Pages

Friday, March 12, 2021

ഇമ്പോസിഷൻ

ഒരു കാലത്ത് മലപ്പുറം ജില്ലയിലെ കായികരംഗത്തെ കിരീടം വയ്ക്കാത്ത രാജാക്കന്മാരായിരുന്നു  ഞാൻ പഠിച്ച എസ്.എസ്.എച്ച്.എസ് മൂർക്കനാട് സ്‌കൂൾ. ജില്ലാ കായികമേളയിൽ ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിൽ ഏതിലെങ്കിലും ഒന്ന് എസ്.എസ്.എച്ച്.എസ് മൂർക്കനാടിനു സംവരണം ചെയ്ത പോലെയുള്ള ഒരു കാലഘട്ടം ഉണ്ടായിരുന്നു.ജില്ലാ കിരീടവുമേന്തിക്കൊണ്ട് തൊട്ടടുത്ത പ്രധാന പട്ടണമായ അരീക്കോട് അങ്ങാടിയിലൂടെ പ്രകടനം നടത്തുന്നത് ആണ്ട് തോറും നടന്നു വരുന്ന ഒരു ചടങ്ങായിരുന്നു. ക്രമേണ കായിക രംഗത്തിന് പുറമെ ഗെയിംസിലേക്കും എന്റെ സ്‌കൂൾ ശ്രദ്ധ പതിപ്പിക്കാൻ തുടങ്ങി.ഈ നേട്ടങ്ങളിൽ, കായികാധ്യാപകനായിരുന്ന ബാലൻ മാസ്റ്ററുടെ പങ്ക് നന്ദിയോടെ സ്മരിക്കുന്നു.

ജില്ലാ ഗെയിംസ് ഇനങ്ങളിൽ പങ്കെടുക്കാൻ അന്ന് എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നു. വോളിബാൾ , ഖോ ഖോ, നീന്തൽ, ഫുട്ബാൾ തുടങ്ങിയവയായിരുന്നു അന്ന് എന്റെ സ്‌കൂളിൽ നിന്നും കുട്ടികൾ പങ്കെടുത്തിരുന്ന പ്രധാന ഇനങ്ങൾ. മറ്റു ചില വ്യക്തിഗത ഐറ്റങ്ങളും ഉണ്ടായിരുന്നു. ഇതിൽ മിക്കവയ്ക്കും പോകുന്നത് ഒരേ കുട്ടികൾ തന്നെയായിരിക്കും. ഒന്നോ രണ്ടോ കുട്ടികൾ മാറിയാലായി എന്ന് മാത്രം.

ഗെയിംസിലെ ഓരോ ഇനത്തിനും പ്രത്യേകം പ്രത്യേകം എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ആവശ്യമായിരുന്നു. അഡ്മിഷൻ രെജിസ്റ്റർ തപ്പി പേര് കണ്ടെത്തി അതിലുള്ള ജനന തീയ്യതി,പ്രായം തുടങ്ങിയ ചില അടിസ്ഥാന  വിവരങ്ങൾ ആയിരുന്നു എലിജിബിലിറ്റി സർട്ടിഫിക്കറ്റിൽ എഴുതേണ്ടത്. അതിനാൽ ഇടക്കിടെ സർട്ടിഫിക്കറ്റ് വാങ്ങുന്നത് ഓഫീസിലെ ക്ലർക്കിന് തലവേദന സൃഷ്ടിച്ചു. 

ഗെയിംസ് ഇനങ്ങൾക്ക് പങ്കെടുക്കുന്ന കൂടുതൽ പേരും പത്ത് ഡി ക്ലാസ്സിൽ നിന്നുള്ളവരായിരുന്നു. കരീം മാസ്റ്ററായിരുന്നു ആ ക്ലാസ്സിന്റെ ക്ലാസ് ടീച്ചർ. കുട്ടികൾക്ക് ഇടക്കിടക്ക് എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നൽകുന്നതിലെ പ്രയാസം, ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റർ കൂടിയായ കരീം മാസ്റ്ററെ ക്ലർക്ക് അറിയിച്ചു. സർട്ടിഫിക്കറ്റ് വാങ്ങുന്ന കൂടുതൽ പേരും തൻ്റെ ക്ലാസ്സിലെ കുട്ടികളാണ്  എന്നതിനാൽ കരീം മാസ്റ്റർ അതിന് ഒരു പോംവഴി കണ്ടെത്തി.

പതിവുപോലെ അടുത്ത ദിവസവും കരീം മാസ്റ്റർ ക്ലാസിലെത്തി. ഹാജർ വിളിച്ചതിന് ശേഷം പറഞ്ഞു.

"എല്ലാവരും ശ്രദ്ധിക്കുക... നമ്മുടെ ക്ലാസിലാണ് ഈ സ്‌കൂളിലെ സകല കളിക്കാരും ഉള്ളത്..." 

"നാരായണാ ... നിന്നെയാണ് ആ പറഞ്ഞത്.." നാരായണനെ തോണ്ടിക്കൊണ്ട് ഗോവിന്ദൻ പറഞ്ഞു.

"ഏയ്... അത് അനിലിനെപ്പറ്റിയാകും..." നാരായണൻ മെല്ലെ തലയൂരി.

"ഡോണ്ട് ടോക്ക് ... മലയാളത്തിലല്ലേ നിങ്ങളോട് പറഞ്ഞത്...?" കരീം മാസ്റ്ററുടെ ശബ്ദം ഉയർന്നു.ഒപ്പം ഗോവിന്ദനെ രൂക്ഷമായി ഒന്ന് നോക്കി.

"അപ്പോൾ നിങ്ങൾ ഏതെങ്കിലും ഒരു ഗെയിംസ് ഇനത്തിൽ പങ്കെടുക്കാൻ പോകുമ്പോൾ എലിജിബിലിറ്റി തെളിയിക്കണം...അതിനാവശ്യമായ സർട്ടിഫിക്കറ്റ് വാങ്ങണം..."

'ഓ...ഈ കളിയായിരുന്നോ പറഞ്ഞത്...' നാരായണനും ഗോവിന്ദനും പരസ്പരം നോക്കി.

"ഇനി മുതൽ നിങ്ങൾക്ക് ഓഫീസിൽ നിന്ന് എന്ത് സർട്ടിഫിക്കറ്റ് വേണമെങ്കിലും നിങ്ങളുടെ അഡ്മിഷൻ നമ്പർ പറഞ്ഞു കൊടുത്താൽ മതി... എല്ലാവരും അവനവന്റെ അഡ്മിഷൻ നമ്പർ എഴുതി വച്ചോളൂ ..." തുടർന്ന് ഓരോ കുട്ടിയുടെയും പേര് വിളിച്ച് അഡ്മിഷൻ നമ്പർ പറഞ്ഞു കൊടുത്തു. 

അന്ന് സ്‌കൂളിലെ പ്രമുഖ താരങ്ങളിൽ ഒരാളായിരുന്നു ജോമണി. കരീം മാസ്റ്റർ അഡ്മിഷൻ നമ്പർ വായിച്ചപ്പോൾ ജോമണി അത് മനസ്സിലാക്കി വച്ചു. എഴുതി വയ്ക്കാൻ അപ്പോൾ ജോമണിക്ക്  തോന്നിയില്ല.മാഷ് അടുത്ത ആളുടെ അഡ്മിഷൻ നമ്പർ പറയുമ്പോഴേക്കും ജോമണി തൊട്ടടുത്തിരുന്ന മൈക്കിളുമായി മറ്റെന്തോ സംസാരത്തിൽ ഏർപ്പെട്ടു.  ഇതിനിടക്ക് ജോമണി തന്റെ അഡ്മിഷൻ നമ്പർ മറന്നു പോവുകയും ചെയ്തു.

കൃത്യം മൂന്ന് ദിവസം കഴിഞ്ഞ്, ജില്ലാ തല മത്സരത്തിന് പോകാനായി ജോമണിക്ക് എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ആവശ്യമായി വന്നു. കരീം മാസ്റ്റർ പറഞ്ഞ സംഗതി ഒന്നും ഓർമ്മയിൽ ഇല്ലാത്തതിനാൽ ജോമണി നേരെ ഓഫീസിലേക്ക് ചെന്നു. അന്ന് ഹെഡ്‌മാസ്റ്റർ കസേരയിൽ ഉണ്ടായിരുന്നത് കരീം മാസ്റ്റർ ആയിരുന്നു.

"എന്താ ... വേണ്ടത്?" കരീം മാസ്റ്റർ ചോദിച്ചു.

"സാർ...വോളിബാൾ മത്സരത്തിന് പോകാൻ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് വേണം.."

"ഓ...തരാലോ... നിന്റെ അഡ്മിഷൻ നമ്പർ പറയൂ..."

"ങേ!" പെട്ടെന്നാണ് അങ്ങനെ ഒരു കാര്യം കരീം മാസ്റ്റർ പറഞ്ഞിരുന്നത് ഓർമ്മയിൽ വന്നത്. എവിടെയും എഴുതി വയ്ക്കാത്തതിനാൽ ജോമണി അത് മറന്നു പോവുകയും ചെയ്തിരുന്നു.

"നമ്പർ പറയു..." മാസ്റ്റർ ജോമണിയെ നോക്കി സ്വരം ഒന്ന് കടുപ്പിച്ച് പറഞ്ഞു.

"അഡ്മിഷൻ നമ്പർ....? അഡ്മിഷൻ നമ്പർ ഓർമ്മയില്ല സേർ .." പേടിച്ച് കൊണ്ട് ജോമണി പറഞ്ഞു.

"പത്താം ക്ളാസിലെത്തിയിട്ട് ഇതൊന്നും ഓർമ്മയില്ലെന്നോ... അതിന് ഞാൻ നല്ലൊരു മരുന്ന് തരാം...പിന്നെ നിനക്ക് എന്നും ഓർമ്മയുണ്ടാകും..." ചൂരൽ വടി മേശപ്പുറത്ത് ഇരുന്ന് തന്നെ നോക്കി ചിരിക്കുന്നത് ജോമണി അറിഞ്ഞു. പക്ഷെ, അത് ഒന്ന് തൊടുക പോലും ചെയ്യാതെ ക്ലെർക്കിന്റെ അടുത്ത് പോയി നോക്കി മാഷ്  അഡ്മിഷൻ നമ്പർ എടുത്തു വന്നു.

"നിന്റെ അഡ്മിഷൻ നമ്പർ 3100 "

"താങ്ക് യൂ സാർ..." അഡ്‌മിഷൻ നമ്പർ കിട്ടിയ സന്തോഷത്തിൽ ജോമണി പറഞ്ഞു.

"ആ അതൊക്കെ സ്വീകരിച്ചു.... പക്ഷെ  ഒരു അമ്പത് തവണ ഇമ്പോസിഷൻ എഴുതിയിട്ട് വാ..." കരീം മാസ്റ്റർ പറഞ്ഞു.

ചൂരലിൽ നിന്നും രക്ഷപ്പെട്ട സന്തോഷത്തിൽ ജോമണി ക്ളാസിലേക്കോടി. ഒരു പേപ്പറിൽ തൻ്റെ അഡ്മിഷൻ നമ്പർ  അമ്പത് തവണ എഴുതി. അങ്ങനെ ലോക ചരിത്രത്തിലാദ്യമായി അഡ്മിഷൻ നമ്പർ ഇമ്പോസിഷൻ എഴുതിയ വ്യക്തിയായി ജോമണി മാറി. മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് ശേഷവും സ്‌കൂൾ അഡ്മിഷൻ നമ്പർ ഓർമ്മയിൽ സൂക്ഷിക്കുന്ന ഒരേ ഒരു വ്യക്തിയും ജോമണി ആയിരിക്കും !! 

Tuesday, March 09, 2021

വടക്കുന്നാഥൻ‌റെ മുമ്പിൽ

          തൃശൂർ എന്ന കേൾക്കുമ്പോഴേ എല്ലാവരുടെയും മനസ്സിൽ ആദ്യം ഓടി എത്തുന്നത് തൃശൂർ പൂരം തന്നെയായിരിക്കും. കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിന് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട് എന്ന് പറയപ്പെടുന്നു. പക്ഷെ ഇന്ന് വരെ തൃശൂർ പൂരം കാണാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടില്ല. ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ്-തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള പഞ്ചവാദ്യഘോഷങ്ങൾ, ആനപ്പുറത്തെ കുടമാറ്റം, പുലർച്ചെയുള്ള വെടിക്കെട്ട് എന്നിവയാണ് പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍ എന്ന് വായിച്ചിട്ടുണ്ട്. തൃശ്ശൂര്‍ നഗരമദ്ധ്യത്തിലുള്ള വടക്കുംനാഥന്‍ ക്ഷേത്രത്തിലും ക്ഷേത്രത്തിനു ചുറ്റുമുള്ള തേക്കിന്‍കാട് മൈതാനത്തിലുമായാണ് പൂരത്തിന്റെ ചടങ്ങുകള്‍ എല്ലാം നടക്കുന്നത്.

          തൃശൂരിൽ നിരവധി തവണ പോയിട്ടുണ്ടെങ്കിലും വടക്കുംനാഥന്‍ ക്ഷേത്രത്തിന്റെ പരിസരത്തും തേക്കിൻകാട് മൈതാനത്തും അൽപ സമയം ചെലവഴിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ഇത്തവണ വൈഗ കാർഷികമേളയോടനുബന്ധിച്ചുള്ള അഗ്രിഹാക്കത്തോണിന്റെ ജൂറിയായി അവസരം കിട്ടിയപ്പോൾ ഇത്തിരി നേരം ക്ഷേത്ര പരിസരത്ത് ചുറ്റി നടക്കാൻ സാധിച്ചു. അപ്പോഴാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട സിനിമാഗാനങ്ങളിൽ ഒന്നായ  തൂവാനത്തുമ്പികൾ എന്ന ഹിറ്റ് സിനിമയിലെ ഒരു പാട്ട് എൻ്റെ മനസ്സിൽ ഓടി എത്തിയത്.

ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ വടക്കുന്നാഥൻ‌റെ മുമ്പിൽ
പാടുവതും രാഗം നീ തേടുവതും രാഗമാ
ദേവനുമനുരാഗിയാം അമ്പലപ്രാവേ (ഒന്നാം)


               ജൂറി അംഗങ്ങൾക്ക് താമസമൊരുക്കിയിരുന്ന ഹോട്ടൽ എലൈറ്റ് ഇന്റർനാഷണൽ വടക്കുംനാഥന്‍ ക്ഷേത്രത്തിന്റെ തൊട്ടടുത്ത് തന്നെയായിരുന്നു. അതിരാവിലെ പ്രഭാത നടത്തത്തിനായി റൗണ്ടിലേക്ക് ഇറങ്ങിയ ഞാൻ കണ്ടത്, തേക്കിൻകാട് മൈതാനത്തിലൂടെ നടക്കുന്ന ആണും പെണ്ണും അടങ്ങിയ സംഘങ്ങളെയാണ്.നിമിഷങ്ങൾക്കകം ഞാനും ആ സംഘത്തിൽ ഒരുവനായി അലിഞ്ഞു ചേർന്നു.
             നടത്തം ഒരു ഫുൾ റൗണ്ട് പൂർത്തിയാക്കിയപ്പോഴാണ്, എൻ്റെ കലാലയ ജീവിതം തുടങ്ങിയ വർഷത്തിൽ  മോഹൻലാലും പാർവ്വതിയും കണ്ണുകളാൽ അർച്ചന നടത്തിയ ആ സ്ഥാനത്ത് ആണ് ഞാൻ എത്തിയതെന്ന് തിരിച്ചറിഞ്ഞത്. 
              നടത്തം കഴിഞ്ഞ് അൽപനേരം തേക്കിന്‍കാട് മൈതാനത്തിൽ ഇരുന്ന് മന്ദമാരുതന്റെ തലോടലും കൂടി ഏറ്റുവാങ്ങിയപ്പോൾ മനസ്സ് ഫ്രഷ് ആയി.അങ്ങനെ, ഒരു ടൂർ പ്രോഗ്രാമിലോ മറ്റേതെങ്കിലും യാത്രയിലോ ഒരു പക്ഷെ ആസ്വദിക്കാൻ സാധിക്കാത്ത അനുഭവമായി ഈ യാത്ര മാറി.

Sunday, February 28, 2021

അന്തവും ആദ്യവും

                 എൻ്റെ ഉമ്മ സർക്കാർ സർവീസിൽ നിന്ന് വിരമിച്ചത് 1996 മാർച്ച് 31 നായിരുന്നു.കൃത്യം ഒരു മാസം കഴിഞ്ഞ് ഏപ്രിൽ 30 ന് ഞാൻ സർക്കാർ സർവീസിൽ പ്രവേശിക്കുകയും ചെയ്തു. ബാപ്പയും ഉമ്മയും അടുത്തൂൺ പറ്റിയതിന് പിന്നാലെ എൻ്റെ കുടുംബത്തിൽ നിന്നും ഞാൻ സർവീസിൽ പ്രവേശിച്ചത് അന്ന് ഏറെ സന്തോഷം നൽകി.കാരണം, രണ്ട് എയ്‌ഡഡ്‌ സ്‌കൂളുകളിൽ അധ്യാപക തസ്തികയിലേക്ക് അഭിമുഖത്തിന് ഹാജരായി, നിഷ്കരുണം പുറത്തായി നിൽക്കുന്ന സമയത്താണ്, സർക്കാർ ജോലി നേടി എടുത്ത് അവരോട് ഞാൻ മധുര പ്രതികാരം ചെയ്തത് . അന്ന് ആ സ്‌കൂളുകളിൽ ജോലി ലഭിക്കാത്തതിനാൽ ഇന്ന് ഞാൻ കോളേജിൽ ജോലി ചെയ്യുന്നു . ദൈവത്തിന് സ്തുതി.

              ഇക്കഴിഞ്ഞ ആഴ്ച മറ്റൊരു യാദൃശ്ചികത എന്റെ കുടുംബത്തിൽ ഉണ്ടായി. എന്റെ ഭാര്യയും മകളും ഒരേ പി.എസ്.സി പരീക്ഷ എഴുതി. ഈ വർഷം മുതൽ ഏർപ്പെടുത്തിയ പ്രിലിമിനറി പരീക്ഷ ആയിരുന്നു ഉമ്മയും മകളും ഒരുമിച്ചെഴുതിയ പരീക്ഷ. രണ്ട് വ്യത്യസ്ത തസ്തികകളിലേക്കായിരുന്നു പരീക്ഷ. പരീക്ഷാ കേന്ദ്രവും വ്യത്യസ്തമായിരുന്നു. ഈ പരീക്ഷ പാസായില്ലെങ്കിൽ അദ്ധ്യാപകേതര പോസ്റ്റിലേക്കുള്ള, ഭാര്യയുടെ അവസാനത്തെ പി.എസ്.സി പരീക്ഷ ആയിരിക്കും ഇത്. അതേ സമയം മോള് എഴുതിയ ആദ്യത്തെ പി.എസ്.സി പരീക്ഷയും. ഫലം വരുമ്പോൾ ആര് ജയിക്കും എന്നതാണ് ഞങ്ങൾ ഉറ്റു നോക്കുന്നത് !

             എന്റെ കൂടെ പോസ്റ്റ് ഗ്രാജുവേറ്റ് പരീക്ഷ എഴുതിയ എന്റെ ഭാര്യ, മകളുടെ കൂടെ പി.എസ്.സി പരീക്ഷയും എഴുതിക്കൊണ്ട് ഞങ്ങളുടെ കുടുംബത്തിലെ ഒരു അപൂർവ്വ റിക്കാർഡിന് ഇതോടെ ഉടമയായി.

NB: അപ്പോൾ തലക്കെട്ട് അങ്ങനെത്തന്നെയല്ലേ ശരി?

Friday, February 26, 2021

കാലൊപ്പുകൾ

എന്റെ ചെറുപ്പം തൊട്ടേ എനിക്കിഷ്ടപ്പെട്ട ഒന്നായിരുന്നു യാത്രകൾ. ഉമ്മയുടെ നാടായ അരീക്കോട് നിന്നും ഉപ്പയുടെ നാടായ പേരാമ്പ്രയിലേക്ക് വർഷത്തിൽ ഒരിക്കൽ വരുന്ന വേനലവധിക്കാലത്ത് നടത്തുന്ന ബസ്  യാത്രകൾ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസങ്ങളിൽ പെട്ടതായിരുന്നു.രണ്ട് ബസ്സിൽ കയറുന്നതും കോഴിക്കോട് കാണുന്നതും (ബസ്  സ്റ്റാന്റ് മാത്രം) ബസ് ടിക്കറ്റ് സൂക്ഷിക്കുന്നതും എല്ലാം അന്നത്തെ ടോപ് സംഭവങ്ങൾ ആയിരുന്നു. ഇന്ന് യാത്ര സ്വന്തം വാഹനത്തിൽ ആയതിനാൽ ആസ്വാദനത്തിന്റെ രീതിയും രുചിയും എല്ലാം മാറി.

വല്ലപ്പോഴും കിട്ടിയിരുന്ന ആ യാത്രാ അനുഭവങ്ങൾ ആയിരിക്കാം ഒരു പക്ഷെ എന്നിൽ ഒരു യാത്രാ ഭ്രാന്തനെ സൃഷ്ടിച്ചത്. മൻസൂറിനെപ്പോലെ അത്ര തലക്ക് പിടിച്ചില്ല എന്നത് എന്റെ സമയത്തിന്റെ പരിമിതികളും അവന്റെയും എന്റെയും യാത്രാ സങ്കൽപ്പത്തിലുള്ള വ്യത്യാസങ്ങളുമായിരിക്കാം. യാത്ര ചെയ്ത സ്ഥലങ്ങളെപ്പറ്റി എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾക്കൊപ്പം നമ്മുടെ കുറെ അനുഭവങ്ങളും കൂടി പങ്കു വയ്ക്കുമ്പോൾ ആ വിവരണം ഉപകാരപ്രദവും ഒപ്പം ഹൃദ്യവും ആകും. 

മൻസൂറിന്റെ യാത്രാ കുറിപ്പുകൾ വായനക്കാരെ പിടിച്ചിരുത്തുന്നത് ഈ രണ്ട് ചേരുവകളും കൃത്യമായി ചേരുന്നത് കൊണ്ടാണ്. കാലൊപ്പുകൾ പരിചയപ്പെടുത്തുന്നത് അത്തരം നിരവധി യാത്രാനുഭവങ്ങളാണ്. അതിൽ ഒരു വിളിപ്പാടകലെ കാറ്റു കൊള്ളാൻ പോയ യാത്രകളുണ്ട് ,ഉപ ഭൂഖണ്ഠങ്ങൾ താണ്ടിയുള്ള യാത്രയും ഉണ്ട്. അതായത് ചെറുതും വലുതുമായ ഏത് യാത്രയും ഒരു യാത്രാപ്രാന്തനെ സംബന്ധിച്ചിടത്തോളം അനുഭവങ്ങളുടെ അക്ഷയ ഖനിയാണ്.

മാവൂരിനടുത്തുള്ള കൽപ്പള്ളി എന്ന സ്ഥലത്തെ പറ്റി പറയുന്ന ഭാഗം വായിക്കുമ്പോൾ ഞാൻ വെറുതെ ഒന്ന് പുറത്തേക്ക് നോക്കി. അവൻ പറഞ്ഞ സ്ഥലത്തായിരുന്നു അപ്പോൾ ഞാൻ യാത്ര ചെയ്തിരുന്ന ബസ് നിന്നിരുന്നത് . വെള്ളം നിറഞ്ഞ പാടത്തിന് നടുവിൽ നിൽക്കുന്ന മരത്തിൽ ഞാൻ ഇതുവരെ കാണാത്ത ഒരു പക്ഷി തല ഉയർത്തി നിൽക്കുന്നു! ഏതോ ദേശത്ത് നിന്നും മാസങ്ങൾക്ക് മുമ്പ് കുടിയേറി ഇനി സ്വന്തം നാട്ടിലേക്ക് പറക്കുന്നതിന് മുമ്പ് താൻ വിരാചിച്ച ഇടം മുഴുവൻ കൺ നിറയെ കാണുന്ന ഒരു പക്ഷി. ഒരു പക്ഷെ ഇനിയും ഒരു ദേശാടനത്തിന് ബാല്യമില്ല എന്ന് തിരിച്ചറിഞ്ഞാണോ ആ കൊക്ക് ഈ നാടിനോട് യാത്ര പറയുന്നത് എന്ന് തോന്നിപ്പോയി.ഇങ്ങനെ നിരവധി അനുഭവങ്ങൾ കാലൊപ്പിലൂടെ തത്സമയം നമുക്ക് ലഭിക്കും. യാത്ര ഇഷ്ടപ്പെടുന്ന ഒരാളാണെങ്കിൽ കാലൊപ്പുകൾ  ഒരൊറ്റ ഇരുപ്പിന് വായിച്ച് തീർക്കാൻ തോന്നും. 


പുസ്തകം : കാലൊപ്പുകൾ 
രചയിതാവ് : മൻസൂർ അബ്ദു ചെറുവാടി 
പ്രസാധകർ : പെൻഡുലം ബുക്സ് 
പേജ് : 112 
വില: 110 രൂപ
 

Wednesday, February 17, 2021

സൌഹൃദം പൂക്കുന്ന വഴികൾ - 10

VAIGA അഗ്രി ഹാക്കത്തോണിന്റെ രണ്ടാം ദിവസം, എൻ്റെ ജീവിതത്തിലെ തന്നെ ഏറ്റവും സന്തോഷകരമായ ദിനങ്ങളായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. ജൂറി അംഗങ്ങളായി വന്ന പലരും NSS ലൂടെ മുൻ പരിചയം ഉള്ളവരായിരുന്നു. ഓർഗനൈസിംഗ്‌ കമ്മിറ്റിയുടെ ഭാഗമായി പ്രവർത്തിക്കുന്ന വളണ്ടിയർമാർ വിവിധ കാമ്പസുകളിൽ ഉണ്ടായിരുന്ന പ്രഗത്ഭരായ മുൻ NSS വളണ്ടിയർമാരും. എല്ലാം കൂടി, കഴിഞ്ഞ മൂന്ന് വർഷമായി എനിക്ക് നഷ്ടമായ പഴയ NSS കാലത്തേക്ക് എന്നെ കൈ പിടിച്ച് കൊണ്ടുപോയി.

തൃശൂരിൽ എത്തി എന്ന് വാട്സ്ആപ്പിലെ വിവിധ ഗ്രൂപ്പുകളിൽ സന്ദേശം ഇട്ടതിന്റെ അടിസ്ഥാനത്തിൽ രാത്രി തന്നെ മൂന്നാമത്തെ വിളിയും വന്നു  വിളിക്കാരി വളരെ അടുത്ത പരിചയം ഉള്ളതുപോലെയായിരുന്നു സംസാരിച്ചത്. നമ്പർ സേവ് ചെയ്യാത്തതിനാൽ എനിക്ക് പെട്ടെന്ന് ആളെ പിടികിട്ടിയില്ല. 'ഞാൻ ഫൗസിയയാണ്' എന്ന് അറിയിച്ചപ്പോഴാണ് ഏതാനും മാസങ്ങൾക്ക് മുമ്പ് രൂപീകരിച്ച ബി എഡ് ഗ്രൂപ്പ് പെട്ടെന്ന് ഓർമ്മയിൽ തെളിഞ്ഞത്. 

ഫൗസിയ മാത്‍സ് ലും ഞാൻ ഫിസിക്കൽ സയൻസിലും ആയിരുന്നു.കൂർക്കഞ്ചേരി താമസിക്കുന്ന അവളുടെ വീട്ടിലേക്ക് രാത്രി ഭക്ഷണത്തിനായിരുന്നു ക്ഷണം.ബട്ട്, ഹാക്കത്തോൺ മൂല്യനിർണ്ണയം ഒരു റൌണ്ട് രാത്രിയും ഉള്ളതിനാൽ ഞാനത് സ്നേഹപൂർവ്വം നിരസിച്ചു. എങ്കിൽ വൈകിട്ട് ഓഫീസിൽ നിന്നിറങ്ങുമ്പോൾ കോളേജിൽ വന്ന് കാണാമെന്ന് പറഞ്ഞപ്പോൾ എന്റെ മനസ്സ് നിറഞ്ഞു. കാരണം 1995 ൽ പിരിഞ്ഞ ഒരു ബന്ധം 25 വർഷത്തിന് ശേഷം വിളക്കി യോജിപ്പിക്കാൻ പോവുകയാണ്. പറഞ്ഞപോലെ ഫൗസിയ വൈകിട്ട് കോളേജിൽ വന്നു. കയ്യിൽ ഒരു മൊബൈൽ ഫോണും  കൂടെ ഭർത്താവും ഉണ്ട് എന്നതൊഴിച്ചാൽ പഴയ ഫൗസിയയും പുതിയ ഫൗസിയയും തമ്മിൽ ഒരു മാറ്റവും ഇല്ലായിരുന്നു.  

രാത്രി റൂമിൽ എത്തിയപ്പോഴാണ് മറ്റൊരാൾ കൂടി മനസ്സിൽ പാഞ്ഞു കയറിയത്. 1996 ൽ പി ജി ക്ക് തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ ഒരുമിച്ചുണ്ടായിരുന്ന ഈരാറ്റുപേട്ടക്കാരി ഷിലു ഷാലിമാർ. കല്യാണം കഴിഞ്ഞ് തൃശൂർ ടൗണിൽ തന്നെയാണ് താമസം എന്ന് രണ്ട് വർഷം മുമ്പ് അറിയിച്ചിരുന്നു.പിന്നീട് പല തവണ തൃശൂർ പോയെങ്കിലും സായിപ്പിനെക്കാണുമ്പോൾ കവാത്ത് മറക്കുന്നപോലെ തൃശൂരിൽ എത്തുമ്പോൾ അത് ഓർമ്മയിൽ വരില്ല.ഓർമ്മ മനസ്സിൽ മിന്നി മറഞ്ഞ സമയം,  രാത്രി ഏറെ വൈകിയിരുന്നതിനാൽ ഞാൻ തൃശൂരിൽ ഉണ്ട് എന്ന ഒരു മെസേജ് മാത്രം ഇട്ടു. പിറ്റേന്ന് രാവിലെ അവളും വിളിച്ചു- ഉച്ചയൂണിനായിരുന്നു ക്ഷണം.  

ഹാക്കത്തോൺ അവസാനഘട്ട മൂല്യ നിർണ്ണയത്തിന്റെ ഷെഡ്യൂൾ പെട്ടെന്ന് ഒരു മാറ്റം വന്നതിനാൽ ഷിലുവിന്റെ ക്ഷണവും എനിക്ക് സ്വീകരിക്കാൻ സാധിച്ചില്ല. എങ്കിലും തൃശൂർ വിടുന്നതിനു മുമ്പ് ഞാൻ വീട്ടിൽ വന്നിരിക്കും എന്ന് വാക്കു കൊടുത്തു. ഉച്ചക്ക് ശേഷം രാകേഷിനെ വീണ്ടും വിളിച്ച് ഞാൻ എന്റെ പ്ലാനുകൾ പറഞ്ഞു. അതനുസരിച്ച് രാകേഷ് വണ്ടിയുമായെത്തി. അങ്ങനെ 23 വർഷങ്ങൾക്ക് ശേഷം ആ കൂട്ടുകാരിയേയും നേരിട്ട് കണ്ടു. വിഭവ സമൃദ്ധമായ സൽക്കാരവും അതിലും സമൃദ്ധമായ ഓർമ്മപ്പെയ്ത്തും ആ സായാഹ്നത്തെ ധന്യമാക്കി.
നാട്ടിലേക്ക് മടങ്ങാനായി KSRTC സ്റ്റാന്റിൽ എത്തിയെങ്കിലും നേരിട്ട് ബസ് ഇല്ല എന്നറിഞ്ഞതോടെ രാകേഷിന്റെ കൂടെ വീണ്ടും ഹോട്ടലിലേക്ക് തന്നെ മടങ്ങി.ഏകാന്തതയുടെ വിരസത അകറ്റാൻ പുസ്തകം കയ്യിലുണ്ടായിരുന്നെങ്കിലും രാകേഷിനെ ഞാൻ റൂമിലേക്ക് ക്ഷണിച്ചു. എന്റെ അനുഭവങ്ങളും രാകേഷിന്റെ അനുഭവങ്ങളും പെയ്തൊഴിയുമ്പോൾ രണ്ട് മണിക്കൂർ പിന്നിട്ടിരുന്നു.

ഹാക്കത്തോണിനാണ് പോയതെങ്കിലും അപ്രതീക്ഷിതമായി ഈ ദിനങ്ങൾ എനിക്ക് എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാനുള്ളതായി മാറി.ഇഴ പിരിഞ്ഞ സൗഹൃദങ്ങളെ അടുപ്പിക്കാൻ കൂടി ഈ തൃശൂർ ദിനങ്ങൾ കനിഞ്ഞ്  നൽകിയ ദൈവത്തിന് സ്തുതി.