പറഞ്ഞു. ഇരുപത് മിനുട്ട് നടന്നപ്പോഴേക്കും ഞങ്ങൾ ലക്ഷ്യ സ്ഥാനത്ത് എത്തി.

സന്ദർശകരെ ആട്ടിത്തെളിച്ച് പുറത്താക്കുന്ന സെക്യൂരിറ്റി ഗാർഡിൻ്റെ വിസിൽ വിളി കേട്ടുകൊണ്ടാണ് ഞങ്ങൾ ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ കോമ്പൗണ്ടിലേക്ക് കയറിയത്. ചുറ്റുഭാഗത്തെ ലൈറ്റുകൾ മുഴുവൻ അണച്ചത് കൊണ്ടാണോ എന്നറിയില്ല എങ്ങും ഇരുട്ട് വ്യാപിച്ചിരുന്നു.ഇരുട്ടിന് നടുവിൽ ഒരു കൊട്ടാരവാതിൽ പോലെ ചുവന്ന നിറത്തിൽ ഗേറ്റ് വേ ഓഫ് ഇന്ത്യ തല ഉയർത്തി നിന്നു. മുംബൈ എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഓടി വരുന്ന ഭീതിയുടെ കറുപ്പും അശ്ലീലത്തിൻ്റെ ചുവപ്പും ഒരുമിച്ചത് ഞാൻ ശരിക്കും കണ്ടു. പിറ്റേ ദിവസവും വരാനുള്ളതിനാൽ ഏതാനും ഫോട്ടോകൾ പകർത്തി ഞങ്ങൾ താജ് ഹോട്ടലിന് മുന്നിലേക്ക് നീങ്ങി.

ഏതോ പാശ്ചാത്യ രാജ്യത്തെ കൊട്ടാരം കണക്കെ താജ് ഹോട്ടൽ ഇന്ത്യാ ഗേറ്റിലേക്ക് നോക്കി തല ഉയർത്തി നിന്നു. ദീപപ്രഭയിൽ കുളിച്ച് നിൽക്കുന്ന താജ് ആണോ സൂര്യപ്രഭയിൽ പൊളച്ച് നിൽക്കുന്ന താജ് ആണോ സുന്ദരി എന്ന് പറയാൻ അടുത്ത ദിവസം വരെ കാത്തു നിൽക്കണം. ഗേറ്റ് വേയിൽ നിന്ന് പുറത്താക്കപ്പെട്ടവർ താജ് ഹോട്ടലിൻ്റെ വെൺ നിലാവിൽ ആർമാദിച്ചു. പെട്ടെന്നാണ് ഒരു ഡബിൾ ഡക്കർ ബസ്സിൽ നിന്നുള്ള കണ്ടക്ടറുടെ വിളി ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത്. മുംബൈ ദർശൻ്റെ നൈറ്റ് ട്രിപ്പ് ആയിരുന്നു അത്. ഒരാൾക്ക് നൂറ്റമ്പത് രൂപ പ്രകാരം ഞങ്ങൾ ബസ്സിൻ്റെ മുകൾ നിലയിൽ കയറി മുംബൈ തെരുവീഥികളിലൂടെ സഞ്ചരിച്ചു.

ഛത്രപതി ശിവജി ടെർമിനസിൻ്റെ സമീപം ഞങ്ങൾ ബസ്സിറങ്ങി. രാത്രി വൈകിയും പോലീസും അവരുടെ വാഹനങ്ങളും കൊണ്ട് റോഡും പരിസരവും നിറഞ്ഞ് നിന്നത് ഞങ്ങളിൽ തെല്ലൊരാശങ്ക സൃഷ്ടിച്ചു. മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഓഫിസിന് മുന്നിൽ സംവരണ സംബന്ധമായി നടക്കുന്ന സമരം നേരിടാനുള്ള പോലീസ് വിന്യാസമായിരുന്നു അത്. ഒരു കെയ്‌സ് വെളളം കൊണ്ടു വന്നപ്പോൾ നാനാഭാഗത്ത് നിന്നും പോലീസുകാർ ഓടിക്കൂടിയത് കണ്ടപ്പോൾ പ്രസ്തുത ജോലിയുടെ കാഠിന്യം മനസ്സിലായി. മുനിസിപ്പൽ കോർപ്പറേഷൻ കെട്ടിടവും ചെഞ്ചോര നിറത്തിലായിരുന്നു. എന്തിനാണാവോ മിക്ക കെട്ടിടങ്ങളും ഇങ്ങനെ അരുണ വർണ്ണമാക്കിയത് ?

മുംബൈ വി ടി എന്നായിരുന്നു ഛത്രപതി ശിവജി മഹാരാജ് ടെർമിനസിൻ്റെ പഴയ പേര്. വി ടി എന്നാൽ വിക്ടോറിയ ടെർമിനസ്. ബ്രിട്ടീഷ് ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായിരുന്ന മുംബൈയുടെ മുഴുവൻ പ്രൗഢിയും പ്രതാപവും വിളിച്ചോതുന്ന തരത്തിലായിരുന്നു വിക്ടോറിയ ടെർമിനസിൻ്റെ നിർമ്മിതി.ബ്രിട്ടീഷ് വാസ്തുശില്പിയായ ഫ്രെഡറിക് വില്യം സ്റ്റീവൻസ് ആണ് ഇത് രൂപകൽപ്പന ചെയ്തത്. വിക്ടോറിയൻ ഗോതിക് ശൈലിയും പരമ്പരാഗത ഇന്ത്യൻ വാസ്തുവിദ്യയും സമന്വയിപ്പിച്ചാണ് മനോഹരമായ ഈ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.

ബോറി ബന്ദർ റെയിൽവേ സ്റ്റേഷന് പകരമായാണ് ഈ സ്റ്റേഷൻ നിർമ്മിച്ചത്. വിക്ടോറിയ രാജ്ഞിയുടെ ഭരണത്തിന്റെ ഗോൾഡൻ ജൂബിലി ഓർമ്മക്കായി 1887-ൽ ഇതിന് 'വിക്ടോറിയ ടെർമിനസ്' എന്ന് പേരിട്ടു. പിന്നീട് 1996-ൽ മറാത്താ സാമ്രാജ്യ സ്ഥാപകനായ ശിവജിയുടെ ബഹുമാനാർത്ഥം ഛത്രപതി ശിവജി ടെർമിനസ്' (CST) എന്നും 2017-ൽ ഛത്രപതി ശിവജി മഹാരാജ് ടെർമിനസ്' (CSMT) എന്നും പുനർനാമകരണം ചെയ്തു.

ഛത്രപതി ശിവജി ടെർമിനസിൻ്റെ വാസ്തുവിദ്യാ ചാതുരി കാരണം 2004-ൽ യുനെസ്കോ (UNESCO) ഇതിനെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.നിലവിൽ മധ്യ റെയിൽവേയുടെ ആസ്ഥാനമാണിത്. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ ഇവിടെ ലക്ഷക്കണക്കിന് യാത്രക്കാരാണ്  ദിവസേന വന്നുപോകുന്നത്.

സോഡിയം ബൾബുകളുടെ പൊൻപ്രഭയിൽ കുളിച്ച് നിൽക്കുന്ന ഛത്രപതി ശിവജി ടെർമിനസ് കെട്ടിടം ബ്രിട്ടണിലെ ഏതോ കൊട്ടാരമായിട്ടാണ് എനിക്ക് തോന്നിയത്. അതിനകത്ത് ഒരു റെയിൽവെ സ്റ്റേഷൻ ആണെന്ന് മനസ്സ് സമ്മതിച്ചതേ ഇല്ല. യാത്രാക്ഷീണം തഴുകാൻ തുടങ്ങിയതോടെ ഞങ്ങൾ റൂമിലേക്ക് നടന്നു.

(തുടരും..)

1 comments:

Areekkodan | അരീക്കോടന്‍ said...

മുംബൈയിലെ ചുവന്ന രാത്രി

Post a Comment

നന്ദി....വീണ്ടും വരിക