Pages

Wednesday, December 31, 2008

ന്യൂ ഇയര്‍ റിക്കാര്‍ഡ്‌ !!!

ക്രിസ്തുമസ്‌ പിറ്റേന്ന് മിക്കവാറും ഒരു പത്രവും പ്രസിദ്ധീകരിക്കാറില്ല.കേരള ജനതക്ക്‌ തലേന്നത്തെ 'ഹാങ്ങോവര്‍' മാറി വെളിവുണ്ടാകുമ്പോള്‍ വായിക്കട്ടെ എന്ന് കരുതിയായിരിക്കും ഡിസ:27 -ന്റെ പത്രം വാര്‍ത്തകള്‍ കുത്തിനിറച്ചാണ്‌ വരുന്നത്‌!!തലേന്നിന്റെ തലേന്ന് വെളിച്ചപ്പാടായവരും അല്ലാത്തവരും ഡിസ:27 -ലെ ഈ വാര്‍ത്ത കണ്ടാല്‍ ഞെട്ടിപ്പോകും.

അതെ....ക്രിസ്തുമസ്‌ ആഘോഷങ്ങളുടെ മൂന്ന് ദിനങ്ങളില്‍ കേരളജനത 55.08 കോടി രൂപയുടെ മദ്യം മോന്തിക്കുടിച്ച്‌ തിമര്‍ത്താടി.കേരളത്തിന്റെ ഔദ്യോഗിക മദ്യവിതരണക്കാരായ ബീവറേജസ്‌ കോര്‍പറേഷന്റെ കണക്കാണിത്‌.ഇതിന്‌ പുറമെ, വ്യാജനും അല്ലാത്തതുമായ 'വെള്ളത്തിലാറാടാന്‍' കോടികള്‍ പിന്നെയും ചെലവിട്ടിട്ടുണ്ടാകും എന്ന് തീര്‍ച്ചയാണ്‌.

മദ്യത്തിന്റെ ഭവിഷ്യത്തുകളെപ്പറ്റി എല്ലാ മതങ്ങളും മതനിരാസരും സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകരും പൊതുജനങ്ങളെ നിരന്തരം ഉണര്‍ത്തിക്കൊണ്ടിരിക്കുമ്പോഴും , വില്‍പന റിക്കാര്‍ഡില്‍ നിന്നും റിക്കാര്‍ഡിലേക്ക്‌ പറക്കുന്നത്‌ സാംസ്കാരിക കേരളത്തിന്റെ അധ:പതനത്തിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌.ഒറ്റ ദിവസത്തെ ആഘോഷമല്ലേ,വല്ലപ്പോഴുമല്ലേ,ഇതൊന്നുമില്ലാതെ ഇക്കാലത്ത്‌ പിന്നെ എന്താഘോഷം തുടങ്ങീ നിരവധി മറുചോദ്യങ്ങള്‍ നിരത്താനുണ്ടാകും.പക്ഷേ ഒറ്റ ദിവസത്തില്‍ തുടങ്ങി അത്‌ എല്ലാ ആഘോഷവേളകളിലും വിശേഷാവസരങ്ങളിലും ആവര്‍ത്തിച്ച്‌ പിന്നെ അതില്ലാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക്‌ കേരളം എത്തിച്ചേരുന്ന കാലം അതിവിദൂരമല്ല.

ഒരു പ്രത്യേക വിഭാഗം മാത്രം ആഘോഷിക്കുന്ന ക്രിസ്തുമസിന്‌ ഇത്ര കോടി രൂപയുടെ മദ്യം ചെലവായെങ്കില്‍ എല്ലാവരും ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ഇന്നത്തെ "ന്യൂഇയര്‍ ഈവ്‌" നോടനുബന്ധിച്ചുള്ള ആഘോഷങ്ങളില്‍ കേരളത്തെരുവുകളില്‍ കൂടി എത്ര കോടി രൂപയുടെ മദ്യം ഒഴുകുമോ ആവോ ? കേഴുക ദൈവത്തിന്റെ സ്വന്തം നാടേ...

ഇന്ന് നിങ്ങള്‍ പൊടിപൊടിക്കാന്‍ ഉദ്ദേശിക്കുന്ന സംഖ്യ സ്വന്തത്തിനോ കുടുംബത്തിനോ സമൂഹത്തിനോ ഉപകാരപ്രദമാകുന്ന എന്തെങ്കിലും ഒരാവശ്യത്തിന്‌ മാറ്റിച്ചെലവഴിച്ച്‌ ഈ വര്‍ഷം പുതിയൊരു മാതൃക സൃഷ്ടിക്കണം എന്ന് എല്ലാവരോടും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു......പുത്തനാണ്ടാശംസകള്‍.

Monday, December 29, 2008

ട്രെയ്‌നിന്റെ നീളം ...

പരീക്ഷ ആരംഭിക്കാനുള്ള മണി മുഴങ്ങി.അസീസ്‌ സാര്‍ ചോദ്യ പേപ്പര്‍ വിതരണം ചെയ്യാന്‍ തുടങ്ങി.Abcd സോറി Abid എന്ന ചെറുതും സുന്ദരവും ഇംഗ്ലീഷ്‌ അക്ഷരമാലയിലെ ആദ്യ നാലില്‍ മൂന്ന് അക്ഷരങ്ങളും വരുന്നതുമായ പേര്‌ എന്റേത്‌ മാത്രമായതിനാല്‍ ക്ലാസ്സില്‍ ഒന്നാം സീറ്റില്‍ തന്നെ ഇടം കിട്ടിയ എനിക്ക്‌ തന്നെയായിരുന്നു ആദ്യ ചോദ്യപേപ്പര്‍ ഏറ്റുവാങ്ങേണ്ട യോഗവും.ഒരു ഐശ്വര്യ(റായ്‌) പുഞ്ചിരിയോടെ ഞാന്‍ അസീസ്‌ സാറില്‍ നിന്നും ചോദ്യപേപ്പര്‍ സ്വീകരിച്ചെങ്കിലും അദ്ദേഹത്തിന്റെ ചുണ്ടുകള്‍ വീണക്കമ്പികള്‍ പോലെ വലിഞ്ഞ്‌ മുറുകി തന്നെ നിന്നു. 

ഞാന്‍ ചോദ്യ പേപ്പറിലൂടെ കണ്ണോടിച്ചു.
ആദ്യ ചോദ്യം - Which is the equation of a straight line? 
"എന്റമ്മോ??എത്ര ഈസി..." എന്റെ മനസ്സിന്‌ ഉത്തരം തൂറാന്‍ മുട്ടി.കൃത്യസ്ഥലത്ത്‌ തന്നെ ആ കൃത്യം നിര്‍വ്വഹിച്ച്‌ ഞാന്‍ അടുത്ത ചോദ്യത്തിലേക്ക്‌ നോക്കി. 

മൂര്‍ഖന്‍ പാമ്പ്‌ ഫണം വിടര്‍ത്തി നില്‍ക്കുന്നപോലെ ഒരു ചിത്രം!!എന്നിട്ട്‌ അതിനകത്ത്‌ എന്തൊക്കെയോ സൂത്രവാക്യങ്ങള്‍.ആ പാമ്പിനെ ഞാന്‍ വെറുതെ വിട്ടു,അല്ല പാമ്പ്‌ എന്നെ വെറുതെ വിട്ടു(ഇന്റഗ്രേഷന്‍ എന്ന പരിപാടിയാണത്‌ എന്ന് ഡിഗ്രിക്ക്‌ പഠിക്കുമ്പോള്‍ മനസ്സിലായി) 

മൂന്നാമത്തെ ചോദ്യം.....വന്ദ്യ വയോധികയായിരുന്ന ഞങ്ങളുടെ അയല്‍വാസി കുഞ്ഞമ്മമ്മ  നില്‍ക്കുന്ന പോലെ നടുവളഞ്ഞ D. അതും ഒന്നല്ല ....താഴെയും മേലെയുമായി രണ്ടെണ്ണം !!(അതിനെ ഡോ എക്സ്‌ ബൈ ഡോ വൈ എന്നാണ്‌ ചീത്ത വിളിക്കേണ്ടത്‌ എന്നും പാര്‍ഷ്യല്‍ ഡിഫറന്‍സിയേഷന്‍ എന്ന കിണ്ണം കട്ട പരിപാടിയാണ്‌ അതെന്നും ഡിഗ്രിക്ക്‌ പഠിച്ചു) 

അങ്ങിനെ ചോദ്യങ്ങള്‍ നിരനിരയായി കിടക്കുന്നു.ഉത്തരക്കടലാസില്‍ എനിക്കാകെ എഴുതാനായത്‌ ഒരു Y = mx + C മാത്രം.അപ്പോഴാണ്‌ ആ ചോദ്യം എന്റെ ശ്രദ്ധയില്‍ പെട്ടത്‌ - ഒരു ട്രെയ്‌നിന്റെ നീളമോ മറ്റോ കണ്ടെത്താനായിരുന്നു ചോദ്യം (ശരിക്കോര്‍മ്മിക്കുന്നില്ല).

പേപ്പറില്‍ ഉത്തരം നിറക്കാനായി ഞാന്‍ ഉത്തരം എഴുതിത്തുടങ്ങി.അതിന്റെ ഏകദേശ മലയാളം താഴെ കൊടുക്കുന്നു. 
"ട്രെയ്‌നിന്റെ നീളം X എന്ന് കരുതുക.പാളത്തിന്റെ നീളം ഇന്‍ഫിനിറ്റിയും(പാളം കന്യാകുമാരിയിലേ അവസാനിക്കൂ എന്നതിനാലും ഈ പരീക്ഷ കാലികറ്റ്‌ യൂണിവേഴ്സിറ്റി നടത്തുന്നതിനാലും എന്റെ ഊഹം ന്യായമായും ശരിയല്ലേ?). 
അങ്ങനെയെങ്കില്‍ പൈതഗോറസ്‌ സിദ്ധാന്തപ്രകാരം പാദം സ്ക്വയര്‍ + ലംബം സ്ക്വയര്‍ = കര്‍ണ്ണം സ്ക്വയര്‍.
ഒരിക്കലും ഒരു ട്രെയിന്‍ പാളത്തിന്‌ ലംബമായി നില്‍ക്കില്ല എന്നതിനാല്‍ ട്രെയ്‌നിന്റെ നീളം = കമ്പാര്‍ട്ട്‌മെന്റുകളുടെ എണ്ണം X കമ്പാര്‍ട്ട്‌മെന്റിന്റെ നീളം !!!
സാധാരണ ട്രെയ്‌നില്‍ പത്ത്‌ കമ്പാര്‍ട്ട്‌മെന്റും ഒരു കമ്പാര്‍ട്ട്‌മെന്റിന്റെ നീളം 25 മീറ്ററും ആയതിനാല്‍ ട്രെയ്‌നിന്റെ നീളം = 10 X 25 = 250 മീറ്റര്‍

എത്ര ഇഷ്ട മനോഹരമായ ഉത്തരം. പിന്നെ ഞാന്‍ കാത്തിരുന്നു....ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ അടിക്കുന്ന ബെല്ലിനായി.ബെല്‍ മുഴങ്ങിയതും പേപ്പര്‍ തുന്നിക്കെട്ടി അസീസ്‌ സാറെ ഏല്‍പിച്ച്‌ ഞാന്‍ പുറത്തിറങ്ങി.അപ്പോള്‍ അദ്ദേഹം ഹൃദ്യമായി പുഞ്ചിരിച്ചോ? (പിന്നീടറിയാം...)

Thursday, December 25, 2008

ഈ ദുരവസ്ഥ എങ്ങനെ മാറ്റാം?

കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ എന്റെ മക്കള്‍ ഒരു കല്യാണ ക്ഷണക്കത്തു കൊണ്ട്‌ കളിക്കുന്നത്‌ എന്റെ ശ്രദ്ധയില്‍ പെട്ടു.ഒരു A4 പേപ്പറിന്റെ അത്രയും വലിപ്പത്തിലുള്ള ചുവന്ന നിറത്തിലുള്ള ഒരു ക്ഷണക്കത്ത്‌.

കുട്ടികള്‍ അതിന്റെ ആകൃതിയിലും നിറത്തിലും അതിനകത്തെ മാറ്റര്‍ പ്രിന്റ്‌ ചെയ്ത സ്വര്‍ണ്ണനിറ അക്ഷരങ്ങളിലും ആകര്‍ഷിക്കപ്പെട്ട്‌ അത്‌ അവരുടെ കളിപ്പാട്ടമായി മാറ്റിയിരിക്കുകയാണ്‌!

ക്ഷണക്കത്തിന്റെ വലിപ്പവും നിറവും ആകൃതിയും എന്നെയും ആകര്‍ഷിച്ചു.ഞാനത്‌ തിരിച്ചും മറിച്ചും നോക്കുന്നതിനിടയില്‍ എന്റെ ഭാര്യ അവിടെ എത്തി.

ക്ഷണക്കത്ത്‌ കൗതുകത്തോടെ നോക്കുന്ന എന്നോട്‌ ഭാര്യ ചോദിച്ചു.

"അതിന്റെ കഥ കേട്ടോ നിങ്ങള്‍?"

"ഇല്ല.....എന്താ അത്‌?"

"ആ ഒരു കത്തിന്റെ ചെലവ്‌ എത്രാന്നോ?"

"ങാ....ഒര്‌ ആറ്‌ രൂപ..." ഒരു കത്തിന്‌ അഞ്ച്‌ രൂപ തന്നെ എന്റെ കണക്കില്‍ വലിയ ചെലവായതിനാല്‍ ഞാന്‍ ഒന്ന് കൂടി കൂട്ടി പറഞ്ഞു.

"ആ...എന്നാ നിങ്ങക്ക്‌ തെറ്റി....ഇരുപത്തിരണ്ട്‌ രൂപയാ ആ ഒരു കത്തിനുള്ള ചെലവ്‌ !!!"

ഭാര്യ അത്‌ പറഞ്ഞപ്പോള്‍ ഞാന്‍ അതിലേക്ക്‌ ഒന്നു കൂടി സൂക്ഷിച്ചു നോക്കി.

ഒരു കല്യാണത്തിന്‌ ഇത്തരം എത്ര ക്ഷണക്കത്തുകള്‍ അടിച്ചിട്ടുണ്ടാവും?ക്ഷണിതാവിന്റെ കയ്യിലെ ക്ഷണനേരത്തെ ആയുസ്‌ മാത്രമുള്ള ഒരു കത്തിന്‌ ഇത്രയും ധൂര്‍ത്തെങ്കില്‍ ആ കല്യാണത്തിന്റെ മറ്റ്‌ ചെലവുകളിലെ ധൂര്‍ത്ത്‌ എത്രയായിരിക്കും?

പണക്കാരന്‌ പണം എങ്ങനെ ചെലവാക്കണം എന്നറിയാത്ത ദയനീയാവസ്ഥ.ദരിദ്രന്‌ പണം എങ്ങനെ സമ്പാദിക്കും എന്നറിയാത്ത ദയനീയാവസ്ഥ.നമ്മുടെ നാടിന്റെ ഈ ദുരവസ്ഥ മാറാന്‍ എന്താ ചെയ്യാ?

Monday, December 22, 2008

അമ്മമ്മയും തുള്ളിമരുന്നും.....

ഇന്നലെ പള്‍സ്‌ പോളിയോ തുള്ളിമരുന്ന് കൊടുക്കുന്ന ദിനം.അയല്‍പക്കത്തെ നാല്‌വയസ്സുകാരി അമ്മമ്മയോട്‌ ചോദിച്ചു. "അമ്മമ്മേ...അമ്മമ്മേ...എന്താ ഈ തുള്ളിമരുന്ന് ന്ന് പറഞ്ഞാ..." "അതോ..അത്‌ അസുഖങ്ങള്‍ വരാതിരിക്കാന്‍ കൊച്ചുകുട്ടികള്‍ ആയിരിക്കുമ്പോ കഴിക്കുന്ന മരുന്നാ...അത്‌ കഴിച്ചാ പിന്നെ വലുതാവുമ്പം അസുഖം വരില്ല..." "ആഹാ....അപ്പോ അമ്മമ്മ കുട്ട്യായിരുന്നപ്പോ തുള്ളിമരുന്ന് കഴിച്ചിട്ടില്ലാര്‍ന്നു അല്ലേ?" "ങ്‌ഹും...അതെന്താ മോള്‍ അങ്ങനെ ചോദിക്കാന്‍.." "അമ്മമ്മ അത്‌ കഴിച്ചിരുന്നെങ്കി ഈ പ്രമേഹോം പ്രഷറും ഒക്കെ ഉണ്ടാവുമായിരുന്നോ?ഇനി അവര്‌ വരുമ്പോ രണ്ട്‌ തുള്ളി അമ്മമ്മേടെ വായിലും ഉറ്റിക്കാന്‍ പറയണം..."

Thursday, December 18, 2008

സെല്ലിംഗ്‌ അറ്യാത്ത മണ്ടന്മാര്‍....

LKG ക്ലാസ്സില്‍ പഠിക്കുന്ന എന്റെ ചെറിയ മകള്‍ ബോയും ഗേളും ഒക്കെ സ്പെല്ലിംഗും അര്‍ത്ഥവും സഹിതം പഠിച്ചിരുന്നു.അതേ പുസ്തകത്തില്‍ശരീരഭാഗങ്ങള്‍ പഠിപ്പിക്കുന്ന മറ്റൊരു പാഠത്തില്‍ ഒരു ആണ്‍കുട്ടിയുടെപടമായിരുന്നു കൊടുത്തിരുന്നത്‌.മുകളില്‍ BODY PARTS എന്നെഴുതിയത്‌ കണ്ട്‌ അവള്‍ പറഞ്ഞു. "ഉപ്പച്ചീ....ഉപ്പച്ചീ..." "എന്താ..." "ഈ ബുസ്തകം ഇണ്ടാക്യോല്‍ക്ക്‌ ബോയിന്റെ സെല്ലിംഗ്‌ അറീല..." "ങേ...അതെന്താ???" "ങട്ട്‌ നോക്കി .....ആങ്കുട്ടിന്റെ ചിത്രം കൊട്‌ത്ത്‌ B O Y ന്ന് എയ്‌ത്‌ണെയ്‌ന്‌പകരം B O D Y ന്നാ എയ്ത്യേത്‌....സെല്ലിംഗും അറ്യാത്ത മണ്ടന്മാര്‍...." അവളുടെ കണ്ടുപിടുത്തം ഞാനും എതിര്‍ത്തില്ല.ഒരു പെണ്‍കുട്ടിയുടെ ചിത്രമായിരുന്നുഅവിടെ നല്‍കിയിരുന്നതെങ്കില്‍ ഈ കണ്‍ഫുൂഷന്‍ ഒഴിവാക്കാമായിരുന്നു എന്ന ചിന്തമോള്‍ എനിക്കിട്ട്‌ തന്നു.