Pages

Friday, March 30, 2018

സൌഹൃദം പൂക്കുന്ന വഴികള്‍ - 2

സൌഹൃദം പൂക്കുന്ന വഴികള്‍ - 1

            2012 ജൂണ്‍ മാസം... എന്റെ സ്വതന്ത്ര നേതൃത്വത്തില്‍ നടന്ന ആദ്യത്തെ എന്‍.എസ്.എസ് സപ്തദിന ക്യാമ്പിലെ സീനിയര്‍ അംഗങ്ങളും നാഷണല്‍ സര്‍വീസ് സ്കീമിന്റെ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഊര്‍ജ്ജസ്വലരായ വളണ്ടിയര്‍മാരുമായ മന്‍സൂര്‍ , അപര്‍ണ്ണ, അമീന്‍, അഫ്നാസ്,ജോയല്‍ തുടങ്ങീ ഒരു വന്‍ താരനിര തന്നെ കോളേജില്‍ നിന്നും പടി ഇറങ്ങി. ഇവരില്‍ ജോയല്‍ കോട്ടയം ജില്ലക്കാരനായതിനാല്‍ പിന്നീട് കണ്ടതായി എന്റെ ഓര്‍മ്മയില്‍ ഇല്ല. മറ്റുള്ളവരെയെല്ലാം വ്യത്യസ്ത സമയത്തായി പലപ്പോഴും കാണുകയോ ഫോണ്‍ മുഖേന ബന്ധപ്പെടുകയോ ചെയ്തിട്ടുണ്ട്. ജോയല്‍ പഠനം , ജോലി,ജീവിതം അങ്ങനെ പല വഴികളിലൂടെയും കടന്നു പോകുന്ന വിവരം ഇവരില്‍ നിന്നും ഫേസ്ബുക്കില്‍ നിന്നും എനിക്ക് ലഭിക്കാറുണ്ടായിരുന്നു. ഇടക്കെപ്പോഴോ അതും മുറിഞ്ഞു.
             2018 മാര്‍ച്ച് 24. എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്ലിന്റെ വാര്‍ഷിക സംഗമവും അവാര്‍ഡ് വിതരണവും എറണാകുളം ജില്ലയിലെ കാലടി ആദിശങ്കര എഞ്ചിനീയറിംഗ് കോളേജില്‍ ആരംഭിച്ചു. എന്റെ കോളേജിലെ രണ്ട് വളണ്ടിയര്‍മാര്‍ക്ക് മികച്ച വളണ്ടിയര്‍ അവാര്‍ഡ് കിട്ടിയതിനാലും പ്രോഗ്രാം ഓഫീസറായ ശേഷം ഒരു വാര്‍ഷിക സംഗമവും പങ്കെടുക്കാതെ പോയിട്ടില്ല എന്നതിനാലും കാലടിയിലും ഞാന്‍ എത്തി. നേരത്തെ സൂചിപ്പിച്ച ജോയലിന്റെ സീനിയറും പ്രൊഗ്രാം ഓഫീസറായുള്ള എന്റെ ആദ്യ വര്‍ഷത്തെ സീനിയര്‍ വളണ്ടിയറുമായ അശ്വിന്‍‌രാജിന് മികച്ച പ്രോഗ്രാം ഓഫീസര്‍ അവാര്‍ഡും ഈ വര്‍ഷം ലഭിച്ചത് കാലടിയില്‍ എത്താന്‍ എനിക്ക് മറ്റൊരു പ്രചോദനമായി.
              അവാര്‍ഡ് ദാനവും മറ്റും കഴിഞ്ഞ് സദസ്സിന്റെ ഏറ്റവും പിന്നില്‍ ഞാന്‍ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു.സ്റ്റേജില്‍ അപ്പോഴും ആരോ പ്രസംഗിക്കുന്നുണ്ട്. എന്റെ തൊട്ടടുത്ത് വന്ന് ഒരു തടിമാടന്‍ സ്റ്റേജിലേക്ക് ഏന്തി വലിഞ്ഞ് നോക്കുന്നത് പെട്ടെന്ന് എന്റെ ദൃഷ്ടിയില്‍ പെട്ടു. ഒരു വശത്ത് നിന്ന് നോക്കിയപ്പോള്‍ അത് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ കാമ്പസില്‍ നിന്നും ഇറങ്ങിയ ജോയലാണെന്ന് എനിക്ക് തോന്നിപ്പോയി. സ്റ്റേജിലേക്ക് ശരിയായി കാണാത്തതിനാലാവും അയാള്‍ പന്തലിനകത്തേക്ക് എന്റെ അടുത്തേക്കിറങ്ങി. മുഖത്തേക്ക് നോക്കിയ ഞാന്‍ ശരിക്കും അന്തം വിട്ടു - ആറ് വര്‍ഷം മുമ്പ് യാത്ര പറഞ്ഞ ജോയല്‍ ജോസഫ് ജോയ് എന്റെ കണ്‍‌മുന്നില്‍ !!
               ഈ സംഗമത്തിന് ഞാന്‍ എത്തും എന്ന് മനസ്സിലാക്കി ജബ്ബാര്‍ സാറില്‍ നിന്ന് എന്റെ നമ്പര്‍ വാങ്ങി അന്ന് രാവിലെ എന്നെ വിളിച്ചതും ഞാന്‍ അത് ‘മൈന്റ്‘ ചെയ്യാതിരുന്നതും നാട്ടിലേക്ക് തിരിച്ച് പോകുന്നതിന് മുമ്പ് സ്റ്റേജില്‍ ഞാനുണ്ടോ എന്ന് നോക്കാനായി വീണ്ടും വന്ന കഥയും ജോയല്‍ പറഞ്ഞപ്പോള്‍ എന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളുകയായിരുന്നു. ഒരു വര്‍ഷത്തോളമായി ജോയല്‍ ഇവിടെ അധ്യാപകനായി ജോലി ചെയ്ത് വരികയായിരുന്നു. ജോയല്‍ ക്ഷണിച്ച പ്രകാരം കാലടിയില്‍ നിന്നും ഒന്നര മണിക്കൂര്‍ യാത്രയുള്ള കൂത്താട്ടുകുളത്തേക്ക് ഞാനും അശ്വിനും അന്ന് രാത്രി ജോയലിനോടൊപ്പം യാത്ര തിരിച്ചു.
             രാത്രി ഒമ്പതരയോടെ ഞങ്ങള്‍ ജോയലിന്റെ വീട്ടിലെത്തി.പപ്പയും മമ്മിയും മാത്രമേ ആ തറവാട് വീട്ടിലുള്ളൂ.ഇതുവരെ കല്യാണം കഴിക്കാത്ത ജോയല്‍ അവരുടെ ഏക സന്താനവും. മമ്മി ഞങ്ങള്‍ക്ക് എല്ലാവര്‍ക്കുമുള്ള ഭക്ഷണവും പാകം ചെയ്ത് കാത്തിരിക്കുകയായിരുന്നു. നല്ലൊരു കര്‍ഷകനായ ജോയല്‍ വാണിജ്യാടിസ്ഥാനത്തില്‍ മത്സ്യം വളര്‍ത്തുന്നുണ്ടായിരുന്നു. കുളത്തില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കാം എന്ന് കരുതിയെങ്കിലും രാത്രി വൈകിയതിനാല്‍ അത് നടന്നില്ല. പിറ്റേന്ന് രാവിലെത്തന്നെ ഞങ്ങള്‍ കുളത്തിനടുത്തെത്തി മീന്‍ വളര്‍ത്തലിന്റെ കുറെ കാര്യങ്ങള്‍ പപ്പയില്‍ നിന്ന് ചോദിച്ചറിഞ്ഞു. ഇതിനിടയില്‍ അശ്വിന്‍ ഞങ്ങളെ സെല്‍ഫിയിലാക്കി.
              ആറ് വര്‍ഷം മുമ്പ് അറ്റുപോയ ജോയലുമായുള്ള  എന്റെ അധ്യാപക-വിദ്യാര്‍ത്ഥീ ബന്ധവും അശ്വിന്റെ സീനിയര്‍-ജൂനിയര്‍ ബന്ധവും പുതുക്കി ഞങ്ങള്‍ ആ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ കൈ വീശി യാത്രയാക്കാന്‍, ഒറ്റ രാത്രി കൊണ്ട് ഞങ്ങളുടെയും കൂടി അമ്മയായ ജോയലിന്റെ അമ്മ മുറ്റത്തുണ്ടായിരുന്നു.

Thursday, March 29, 2018

സൌഹൃദം പൂക്കുന്ന വഴികള്‍ - 1

                 ബന്ധങ്ങള്‍ ചിലത് എവിടെ വച്ച് തളിര്‍ക്കും എന്ന് മനുഷ്യന് ഒരു നിശ്ചയവും ഉണ്ടാവില്ല. പക്ഷെ തളിരിടാന്‍ പാകത്തില്‍ ഇടക്കിടക്ക് അല്പമെങ്കിലും വെള്ളം നല്‍കണം എന്ന് മാത്രം. ഓണ്‍ലൈന്‍ സൌഹൃദങ്ങളില്‍ മാത്രമൊതുങ്ങാതെ അവയില്‍ കുറച്ചെങ്കിലും ഓഫ്‌ലൈന്‍ ആക്കണമെന്ന് ഞാന്‍ പലപ്പോഴും പറയുന്നതിന്റെ പൊരുളും ഇത് തന്നെ.

               മാർച്ച് 18...അന്നായിരുന്നു എന്റെ രണ്ട് മക്കളുടെ ജന്മദിനം.രണ്ടാം സന്തതി ലുഅ മോൾക്ക് പതിനാലാം രാവും മൂന്നാമത്ത സന്തതി ലൂന മോൾ എട്ടും പൊട്ടും തിരിയാത്തവളും ആയ ദിവസം...ഞാന്‍ അന്ന്, കെ.എം.സി.ടി വനിതാ എഞ്ചിനീയറിംഗ് കോളേജില്‍ എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന ഒരു ത്രിദിന ശില്പശാല സന്ദര്‍ശിക്കാന്‍ പോയതായിരുന്നു .  കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള NSS Activity Coordination Team (NACT) അംഗങ്ങളും ആ ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിന് നിയോഗിക്കപ്പെട്ടിരുന്നു.

              നാഷണല്‍ സര്‍വീസ് സ്കീമിലെ(എന്‍.എസ്.എസ്)  എന്റെ  ജീവിതത്തില്‍ എനിക്ക് ഏറെ പിന്തുണ നല്‍കിക്കൊണ്ടിരുന്ന NACTന്റെ മക്കളെ വീട്ടിലേക്ക് ക്ഷണിക്കാന്‍ ഇനി ഒരവസരം ഒരു പക്ഷെ ലഭിച്ചേക്കില്ല എന്ന് എനിക്ക് വെറുതെ ഒരു തോന്നല്‍ വന്നു - പ്രത്യേകിച്ചും ടെക്നിക്കല്‍ സെല്‍ എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് ജബ്ബാര്‍ സാര്‍ പടിയിറങ്ങിയ സാഹചര്യത്തില്‍. ജന്മദിനം ഞാന്‍ ആഘോഷിക്കാറില്ല എന്നതിനാല്‍ ആ പേരില്‍ ഞാന്‍ അവരെ ക്ഷണിച്ചില്ല. പകരം ,അവരുടെ നാട്ടിലേക്കുള്ള മടക്കം എന്റെ വീട് വഴിയാക്കാന്‍ ക്ഷണിച്ചു. മുമ്പ്  ഒരു സപ്തദിനക്യാമ്പ് കഴിഞ്ഞ് ഒരു ബസ്സ് നിറയെ കുട്ടികള്‍ വീട്ടില്‍ വന്നതും കെ.എസ്.ഇ.ബിക്ക് വേണ്ടി ഒരു സര്‍വ്വേ കഴിഞ്ഞ് അറുപതോളം കുട്ടികള്‍ വന്നതും (അതില്‍ ഒരാള്‍ പോലും എന്റെ കോളേജില്‍ നിന്നുണ്ടായിരുന്നില്ല!) കോഴിക്കോട്ടെ എന്‍.എസ്.എസ് മക്കള്‍ ഇടക്കിടക്ക് കയറി വരുന്നതും അനുഭവമായുള്ളതിനാല്‍ വീട്ടില്‍ വിളിച്ചു പറഞ്ഞ ഉടനെ വീട്ടുകാരിയും അത് സ്വീകരിച്ചു.

          അങ്ങനെ അപ്രതീക്ഷിതമായി എന്റെ ഈ മക്കളും അന്ന് വീട്ടിലെത്തി. പതിവ് പോലെ രണ്ട് മക്കള്‍ക്കും ഓരോ വൃക്ഷത്തൈകൾ സമ്മാനമായി നൽകി ആ ജന്മദിനം പ്രകൃതി സൌഹൃദമാക്കി.എൻ.എസ്.എസ് ടെക്നിക്കൽ സെല്ലിന്റെ ടെക്നിക്കൽ കൺസള്‍ട്ടന്റും പെരുമ്പാവൂർ ജയ് ഭാരത് കോളേജ് ഓഫ് മാനേജ്മെന്റിന്റെ ഡയരക്ടറുമായ ഡോ.നിസാം റഹ്മാൻ മക്കള്‍ക്ക് തൈകൾ കൈമാറി.സാക്ഷ്യം വഹിക്കാൻ വിവിധ ജില്ലകളിൽ നിന്നുള്ള NSS Activity Coordination Team അംഗങ്ങളും എന്റെ ഭാര്യാപിതാവും കുഞ്ഞുമോൻ ലിദുവും കൂടി. മൂത്ത മോൾ ലുലു അത് ക്യാമറയില്‍ പകര്‍ത്തി.
          കൃത്യം ആറ് ദിവസം കഴിഞ്ഞ് ദൈവം എനിക്ക് അടുത്ത അവസരവും ഒരുക്കിത്തന്നു....പറയാം.

Wednesday, March 28, 2018

മരിച്ചവരുടെ നോട്ടുപുസ്തകം

       മരണം മണക്കുന്ന ധാരാളം കുറിപ്പുകൾ കൂട്ടി വച്ച് ആരംഭിക്കുന്നത് കൊണ്ടായിരിക്കും ശ്രീ.മുസഫർ അഹമ്മദ് ഈ പുസ്തകത്തിന് 'മരിച്ചവരുടെ നോട്ടുപുസ്തകം, എന്ന പേര് നല്കിയത് എന്നായിരുന്നു ഞാൻ ധരിച്ചത്.പുസ്തകത്തിലെ ആദ്യ അധ്യായത്തിൽ തന്നെ ഒരു വരിയുണ്ട് - “മരണത്തിന്റെ സർവ്വകലാശാലയിലാണ് ജീവിതം എഴുത്തിനിരിക്കുന്നത്“. മരണം ഒരു സർവകലാശാലയായും ജനനം അതിലെ എഴുത്തിനിരുത്തുമായുള്ള സങ്കല്പം അതി മനോഹരമായി. മനുഷ്യൻ കഷ്ടപ്പെട്ട് ജീവിക്കുന്നത് മരിക്കാനല്ലേ എന്ന ചോദ്യവും നമ്മെ തൊട്ടുണർത്തും. മരണത്തിന്റെ ആ സർവകലാശാലയിലൂടെ മുന്നോട്ട് പോകമ്പോൾ മരണത്തിന്റെ നിഴൽ തൊട്ടടുത്ത് തലയുയർത്തി നില്ക്കുന്നോ എന്നും തോന്നിപ്പോകും.
        “തൂക്കുകയര്‍ കണ്ടു,.....” എന്ന കുറിപ്പും മുഴുനീളം ഒരു വിഷയത്തില്‍ കേന്ദ്രീകരിക്കുന്നതിനാല്‍ വായനാസുഖം നല്‍കുന്നതാണ്. അന്തമാന്‍ ദ്വീപിനെയും അതിലെ ജറവാ റിസര്‍വ്വിനെപ്പറ്റിയും ഉള്ള വിവരണം ഞാന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നത്.മുമ്പ് ശ്രാവണബല്‍ഗോളയില്‍ പോയപ്പോള്‍ നഗ്നസന്യാസികളെപ്പറ്റി കേട്ടിരുന്നു.പക്ഷെ വസ്ത്രം എന്ന സങ്കല്പം പോലും അറിയാത്ത ഒരു വിഭാഗം ഇന്നും ഇന്ത്യയില്‍ ഉണ്ടെന്നത് എവിടെയോ മറന്നു വച്ച അറിവായി.ബോഡോകളും ഉള്‍ഫകളും അസ്വസ്ഥത പടര്‍ത്തുന്ന അസമിലൂടെയുള്ള യാത്രയുടെ ഹൃദയമിടിപ്പ് വായനക്കാരനും അനുഭവപ്പെടും.”സൌദി സിനിമാ ഡയറീസ്” വായിച്ചിട്ട് എനിക്ക് ഒന്നും തന്നെ മനസ്സിലായില്ല.

       അപ്പോഴേക്കും ഏകദേശം പുസ്തകത്തിന്റെ പകുതി എത്തിയിരുന്നു. അധ്യായങ്ങളുടെ നീണ്ട പേരുകളും സ്വതന്ത്രമായ കുറിപ്പുകളും വായന തുടരണോ എന്ന ചോദ്യം മനസ്സിലുയര്‍ത്തി.എനിക്ക് ഈ പുസ്തകത്തെപ്പറ്റി വിവരം തന്ന മുബിയുടെ “യാത്രാനുഭവങ്ങളുടെ പാസ്‌വേഡ്” എന്ന ആസ്വാദനക്കുറിപ്പ് ഞാന്‍ ഒരിക്കല്‍ കൂടി വായിക്കുകയും മുബിയോട് അഭിപ്രായം തേടുകയും ചെയ്തു.അങ്ങനെ വായന വീണ്ടും തുടങ്ങി.

       ലക്ഷ്മണ്‍ ഗായക് വാഡയുടെ കൂടെ ലത്തൂരിലൂടെയുള്ള യാത്രാനുഭവം വായിക്കുമ്പോള്‍ വായനക്കാരനും ആ ഗ്രാമത്തിലൂടെ യാത്ര ചെയ്യുന്നതായി അനുഭവപ്പെടും.രാജ്യം മുഴുവന്‍ സ്വാതന്ത്ര്യം ആസ്വദിക്കുമ്പോള്‍ പ്രത്യേക നാട്ടുരാജ്യം അല്ലാഞ്ഞിട്ടു പോലും സ്വാതന്ത്ര്യത്തിന് 14 വര്‍ഷം കാത്തിരിക്കേണ്ടി വന്ന ഒരു സമൂഹത്തിന്റെ കഥ പറയുന്ന 'കുറ്റം, കുറ്റവാളി, നാടോടികളുടെ ജീവിത'മെന്ന കുറിപ്പ് വല്ലാത്തൊരു അനുഭവമാണ്.’കുറ്റവാളി ഗോത്രങ്ങളുടെ’ ജീവിതം പുറം ലോകത്തെത്തിച്ച ഗായക് വാഡ് എഴുതിയ ‘ഉചല്യ’ എന്ന പുസ്തകം വായിക്കാന്‍ ഈ കുറിപ്പ് പ്രേരണ നല്‍കുന്നു.സ്കൂള്‍ പഠനകാലത്ത്, ജാതിയുടെ പേരില്‍ ഡോ.അംബേദ്കര്‍ അനുഭവിച്ച നിരവധി ബുദ്ധിമുട്ടുകള്‍ പഠിച്ചത് ഇന്നും ഈ നാട്ടില്‍ നിലനില്‍ക്കുന്നു എന്നത് ഖേദകരം തന്നെ."ഞങ്ങളുടെ ജീവിതത്തോട് കരുണ കാണിച്ചിട്ടുള്ളത് മനുഷ്യരല്ല, നിരവധി മൃഗങ്ങളാണെന്ന" ലക്ഷ്മണ്‍ ഗായക് വാഡയുടെ വാക്കുകളില്‍ ആ സമുദായത്തിന്റെ കനലെരിയുന്ന മനസ്സിന്റെ ചൂട് അനുഭവപ്പെടുന്നുണ്ട്.

        മരിച്ചവരുടെ നോട്ടുപുസ്തകം എന്ന പേരിന് നിമിത്തമായത് ആലനഹള്ളിയിലെ “അനുവന”യില്‍ അന്ത്യവിശ്രമം കൊള്ളുന്ന യു.ആര്‍ അനന്തമൂര്‍ത്തിയുടെ നോട്ടുപുസ്തകത്തിലെ കുറിപ്പുകള്‍ ആണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.ഫാഷിസത്തെ ഭയം കൂടാതെ പൊളിച്ചെഴുതുന്നതാണ് അനന്തമൂര്‍ത്തിയുടെ കുറിപ്പുകള്‍.അനന്തമൂര്‍ത്തിയുടെ നോട്ടുബുക്ക് (അതില്‍ നിന്ന് ജനിച്ച പുസ്തകവും)രാജ്യം മരിക്കാതിരിക്കാനുള്ള മാനിഫെസ്റ്റോ ആയിരുന്നുവെന്ന് മുസഫര്‍ അഹമ്മെദ് പറയുമ്പോള്‍ രാജ്യം ശരിയായ ദിശയില്‍ മുന്നോട്ട് നീങ്ങണമെന്നാഗ്രഹിക്കുന്നവർക്ക് പ്രതീക്ഷകള്‍ നൽകുന്നു.

         ഉസ്താദ് ബിസ്മില്ലാഖാനെപ്പറ്റി കൂടുതൽ അറിയാൻ എനിക്ക് ഒരിക്കലും താല്പര്യം ഇല്ലായിരുന്നു.വാരാണസിയിൽ നിന്നുമുയരുന്ന ഷഹനായ് വാദനം ലോകം മുഴുവൻ ആസ്വദിച്ചപ്പോഴും അദ്ദേഹത്തിന്റെ പ്രത്യേകതയെപ്പറ്റി ആരും പറഞ്ഞ് തന്നില്ല.പക്ഷെ, “ബിസ്മില്ലാഖാൻ ഖരാനയുടെ തേങ്ങലുകൾ” എന്ന കുറിപ്പ് നൽകിയ അറിവുകൾ ചെറുതൊന്നുമല്ല.തനിക്ക് ലഭിക്കുന്ന പ്രതിഫലം ബന്ധുക്കൾക്കിടയിൽ വിതരണം ചെയ്യുന്ന ആ മഹാമനസ്കത ഇന്നത്തെ കലാകാരന്മാർക്ക് നേരെയുള്ള ചൂണ്ടുവിരൽ കൂടിയാണ്.

         ചന്തകൾ പറയുന്ന കഥകൾ, എന്റെ നാട്ടിലെ ആഴ്ച ചന്തയെപ്പറ്റിയുള്ള മിറം മങ്ങിയ സ്മരണകൾ എന്നിലുണർത്തി.ആ ചന്തയിൽ കൂടി മുല്ലാ നസ്‌റുദ്ദീൻ നടന്നു നീങ്ങുന്നതും മറ്റും ഈ കുറിപ്പ് വായിച്ചപ്പോൾ ചില ബ്ലാക്ക്& വൈറ്റ് ചിത്രങ്ങളായി മനസ്സിൽ മിന്നി മറഞ്ഞു.മുല്ലാ നസ്‌റുദ്ദീനെ പറ്റി വായിച്ച മിക്ക കഥകളും ചന്തയിൽ നിന്നുള്ളതായിരുന്നു എന്നതാണ് അതിന് കാരണം. ശുഷ്കമായിപ്പോയ എന്റെ ഗ്രാമച്ചന്ത ഇനി എന്ന് തിരിച്ച് കിട്ടും എന്ന് വെറുതെ ചിന്തിക്കാനും ഈ കുറിപ്പ് സഹായിച്ചു.

         ഈ പുസ്തകത്തില്‍ അനുബന്ധമായി ചേര്‍ത്തിരിക്കുന്ന “ആ ബദാംമരം ഞങ്ങളിലേക്ക് വായനാശാലകളെ തുറന്നിട്ടു” എന്ന ലേഖനത്തില്‍ വായനയും പുസ്തകങ്ങളും, ലൈബ്രറികളുമാണ് മുഖ്യകഥാപാത്രങ്ങളായി നമുക്ക് മുന്നിലെത്തുന്നത്. ‘ആരാണ് വലുത്, എഴുത്തുകാരന്‍, വായനക്കാരന്‍, ലൈബ്രേറിയന്‍?’ എന്ന ചോദ്യം സത്യത്തിൽ വല്ലാത്തൊരു ചോദ്യം തന്നെയാണ്. ‘ആലിയ രക്ഷപ്പെടുത്തിയ പുസ്തകങ്ങളെ’ന്ന കുറിപ്പിലെ ആലിയ എന്ന പെൺകുട്ടിയെ ആർക്കും മറക്കാനും സാധിക്കില്ല.ജീവൻ പണയപ്പെടുത്തി പുസ്തകത്തെ സ്നേഹിച്ച അത്തരം കുട്ടികളുടെ ജീവിതം വായിക്കാതെ, പഠിച്ച പുസ്തകങ്ങൾ പിച്ചിച്ചീന്തി വായുവിലേക്കെറിയുന്ന കാഴ്ചകളാണ് പ്രബുദ്ധരായ നമ്മുടെ കുട്ടികൾക്കിടയിൽ പോലും കാണുന്നത്. 

         ആരംഭത്തിൽ മുഷിപ്പ് തോന്നുമെങ്കിലും(?) പുസ്തകം മുഴുവൻ (അനുബന്ധമടക്കം)വായിച്ചു കഴിഞ്ഞാൽ അറിവിന്റെ ഒരു ഭണ്ഡാരം മുന്നിൽ തുറന്ന പ്രതീതി നൽകുന്നതാണ് മരിച്ചവരുടെ നോട്ടു പുസ്തകം.

പുസ്തകം  : മരിച്ചവരുടെ നോട്ടു പുസ്തകം
ഗ്രന്ഥകർത്താവ് : മുസഫർ അഹമ്മദ്
പ്രസാധകർ : ഡി സി ബുക്സ്
വില  : 170 രൂപ
പേജ്  : 174

Monday, March 26, 2018

കാട്ടുനായ്ക്ക കോളനിയില്‍...

              ഇന്ന് ഈ പ്രകൃതി പഠന ക്യാമ്പ് അവസാനിക്കുകയാണ്. കല്ലുമുക്കും അരവിഞ്ചിയും മൂന്ന് ദിവസം ഞങ്ങളെ ത്രസിപ്പിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥരും മറവി എന്ന തിരശ്ശീലയുടെ പിന്നിലേക്ക് നീങ്ങാന്‍ പോകുന്നു. അതിന് മുമ്പ് കാടിന്റെ മക്കളുടെ ജീവിതം കൂടി ഒന്നടുത്ത് അറിയുക എന്ന ലക്ഷ്യത്തോടെ ഞങ്ങള്‍ തൊട്ടടുത്ത കാട്ടുനായ്ക്ക കോളനിയിലേക്ക് നീങ്ങി.

               അടുത്തടുത്ത് സ്ഥാപിച്ച വീടുകള്‍ ആയിരുന്നു കോളനിയില്‍. അതില്‍ തന്നെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉണ്ട്. വശങ്ങള്‍ ഓട കൊണ്ട് കെട്ടിയുണ്ടാക്കിയ ഒറ്റ മുറി വീടുകളും ഉണ്ട്. നായയും പൂച്ചയും ആടും മേയുന്ന പൊടി മണ്ണില്‍ കൊച്ചു കുട്ടികളും നിരങ്ങുന്ന കാഴ്ച മനസ്സില്‍ ചെറിയൊരു നൊമ്പരം ഉണ്ടാക്കി. ഈ മാതാപിതാക്കളുടെ മക്കളായി ജനിച്ചതിനാല്‍ അവര്‍ അനുഭവിക്കേണ്ടി വരുന്ന അസ്വാതന്ത്ര്യം എന്ന് എനിക്ക് തോന്നിയ ചില കാര്യങ്ങളായിരുന്നു ഈ നൊമ്പരത്തിന് കാരണം. പക്ഷെ നാട്ടിലെ മക്കളെ അപേക്ഷിച്ച് അവര്‍ മണ്ണിലനുഭവിക്കുന്ന സ്വാതന്ത്ര്യവും ഞാന്‍ തിരിച്ചറിഞ്ഞു.
                 രണ്ട് വര്‍ഷം മുമ്പ് ബേഗൂരില്‍ പ്രകൃതി പഠന ക്യാമ്പ് നടത്തിയപ്പോ‍ള്‍ തൊട്ടടുത്തുണ്ടായിരുന്ന കോളനിയിലെ കുട്ടികള്‍ അവതരിപ്പിച്ച ഒരു ആദിവാസി കലാരൂപം എന്റെ മനസ്സില്‍ തങ്ങി നിന്നിരുന്നു. ഈ കോളനിയിലും അത്തരം എന്തെങ്കിലും ഒരു കലാപ്രകടനം കുട്ടികളില്‍ നിന്നും ഞാന്‍ പ്രതീക്ഷിച്ചു. എല്ലാ കുഞ്ഞുമക്കളെയും ഒരു വീട്ടിലേക്കെത്തിച്ച് അവരോട് പാട്ടു പാടാന്‍ പറഞ്ഞപ്പോഴാണ് ടി.വിയുടെ സ്വാധീനം തിരിച്ചറിഞ്ഞത്.പാട്ടുകള്‍ എല്ലാം തന്നെ സിനിമയില്‍ നിന്നുള്ളവ മാത്രമായിരുന്നു. കോങ്ക്രീറ്റ് വീടുകളും അനുബന്ധ സൌകര്യങ്ങളും ഒരുക്കിയപ്പോള്‍ അവരുടെ സ്വന്തം ഗോത്ര സംസ്കൃതി നിലനിര്‍ത്താന്‍ ഒന്നും ചെയ്യാത്തതിന്റെ പരിണത ഫലം സമീപഭാവിയില്‍ തന്നെ പ്രകടമായിത്തുടങ്ങും എന്ന് തീര്‍ച്ച. കുട്ടികളോടൊപ്പം ഞങ്ങളും ചില കലാപരിപാടികള്‍ അവതരിപ്പിച്ചു.
                     പാട്ടു പാടിയ മുഴുവന്‍ കുട്ടികള്‍ക്കും പത്ത് രൂപ വീതം ഞങ്ങള്‍ സമ്മാനമായി നല്‍കി. സാധനങ്ങള്‍ക്ക് പകരം കാശ് ആണ് അവര്‍ ഇഷ്ടപ്പെടുക എന്ന വിദഗ്ദാഭിപ്രായത്തിലാണ് ഞങ്ങള്‍ ആ തീരുമാനത്തില്‍ എത്തിയത്. സമ്മാനം വിതരണം ചെയ്ത ഞാന്‍ കുട്ടികളോട് എല്ലാം അവരുടെ പേരും പഠിക്കുന്ന ക്ലാസും ഞാന്‍ അന്വേഷിച്ചിരുന്നു. ഇത് അറിഞ്ഞ ഒരുത്തന്‍ വേറെ ഒരുവനോട് മെല്ലെ പോയി ചോദിച്ചു - ഞാന്‍ എത്രാം ക്ലാസ്സിലാ !!!
              കൂട്ടത്തില്‍ ഒരു കൊച്ചു കുട്ടിയെ എടുത്ത് പൊക്കിയപ്പോള്‍ നല്ല ചൂട് അനുഭവപ്പെട്ടു. കുട്ടിക്ക് നല്ല പനിയുണ്ടായിരുന്നു. പക്ഷെ പറയാനും  ശ്രദ്ധിക്കാനും ആളില്ലാത്ത ബാല്യം - അതും എന്നെ നൊമ്പരപ്പെടുത്തി.
               
                 ഉച്ചക്ക് രണ്ട് മണിയോടെ എല്ലാ പ്രവൃത്തികളും അവസാനിപ്പിച്ച് ഞങ്ങള്‍ കാട്ടില്‍ നിന്നും നാട്ടിലേക്ക് തിരിച്ചു. എന്റെ എന്‍.എസ്.എസ് ജീവിതത്തിലെ ആറാമത്തെ ത്രിദിന പ്രകൃതി പഠന ക്യാമ്പിനും അതോടെ പരിസമാപ്തിയായി.

Thursday, March 22, 2018

അരവിഞ്ചിയിൽ അര നാഴിക നേരം.

                 നടത്തം തുടങ്ങിയിട്ട് മണിക്കൂറുകൾ പിന്നിട്ടതിനാൽ അല്പ സമയം വിശ്രമിക്കാൻ ഞങ്ങൾ ഒരു മരത്തണലിലേക്ക് നീങ്ങി. കയ്യിൽ കരുതിയ വെള്ളം മുഴുവൻ കഴിഞ്ഞിരുന്നു. അരവിഞ്ചിയിലെ കേണി യിലെ വെള്ളം വായിൽ വയ്ക്കാൻ ആർക്കും ധൈര്യം വന്നില്ല. കാടിന്റെ തണുപ്പും ശുദ്ധ വായുവും കുളിർമ്മ നൽകിയതിനാൽ ദാഹം പെട്ടെന്ന് തന്നെ ഞങ്ങൾ മറന്നു. ഒരു കാട്ടുമാവിന്റെ ചുവട്ടിലായി ഞങ്ങൾ എല്ലാവരും ഇരുന്നു.
                  ബീരാൻ സാർ കാടിന്റെ കഥ, അല്ല കാര്യങ്ങൾ പറയാൻ തുടങ്ങി. ഞങ്ങളിരുന്ന സ്ഥലത്ത് നിന്നും ഒരു മാൻ കൊമ്പ് കിട്ടിയപ്പോൾ അത് അവിടെ തന്നെ ഇടേണ്ടതിന്റെ ആവശ്യകത അദ്ദേഹം പറഞ്ഞ് തന്നു. അത്രമേൽ ഓരോ ജീവിയും മറ്റൊന്നിനെ ആശ്രയിക്കുന്നതായി ഞങ്ങൾക്ക് അന്നേരം ബോദ്ധ്യപ്പെട്ടു. വീണു കിടന്ന ഒരു ചുള്ളിക്കമ്പിൽ കണ്ട ഫംഗസുകൾ പോലും ആദിവാസികളുടെ ഉപജീവന മാർഗ്ഗമാകുന്ന കഥ ഞങ്ങൾ അത്ഭുതത്തോടെ കേട്ടു.
                   അരവിഞ്ചിയിൽ അര നാഴിക നേരം ആയിരുന്നു പ്ലാൻ എങ്കിലും വിശ്രമം എത്ര നാഴികയായി എന്ന് ഒരു പിടിയും ഇല്ലായിരുന്നു. എല്ലാവര്‍ക്കും അത്യാവശ്യം വിശ്രമം കിട്ടിയതിനാല്‍ ഞങ്ങള്‍ അടുത്ത പണിയിലേക്ക് നീങ്ങി.

                   വയനാടന്‍ കാടിനെ നശിപ്പിക്കുന്ന മൂന്ന് തരം ചെടികളെക്കുറിച്ച് തലേ ദിവസത്തെ ക്ലാസ്സില്‍ സൂചിപ്പിച്ചിരുന്നു. മഞ്ഞക്കൊന്ന, കമ്യൂണിസ്റ്റ് പച്ച ( അപ്പ),അരിപ്പൂവ് (ഒടിച്ചുകുത്തി) എന്നിവയായിരുന്നു അവ. ഇതില്‍ അപ്പയും അരിപ്പൂവും ആയിരുന്നു ഇവിടെ സ‌മൃദ്ധമായി വളര്‍ന്നിരുന്നത്.ഇവ പുല്ല് വളരുന്നതും തടയും എന്നതിനാല്‍ മാനുകള്‍ പോലെയുള്ള ജീവികള്‍ക്കും ഭീഷണിയാണ്. ഏകദേശം എല്ലാ സ്ഥലത്തും ഇവ വ്യാപിച്ചു കഴിഞ്ഞെങ്കിലും ഞങ്ങള്‍ക്ക് ചെയ്യാനാവുന്നത് വെട്ടിക്കളയുക എന്ന ദൌത്യം ഏറ്റെടുത്തു.
               ഇതോടൊപ്പം തന്നെ, ഗ്രീഷ്മ ടീച്ചറും രമ്യശ്രീ ടീച്ചറും കൊണ്ട് വന്നിരുന്ന പുളിങ്കുരുവും ചക്കക്കുരുവും സീതപ്പഴത്തിന്റെ വിത്തും പല സ്ഥലങ്ങളിലും കുഴി കുത്തി നട്ടു. വെറുതെ കാട് കണ്ട് പോരുന്നതിന് പകരം ഇങ്ങനെ ഒരു പ്രവൃത്തി കൂടി നടപ്പിലാക്കിയ ടീച്ചര്‍മാരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അഭിനന്ദിച്ചു.

               അല്പം കൂടി നടന്ന് ഞങ്ങള്‍ മുള കൊണ്ട് കെട്ടിയുണ്ടാക്കിയ  ഒരു ഇരിപ്പിടത്തില്‍ എത്തി. കാട്ടില്‍ പലതരം ജോലി ചെയ്യുന്ന കുറെ ആള്‍ക്കാരും അവിടെയുണ്ടായിരുന്നു.സമീപത്തെ വലിയൊരു മരത്തില്‍ ഒരു ഏറുമാടവും അതിലേക്ക് കയറാന്‍ കെട്ടിയുണ്ടാക്കിയ ഒരു കോണിയും കണ്ടതോടെ പലര്‍ക്കും പൂര്‍വ്വികന്റെ അസ്തികത ഉദിച്ചു. ആണും പെണ്ണുമായി കുറെ എണ്ണം സമ്മതം വാങ്ങി അതിന്റെ മേലെയും വലിഞ്ഞ് കയറി.
             താമസിയാതെ ഞങ്ങള്‍ കാട്ടില്‍ നിന്നും മടങ്ങി. അന്ന് രാത്രി  “പാമ്പുകളുടെ വൈവിധ്യം” എന്ന ഒരു അടിപൊളി ക്ലാസിലൂടെ മിക്കവാറും എല്ലാ പാമ്പുകളെപ്പറ്റിയും മനസ്സിലാക്കാന്‍ സാധിച്ചു. പ്രസ്തുത ക്ലാസ് പലരുടെയും ഉറക്കം കെടുത്തിയതായും പിറ്റേന്ന് രാവിലെ അറിഞ്ഞു.

(തുടരും....)