Pages

Monday, December 20, 2021

കുരിച്ചിക്കട്ട

ഒരിടത്ത് ഒരു കുട്ടിയും അവന്റെ മാതാപിതാക്കളും താമസിച്ചിരുന്നു. ലിദു എന്നായിരുന്നു കുട്ടിയുടെ പേര് . അഞ്ച് വയസ്സായിരുന്നു അവന്റെ പ്രായം. മാതാപിതാക്കൾ സ്നേഹപൂർവ്വം അവനെ ലിദുട്ടൻ എന്നാണ് വിളിച്ചിരുന്നത്. ലിദു തന്റെ പിതാവിനെ അബ്ബ എന്നും മാതാവിനെ ഉമ്മി എന്നും വിളിച്ചു. അടുക്കള കൃഷിയിൽ തല്പരർ ആയിരുന്നു ലിദുവിന്റെ അബ്ബയും ഉമ്മിയും.

അങ്ങനെയിരിക്കെ മഴക്കാലം ആരംഭിച്ചു . എന്നും മഴ തിമർത്തു പെയ്തു കൊണ്ടിരുന്നു. മഴക്ക് തെല്ലൊരാശ്വാസം ലഭിച്ച ഒരു ദിവസം മുറ്റത്തേക്കിറങ്ങിയതായിരുന്നു ലിദു. അബ്ബ പൂമുഖത്ത് എന്തോ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. ഉമ്മി അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്ന തിരക്കിലും ആയിരുന്നു .

"അബ്ബാ .... ഒരു പാമ്പ് ... " മുറ്റത്ത് നിന്നുള്ള ലിദുട്ടന്റെ വിളി കേട്ട് അബ്ബയും ഉമ്മിയും ഞെട്ടി.

"ങേ!! എവിടെ ? " അബ്ബ കസേരയിൽ നിന്ന് ചാടി എണീറ്റു .

"ഇന്നലെ നമ്മൾ നട്ട തൈയ്യിന്റെ ചുവട്ടിൽ... "

"ലിദുട്ടൻ എവിടെയാ നിൽക്കുന്നത് ? " ഉമ്മി അടുക്കളയിൽ നിന്നും ബേജാറോടെ ചോദിച്ചു.

"ഞാൻ പാമ്പിന്റെ അടുത്താ ... "

" യാ കുദാ .... " കയ്യിൽ ഏന്തിയിരുന്ന തള്ളക്കയില് വലിച്ചെറിഞ്ഞ് അടുക്കളയിൽ നിന്ന് ഉമ്മിയും കയ്യിലെ പേന നിലത്തിട്ട് അബ്ബയും മുറ്റത്തേക്കോടി. ചെറിയൊരു വടി എടുത്ത് എന്തിനെയോ തോണ്ടിക്കൊണ്ടിരിക്കുന്ന മകന്റെ അടുത്ത് രണ്ട് പേരും രണ്ട് ദിശയിൽ നിന്ന് കുതിച്ചെത്തി.

"എവിടെ ?എവിടെ പാമ്പ് ?  " ആദ്യം എത്തിയ അബ്ബ ചോദിച്ചു.

" ദാ ... ആ ഇലയുടെ ചുവട്ടിൽ ...."

"നിക്ക് ....... നിക്ക്.....ഞാനാ ചൂരൽ വടി എടുക്കട്ടെ " അബ്ബ വേഗം പോയി ഒരു മുട്ടൻ വടിയുമായി ഉടൻ തന്നെ തിരിച്ചു വന്നു.

"എന്തിനാ അബ്ബാ ഈ വടി ?" ലിദുട്ടൻ ചോദിച്ചു.

"പാമ്പിനെ തല്ലാൻ തന്നെ ... "

"പാമ്പ് പാവാ ...ഒന്നും ചെയ്യില്ല....ഞാനീ വടി കൊണ്ട് ഇത്രേം നേരം കളിപ്പിച്ചതാ ..."

"ങേ!! " ലിദുവിന്റെ സംസാരം കേട്ട് അബ്ബയും ഉമ്മിയും ഞെട്ടിപ്പോയി.

"ദാ....നോക്ക് ...പാവം പാമ്പ് ..." ഒരു കൂസലും കൂടാതെ ലിദു ആ ഇല മറിച്ചിട്ടു.നീണ്ടൊരു മണ്ണിരയെക്കണ്ട്, ഉമ്മി അബ്ബയുടെ മുഖത്തേക്ക് നോക്കി പൊട്ടിച്ചിരിച്ചു.

"മോനേ...ഇത് പാമ്പല്ല...മണ്ണിരയാ...മണ്ണിര .. " അബ്ബ ലിദുവിനോട് പറഞ്ഞു.

"മണ്ണിരപ്പാമ്പ് അല്ലേ ?"

"മണ്ണിര... നീ പ്രകൃതി ന്ന് കേട്ടിട്ടുണ്ടോ ? "

"ങാ ... നമ്മുടെ അയൽ വീട്ടിലെ ഐദിനെപ്പറ്റി അല്ലേ ... അവൻ നല്ല വികൃതിയാ... "

"വികൃതി അല്ല ... പ്രകൃതി..... പ്രകൃതി എന്ന് പറഞ്ഞാൽ ഈ ലോകം മുഴുവൻ... പ്രകൃതിയുടെ കലപ്പയാണ് മണ്ണിര  "

"കട്ടപ്പയും എനിക്കറിയാം ... "

" കട്ടപ്പ അല്ല ... കലപ്പ... മണ്ണിനെ ഇളക്കി മറിക്കുന്ന ഒരു സാധനം ... "

"ആ...അത് ഞാൻ കേട്ടിട്ടില്ല "

"നീ അല്പം അങ്ങോട്ട് മാറി നിൽക്ക്....ഞാൻ മണ്ണിരയെ ശരിക്ക് കാണിച്ച് തരാം ... "

"അയ്യേ... ഞാൻ അപ്പിയിൽ ചവിട്ടി..." എന്തിലോ ചവിട്ടിയ ലിദു വിളിച്ച് പറഞ്ഞു.

"ആരാ ഇവിടെ അപ്പി ഇട്ടത്...നോക്കട്ടെ"

അബ്ബ പറഞ്ഞതനുസരിച്ച് ലിദു കാല് പൊക്കി. കാൽ വെള്ളയിൽ പതിഞ്ഞ് നിൽക്കുന്ന മണ്ണിന്റെ കട്ട അബ്ബ കണ്ടു .

"അത് അപ്പിയല്ല, മണ്ണ് തന്നെയാ...മണ്ണിര മണ്ണും മറ്റ് ജൈവവസ്തുക്കളും തിന്നും…."

"അയ്യയ്യേ മണ്ണ് തിന്നേ..." 

"അതേ ...അത് തിന്ന മണ്ണും ജൈവവസ്തുക്കളും ദഹിച്ച ശേഷം പുറത്തേക്ക് വിടുന്ന മൺകൂനയിലാ നീ ചവിട്ടിയത് ...കുരിച്ചിക്കട്ട എന്നാ ആ മൺകൂനയെ വിളിക്കുക..  "

"മണ്ണിരക്കട്ട എന്ന് വിളിച്ചാ പോരെ ? "

"ലിദുട്ടന്റെ എല്ലും പല്ലും ഒക്കെ ഉറപ്പ് കിട്ടാൻ കാൽസ്യം അടങ്ങിയ കോഴിമുട്ട പോലുള്ളവ തിന്നണം എന്ന് പറയാറില്ലേ ? അതുപോലെ ചെടികൾക്ക് വളരാൻ ചില മൂലകങ്ങൾ വേണം ... അതിലൊന്നാണ് നൈട്രജൻ ..."

"ങാ ...നമ്മളെ കാറിന്റെ ടയറിൽ നിറച്ചത് ... "

" ആ നൈട്രജൻ ധാരാളം ഉണ്ടാകും ഈ കുരിച്ചിക്കട്ടയിൽ...പണ്ട് കാലത്ത് എല്ലാ വീടുകളുടെയും പിന്നാമ്പുറത്ത് നിറയെ കുരിച്ചിക്കട്ടകൾ ഉണ്ടായിരുന്നു ...  "

"ഇപ്പോ എന്താ അതൊന്നും ഇല്ലാത്തത് അബ്ബാ ..? "

" ഇപ്പോ മണ്ണിൽ മുഴുവൻ പ്ലാസ്റ്റിക്കല്ലേ...അങ്ങാടിയിൽ നിന്ന് സാധനങ്ങൾ വാങ്ങി പ്ലാസ്റ്റിക്ക് കവറിലിട്ട് കൊണ്ടുവരും ...ആ കവറ് നേരെ പറമ്പിലേക്ക് വലിച്ചെറിയും ...അത് മണ്ണിൽ താഴ്ന്ന്, കൊല്ലങ്ങളോളം നശിക്കാതെ അവിടെ കിടക്കും ... "

"അത് കൊണ്ട് ?"

"അപ്പോ മണ്ണിരക്ക് മണ്ണിന് താഴേക്കും മുകളിലേക്കും സഞ്ചരിക്കാൻ പറ്റില്ല..ജീവിക്കാൻ കഴിയാതെ കുറെ എണ്ണം ചത്തുപോകും... ബാക്കിയാകുന്നവ വേറെ സ്ഥലത്തേക്ക് നീങ്ങും.... "

"അയ്യോ...അബ്ബാ ...അപ്പോ മിഠായിത്തോല് മണ്ണിലിടാൻ പറ്റോ ?"  

"ഇല്ല ...അതും മണ്ണിരയെ നശിപ്പിക്കും ... "

അബ്ബയുടെ മറുപടി കേട്ടപ്പോഴാണ് ഇന്നലെ കഴിച്ച മിഠായിയുടെ തോല് ജനലിലൂടെ പുറത്തേക്കിട്ടത് ലിദുവിന് ഓർമ്മ വന്നത്. അവൻ വീടിന്റെ പിൻവശത്തേക്ക് ഓടി.മണ്ണിൽ കിടന്ന  മിഠായിത്തോല് പെറുക്കി എടുത്ത് ക്ഷണ നേരം കൊണ്ട് തിരിച്ചെത്തി.

"ഇതെന്തിനാ മോനെ മിഠായിത്തോല്? "

"നമ്മുടെ വീട്ടിലെ മണ്ണിരപ്പാമ്പിന് സുഖമായി താമസിക്കാൻ തന്നെ...ഇനി  മിഠായിത്തോലൊന്നും ഞാൻ മണ്ണിലേക്കിടില്ല ... "

"ഗുഡ് ബോയ് ...അത് പ്ലാസ്റ്റിക്ക് വേസ്റ്റ് ഇട്ടു വയ്ക്കുന്ന ചാക്കിൽ ഇട്ടാൽ മതി.നിന്റെ കൂട്ടുകാരോടും ഇതൊക്കെ പറഞ്ഞ് കൊടുക്കണം ട്ടോ... വാ ....അടുത്ത മഴ ദാ വരുന്നു ...അകത്ത് കയറാം ...."

"ഓ കെ ... താങ്ക് യൂ അബ്ബാ ..."

"വെൽകം മൈ ഡിയർ"

Monday, December 13, 2021

ഒരു സ്പോട്ട് അലോട്ട്മെന്റ് ഗാഥ

എഞ്ചിനീയറിംഗ് അഡ്മിഷന്റെ ഡ്യൂട്ടിയിൽ വർഷങ്ങളായി ഉണ്ടെങ്കിലും ഒരു സ്പോട്ട് അഡ്മിഷന്റെ രസം അറിഞ്ഞത് പാലക്കാട് എഞ്ചിനീയറിംഗ് കോളേജിൽ എത്തിയപ്പോഴാണ്. എൻ.എസ് .എസ്  വേദികളിൽ നിന്നും പടിയിറങ്ങിയ ശേഷം ആൾക്കൂട്ടത്തെ അഭിസംബോധന ചെയ്യാൻ അവസരം കിട്ടിയിരുന്നത് ഓൺലൈനിൽ മാത്രമായിരുന്നു. ആ കുറവും ഈ സ്പോട്ട് അഡ്മിഷൻ പരിഹരിച്ചു.അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ഷൈൻ സാർ മൈക്ക് എന്റെ നേരെ നീട്ടി 'ആമയും മുയലും' കഥ പറയാൻ ആവശ്യപ്പെട്ടപ്പോൾ ഒരു മടിയും കൂടാതെ അത് ഏറ്റെടുക്കാൻ എന്നെ സഹായിച്ചത് എൻ.എസ് .എസ് വേദികളിലെ എന്റെ മുൻ പരിചയം തന്നെയാണ്. 

സ്പോട്ട് അഡ്മിഷൻ രജിസ്ട്രേഷന് വേണ്ടി കാത്ത് നിൽക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും മുമ്പിലായിരുന്നു ശ്രീകൃഷ്ണപുരം കോളേജിലെ എന്റെ കന്നി അരങ്ങേറ്റം. അവരോട്  കഥ പറഞ്ഞില്ലെങ്കിലും കാര്യം പറയാൻ എനിക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല.കാരണം മാസങ്ങളായി യൂ ട്യൂബ് ചാനലിലൂടെ ഞാൻ ചെയ്ത് കൊണ്ടിരിക്കുന്ന കാര്യം എന്റെ പ്രേക്ഷകർക്ക് മുമ്പിൽ ലൈവായി അവതരിപ്പിക്കാൻ മാത്രമേ ഉണ്ടായിരുന്നുള്ളു.അത് ഭംഗിയായി അവതരിപ്പിച്ചു എന്നാണെന്റെ വിശ്വാസം.കാരണം ഞാൻ പറഞ്ഞ കാര്യങ്ങളെ അടിസ്ഥാനമാക്കി പല രക്ഷിതാക്കളും സംശയങ്ങൾ ചോദിച്ചു.

യൂ ട്യൂബ് ചാനലിലൂടെ മാത്രം കണ്ട് ഏറെ സുപരിചിതമായ എന്നെ നേരിൽ കണ്ടതിന്റെ സന്തോഷം പങ്കിടാനും  നേരിട്ട് സംസാരിക്കാനും നന്ദി പറയാനും വീഡിയോകളെപ്പറ്റിയുള്ള നല്ല വാക്കുകൾ പറയാനും കുറവുകൾ പറഞ്ഞ് തന്ന് സഹായിക്കാനുമെല്ലാം കുട്ടികളും രക്ഷിതാക്കളും മത്സരിച്ചപ്പോഴാണ് നാളിതുവരെ ചെയ്തുവന്ന കർമ്മത്തിന്റെ മഹത്വം ഞാൻ പോലും തിരിച്ചറിഞ്ഞത്.പലരും വാക്കുകൾ കിട്ടാതെ വിഷമിക്കുന്നതും ഞാൻ കണ്ടു.

ഉച്ചക്ക് ഒരു മണിയോടെ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ നിന്ന് രണ്ടര മണിയോടെ അലോട്ട്മെന്റ് തുടങ്ങി. സഹപ്രവർത്തകനും കമ്പ്യൂട്ടർ പ്രോഗ്രാമറുമായ പ്രേം കുമാർ സർ ആദ്യത്തെ ആളെ വിളിച്ചു അഡ്മിഷൻ ആരംഭിച്ചു.എന്റെ കയ്യിലെ പേപ്പറിൽ എനിക്ക് മനസ്സിലാകുന്ന കോഡിംഗിൽ ഞാനത് മാർക്ക് ചെയ്തു.വൈകുന്നേരം ആറ് മണിയായപ്പോഴേക്കും ഏതാനും പേര് മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളു.അത് തന്നെ കമ്പ്യൂട്ടർ സയൻസ്,ഇൻഫർമേഷൻ ടെക്‌നോളജി,ഇലക്ട്രോണിക്സ് എന്നീ ബ്രാഞ്ചുകൾക്ക് വേണ്ടിയുള്ളവർ മാത്രവും.

എൻറെ കയ്യിലെ പേപ്പറിലെ വെട്ടും കുത്തും വരയും എഴുത്തും കണ്ട് പലരും പല ഉപമകളും പറഞ്ഞു. അക്കൗണ്ട്സ് ഓഫീസറടക്കമുള്ള ഓഫീസ് ടീം, കള്ളികൾ വരച്ചും വെട്ടിയും മറ്റും ചെയ്ത അതേ സാധനമായിരുന്നു ഞാൻ വെറും ടാലി മാർക്കും ടോക്കൺ നമ്പറും വച്ച് ചെയ്തത്.അവസാന കണക്കെടുപ്പിൽ ഒഴിവ് വന്ന സീറ്റുകളുടെ എണ്ണം, എന്റെ മുന്നിലെ കുത്തിവരച്ച  കടലാസിൽ നോക്കി ഞാൻ കൃത്യമായി പറഞ്ഞപ്പോൾ എല്ലാവരും അത്ഭുതം കൂറി.

രാത്രി ഒമ്പത് മണി വരെ കാത്തിരുന്ന്, മറ്റു കോളേജിലേക്ക് പോയ കുട്ടികൾ കാരണം വന്നേക്കാവുന്ന ഒഴിവ് വരെ നികത്തിയാണ് ഞങ്ങൾ അഡ്മിഷൻ ക്ളോസ് ചെയ്തത്.ഹാജരായ 188 പേരിൽ 93 പേർക്കും അപ്പോഴേക്കും പ്രവേശനം ലഭിച്ചിരുന്നു. 

Wednesday, December 08, 2021

വിചിത്രം, ഈ തെരഞ്ഞെടുപ്പ് ഡ്യൂട്ടി

1998-ൽ ആരംഭിച്ച തെരഞ്ഞെടുപ്പ് ഡ്യൂട്ടികളിൽ വ്യത്യസ്തമായൊരു അദ്ധ്യായം തുന്നിച്ചേർത്തിക്കൊണ്ട് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും സമാപിച്ചു. നിരവധി പ്രത്യേകതകൾ നിറഞ്ഞതായിരുന്നു ഇത്തവണത്തെ എന്റെ ഇലക്ഷൻ ഡ്യൂട്ടി.പാലക്കാട് ജില്ലാ പഞ്ചായത്തിലേക്ക് ശ്രീകൃഷ്ണപുരം ഡിവിഷനിൽ നിന്നുള്ള ഒഴിവ് നികത്താനായിരുന്നു ഈ ഉപതെരഞ്ഞെടുപ്പ് നടന്നത്.പാലക്കാട് ചാർജ്ജ് എടുത്ത് ആദ്യമായി എൻറെ ബ്ലോഗിൽ കയറിക്കൂടിയ ആ തട്ടുകട സ്ഥിതിചെയ്യുന്ന കൂട്ടിലക്കടവ് നിന്ന്, നടന്നാൽ എത്തുന്ന ദൂരത്തുള്ള AMLP School പൊമ്പ്ര ആയിരുന്നു എനിക്ക് ഡ്യൂട്ടി കിട്ടിയ ബൂത്ത്.

പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർ വർഷങ്ങളായി ആവശ്യപ്പെടുന്ന ഒരു കാര്യം പ്രാവർത്തികമായി എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത.പോളിങ് സാമഗ്രികൾ എല്ലാം സെക്ടർ ഓഫീസർ ബൂത്തിൽ നേരിട്ടെത്തിക്കുകയും ബൂത്തിൽ നിന്ന് തന്നെ തിരിച്ചെടുക്കുകയും ചെയ്യുന്ന വലിയൊരു മാറ്റം ഇത്തവണ സംഭവിച്ചു.പോളിങ് ഉദ്യോഗസ്ഥർ ഉച്ചക്ക് 12 മണിയോടെ നേരിട്ട് ബൂത്തിൽ എത്തിയാൽ മതി എന്നായിരുന്നു നിർദ്ദേശം.പക്ഷെ ബൂത്ത് കണ്ടുപിടിക്കാൻ ഞങ്ങൾക്ക് അല്പം ബുദ്ധിമുട്ടേണ്ടി വന്നു എന്ന് മാത്രം.എങ്കിലും ആകെക്കൂടി ഒരു സമാധാനം അനുഭവപ്പെട്ടു.

ഒരു ഉപതിരഞ്ഞെടുപ്പിൽ ഡ്യൂട്ടി നിർവ്വഹിക്കാനുളള അവസരം ആദ്യമായിട്ടാണ് എനിക്ക് ലഭിക്കുന്നത്. അതും വർഷങ്ങളായി പ്രിസൈഡിംഗ് ഓഫീസറായി സേവനമനുഷ്ഠിക്കുന്ന എനിക്ക് കിട്ടിയത് ഫസ്റ്റ് പോളിംഗ് ഓഫീസറുട ഡ്യൂട്ടിയായിരുന്നു. അതിനാൽ തന്നെ വളരെ റിലാക്സ്ഡ് ആയിട്ടാണ് ജോലിക്ക് പോയത്. മാത്രമല്ല, ബൂത്ത്  എന്റെ റൂമിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ മാത്രം അകലെയായതിനാൽ ഉറങ്ങാൻ റൂമിൽ തന്നെ തിരിച്ചെത്തുകയും ചെയ്തു. ഇങ്ങനെ ഒരവസരം കിട്ടുന്നതും ആദ്യമായിട്ടായിരുന്നു.

സ്ഥാനാർത്ഥികളായും വോട്ടർമാരായും സ്ത്രീകൾ ഉണ്ടാവാറുണ്ടെങ്കിലും ബൂത്ത് ഏജന്റായി ഒരു സ്ത്രീയെ ആദ്യമായി കണ്ടതും ഇത്തവണയാണ്. ഉപതിരഞ്ഞടുപ്പ് ആയതിനാലാവും, ക്യൂ എന്നൊരു സംഗതിയേ ഇവിടെ കണ്ടില്ല. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് വൈകിട്ട് ആറ് മണിക്ക് അവസാനിക്കുമ്പോൾ 739 വോട്ടർമാരിൽ ആകെ വോട്ട് ചെയ്തത് 414 പേർ മാത്രമായിരുന്നു. അതായത് വെറും 56 ശതമാനം. ഇത്രയും കുറഞ്ഞ ശതമാനവും എന്റെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചരിത്രത്തിൽ ആദ്യമാണ്.ഡ്യൂട്ടി കഴിഞ്ഞ് പിറ്റേ ദിവസം ഞാൻ വീട്ടിലെത്തുമ്പോഴേക്കും വോട്ടെണ്ണലും ഫലപ്രഖ്യാപനവും കഴിഞ്ഞതും ഈ തെരഞ്ഞെടുപ്പിൽ മാത്രം.

നേരത്തെ മലപ്പുറം,വയനാട്,കോഴിക്കോട് ജില്ലകളിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി നിർവ്വഹിച്ച ഞാൻ ഇപ്പോൾ പാലക്കാട് ജില്ലയിലും അതിന്റെ ഭാഗമായി. 

Friday, December 03, 2021

രണ്ടു മത്സ്യങ്ങൾ

 പ്രൊഫസർ അംബികാസുതൻ മാങ്ങാടിനെപ്പറ്റി ധാരാളം കേട്ടിരുന്നു. എൻഡോസൾഫാൻ എന്ന് കേൾക്കുമ്പോൾ എൻമകജെ എന്ന കാസർകോടൻ ഗ്രാമവും പലരുടെയും മനസ്സിൽ ഓടിക്കയറുന്നത് ഇദ്ദേഹത്തിന്റെ അതേ പേരിലുള്ള നോവൽ കാരണമാണ്. നാലഞ്ച് വർഷങ്ങൾക്ക് മുമ്പ് ഡൽഹി നഗരം ശുദ്ധ ഓക്സിജനിനായി വീർപ്പുമുട്ടിയപ്പോൾ പ്രഫസർ നേരത്തെ എഴുതിയ ഒരു കഥയും വൈറലായിരുന്നു.

മുകേഷ് കഥകൾക്ക് ശേഷം വായിക്കാനായി കോളേജ് ലൈബ്രറിയിൽ പുസ്തകം തിരയുന്നതിനിടയിലാണ് രണ്ട് മത്സ്യങ്ങൾ എന്റെ കയ്യിൽ കുടുങ്ങിയത്. ആദ്യ കഥയുടെ ഏതാനും വരികളിലൂടെ പോയപ്പോൾ തന്നെ ഞാൻ ആ ചൂണ്ടയിൽ സോറി പുസ്തകത്തിൽ കുരുങ്ങി.

കവ്വായിക്കായലിലെ പൂവാലിയുടെയും അഴകന്റെയും പ്രേമലീലകളും  ശൂലാപ്പ് കാവും മനസ്സിൽ ഒരു മായാചിത്രം രചിച്ചു. എൻഡോ സൾഫാൻ ദുരിത ബാധിതരായ കുട്ടികളെ പരിചരിക്കാനായി , കയ്യിൽ കിട്ടിയ ജോലിയും സ്വന്തം പ്രേമവും വലിച്ചെറിയുന്ന പൊന്നുഷസിന്റെ  കഥപറയുന പൊന്നുഷസിന്റെ കുട്ടികൾ എന്ന കഥയും ഹൃദ്യമായി. ഓക്സിജൻ ക്ഷാമത്തെ ഹൃദയ ഭേദകമായി അവതരിപ്പിക്കുന്ന പ്രാണവായു വായിച്ച് തീരുമ്പോൾ മനസ്സിൽ മരണത്തിന്റെ ഒരു മരവിപ്പ് കയറുന്നില്ലെങ്കിൽ അയാൾ ഒരു മനുഷനായിരിക്കില്ല.

12 കഥകളും ഒരു പഠനവും കഥാകാരന്റെ കുറിപ്പും അടങ്ങുന്നതാണ് ഈ പുസ്തകം. ചില കഥകൾ മനസ്സിൽ കുരുങ്ങും. ചിലത് മനസ്സിനെ കുരങ്ങു കളിപ്പിക്കുകയും ചെയ്യും.

ചിന്താവിഷ്ടയായ ലീല , പറക്കുന്ന സുന്ദരികൾ, കാലത്തിന്റെ കളിയാട്ടങ്ങൾ എന്നീ കഥകൾ എനിക്ക് മനസ്സിലായതേയില്ല. ചെലോൽക്ക് മനസ്സിലാവും ചെലോൽക്ക് മനസ്സിലാവൂല .


പുസ്തകം : രണ്ടു മത്സ്യങ്ങൾ

രചയിതാവ്: അംബികാസുതൻ മാങ്ങാട്

പ്രസാധകർ : ഡി സി ബുക്സ്

വില: 75 രൂപ

പേജ്: 86


Thursday, December 02, 2021

തെരഞ്ഞെടുപ്പ് ഡ്യൂട്ടികൾ

 ബാലറ്റ് പെട്ടി തൂക്കിപ്പിടിച്ചായിരുന്നു ഞാൻ ഇലക്ഷൻ ഡ്യൂട്ടിയിലെ ഹരിശ്രീ കുറിച്ചത്. ത്രിതല പഞ്ചായത്തിലേക്കുള്ള മൂന്ന് വ്യത്യസ്ത നിറത്തിലുള്ള ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് തുടങ്ങിയ ആ കാൽവയ്പ് ഇത്രയും വ്യത്യസ്തങ്ങളായ അനുഭവങ്ങൾ നൽകും എന്ന് ഒരിക്കലും സ്വപ്നത്തിൽ പോലും കണ്ടിരുന്നില്ല. 

ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള നിയമസഭാ തെരഞ്ഞെടുപ്പ്, ഇലക്ട്രോണിക്  വോട്ടിംഗ് മെഷീൻ ഉപയോഗിച്ചുള്ള നിയമസഭാ തെരഞ്ഞെടുപ്പ്, വിവി പാറ്റ് ഉപയോഗിച്ചുള്ള നിയമസഭാ തെരഞ്ഞെടുപ്പ്, ഇലക്ട്രോണിക്  വോട്ടിംഗ് മെഷീൻ ഉപയോഗിച്ചുള്ള ലോകസഭാ തെരഞ്ഞെടുപ്പ്, ഇലക്ട്രോണിക്  വോട്ടിംഗ് മെഷീൻ ഉപയോഗിച്ചുള്ള പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഇങ്ങനെ എല്ലാ തരം തെരഞ്ഞെടുപ്പുകളിലും പോളിംഗ് ഉദ്യോഗസ്ഥനായി പിന്നീട് സേവനം അനുഷ്ടിച്ചു. ബാലറ്റ് പേപ്പർ എണ്ണിയിരുന്ന വോട്ടെണ്ണൽ ഡ്യൂട്ടിയും വോട്ടിംഗ് മെഷീനിലെ ബട്ടൺ ഞെക്കി വോട്ട് എണ്ണുന്ന ഡ്യൂട്ടിയും  പോളിംഗ് ഡ്യൂട്ടിക്ക് ശേഷം കിട്ടി. ഡ്യൂട്ടിക്ക് റിസർവ് ആയാലുള്ള ടെൻഷനും വോട്ടെണ്ണലിന് റിസർവ് ആയാലുള്ള സുഖവും അറിയാനും ഇക്കാലം വരെയുള്ള സർവ്വീസിനുള്ളിൽ സാധിച്ചു.

ടെണ്ടേർഡ് വോട്ട്, ചലഞ്ച്ഡ് വോട്ട്, കള്ളവോട്ട് , വോട്ടിംഗ് യന്ത്രത്തിന്റെ പണിമുടക്ക് തുടങ്ങീ തെരഞ്ഞെടുപ്പിന്റെ എല്ലാ കുണ്ടാമണ്ടികളും നേരിടാനും ഇത്രയും കാലത്തെ പോളിംഗ് ഡ്യൂട്ടിക്കിടെ അവസരം കിട്ടി. 

സ്ഥലം മാറ്റം കിട്ടിയാൽ തൊട്ടു പിന്നാലെ വരുന്ന ഇലക്ഷൻ ഡ്യൂട്ടി കൂടി നിർവ്വഹിക്കേണ്ടി വരിക എന്നത് എന്റെ തലയിലെഴുത്താണ്. ഇത്തവണയും അത് മാറിയില്ല. പാലക്കാട് ജോയിൻ ചെയ്ത് മൂന്ന് മാസം ആയപ്പഴേക്കും വന്ന പാലക്കാട് ജില്ലാ പഞ്ചായത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ഡ്യൂട്ടി  നിർവ്വഹിക്കാനുള്ള വാറോല ദിവസങ്ങൾക്ക് മുമ്പ് കൈപ്പറ്റി. ഒരു ഉപതെരഞ്ഞെടുപ്പിന്റെ ഡ്യൂട്ടി അനുഭവങ്ങൾ ഇത് വരെ ഇല്ലാത്തതിനാൽ ഇതും വ്യത്യസ്തമാകും എന്ന് പ്രതീക്ഷിക്കുന്നു. അനുഗ്രഹിക്കുക ആശീർവദിക്കുക.