Pages

Thursday, March 14, 2013

നാട്ടിലേക്ക്…..(ലക്ഷദ്വീപ് യാത്ര - ഭാഗം 17)




ദ്വീപിൽ ഞങ്ങൾ എത്തിയിട്ട് വെറും മൂന്ന് ദിവസമേ ആയിട്ടുള്ളൂ.പക്ഷേ ആ നാട്ടിലെ ജനങ്ങളുമായി ഉണ്ടാക്കിയ സൌഹൃദം ഞങ്ങൾ വന്നിട്ട് കുറേ ദിവസങ്ങൾ ആയ പോലെ തോന്നിച്ചു.ദിവസവും രണ്ട് നേരം ജമാൽ ഞങ്ങളെ കാണാൻ വരുന്നതും വിശേഷങ്ങൾ ആരായുന്നതും എന്റെ സഹപ്രവർത്തകരിലും അത്ഭുതമുളവാക്കി. ഇന്ന് ദ്വീപിനോട് വിടപറയേണ്ട ദിവസമാണ്.പലരോടും യാത്ര പറയണം.അതിനിടക്ക് പലർക്കും ദ്വീപിലെ തെങ്ങിൻ തൈ കൊണ്ടു പോകാൻ ഒരാശ.സലീം മാഷ് ഒരു പരിചയക്കരന്റെ അടുത്തും അബൂബക്കർ മാഷ് മറ്റൊരു പരിചയക്കരന്റെ അടുത്തും പറഞ്ഞ് തൈകൾ ഒപ്പിച്ചു.ഡി.സി.പിയിൽ കൂട്ടിയിട്ട തേങ്ങകൾ പലതും മുളച്ച് വന്നിരുന്നു.ആവശ്യമുള്ളവർക്ക് അവിടെ നിന്നും എടുക്കാൻ മാനേജർ മുല്ല കിടാവും സമ്മതിച്ചു.

ഇതെല്ലാം കൂടി കപ്പലിൽ കയറ്റുമോ ആവോ?” എനിക്ക് ചെറിയ ഒരു സംശയം 
 
ജമാൽക്ക ഉള്ളപ്പോൾ നമ്മൾ എന്തിന് ഇതൊക്കെ പേടിക്കണം ?” ആരോ പറഞ്ഞു.


                                                        ജമാലും ഞാനും

ജമാൽ ക ദോസ്ത്’ എന്ന പദവി ഞങ്ങളുടെ ആത്മവിശ്വാസം എവിടെ എത്തിച്ചു എന്നതിന്റെ പ്രകടനമായിരുന്നു അത്.അല്പ സമയം കഴിഞ്ഞ് ജമാൽ അവിടെ എത്തി.എല്ലാവരുമായും കുശലപ്രശ്നം നടത്തുകയും ദ്വീപിലെ അനുഭവങ്ങളെ പറ്റി ചോദിക്കുകയും ചെയ്തു.ശേഷം എന്നെ രഹസ്യമായി വിളിച്ചു എനിക്കുള്ള റ്റ്യൂണ മത്സ്യപ്പൊതി തന്നു.കിട്ടാൻ അല്പം ബുദ്ധിമുട്ടായതിനാലും വലിയ വില ആയതിനാലും എല്ലാവർക്കും കൊടുക്കാൻ ഇല്ലാത്തതിലുള്ള ഖേദവും ജമാൽ പ്രകടിപ്പിച്ചു.നേരത്തെ ഏൽ‌പ്പിച്ച പ്രകാരം ജമാലിന്റെ അളിയൻ ദ്വീപുണ്ട എന്ന പലഹാരവും എത്തിച്ചു.

മടങ്ങിപ്പോകാനുള്ള ടിക്കറ്റ് ഞങ്ങൾ എടുത്തിട്ടില്ലായിരുന്നു.ജമാലിന്റെ നിർദ്ദേശപ്രകാരം അത് പോകുന്ന ദിവസം എടുക്കാം എന്നായിരുന്നു പറഞ്ഞിരുന്നത്.ഞാനുമായി സംസാരിക്കുന്നതിനിടക്ക് തന്നെ ജമാൽ പല സ്ഥലത്തേക്കും ഫോൺ ചെയ്യുന്നത് ഞാൻ ശ്രദ്ധിച്ചു.

എന്താ പ്രശ്നം?” അവസാനം ഞാൻ ചോദിച്ചു.

ടിക്കറ്റ് കൺഫേം ആയിട്ടില്ലഅത് പ്രശ്നമില്ല..” ജമൽ സ്വതസിദ്ധമായ ചിരിയോടെ പറഞ്ഞു.

യാ കുദാ…“ തിരിച്ച് പോകാനൊരുങ്ങി നിൽക്കുമ്പോഴാണ് ടിക്കറ്റ് കൺഫേം അല്ല എന്ന് അറിയുന്നത്.പക്ഷേ ജമാലിന്റെ ആത്മവിശ്വാസം എന്നെ ആശ്വസിപ്പിച്ചു.കഴിഞ്ഞ ദിവസം ആർക്കോ അർജന്റ് ആയി കൊച്ചിയിൽ പോകാനായി വേറെ ഏതിലെയോ പോകുന്ന ഒരു കപ്പലിലേക്ക് വിളിക്കുന്നത് ഞാൻ നേരിട്ട് കണ്ടതിനാൽ ടിക്കറ്റില്ല എന്ന കാരണത്താൽ ഞങ്ങളുടെ യാത്ര മുടങ്ങില്ല എന്നുറപ്പായിരുന്നു.പക്ഷേ കൺഫേം ആയില്ലെങ്കിൽ സീറ്റ് കിട്ടില്ല എന്നതായിരുന്നു ജമാലിനെ ആശങ്കപ്പെടുത്തിയ വിഷയം.

ഞാൻ എല്ലാവരോടും ജമാലിന്റെ ഒപ്പം ഒന്ന് പോസ് ചെയ്യാൻ പറഞ്ഞു.അബൂബക്കർ മാഷ് ഒരു കയ്യിൽ പെട്ടിയും മറു കയ്യിൽ ഒരു ചാക്കുമായി മുന്നോട്ട് വന്നു.ചാക്കിൽ നിന്നും രണ്ട് തെങ്ങിൻ തൈകൾ പുറത്തേക്ക് തലനീട്ടിയിരുന്നു.

മാഷേഒക്കത്തെ ആ ചാക്കൊന്ന് മാറ്റ്വാ?” ഞാൻ നിർദ്ദേശിച്ചു.ജമാലും ഞങ്ങളെല്ലാവരും കൂടി നിൽക്കുന്ന ഫോട്ടോ ആരോ എടുത്തു.

അല്പ സമയത്തിനകം ടിക്കറ്റ് കൺഫേം ആയതായി ജമാൽ അറിയിച്ചു.പുറം കടലിൽ നങ്കൂരമിട്ട കപ്പൽ ഞങ്ങളെ മാടിവിളിച്ചു.എം.വി.മിനിക്കോയ് എന്ന ചെറിയകപ്പൽ ആയിരുന്നു അത്. 



യാത്രക്കാരെ കൊണ്ടു പോകാനായി ബോട്ടുകൾ കപ്പലിലേക്ക് പുറപ്പെടാൻ തുടങ്ങി.ജമാലിനെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു.ആതിഥേയത്തിന്റെ എല്ലാ മര്യാദകളും നേരിൽ കാണിച്ചു തന്ന നല്ല ഒരു സുഹൃത്തിനോട് എന്റെ ഹൃദയത്തിൽ നിന്നും ഒരു പ്രാർഥന വന്നു – അസ്സലാമുഅലൈക്കും വറഹ്മതുല്ലാഹ് (താങ്കൾക്ക് അല്ലാഹുവിന്റെ രക്ഷയും അനുഗ്രഹവും ഉണ്ടാകട്ടെ).നീങ്ങാൻ തുടങ്ങിയ ബോട്ടിലേക്ക് ജമാൽ എന്നെ കൈപിടിച്ച് കയറ്റി.കൈ വീശി റ്റാറ്റ പറയുമ്പോൾ ജമാലിന്റെ കണ്ണും നിറഞ്ഞത് ഞാൻ ശ്രദ്ധിച്ചു.

അപ്പോൾ എന്റെ മനസ്സിൽ ഒരു എസ്.എം.എസ് ഓടി എത്തി –


Best relations are like beautiful street lamps. They may not make distance shorter. But they light your path and make the journey easier “ 


                                                      ( അവസാനിച്ചു )                                                  

Wednesday, March 13, 2013

ദ്വീപിലെ കാഴ്ചകളും അനുഭവങ്ങളും (ലക്ഷദ്വീപ് യാത്ര ഭാഗം - 16 )


കഥ ഇതുവരെ

ബീച്ചിന് സമാന്തരമായ റോഡിലൂടെ നടക്കുമ്പോഴാണ് ഒരാൾ കടലിൽ നിന്നും ,ഒരു കയ്യിൽ ഒരു വലിയ മത്സ്യവും മറുകയ്യിൽ ഒരു കുന്തവുമായി കയറി വരുന്നത് കണ്ടത്.ഞങ്ങൾ എല്ലാവരും അദ്ദേഹത്തിന്റെ അടുത്തേക്ക് നീങ്ങി.ചോരയൊലിക്കുന്നത് അദ്ദേഹത്തിന്റെ കയ്യിൽ നിന്നോ അതോ മത്സ്യത്തിന്റെ ശരീരത്തിൽ നിന്നോ എന്നറിയാൻ പ്രയാസമായിരുന്നു. 



അടുത്തെത്തിയപ്പോഴാണ് മത്സ്യം ‘തിരണ്ടി’ എന്ന ഇനത്തിൽ പെട്ടതാണെന്ന് തിരിച്ചറിഞ്ഞത്.കരയിലിട്ട് രണ്ട് കുത്ത് കൂടി കൊടുത്തതോടെ അതിന്റെ ഈ ലോകവാസം അവസാനിച്ചു.ഇത്തരം മത്സ്യങ്ങൾ കരക്ക് അടുത്തേക്ക് ഇടക്ക് കയറി വരും എന്നും അവയുടെ പിന്നാലെ ഈ കുന്തവും കൊണ്ട് ഓടി കുത്തുമെന്നും അദ്ദേഹം പറഞ്ഞു.മിക്കവാറും എല്ലാവരുടേയും അടുത്ത് ഇത്തരം കുന്തം ഉണ്ടെന്നും മിക്ക ദിവസങ്ങളിലും മത്സ്യം കിട്ടും എന്നും അദ്ദേഹം പറഞ്ഞപ്പോൾ കുന്തം ഉപയോഗിച്ചുള്ള ഈ മീൻപിടിക്കൽ ഞങ്ങൾക്ക് പുതിയൊരറിവായി.




ഞങ്ങൾ വീണ്ടും മുന്നോട്ട് നടന്നു.കയർ ഫാക്ടറിയിൽ മുഴുവൻ സ്ത്രീകളായിരുന്നു.യന്ത്ര സഹായത്തോടെ അവർ കയർ പിരിക്കുന്നത് ഞങ്ങൾ കൌതുകത്തോടെ നോക്കി നിന്നു.ആലപ്പുഴയിൽ നിന്നുള്ള ആന്റണി വരെ ഇവരുടെ കൈവേഗതയിൽ അതിശയം പ്രകടിപ്പിച്ചപ്പോൾ മറ്റുള്ളവർക്കെല്ലാം ഈ ജോലിയുടെ കലാവിരുതിന്റെ സൌന്ദര്യം ബോധ്യമായി.കയറ് കൊണ്ടുണ്ടാക്കിയ വിവിധ ഉല്പന്നങ്ങളും ഞങ്ങളെ ആകർഷിച്ചു.

ഉച്ചയോടെ ഞങ്ങൾ തിരിച്ച് റൂമിലേക്ക് തന്നെ നടന്നു.നേരത്തെ ഞങ്ങൾ പോകുന്നത് കണ്ട ചില സ്ത്രീകൾ ഞങ്ങളെ കാണാനായി വഴിയിൽ നിന്നിരുന്നു.അവരുടെ കൂടെ കുട്ടികളും പുരുഷന്മാരും ഉണ്ടായിരുന്നു.ഞങ്ങൾ അവരുടെ എത്തിയ ഉടനെ ഒരാൾ ഒരു ഇളനീർ വെട്ടി തന്നു.ആ സ്നേഹത്തിൻ മുമ്പിൽ ഒന്ന് പകച്ചെങ്കിലും ഞങ്ങൾക്കെല്ലാവർക്കും വയറ് നിറയുന്നത് വരെ ഇളനീർ നൽകി അവർ അവരുടെ ആതിഥ്യമര്യാദ പ്രകടിപ്പിച്ചു.
അല്പമകലെ പ്രായം ചെന്ന ഒരു സ്ത്രീ കടലിലേക്ക് നോക്കി ഇരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു.ഞാൻ അവരുടെ അടുത്തെത്തി.അവർ എന്തോ ചോദിച്ചെങ്കിലും എനിക്ക് മനസ്സിലായില്ല. മലയാളത്തിൽ ഞാൻ പറഞ്ഞത് അവർക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.അവർ പറഞ്ഞത് മുഴുവനായി മനസ്സിലായില്ലെങ്കിലും എല്ലാവരും ഇളനീർ കുടിച്ച് കഴിയുന്നത് വരെ ഞാൻ അവരോട് സംസാരിച്ചിരുന്നു.കടമത്ത് ദ്വീപിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീ ആൺ അവരെന്ന് നാട്ടുകാരനായ ഒരാൾ പറഞ്ഞു.


ഇളനീർ കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ തന്നെ ഒരു കടലാമ അവിടെ പ്രത്യക്ഷപ്പെട്ടു. തലേദിവസം അവിടെ വച്ച് പരിചയപ്പെട്ട ഒരാളാണ് സലീം മാഷിന് കൊടുക്കാനായി സ്റ്റഫ് ചെയ്ത കടലാമയേയും കൊണ്ടു വന്നത്.ആമയെ കടത്തുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്ന ഒരു സംശയം ഉണ്ടായെങ്കിലും ആ സ്നേഹോപഹാരം സലീം മാഷ് നന്ദിയോടെ സ്വീകരിച്ചു.


ഇത്രയും തെങ്ങ് ഉള്ള സ്ഥിതിക്ക് ഇവിടെ മറ്റേ സാധനവും ഉണ്ടാവുമല്ലോ സാറേ?” ആർക്കോ സംശയം ജനിച്ചു.
മറ്റേ സാധനമോ , അതെന്താ?”
എന്റെ ചോദ്യത്തിന് ചോദ്യകർത്താവിന്റെ ഉത്തരം ഒരു ആംഗ്യമായിരുന്നു.
ഏയ്ഇവിടെ അത് കിട്ടില്ലഹറാമാണ്
ഇല്ല സാറേഞാൻ നേരത്തെ തന്നെ പല തെങ്ങിൻ മണ്ടയും ശ്രദ്ധിച്ചിരുന്നുമിക്കവാറും എല്ലാം ചെത്തുന്നുണ്ട്.ജമാൽക്കയോട് പറഞ്ഞാൽ ശുദ്ധമായ നീര കിട്ടും.“ 

 റെജു പറഞ്ഞ് കഴിഞ്ഞപ്പോഴേക്കും ഹരിദാസൻ മാഷ് ചൂണ്ടി..”അതാ കയ്യെത്തും ഉയരത്തിൽ ഒന്ന്.” 

 ഞാനും സൂക്ഷിച്ച് നോക്കി.തെങ്ങിൻ പൂക്കുലയുടെ അറ്റത്ത് പെപ്സി 200 മില്ലിയുടെ ഒരു ബോട്ടിൽ കെട്ടി വച്ചിരിക്കുന്നു.റെജു തന്നെ ആദ്യം ഓടി അതിന്റെ അടിയിൽ വായ കാട്ടി.ഒരു തുള്ളി പോലും കിട്ടിയില്ലെങ്കിലും പലരും അതാവർത്തിച്ചു.വൈകിട്ട് ഈ സാധനം രുചിക്കാൻ കിട്ടിയപ്പോൾ ഇതിനാ‍ണോ ഇവർ ഇത്രയും കൊതിപൂണ്ടത് എന്ന് തോന്നാതിരുന്നില്ല.


അന്ന് രാത്രി ദ്വീപിലെ ഞങ്ങളുടെ അവസാന രാത്രി ആയിരുന്നു.രാത്രി ദ്വീപിന്റെ കടലോരങ്ങൾക്ക് മാറ്റം വരുന്നതും താൽക്കാലിക ഭക്ഷണ ശാലകൾ പൊങ്ങി വരുന്നതും ഞങ്ങൾ ശ്രദ്ധിച്ചിരുന്നു.അതിനാൽ തന്നെ ‘ലാസ്റ്റ് സപ്പർ’ അത്തരം ഒരു റെസ്റ്റാറന്റിൽ ആക്കാം എന്ന് ഞങ്ങൾ തീരുമാനിച്ചു.മത്സ്യവിഭവങ്ങൾ തന്നെയായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്.കീശ വല്ലാതെ കീറിപോകാത്ത വിധത്തിൽ അത്യാവശ്യം നന്നായി ഭക്ഷണം കഴിച്ച് ആ ടേസ്റ്റും ഞങ്ങൾ മനസ്സിലാക്കി.



(തുടരും...) 
 

Tuesday, March 12, 2013

ലക്ഷദ്വീപ് യാത്രാ വിവരണം തുടരുന്നു...


പ്രിയപ്പെട്ടവരേ,

കാറ്റിലും കോളിലും പെട്ട് ഒന്നര വര്‍ഷത്തോളം കരയില്‍ കറങ്ങിയ ശേഷം ലക്ഷദ്വീപ് യാത്രാ വിവരണം തുടരുന്നു.അടുത്ത ലക്ഷദ്വീപ് യാത്ര പ്ലാന്‍ ചെയ്തതിനാല്‍ ആദ്യ യാത്രാവിവരണം ഉടന്‍ അവസാനിപ്പിക്കുന്നതാണ് എന്ന ബ്ലോഗാവസ്ഥ മുന്നറിയിപ്പും ഇതോടൊപ്പം അറിയിക്കുന്നു.രണ്ടാം യാത്രയുടെ വിവരണം സഹിക്കാന്‍ നിങ്ങള്‍ തയ്യാറായാലും നമ്മള്‍ തരില്ല എന്നും അറിയിക്കുന്നു (ഇത് തന്നെ മുഴുമിപ്പിക്കാനുള്ള കഷ്ടപ്പാട് നമ്മള്‍ക്കല്ലേ അറിയൂ...)

Monday, March 11, 2013

പോളിയിലെ ഡി.സി.പിയും ദ്വീപിലെ ഡി.സി.പി യും….(ലക്ഷദ്വീപ് യാത്ര - ഭാഗം 15)

കഥ ഇതുവരെ


അന്ന് മുഴുവന്‍ റെജുവിന്റെ ഫോണ്‍ ചിലച്ചു കൊണ്ടേയിരുന്നു.ഇന്ത്യന്‍ സിനിമയിലെ മിന്നും താരത്തിന്റെ കൂടെ ഇരുന്ന് ഫോട്ടോയും എടുത്ത് ഷേക്ക് ഹാന്റും നല്‍കിയാല്‍ പിന്നെ അവന്‍ ആരാ?

പോഡോയുടെ കൂടെ ഫോട്ടോ എടുക്കാന്‍ പറ്റിയെങ്കിലും വിവേക് ഒബ്രോയിയുടെ മുന്നില്‍ അവള്‍ ഒന്നും അല്ല എന്ന് റെജു, ആന്റണിയുടെ മുഖത്ത് നോക്കി പറയുകയും കൂടി ചെയ്തതോടെ ആന്റണിയുടെ മുഖം വാടി.

എവെരി ഡോഗ് ഹാസ് എ ഡേ” എന്ന് പറഞ്ഞ് ആന്റണി മനസ്സിനെ സമാധാനപ്പെടുത്താന്‍ നോക്കി.

അതേ , എവെരി ആന്റണി ഹാസ് എ ഡേ” - റെജു ശവത്തില്‍ ഒരു കുത്തും കൂടി കൊടുത്തു.റെജുവിന്റെ നിലക്കാത്ത ഫോണ്‍ വിളി കൂടി കണ്ടപ്പോള്‍ ആന്റണി മെല്ലെ ഒരു സൈഡിലേക്ക് മാറി.എനിക്ക് ഈ ഫോട്ടോ എടുക്കലിൽ പ്രത്യേകിച്ച് ഒന്നും തോന്നാത്തതിനാല്‍ ഞാന്‍ എന്റേതായ പണികളിലേക്ക് കടന്നു.

രാത്രി ജമാല്‍ വീണ്ടും ഞങ്ങളുടെ അടുത്തെത്തി.റെജുവും ജയേഷും ജമാലിന്റെ അടുത്ത് ഓടി എത്തി കാലില്‍ പിടിച്ചു പറഞ്ഞു.
ജമാല്‍ക്കാ....നന്ദി....ഒരുപാട് നന്ദി....ഒരുപാട് ഒരുപാട് നന്ദി....”

എന്തിന്?” അന്തം വിട്ട് ജമാല്‍ ചോദിച്ചു.

ഞങ്ങളെ ഇങ്ങോട്ട് കാല് കുത്താന്‍ അനുവദിച്ചതിന്....അത് കാരണം ഇന്ന് ഞങ്ങള്‍ക്ക് വിവേക് ഒബ്രോയിയുടേ കൂടെ ഇരിക്കാനും ഫോട്ടോ എടുക്കാനും ഷേക്ക് ഹാന്റ് നല്‍കാനും ഒക്കെ സാധിച്ചു....ഇനി കടലിൽ മുങ്ങി മരിച്ചാലും വേണ്ടില്ല....അല്ലെങ്കി വേണ്ട... ”

ആഹാ....ആബിദേ....അപ്പോള്‍ അവനെ കണ്ടോ?”

ങാ....ഞങ്ങള്‍ മൂന്ന് പേര്‍ക്ക് ഒപ്പം ഫോട്ടോ എടുക്കാന്‍ പറ്റി...” ആൻറണിയുടെ മുഖത്തേക്ക് നോക്കി, മറുപടി പറഞ്ഞത് റെജുവായിരുന്നു.

'ഓ...പിന്നെ... എന്തായാലും നിന്റെ ഫോട്ടോയല്ലേ?' ആന്റണി ആത്മഗതം ചെയ്തു.

.കെ....ഇനി നാളെ ഡി.സി.പിയും കയര്‍ കമ്പനിയും........അതോടെ ഈ ദ്വീപിലെ കാഴ്ചകള്‍ അവസാനിക്കും....”

....ഇന്നത്തോട് കൂടി തന്നെ പലര്‍ക്കും ഇവിടെ സ്വര്‍ഗ്ഗം കിട്ടിയിട്ടുണ്ട്....”

എങ്കില്‍ നാളെ കാണാം....രാവിലെ ചായ കഴിച്ച് ദേ നേരെ നടന്നാല്‍ ഡി.സി.പിയില്‍ എത്താം...അവിടെ മുത്തുക്കോയ ഉണ്ടാകും....എല്ലാം ഞാന്‍ പറഞ്ഞ് ശരിയാക്കിയിട്ടുണ്ട്....നാളികേര പൌഡര്‍ വേണമെങ്കില്‍ അവിടെ നിന്ന് വാങ്ങാം...ല്ലാം കിടാവിനെ ഏൽ‌പ്പിച്ചിട്ടുണ്ട്.”

ങേ! കിടാവോ? അതാരാ?”

കോയാ കിടാവ്.ഇന്നലെ നമ്മുടെ കൂടെ ഉണ്ടായിരുന്നയാൾ.ഡി.സി.പി യിലെ മാനേജറാ

ശരി...ശരി....”

ജമാല്‍ വീട്ടിലേക്ക് തിരിച്ച് പോയി.

പിറ്റേന്ന് രാവിലെത്തന്നെ അബൂബക്കർ മാഷ് എന്റെ നേരെ വരുന്നത് കണ്ടപ്പോൾ എനിക്ക് ഒരു പന്തികേട് തോന്നി.
സാറേ.ഒരു സംശയം?”

ഹാവൂ.” ഞാൻ സമാധാനിച്ചു

ഈ ഡി.സി.പി തന്നെയാണോ ആ ഡി.സി.പി?”

ഏത് ഡി.സി.പി?”

നമ്മുടെ പോളിയിലുണ്ടല്ലോ ഒരു ഡി.സി.പി

ഹ ഹ ഹാ.അത് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ പ്രോഗ്രാമിങ് എന്ന ഡി.സി.പി.ഇത് ഡെസികേറ്റഡ് കോക്കനട്ട് പ്ലാന്റ് എന്ന ഡി.സി.പി

ജമാൽ പറഞ്ഞപോലെ നേരത്തെ തന്നെ ഞങ്ങൾ ഡി.സി.പിയിൽ എത്തി.നാളികേരത്തിന്റെ ഒരു മല തന്നെ അവിടെ ഉണ്ടായിരുന്നു. ഡി.സി.പി മാനേജർ കോയ കിടാവ് എന്നെ അദ്ദേഹത്തിന്റെ ഓഫീസ് റൂമിലേക്ക് ക്ഷണിച്ചു.അല്പസമയത്തിന് ശേഷം ഒരാൾ വന്ന് ഞങ്ങളെ ഫാക്ടറിക്കകത്തേക്ക് ആനയിച്ചു.

പൊളിച്ച തേങ്ങയുടെ ചിരട്ട ചെറിയകോടാലി കൊണ്ട് കൊത്തി മാറ്റി ഒരു പന്ത് രൂപത്തിലാക്കി.പിന്നെ കുറേ സ്ത്രീകൾ ആ പന്തിന്റെ പുറം തോട് കത്തികൊണ്ട് അനായാസമായി നീക്കി അതിനെ ഒരു വെളുത്ത പന്താക്കി മാറ്റി.ഈ തൊലി വെളിച്ചെണ്ണ എടുക്കാനായി മറ്റൊരു യൂണിറ്റിലേക്ക് മാറ്റി.




അടുത്ത യന്ത്രത്തിൽ ഇട്ടതോടെ വെളുത്ത ബോൾ കഷ്ണങ്ങളായി നുറുങ്ങി.മറ്റൊരു യന്ത്രത്തിലൂടെ ഈ കഷ്ണങ്ങൾ കയറിയിറങ്ങിയതോടെ വെളുത്തപൊടിയായി പുറത്ത് വന്നു.ഈ പൊടി കൃത്യമായി തൂക്കി ഒരാൾ പാക്ക് ചെയ്തുകൊണ്ടിരുന്നു. വിദേശത്തേക്ക് തേങ്ങക്ക് പകരം കയറ്റി അയക്കുന്നത് ഈ പൊടിയാണ് പോലും.അല്പം വില കൂടുതലാണെങ്കിലും ഞങ്ങളെല്ലാവരും നാലും അഞ്ചും പാക്കറ്റുകൾ വാങ്ങി

 ശേഷം അടുത്ത സന്ദർശന കേന്ദ്രമായ കയർ ഫാക്ടറിയിലേക്ക് ഞങ്ങൾ നടന്നു.

(തുടരും...) 

 

Monday, March 04, 2013

കാമുകിമാരുടെ ശ്രദ്ധയ്ക്ക്….



2013 ഫെബ്രുവരി 14 വാലന്റൈൻ ഡേ ദക്ഷിണാഫ്രിക്കയിലെ ജോഹനസ്ബർഗിന് ഒരു കറുത്ത ദിനം കൂടിയായിരുന്നു.ലോകം അത്‌ഭുതത്തോടെ ആദരവോടെയും വീക്ഷിച്ച ബ്ലേഡ് റണ്ണർ ഓസ്കാർ പിസ്റ്റോറിയസ് വാലന്റൈൻ ദിനത്തിൽ തന്നെ സ്വന്തം കാമുകിയെ വെടിവച്ച് കൊന്ന് കൊണ്ട് കൊടും വില്ലനായി മ്മാറി.സ്വന്തം വീട്ടിൽ മോഷ്ടാവാണെന്ന് കരുതി വെടിവച്ചതാണെന്നായിരുന്നു ആദ്യം വന്ന വാർത്തകൾ.എന്നാൽ ഇത് ശരിയല്ല എന്ന് തുടർവാർത്തകൾ നമ്മെ ധരിപ്പിക്കുന്നു.

ഒരു കാൽ നഷ്ടപ്പെട്ടിട്ടും ഇഛാശക്തികൊണ്ട് പാരാളിമ്പിക്സ് മെഡലും ലോക അത്‌ലറ്റിക്സിലെ അതികായർ അണിനിരക്കുന്ന ഒളിമ്പിക്സിലേക്ക് സെലക്ഷനും നേടി പിസ്റ്റോറിയസ് ലോകത്തിന്റെ മുഴുവൻ ആരാധനാപാത്രമായി.എന്നാൽ നിസ്സാരമായ എന്തോ കാരണത്താൽ നായകൻ പ്രതിനായകനാകുന്നതാണ് നാം ദർശിച്ചത്.ലോകം പ്രണയദിനത്തിൽ ആറാടുമ്പോൾ ജോഹനസ്ബർഗിലെ സ്വന്തം വസതിയിൽ സ്വന്തം കാമുകി റീവയുടെ മൃതശരീരം താങ്ങിപ്പിടിച്ച് നിൽക്കുകയായിരുന്നു പിസ്റ്റോറിയസ്.

വസ്ത്രം മാറ്റുന്ന പോലെ ബോയ്ഫ്രണ്ടിനേയും ഗേൾഫ്രണ്ടിനേയും മാറ്റുന്ന പാശ്ചാത്യലോകത്ത് ഇതും ഇതിലപ്പുറവും സംഭവിക്കും എന്നാണ് നമ്മുടെ ചിലരുടെയെങ്കിലും പ്രതികരണം. ഇതൊരു ഒറ്റപ്പെട്ട സംഭവമായി ആർക്കും ന്യായീകരിക്കാം. എന്നാൽ അതേ നിഗമനത്തിൽ നിന്നുകൊണ്ട് നാം ഒരു പത്ത് വർഷം പിന്നിലേക്ക് ചിന്തിക്കുക.അന്നും കാമുകീ കാമുകന്മാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിരുന്നു.പക്ഷേ പ്രണയദിനം എന്ന പാശ്ചാത്യൻ ആഭാസം ഇല്ലായിരുന്നു.ഇന്ന് അച്ചടിമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും പ്രണയദിനാഘോഷത്തിന് പരസ്യപിന്തുണ നൽകുമ്പോൾ പിസ്റ്റോറിയസുമാർ നമ്മുടെ നാട്ടിലും എത്താൻ അധികദൂരം വേണ്ടി വരില്ല എന്ന് നമുക്ക് മനസ്സിലാക്കാം.

അന്തരിച്ച ശ്രീ പ്രേംനസീർ , സിനിമയിൽ കത്തി നിന്ന കാലത്ത് നസീർ-ഷീല ജോഡികളുടെ പ്രണയം ബ്ലാക് & വൈറ്റിൽ പലരും ആസ്വദിച്ചതാണ്. പ്രണയം ഏത് വരെ പോകാം എന്നതിന് വ്യക്തമായ രൂപരേഖ ആ സിനിമകളിൽ ഉണ്ടായിരുന്നു, അല്ലെങ്കിൽ പ്രണയത്തിന്റെ അതിർവരമ്പുകൾ അവ നിർണ്ണയിച്ച് തന്നിരുന്നു.’കാനന‌ഛായയിൽ ആടുമേയ്ക്കാൻ .ഞാനും വരട്ടെയോ നിന്റെ കൂടെ’ എന്ന് കാമുകനോട് ചോദിക്കുന്ന കാമുകിക്ക് ലഭിക്കുന്ന മറുപടി നാം കേട്ടതാണ്.ആ ചോദ്യം ഇന്നത്തെ കാമുകനോടാണ് കാമുകി ചോദിക്കുന്നതെങ്കിൽ കാനനം നിറയാൻ എത്ര സമയമെടുത്തു എന്ന് മാത്രം നോക്കിയാൽ മതി.എന്ന് വച്ചാൽ ഇന്നത്തെ പല പ്രണയവും ശാരീരികാകർഷണത്തിലൂടെ ഉടലെടുത്ത ഒരു നൈമിഷിക വികാരം മാത്രമാണ്. എല്ലാ ഉപയോഗവും കഴിഞ്ഞ് കറിവേപ്പില പോലെ വലിച്ചെറിയപ്പെടുമ്പോൾ മാത്രമാണ് പെൺകുട്ടിയുടെ ജീവിതം ചോദ്യചിഹ്നമായി മാറുന്നത്.

ലൈംഗികചൂഷണത്തിൽ നിന്ന് സ്ത്രീക്ക് രക്ഷ നേടാനുള്ള ഏകമാർഗ്ഗം തന്റേടം തന്നെയാണ്. പാശ്ചാത്യസംസ്കാരം അമിതമായി അനുകരിക്കുന്ന നമ്മുടെ നാട്ടിലെ പലർക്കും ഒട്ടും ഇല്ലാതെ പോയതും ഇത് തന്നെയാണ്. അതിനാൽ തന്നെ ഇരകളും ഇരപിടിയന്മാരും കൂടിക്കൂടി വരുന്നു.അപമാനഭാരമോർത്ത് പലരും ഇത്തരം സംഭവങ്ങൾ ഒളിച്ച്‌വയ്ക്കുന്നു.ഇത്തരം അടിച്ചമർത്തലുകൾ മാനസികാഘാതത്തിന് വരെ കാരണമാകും എന്ന് നാം പലപ്പോഴും തിരിച്ചറിയുന്നില്ല.

റിവമാർ ഇനിയും ലോകത്ത് സൃഷ്ടിക്കപ്പെടാതിരിക്കാൻ അഭിനവറീവമാർ അല്പം ആർജ്ജവത്തോടെ പ്രവർത്തിക്കുക.ഇനിയും ഉണർന്നില്ലെങ്കിൽ നിങ്ങൾക്കിനി ഉറങ്ങാൻ മാത്രമേ സമയം കിട്ടൂ എന്ന ദു:ഖസത്യം മനസ്സിലാക്കുക.