Pages

Friday, May 10, 2024

കാവേരി നിസർഗധാം (കുടകിലൂടെ - 3)

റൂമിൽ നിന്നും (കുടകിലൂടെ - 2) ഒരു ചായ കുടിക്കാനായി പുറത്തിറങ്ങിയതായിരുന്നു ഞങ്ങളെല്ലാവരും.അപ്പോഴാണ് കർണ്ണാടക ടൂറിസം ഡിപ്പാർട്മെന്റിന്റെ കാവേരി നിസർഗധാം 0 Km എന്ന ബോർഡ് എന്റെ ശ്രദ്ധയിൽ പെട്ടത്.എന്റെ ഓർമ്മയിൽ തങ്ങി നിൽക്കുന്ന കാവേരി നിസർഗധാം വൈകുന്നേരം ചെലവഴിക്കാൻ പറ്റിയ ഒരു സ്ഥലം കൂടി ആയതിനാൽ സ്ഥലം എവിടെയാണെന്ന് ചായ കുടിച്ച് കൊണ്ടിരുന്ന ഹോട്ടലിലെ പെരിന്തൽമണ്ണക്കാരിയോട് ചോദിച്ചു.

"അതാ...ആ കാണുന്നത് തന്നെ..." റോഡിന്റെ മറുഭാഗത്ത് കാണുന്ന വലിയ കമാനം കാണിച്ച് തന്നുകൊണ്ട് അവർ പറഞ്ഞു.

കാവേരി നദിയിൽ നിരവധി ചെറു ദ്വീപുകൾ ഉണ്ട്. അതിൽ ഒന്നാണ് കാവേരി നിസർഗധാം.രാവിലെ ഒൻപത് മണിമുതൽ വൈകുന്നേരം 5 മണിവരെയാണ് പ്രവേശന സമയം.അറുപത് രൂപയാണ് പ്രവേശന ഫീസ്.പാർക്കിംഗ് ഫീ മുപ്പത് രൂപ കമാനം കടക്കുമ്പോൾ തന്നെ സെക്യൂരിറ്റി ഈടാക്കും. 

നദിയുടെ നടുവിൽ സ്ഥിതി ചെയ്യുന്ന ദ്വീപിലേക്ക് ഒരു തൂക്കുപാലത്തിലൂടെയാണ് എത്തിച്ചേരേണ്ടത്. 90 മീറ്റർ ആണ് തൂക്കുപാലത്തിന്റെ നീളം. തൂക്കുപാലം കടന്ന് അക്കരെയെത്തിയാൽ 35 ഏക്കറിലായി പടർന്ന് കിടക്കുന്ന സുന്ദരമായ നിസർഗധാമ ആയി. മുളങ്കാടുകൾ ആണ് നിസർഗധാമയുടെ മുഖമുദ്ര. കർണാടകയുടെ വിവിധ സാംസ്കാരിക കലകളെ പരിചയപ്പെടുത്തുന്ന ശില്പങ്ങൾ പല സ്ഥലങ്ങളിലായി ഉണ്ടാക്കിവച്ചിട്ടുണ്ട്.കൂടാതെ സഞ്ചാരികൾക്കായി തൂണിന് മുകളിൽ ഏറുമാടവും ഒരുക്കിയിട്ടുണ്ട്.


മുമ്പത്തെ തവണ വന്നപ്പോൾ പുഴയിൽ ഇറങ്ങിയിരുന്നതായി എന്റെ ഓർമ്മയിലുണ്ട്.പക്ഷെ ഇപ്പോൾ പുഴയിലേക്കുള്ള വഴികൾ എല്ലാം കമ്പിവേലി കെട്ടി ഭദ്രമാക്കിയിട്ടുണ്ട്.മുമ്പ് ഇവിടെ ആനസവാരി ഉണ്ടായിരുന്നതായും ഞാൻ ഓർക്കുന്നു.ഇത്തവണ അതും കണ്ടില്ല.മാനുകൾക്കായി ഒരു ഡീർ പാർക്ക് നിസർഗധാമയിലുണ്ട്.പഴയ പ്രൗഢി ഇല്ലെങ്കിലും ഭംഗി ഇപ്പോഴും നിലനിൽക്കുന്നതിനാൽ ഞങ്ങൾ അൽപ സമയം അവിടെ ചെലവഴിച്ചു.

വൈകിട്ട് എത്തിച്ചേരേണ്ട സ്ഥലങ്ങളിൽ ഒന്നായി ഭാര്യയുടെ സുഹൃത്ത് ഡെൽജി നിർദ്ദേശിച്ച ഒന്നായിരുന്നു ഹാരങ്കി ഡാം.ഞാൻ ആദ്യമായാണ് ആ പേര് കേൾക്കുന്നത്.നാട്ടുകാർക്കും അത്ര പരിചയമുള്ള ഒരു സ്ഥലം ആയിരുന്നില്ല ഹാരങ്കി.എങ്കിലും ഗൂഗിൾ മാപ്പ് ഇട്ട് ഞാൻ വണ്ടി ഹാരങ്കിയിലേക്ക് വിട്ടു. മെയിൻ റോഡിൽ നിന്നും അധികം വാഹനങ്ങളൊന്നും പോകാത്ത ഒരു റൂട്ടിൽ പത്ത് കിലോമീറ്റർ ഉള്ളോട്ടായിരുന്നു ഹാരങ്കി ഡാം.റോഡ് കിടു ആയതിനാൽ പെട്ടെന്ന് തന്നെ ഞങ്ങൾ ലക്ഷ്യസ്ഥാനത്തെത്തി.

തിരക്കിൽ നിന്നും ഒഴിഞ്ഞ് നിൽക്കുന്ന ഒരു സ്ഥലമാണ് ഹാരങ്കി ഡാം.ഞങ്ങൾ എത്തുമ്പോൾ രണ്ടോ മൂന്നോ വാഹനങ്ങൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. മുതിർന്നവർക്ക് പത്ത് രൂപയും കുട്ടികൾക്ക് അഞ്ച് രൂപയുമാണ് പ്രവേശന ഫീസ്. വണ്ടി റോഡിൽ തന്നെ നിർത്തിയിടണം.പാർക്കിംഗ് ഫീ എന്ന പേരിൽ  ഇരുപത്തഞ്ച് രൂപ നോക്കുകൂലി ഈടാക്കും.രാവിലെ എട്ടു മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് പ്രവേശനം.

പരന്നു കിടക്കുന്ന പൂന്തോട്ടവും അവിടവിടെ കാണുന്ന സീറ്റുകളും ആണ് ഞങ്ങളെ സ്വാഗതം ചെയ്തത്. മറ്റു സന്ദർശകരെയൊന്നും കാണാനും ഇല്ലായിരുന്നു.പിന്നീടാണ് അവരെല്ലാം ഡാമിന്റെ തന്നെ ഏതോ ഭാഗത്ത് നടക്കുന്ന മ്യൂസിക്കൽ ഫൗണ്ടൈൻ ഷോ കണ്ടു കൊണ്ടിരിക്കുകയാണെന്ന് മനസ്സിലായത്. ഞങ്ങൾക്കതറിയാത്തതിനാൽ കാണാൻ സാധിച്ചില്ല.

നടന്ന് നടന്ന് ഞങ്ങൾ ആളൊഴിഞ്ഞ ചിൽഡ്രൻസ് പാർക്കിൽ എത്തി.എല്ലാ റൈഡുകളും ഫ്രീ ആയിരുന്നതിനാൽ എല്ലാവരും എല്ലാത്തിലും കയറി ആസ്വദിച്ചു. എല്ലാവർക്കും ഏതാനും സമയത്തേക്ക്  കുട്ടിക്കാലത്തേക്ക് തിരിച്ചു പോകാൻ ഇത് അവസരം ഒരുക്കി. 


സന്ദർശകരും ജീവനക്കാരും അധികം ഇല്ലാത്തത് കാരണം പാർക്ക് അടക്കമുള്ള ഡാമിന്റെ അനുബന്ധ സ്ഥലങ്ങൾ ശരിയായ വിധം പരിപാലനം നടത്തുന്നില്ല.പല സ്ഥലങ്ങളും കാട് മൂടിയതിനാൽ ഇരുട്ടായതോടെ ഭയം അങ്കുരിക്കാനും തുടങ്ങി. കൂടുതൽ സമയം കാത്ത് നിൽക്കാതെ ഞങ്ങൾ ഡാമിൽ നിന്ന് പുറത്തിറങ്ങി നേരെ റൂമിലേക്ക് തിരിച്ചു.

(Part 4 - ദുബാരെ ആനക്യാമ്പ്)



Thursday, May 09, 2024

നംഡ്രോളിങ് മൊണാസ്റ്ററി (കുടകിലൂടെ - 2)

ഇർപ്പിൽ നിന്നും  (കുടകിലൂടെ Part - 1) ഞങ്ങൾ പുറപ്പെടുമ്പോൾ തന്നെ സമയം പതിനൊന്നര മണി കഴിഞ്ഞിരുന്നു. കുശാൽ നഗറിലേക്കുള്ള റൂട്ടിനെപ്പറ്റിയോ ദൂരത്തെപ്പറ്റിയോ ഒരു ധാരണയും മനസ്സിൽ ഉണ്ടായിരുന്നില്ല.ഫുൾ ടാങ്ക് പെട്രോൾ അടിച്ചിരുന്നതിനാൽ വണ്ടിയുടെ വയറ് നിറഞ്ഞിരുന്നെങ്കിലും ഞങ്ങളുടെ വയറിന്റെ സ്ഥിതി അത്ര ആശാവഹമായിരുന്നില്ല.

മാനന്തവാടിയിൽ നിന്ന് ഗോണിക്കുപ്പ എത്തിയ ശേഷം ആനേചൗകുർ ചെക്ക്പോസ്റ്റ് വഴി കടന്ന് വേണം കുശാൽനഗറിൽ എത്താൻ എന്നായിരുന്നു പവിത്രേട്ടൻ പറഞ്ഞിരുന്നത്. അതനുസരിച്ച് തന്നെ ഞാൻ വണ്ടി നേരെ വിട്ടു.ഗോണിക്കുപ്പ പിന്നിട്ടതോടെ റോഡ് പെട്ടെന്ന് വിജനമായി.ഇരു ഭാഗത്തും കാട് പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ വഴി മാറിപ്പോയോ എന്ന് പോലും സംശയിച്ചു.വഴി ചോദിക്കാൻ ഒരു കടയോ മറ്റു യാത്രക്കാരോ ഒന്നും കണ്ടതുമില്ല.മുന്നോട്ട് നീങ്ങുംതോറും കാടിന്റെ ഉള്ളിലേക്ക് കൂടുതൽ കൂടുതൽ കയറുകയാണ് എന്ന് എനിക്ക് ബോദ്ധ്യമായി.എന്റെ ആശങ്ക ഞാൻ ഫാമിലിയെ അറിയിച്ചില്ല. അവസാനം നടുറോഡിൽ കസേരയിട്ട് ഇരിക്കുന്ന രണ്ട് ഫോറസ്റ്റർമാരെ കണ്ടപ്പോഴാണ് ശ്വാസം നേരെ വീണത്.അത് ആനേചൗകുർ ചെക്ക്പോസ്റ്റ് ആയിരുന്നു.നാല്പത് കിലോമീറ്റർ വനത്തിലൂടെ കാറോടിച്ച്, രണ്ട് മണിയോടടുത്ത് ഞങ്ങൾ കുശാൽ നഗറിലെത്തി.

വിശപ്പിന്റെ വിളിക്ക് ഉത്തരം നല്കിയിട്ടാവാം ഇനി അടുത്ത സ്ഥല സന്ദർശനം എന്നതിനാൽ ഞങ്ങൾ വഴി നീളെയുള്ള ഹോട്ടലുകളിലേക്ക് കണ്ണ് പായിക്കാൻ തുടങ്ങി.കുശാൽ നഗർ അറിയപ്പെടുന്നത് തിബറ്റൻ മൊണാസ്റ്ററി എന്ന നിലയിലായതിനാൽ അവരുടെ ഭക്ഷണം തന്നെ കഴിച്ച് നോക്കാം എന്ന് തീരുമാനിച്ചു. ആളൊഴിഞ്ഞ ഒരു കടക്ക് മുന്നിൽ കസ്റ്റമേഴ്‌സിനെ പ്രതീക്ഷിച്ച് നിൽക്കുന്ന ഒരു മധ്യവയസ്കനെ കണ്ടതും ഞാൻ വണ്ടി സൈഡാക്കി.

കുലംകുഷമായ ചർച്ചകൾക്ക് ശേഷം എഗ്ഗ് ന്യൂഡിൽസ്,വെജ് എഗ്ഗ് തുപ്പ,വെജ് മെമോസ്,കാപ്പി എന്നിവ ഓർഡർ ചെയ്തു. അത് ഭക്ഷിക്കാനുള്ള സ്റ്റിക്കും കൂടി ആവശ്യപ്പെട്ടു.സ്റ്റിക് പ്രത്യേക രീതിയിൽ പിടിച്ച് ന്യൂഡിൽസ് അതിനകത്ത് കുരുക്കിയെടുത്ത് തിന്നുന്ന രീതി അൽപനേരം ചിരി പടർത്തിയെങ്കിലും നിമിഷ നേരം കൊണ്ട് തന്നെ എല്ലാവരും സ്വായത്തമാക്കി.ഭക്ഷണ ശേഷം നമസ്കരിക്കാൻ അനുവാദം ചോദിച്ചപ്പോൾ അദ്ദേഹം കടയ്ക്ക് അകത്ത് തന്നെ അതിനുള്ള സൗകര്യവും ഒരുക്കിത്തന്നു.അങ്ങനെ സംതൃപ്തിയോടെ ഞങ്ങൾ ആകാശ് സിംഗിനോടും ഭാര്യയോടും യാത്ര പറഞ്ഞിറങ്ങി.

 ഭക്ഷണ ശേഷം ഞങ്ങൾ നേരെ നംഡ്രോളിങ് മൊണാസ്റ്ററിയിലേക്ക് വണ്ടി വിട്ടു.വിശാലമായ പാർക്കിംഗ് ഏരിയയിൽ കാർ പാർക്ക് ചെയ്തു (പാർക്കിംഗ് ഫീ 40 രൂപ വണ്ടി എടുത്തു പോകുമ്പോൾ ഈടാക്കിക്കൊള്ളും). മൊണാസ്ട്രിയിലേക്ക് കയറാൻ ഫീ ഒന്നും തന്നെയില്ല.രാവിലെ 9.00 മണി മുതല്‍ വൈകി‌ട്ട് 6.00 മണി  വരെയാണ് സുവര്‍ണ്ണ ക്ഷേത്രത്തിലേക്കുള്ള പ്രവേശന സമയം.

ടിബറ്റിന് പുറത്ത് ഏറ്റവും കൂടുതൽ ടിബറ്റൻ ജനസംഖ്യയുള്ള രണ്ടാമത്തെ ഏറ്റവും വലുതും പഴയതുമായ ടിബറ്റൻ സെറ്റിൽമെന്‍റാണ് ബൈലക്കുപ്പെയിലെ നംഡ്രോളിങ് മൊണാസ്ട്രി എന്നറിയപ്പെടുന്ന ഗോള്‍ഡന്‍ ടെംപിള്‍. പത്മസംഭവ ബുദ്ധവിഹാരം എന്നാണ് ക്ഷേത്രത്തിന്റെ യഥാർത്ഥ നാമം. ഇവിടുത്തെ ടിബറ്റന്‍ കേന്ദ്രത്തില്‍ മാത്രം 43,000 ല്‍ അധികം ടിബറ്റുകാർ വസിക്കുന്നതായി പറയപ്പെടുന്നു.മറ്റേതോ നാട്ടിലെത്തിയ പോലെ നമുക്ക് അത് ശരിക്കും അനുഭവപ്പെടും. 

ക്ഷേത്രത്തിനകത്ത് ബുദ്ധൻ, പത്മസംഭവ, അമിതായുസ് എന്നിങ്ങനെ മൂന്ന് വലിയ സ്വർണ്ണ പ്രതിമകൾ ഉണ്ട്. ഓരോ പ്രതിമയ്ക്കും ഏകദേശം 40 അടി ഉയരമുണ്ട്.ക്ഷേത്രത്തിന്‍റെ എല്ലാ ഭാഗത്തും മനോഹരങ്ങളായ ചിത്രങ്ങള്‍ കാണുവാന്‍ സാധിക്കും. ടിബറ്റൻ ബുദ്ധമത പുരാണങ്ങളെ ആണ് ചുവരുകളില്‍ ചിത്രീകരിച്ചിരിക്കുന്നത്.പ്രത്യേകതരം പ്രാര്‍ത്ഥനാ ചക്രങ്ങളും പ്രയര്‍ ഡ്രമ്മുകളും അതുപയോഗിക്കുന്ന സന്യാസിമാരും ക്ഷേത്രത്തിലുണ്ട്.
പ്രാർത്ഥനാ സമയത്ത് സന്ദർശകർ മൗനം പാലിക്കണം.കയ്യിലേന്തിയ ഒരു പ്രത്യേകതരം സാധനം കുലുക്കിയാണ് ബുദ്ധ ഭിക്ഷുക്കളുടെ പ്രാർത്ഥന.
ഏകദേശം രണ്ട് മണിക്കൂറോളം ഞങ്ങൾ ക്ഷേത്രത്തിനകത്തെയും പരിസരത്തെയും കാഴ്ചകൾക്കായി ചെലവഴിച്ചു.

വൈകിയാൽ റൂം ലഭിക്കാൻ പ്രയാസമാകും എന്ന് തോന്നിയതിനാൽ കുശാൽ നഗർ വിട്ട ഉടനെ ഞങ്ങൾ അത് തെരയാനും ആരംഭിച്ചു.അവസാനം നിസർഗധാമിന് തൊട്ടടുത്ത് മെയിൻ റോഡിൽ തന്നെ  തലശ്ശേരിക്കാരുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ 1200 രൂപക്ക് ഡബിൾ റൂമും തരമായി.ലഗേജുകൾ റൂമിൽ ഇറക്കി വച്ച് ഒന്ന് ഫ്രഷായ ശേഷം ഞങ്ങൾ കാവേരി നിസർഗധാമിലേക്ക് നീങ്ങി.

Wednesday, May 08, 2024

കുടകിലൂടെ - 1

കുടുംബത്തോടൊപ്പം ഓരോ യാത്രയും കഴിഞ്ഞ് തിരിച്ചെത്തി അതിന്റെ രസവും ഹരവും ഒക്കെ കൂടിയിരുന്ന് ചർച്ച ചെയ്തു കഴിയുമ്പോഴാണ് അടുത്ത യാത്രക്കുള്ള ഒരുൾവിളി മുഴങ്ങാറ്. മിക്കവാറും സ്ഥലം അടക്കം ആ പ്രചോദന സന്ദേശത്തിൽ ഉള്ളടക്കം ചെയ്തിരിക്കും.ഇല്ല എങ്കിൽ അടുത്ത സിറ്റിങ്ങിൽ അതിനും തീരുമാനമാകും.കശ്‍മീർ യാത്രയുടെ ഒന്നാം വാർഷികം പ്രമാണിച്ച് ഒരു ഏകദിന ഔട്ഡോർ താമസം എല്ലാവരും ആഗ്രഹിച്ചിരുന്നു.പക്ഷേ,എന്തൊക്കെയോ കാരണങ്ങളാൽ അത് നടക്കാതെ പോയതിനാൽ ഈ വർഷത്തെ യാത്രയിൽ അത് പരിഹരിക്കാം എന്ന് മനസ്സിൽ കരുതി.

സുഹൃത്തുക്കൾ പലരും ഒരു ദ്വിദിന യാത്രക്കുള്ള സ്ഥലം അന്വേഷിക്കുമ്പോൾ ഞാൻ നിർദ്ദേശിക്കാറുള്ള  ലൊക്കേഷനുകളിൽ ഒന്നാണ് കുശാൽ നഗർ വഴി മടിക്കേരി.കുടകിന്റെ സൗന്ദര്യമാണ് ഈ യാത്രയിലെ ആസ്വാദക ബിന്ദു.മാനന്തവാടിയിൽ കുടുംബ സമേതം താമസിച്ചിരുന്ന കാലത്ത് കുശാൽ നഗറിൽ പോയിരുന്നു എന്നതൊഴിച്ചാൽ ബാക്കി കാര്യങ്ങൾ എനിക്കും കേട്ടുകേൾവികൾ മാത്രമായിരുന്നു.മക്കളും കാണാത്ത സ്ഥലമായതിനാൽ ഇത്തവണ ഞങ്ങളുടെ യാത്ര അത് വഴിയാക്കാം എന്ന് തീരുമാനിച്ചു.

അങ്ങനെ സമയവും തരവും ഒത്ത് കിട്ടിയ ഒരു ദിവസം കാറിൽ ഞങ്ങൾ പുറപ്പെട്ടു.മാനന്തവാടിയിൽ പഴയ പരിചയക്കാരെയെല്ലാം സന്ദർശിച്ച് വൈകിട്ട് കാട്ടിക്കുളത്ത് റിസോർട്ട് എടുത്ത് താമസിക്കാം എന്നായിരുന്നു പദ്ധതി.കൂടെ പോരാൻ മൂന്നോ നാലോ ഫാമിലികളെ ക്ഷണിച്ചെങ്കിലും ആർക്കും സമയം ഒത്തില്ല.ആയത് ഒരു കണക്കിന് അനുഗ്രഹമായി.കാരണം, മാനന്തവാടിയിൽ എത്തിയാൽ എന്നെ മറ്റൊരിടത്തും താമസിക്കാൻ അനുവദിക്കാത്ത പവിത്രേട്ടൻ ഇത്തവണയും പതിവ് തെറ്റിച്ചില്ല.എന്റെ പഴയ കോളേജിന്റെ നേരെ എതിർഭാഗത്തുള്ള അദ്ദേഹത്തിന്റെ പുതിയ ഹോസ്റ്റലിൽ ഞങ്ങൾക്ക് താമസ സൗകര്യമൊരുക്കി. ലിദു  മോന് അത് വളരെ ഇഷ്ടപ്പെടുകയും ചെയ്തു.പിറ്റേന്ന് കാലത്ത് തന്നെ ഞങ്ങൾ മടിക്കേരി ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. 

കാട്ടിക്കുളം കഴിഞ്ഞ് കുട്ട വരെയുള്ള യാത്ര ഏറെക്കുറെ മുഴുവനായും വനത്തിനുള്ളിലൂടെയാണ്. രാവിലെ ആയതിനാൽ മൃഗങ്ങളെ കാണും എന്ന് ഞാൻ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു.വാഹനങ്ങൾ കടന്നു പോകുന്ന വഴിയായതിനാൽ ഭയപ്പെടേണ്ട കാര്യവും ഇല്ലായിരുന്നു.അല്പം അധികം നേരത്തെ ഡ്രൈവിംഗിന് ശേഷം ഞാൻ പ്രതീക്ഷിച്ചപോലെ ആനയെ കണ്ടു.റോഡിനരിക് ചേർന്ന് കുറ്റിക്കാട് ഒടിച്ചെടുത്ത് വായിലേക്കിടുന്ന ആനയെ ശരിക്കും കാണാവുന്ന രൂപത്തിൽ തന്നെ ഞാൻ കാർ നിർത്തി.പെട്ടെന്ന് ആന റോഡിലേക്കിറങ്ങാൻ ഭാവിച്ചതോടെ ഞാൻ വണ്ടി മുന്നോട്ടെടുത്തു.പക്ഷേ,പെട്ടെന്നുള്ള എടുക്കലിൽ വണ്ടി ഓഫായി!അടുത്ത സ്റ്റാർട്ടിംഗിൽ തന്നെ വണ്ടി ഞാൻ വേഗം മുന്നോട്ടെടുത്തു വിട്ടു. എല്ലാവരുടെയും ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നിയെങ്കിലും തൽക്കാലം രക്ഷപ്പെട്ടു.

കുട്ടയിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ ആദ്യ സന്ദർശന കേന്ദ്രമായ ഇർപ്പ് വെള്ളച്ചാട്ടം (ഇരിപ്പ് വെള്ളച്ചാട്ടം) ലക്ഷ്യമാക്കി നീങ്ങി.ഇപ്പോൾ ഏഴു വയസ്സുകാരനായ ലിദു മോന് ഏഴ് മാസം പ്രായമുള്ള സമയത്തായിരുന്നു ഇതിന് മുമ്പ് ഞങ്ങൾ ഇർപ്പിൽ വന്നിരുന്നത് (ആ യാത്രയും ഇർപ്പിന്റെ ചരിത്രവും എല്ലാം ഇവിടെ ക്ലിക്ക് ചെയ്‌താൽ വായിക്കാം-625).പ്രവേശന ഫീസ് ഇപ്പോഴും അമ്പത് രൂപയാണ്.പന്ത്രണ്ട് വയസ്സിന് മുകളിൽ ഉള്ളവർക്കേ ടിക്കറ്റ് എടുക്കേണ്ടതുള്ളൂ.പാർക്കിംഗ് ഫീ ഇത്തവണ വാങ്ങിയില്ല.

ശ്രീ രാ‍മേശ്വര ക്ഷേത്രത്തിന്റെ പ്രവേശന കവാടവും കടന്ന് ഞങ്ങൾ മുന്നോട്ട് നീങ്ങി.വഴിയിലെ കാഴ്ചകൾ ക്യാമറയിലും മനസ്സിലും പകർത്തി ഞങ്ങൾ വെള്ളച്ചാട്ടത്തിന്റെ അടുത്തെത്തി.

മുൻ സന്ദർശനങ്ങളിലെല്ലാം ഇവിടെ കുളിക്കാൻ സൗകര്യമുണ്ടായിരുന്നു. ഇപ്പോൾ വെള്ളച്ചാട്ടത്തിന്റെ നേരെ താഴേക്കുള്ള വഴി കെട്ടി അടച്ചിരിക്കുന്നു. അവിടെ കുളിക്കാൻ പറ്റില്ല.വെള്ളം ഒലിച്ചു പോകുന്ന ഭാഗത്ത് വേണമെങ്കിൽ കുളിക്കാം.ഏകദേശം ഒരു മണിക്കൂർ കാനന ഭംഗിയും വെള്ളച്ചാട്ടത്തിന്റെ സംഗീതവും ആസ്വദിച്ച ശേഷം ഞങ്ങൾ തിരിച്ചിറങ്ങി.
                                                            പഴയ ഒരു ഓർമ്മയ്ക്ക്


Tuesday, May 07, 2024

നീന്തൽ

ചാലിയാറിന്റെ തീരത്ത് താമസിക്കുന്നവരായതിനാൽ എൻറെ തലമുറ വരെയുള്ള എന്റെ കുടുംബത്തിൽപ്പെട്ട ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും എല്ലാം നീന്തൽ അറിയാമായിരുന്നു.മിക്കവാറും എല്ലാവരും പുഴയിൽ പോയി കുളിച്ചതിന്റെയും അവധി ദിവസങ്ങളിൽ പുഴയിൽ ചാടി തിമർത്തതിന്റെയും അനന്തരഫലമായിരിക്കാം ഒരു പക്ഷേ, ഞങ്ങളറിയാതെ ആ നൈപുണ്യം ഞങ്ങളിൽ വന്നു ചേർന്നത്.

വേനലവധിക്കാലത്ത് ബാപ്പയുടെ നാടായ പേരാമ്പ്ര നൊച്ചാട് നിന്ന് മൂത്താപ്പയുടെ മക്കളും അമ്മായിയുടെ മക്കളും വിരുന്നു വരുന്ന സമയത്ത് അവർ ആവശ്യപ്പെടാറുള്ളതും നീന്തൽ പഠിപ്പിച്ച് തരണം എന്നാണ്.പക്ഷേ,മൂന്നോ നാലോ ദിവസം മാത്രം താമസിക്കുന്നതിനിടക്ക് പഠിക്കാൻ പറ്റുന്ന ഒരു കാര്യമല്ല നീന്തൽ എന്ന് പുഴയിലിറങ്ങുന്നതോടെ അവർക്കും മനസ്സിലാകും.ആയതിനാൽ കിട്ടുന്ന ദിവസം മൂക്കുപൊത്തിപ്പിടിച്ച് വെള്ളത്തിൽ മുങ്ങി അർമാദിക്കാനേ പിന്നെ ശ്രമിക്കാറുള്ളൂ.

എന്റെ തലമുറക്ക് ശേഷം പുഴയിൽ ബണ്ട് വന്നു. വെള്ളമൊഴുക്ക് നിലക്കുകയും പുഴയിൽ നിന്ന് മണൽ വാരിയതിന്റെ ഫലമായി വലിയ കുഴികൾ രൂപപ്പെടുകയും ചെയ്തു.പുഴയിൽ മാലിന്യങ്ങൾ തള്ളാൻ കൂടി തുടങ്ങിയതോടെ വെള്ളം മലിനമായി.കെട്ടിക്കിടക്കുന്ന മലിന ജലത്തിൽ പോയി കുളിക്കാൻ ഞങ്ങളുടെ പഴയ തലമുറ ഇഷ്ടപ്പെട്ടില്ല.സ്വാഭാവികമായും പുതിയ തലമുറക്ക് പുഴയിൽ നിന്ന് കുളിക്കാനുള്ള അവസരം അന്യമായി.അതോടെ നീന്തൽ എന്ന കല സ്വായത്തമാക്കാനുള്ള അവസരവും നഷ്ടമായി. 

വിരുന്ന് പോയിടത്ത് നിന്ന് പുഴയിൽ ഇറങ്ങി അപകടത്തിൽ പെടുന്നത്, പുതിയ നൂറ്റാണ്ടിന്റെ പിറവിയോടെ ഒരു സ്ഥിരം വാർത്തയായി മാറിക്കഴിഞ്ഞിരുന്നു.വെള്ളത്തിൽ വീണാൽ അല്പനേരമെങ്കിലും പിടിച്ചു നിൽക്കാൻ പുതിയ തലമുറക്ക് വശമില്ലാത്തതിന്റെ ഫലമായിരുന്നു ഇതിൽ പലതിനും കാരണം.നീന്തൽ പരിശീലിക്കാൻ സൗകര്യം ലഭിക്കാത്തതും അപകടങ്ങൾക്ക് ആക്കം കൂട്ടി.നീന്തൽ ഒരു പൊതുതാത്പര്യ വിഷയമല്ലാത്തതിനാൽ സൗകര്യം ഒരുക്കാൻ ആരും പ്രത്യേക താല്പര്യം കാണിച്ചതുമില്ല.

മക്കൾ വലുതായിക്കഴിഞ്ഞപ്പോഴാണ് എന്റെ ശ്രദ്ധയിൽ നിന്നും ഇക്കാര്യം വിട്ടുപോയ വിവരം ഞാൻ തിരിച്ചറിഞ്ഞത്.പതിനെട്ട് തികഞ്ഞ മൂത്ത രണ്ട് പേരും ഡ്രൈവിംഗ് പരിശീലനത്തിന് തിരിഞ്ഞപ്പോഴാണ് ചെറുത് രണ്ടെണ്ണത്തിനെ നീന്തലിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കാമെന്ന് തോന്നിയത്. അനിയന്റെ മക്കൾ കഴിഞ്ഞ വർഷം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ സമ്മർ ക്യാംപിൽ പരിശീലനത്തിന് പോയിരുന്നതിനാൽ ഫീസ് കൊടുത്തായാലും ഇത്തവണ പരിശീലനത്തിന് ചേർക്കണം എന്ന് ഞാൻ ഉറപ്പിച്ചു.

അങ്ങനെ ഇക്കഴിഞ്ഞ ദിവസം 2250 രൂപ (+18% GST ) വീതം ഫീസടച്ച് ഇരുപത് ദിവസത്തെ പരിശീലനത്തിന് മക്കളെ ചേർത്തി.മെയ് ആറു മുതൽ പരിശീലനം ആരംഭിച്ചു.പ്രാഥമിക പരിശീലനം കിട്ടിക്കഴിഞ്ഞാൽ ഇനി വെള്ളത്തിൽ ഇറങ്ങുമ്പോൾ അവർ നീന്താൻ ശ്രമിക്കും എന്നത് തീർച്ചയാണ്.

ഞാൻ പതിനെട്ടാം വയസ്സിലാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്ന് കേട്ടതെങ്കിൽ മക്കൾ എട്ടാം വയസ്സിൽ തന്നെ അതിനകത്ത് പ്രവേശിച്ചു കഴിഞ്ഞു. കാലത്തിന്റെ ചില വികൃതികൾ, അല്ലാതെന്താ?



Monday, May 06, 2024

ചന്ദന മരങ്ങൾ

മാധവിക്കുട്ടിയുടെ 'എന്റെ കഥ' അത് വായിക്കേണ്ട പ്രായത്തിൽ തന്നെ ഞാൻ വായിച്ചിട്ടുണ്ട് എന്നാണ് എന്റെ ഓർമ്മ. 'നീർമാതളം പൂത്തകാല'വും വായന കഴിഞ്ഞതാണ് എന്നാണ് എന്റെ ഓർമ്മ. മാധവിക്കുട്ടിയുടെ എഴുത്തിൽ പുരുഷൻ വായിക്കാനോ കേൾക്കാനോ അനുഭവിക്കാനോ ഇഷ്ടപ്പെടുന്ന സ്ത്രൈണതയുടെ ചില തുറന്നെഴുത്തുകൾ ഉണ്ടാകാറുണ്ട് എന്നതാണ് പലരെയും അവരുടെ കൃതികളിലേക്ക് അടുപ്പിക്കുന്നത് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

വർഷങ്ങൾക്ക് ശേഷം തികച്ചും അപ്രതീക്ഷിതമായി ഞാൻ വായനക്കെടുത്ത പുസ്തകമായിരുന്നു 'ചന്ദന മരങ്ങൾ'.നോവലിന്റെ ഉള്ളടക്കത്തെപ്പറ്റി മുൻ ബോധ്യം ഇല്ലായിരുന്നെങ്കിലും വായിച്ച ശേഷം ഇതും വിവാദമായ ഒരു കൃതിയായിരുന്നോ എന്നൊരു സംശയം എന്റെ ഉള്ളിലുണ്ടായി.അരീക്കോട് നിന്നും കോഴിക്കോട്ടേക്കുള്ള ബസ് യാത്രയിൽ, അമ്പത് മിനുട്ട് കൊണ്ട് ഞാൻ ഈ കൃതിയുടെ വായന പൂർത്തിയാക്കി.

കല്യാണിക്കുട്ടിയും ഷീലയും തമ്മിലുള്ള ലെസ്ബിയൻ  പ്രണയമാണ് നോവലിന്റെ ഇതിവൃത്തം. ഡോക്ടറും വിവാഹിതയും ആയ ശേഷവും കല്യാണിക്കുട്ടിക്ക് ഷീലയോട് തോന്നുന്ന പ്രണയവും അതിന് വേണ്ടി സ്വന്തം ദാമ്പത്യ ജീവിതത്തിലും ഷീലയുടെ ദാമ്പത്യ ജീവിതത്തിലും വിള്ളൽ വീഴ്ത്തുന്നതും വായനക്കാരനെ പുസ്തകത്തോടൊപ്പം തന്നെ കൊണ്ടുപോകും.

“ഞാൻ ലജ്ജയാലും അപമാനഭാരത്താലും എന്റെ കണ്ണുകളടച്ചു. എത്ര നേരം ഞാൻ ജീവച്ഛവമെന്ന പോൽ അവളുടെ ആക്രമണത്തിന് വഴങ്ങി അവിടെ കിടന്നു എന്ന് എനിക്ക് തന്നെ ഓർമ്മയില്ല. യുഗങ്ങളോളം ഞാനവളുടെ തുടിക്കുന്ന കൈകാലുകളുടെ അടിമയായിരുന്നു. അതിനു ശേഷം ഞാനവളുടെ പ്രേമഭാജനമായി മാറി“ ലെസ്ബിയൻ പ്രണയത്തിലെ കാമകേളി അതിരുവിടാതെ, എന്നാൽ സത്ത ചോരാതെയും ഇങ്ങനെ അവതരിപ്പിക്കാൻ മാധവിക്കുട്ടിക്ക് മാത്രമേ സാധിക്കൂ എന്നാണ് എനിക്ക് തോന്നുന്നത്.ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വര കൂടിയായപ്പോൾ ആ രംഗം വായനക്കാരന്റെ മനസ്സിൽ പതിഞ്ഞു കഴിഞ്ഞു.

ലെസ്ബിയൻ പ്രണയത്തോടൊപ്പം തന്നെ ഭാര്യാ ഭര്‍ത്താക്കന്മാരുടെ ജീവിതത്തിലെ ചില സങ്കീര്‍ണതകള്‍ കൂടി ഇത് വായിക്കുമ്പോൾ വ്യക്തമാകും.സുധാകരൻ എന്ന സുമുഖനെ കാരണമില്ലാതെ ഒഴിവാക്കി ആസ്‌ത്രേലിയയിലേക്ക് പോകുന്ന ഡോ.കല്യാണിക്കുട്ടി പുനർ വിവാഹം കഴിച്ച് വിധവയായ ശേഷം വീണ്ടും, മറ്റൊരു സ്ത്രീയുടെ ഭർത്താവായ സുധാകരനെ ജീവിത പങ്കാളിയാക്കാൻ ശ്രമിക്കുന്നതും ഡോ.ഷീല അതിന് ഒത്താശ ചെയ്തു കൊടുക്കുന്നതും രണ്ട് പേരുടെയും ദാമ്പത്യ ജീവിതത്തിലെ ചില കരടുകളുടെ ഫലമായിട്ടായിരിക്കാം. അവസാനം ഒരു ചുംബനം കൊതിച്ച ഷീലയ്ക്ക് അത് കിട്ടാതെയാകുമ്പോഴും സുധാകരനില്ലാതെ കല്യാണിക്കുട്ടി ആസ്‌ത്രേലിയയിലേക്ക് തിരിച്ച് പോകുമ്പോഴും രണ്ട് വഞ്ചകർക്കും കിട്ടേണ്ടത് കിട്ടി എന്ന ആശ്വാസവും വായനക്കാർക്ക് കിട്ടും.

പുരുഷനും സ്ത്രീയും തമ്മിലുള്ളത് മാത്രമാണ് പ്രണയം എന്നും സ്വവർഗ്ഗലൈംഗികത ഹീനമാണെന്നും കരുതിയിരുന്ന ഒരു കാലത്ത് എഴുതിയ ഈ നോവൽ വായിക്കുമ്പോൾ അന്നത്തെ വായനക്കാരൻ എങ്ങനെയാണ് ഇതിനെ സ്വീകരിച്ചിരിക്കുക എന്നത് ഒരു സമസ്യ തന്നെയാണ്.ഒറ്റ ഇരുപ്പിന് ആർക്കും വായിച്ച് തീർക്കാവുന്ന ഒരു കൃതിയാണ് 'ചന്ദന മരങ്ങൾ'.

പുസ്തകം : ചന്ദന മരങ്ങൾ
രചയിതാവ്: മാധവിക്കുട്ടി
പ്രസാധകർ : ഡി.സി.ബുക്സ്
പേജ്: 62
വില: 60 രൂപ