Pages

Friday, August 31, 2018

ആൻ ആപ്പിൾ കീപ്സ് .....

ഉപ്പച്ചീ... ആപ്പിൾ ഒരു കൊണം കെട്ട പഴം ആണല്ലേ ? ” മോളുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് ഞാൻ ഒന്ന് അമ്പരന്നു.

ആൻ ആപ്പിൾ കീപ്സ് ഡോക്ടർ എവെ എന്നാണ്....അത്രയും നല്ലതാണ് ആപ്പിൾഞാൻ പറഞ്ഞു.

ആപ്പിളിനടുത്തേക്ക് ഡോക്ടർ വരില്ല എന്നല്ലേ...അത് എനിക്കും അറിയാം...”

ശരിയാണല്ലോ....അങ്ങനെയും പറയാംഎന്റെ മനസ്സ് മന്ത്രിച്ചു.

ആട്ടെ... അതെന്താ ആപ്പിൾ ഒരു കൊണം കെട്ട പഴമാണെന്ന് ഇപ്പോൾ നിനക്ക് തോന്നിയത് ? “

അതെയ്...ഞാൻ ഇന്നലെ സ്വർഗ്ഗത്തെപ്പറ്റി ഒരു കഥയിൽ വായിച്ചു....നല്ല സ്ഥലം...മനുഷ്യൻ അവിടെ ആയിരുന്നു പോലും....”

ങാ...”

എന്നിട്ട് അവിടെ ഒരു ആപ്പിൾ മരത്തിലെ, ദൈവം വിലക്കിയ പഴം ആദ്യത്തെ മനുഷ്യനായ ആദം കഴിച്ചു....അതോടെ ദൈവം കോപിച്ച് മനുഷ്യനെ സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കി....വല്ല ചക്കയോ മറ്റോ ആയിരുന്നെങ്കിൽ ആദം അത് കഴിക്കില്ലായിരുന്നു....ആപ്പിൾ ആയതോണ്ടല്ലേ കഴിച്ചതും നമ്മൾ എല്ലാം സ്വർഗ്ഗത്തിൽ നിന്ന് പുറത്തായതും.... കഷ്ടം ...”

...അത് ഇപ്പോ പറഞ്ഞിട്ട് ഇനി കാര്യമില്ലാലോ...നിനക്ക് ഇപ്പോൾ ഇത് പ്രത്യേകിച്ച് ഓർമ്മ വരാൻ കാരണമെന്താ....?”

അതോ....അത് സയൻസ് ടീച്ചറില്ലേ...ശ്രീദേവി ടീച്ചർ. അവർ ഇന്ന് ഒരു നിയമം പഠിപ്പിച്ചു - ഭൂഗുരുത്വം എന്നോ മറ്റോ....ഭൂമി എല്ലാ സാധനങ്ങളെയും അതിന്റെ കേന്ദ്രത്തിലേക്ക് ആകർഷിക്കുന്നുണ്ട് പോലും....”

...അത് ശരിയാണ്...”

എന്നിട്ട് ഒരു മുടിയൻ വല്ല്യാപ്പയുടെ പടവും കാണിച്ചു തന്നു... എന്തോ ഒരു ചേട്ടൻ എന്നാ പേര്...”

ചേട്ടൻ അല്ല , ന്യൂട്ടൻ ആണ്...” ഞാൻ തിരുത്തി.

...അയാ‍ളെ തലയിലേക്ക് ഒരു ആപ്പിൾ വീണത് കാരണാത്രേ നിയമം ഉണ്ടായത്.”

അത് നല്ലതല്ലേ മോളെ?”

ഹും നല്ലത് !!! അതോണ്ട് ഇപ്പോ ഇനി എത്ര നിയമങ്ങളും കണക്കുകളും പഠിക്കണം... ചേട്ടൻ എന്തിനാ ആപ്പിൾ മരത്തിന്റെ ചുവട്ടിൽ തന്നെ പോയി ഇരുന്നത്...ഒരു തെങ്ങിന്റെ ചുവട്ടിൽ ഇരുന്നു കൂടായിരുന്നോ... ഒരു തേങ്ങയായിരുന്നു തലയിൽ വീണിരുന്നതെങ്കിൽ ....”

ങേ!!

***********

വർഷങ്ങൾക്ക് മുമ്പ് ഒരു എൻ.എസ്.എസ് ക്യാമ്പിലൂടെ ആപ്പിൾ വീണ്ടും താരമായി.  നാഷണൽ സർവീസ് സ്കീമിന്റെ കീഴിൽ ഞാൻ നയിക്കുന്ന ആദ്യത്തെ സപ്തദിന ക്യാമ്പ്  കോഴിക്കോട് ജില്ലയിൽ കക്കയത്തിനടുത്ത് തലയാട് വച്ച് നടക്കുകയായിരുന്നു. അന്ന് ഒരു ആപ്പിള്‍ ചിലര്‍ തിന്നുന്നതായി മറ്റു ചിലര്‍ കണ്ടു. ക്യാമ്പില്‍ എന്തു കിട്ടിയാലും അത് മുഴുവന്‍ ക്യാമ്പ് അംഗങ്ങള്‍ക്കും വീതിച്ച് നല്‍കണം എന്നാണ് നിയമം ( ഒരു കിറ്റ്കാറ്റ് കിട്ടിയത് ചായയില്‍ കലക്കി എല്ലാവരിലേക്കും എത്തിച്ചു!). അപ്പോള്‍ ആപ്പിള്‍ ഏതാനും ചിലര്‍ തിന്നത് വിവാദമായി. അങ്ങനെ ആപ്പിള്‍ നല്‍കിയ ആളെ കണ്ടെത്തി ചോദ്യം ചെയ്യല്‍ ആരംഭിച്ചു.

ഞാന്‍ : ജാബിറാണോ ആപ്പിള്‍ കൊടുത്തത് ?

ജാബിര്‍ : അതെ.

ഞാന്‍ : ആര്‍ക്കാ ആദ്യം കൊടുത്തത് ?

ജാബിര്‍ : ഷരീഫിന്

ഞാന്‍ : ഷരീഫ് വരൂ...

ഷരീഫ് : സാര്‍, ഞാന്‍ അതിന്റെ ഒരു കഷ്ണം കണ്‍‌വീനര്‍ അനീഷിന് കൊടുത്തിട്ടുണ്ട്.

ഞാന്‍ : അപ്പോള്‍ അനീഷും ഇങ്ങോട്ട് വന്നോളൂ

അനീഷ് : ഞാന്‍ അത് തിന്നാന്‍ തുടങ്ങുമ്പോഴേക്കും സെക്രട്ടറി തട്ടിപ്പറിച്ചു...എനിക്ക് ഒരു കുഞ്ഞ് കഷ്ണമേ കിട്ടിയുള്ളൂ.

ഞാന്‍ : അപ്പോള്‍ സെക്രട്ടറിയും കുറ്റക്കാരനാണ്. ഇനി ആരെങ്കിലും പ്രതിപ്പട്ടികയില്‍ ഉണ്ടോ ജാബിറേ?

ജാബിര്‍ : അറിയില്ല സാര്‍...ആപ്പിള്‍ കൊടുത്ത ശേഷം ഞാന്‍ പിന്നെ അങ്ങോട്ട് നോക്കിയില്ല.

ഞാന്‍ : ഓ കെ....ഒരു ആപ്പിള്‍ കിട്ടിയിട്ട് ജാബിര്‍ എന്തുകൊണ്ട് അതു മറ്റുള്ളവര്‍ക്ക് നല്‍കി?

ജാബിര്‍ : സാര്‍....അത്....അത് പറയണോ?

ഞാന്‍ : പറയൂ...ജാബിറിന്റെ മഹാമനസ്കത എല്ലാവരും അറിയട്ടെ.

ജാബിര്‍ : ങാ...ഇന്നലെ നമ്മള്‍ തലയാട് അങ്ങാടി ക്ലീന്‍ ചെയ്തിരുന്നല്ലോ..?

ഞാന്‍ : അതേ...അപ്പോള്‍ അലിവ് തോന്നിയ വല്ല കടയുടമയും തന്നതായിരിക്കും...

ജാബിര്‍ : പറയട്ടെ സാര്‍....അങ്ങാടിയിലെ ആ ഓട ക്ലീന്‍ ചെയ്യാന്‍ കിട്ടിയത് എനിക്കായിരുന്നു.

ഞാന്‍ : എന്നിട്ട് ?

ജാബിര്‍ : ഓടയില്‍ നിന്ന് എനിക്ക് ഒരു ആപ്പിള്‍ കിട്ടി..! ഞാനത് കയ്യില്‍ പിടിച്ച് നടക്കുന്നത് ഷരീഫ് കണ്ടു. അവനത് ചോദിച്ചു. ഓടയില്‍ നിന്ന് കിട്ടിയതായതിനാല്‍ ഞാന്‍ അത് അവന് കൊടുത്തു !!

ഞാന്‍: ങേ !! ഓടയില്‍ നിന്ന് കിട്ടിയ ആപ്പിളാണോ നിങ്ങളൊക്കെ തിന്നത് ? എങ്കില്‍ ആ ശിക്ഷ തന്നെ ധാരാളം. എല്ലാവരും പൊയ്ക്കോളൂ...

സഭ പിരിച്ചു വിട്ടപ്പോള്‍ ഒരു ഭാഗത്ത് നിന്ന് കൂട്ടച്ചിരിയും വേറൊരു ഭാഗത്ത് നിന്ന് കൂട്ട ഓക്കാനവും മുഴങ്ങി.

Thursday, August 30, 2018

ചിയേഴ്സ്

മഴ പുഴയോട് ഒരു സ്വകാര്യം പറഞ്ഞു.

“ചിയേഴ്സ് ...കലക്കണം “ രണ്ട് പേരും കയ്യടിച്ചു.

മല മണ്ണിനോട് ഒരു സ്വകാര്യം പറഞ്ഞു.

“ചിയേഴ്സ് ...അടിച്ചു പൊളിക്കണം “ രണ്ട് പേരും കയ്യടിച്ചു.

അണ കണ്ണീർ പൊഴിച്ചു.

കേരളം കോരളമായി

Saturday, August 25, 2018

നനഞ്ഞു തീർത്ത മഴകൾ

                  ഡി.സി ബുക്സിന്റെ കോഴിക്കോട് ശാഖയില്‍ അടുക്കിവച്ച പുസ്തകങ്ങള്‍ക്കിടയില്‍ തെരയുമ്പോഴാണ് 25000 കോപ്പികള്‍ വിറ്റഴിഞ്ഞ കൃതി എന്ന ടൈറ്റ്‌ലോടെ ദീപാ നിശാന്ത്ന്റെ നനഞ്ഞു തീർത്ത മഴകൾ ശ്രദ്ധയില്‍ പെട്ടത്.ഗ്രന്ഥകാരിയുടെ പേര് സുപരിചിതമായിരുന്നെങ്കിലും എഴുത്തുകാരി എന്ന നിലക്ക് ഞാന്‍ ആദ്യമായി പരിചയപ്പെടുന്ന അവരുടെ കൃതിയാണ് നനഞ്ഞു തീർത്ത മഴകൾ .ഈ പുസ്തകത്തില്‍ പല സ്ഥലത്തും “ഭൂതകാലക്കുളിര്‍” പരാമര്‍ശിക്കപ്പെടുന്നുണ്ട്.‘കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍‘ എന്ന ഒരു ഓര്‍മ്മക്കുറിപ്പ്, പുസ്തകരൂപത്തില്‍ ദീപ എഴുതിയതായി ഞാന്‍ മനസ്സിലാക്കിയത് ഈ കൃതിയില്‍ നിന്നാണ് (വായിച്ചിട്ടില്ല , വായിക്കണം).

                 തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ മലയാള വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയ ദീപാ നിശാന്ത് തന്റെ അനുഭവക്കുറിപ്പുകളാണ് ഈ കൃതിയിലൂടെ വായനക്കാര്‍ക്ക് മുമ്പില്‍ തുറന്നിടുന്നത്.ഭര്‍ത്താവ് നിശ‍ാന്തുമായുള്ള പ്രണയകാല കഥകളടക്കം ദീപ പങ്കു വയ്ക്കുന്നു. തന്നെ എഴുത്തുകാരിയാക്കിയ വിദ്യാര്‍ത്ഥികളെ പേരെടുത്ത് പറയുന്ന മുഖവുരക്കുറിപ്പ് മുതല്‍ തന്നെ ഈ പുസ്തകം നമ്മെ പിടിച്ചിരുത്തും. എഴുത്തുകാരിയുടെ സ്കൂള്‍ കാലഘട്ടവും, കലാലയ കാലഘട്ടവും , പഠിച്ച കോളേജില്‍ തന്നെ അധ്യാപികയായി ചെന്ന ശേഷമുള്ള അനുഭവങ്ങളും കുട്ടിക്കാലത്തെ ചില കുടുംബാനുഭവങ്ങളും സംഭാഷണത്തിലൂടെയും മറ്റും രസകരമായി അവതരിപ്പിക്കുന്നതിലൂടെ നല്ലൊരു വായനാനുഭൂ‍തി ലഭിക്കുന്നു.

                   എല്ലാവരുടെ ജീവിതത്തിലും സംഭവിക്കുന്ന നുറുങ്ങ് കാര്യങ്ങളാണ് ദീപയും പറഞ്ഞിട്ടുള്ളത്. അനുഭവങ്ങളുടെ ഭണ്ഠാര വാതില്‍ തുറക്കുമ്പോള്‍ ഒരു ക്രമത്തില്‍ ആയിരിക്കില്ല അത് പുറത്ത് ചാടുക. പ്രണയാനുഭവങ്ങള്‍ക്ക് ശേഷമായിരിക്കും ഒരുപക്ഷെ സൈക്ലിംഗ് പഠിച്ച അനുഭവം ഓര്‍മ്മ വരുന്നത്.‘നനഞ്ഞു തീർത്ത മഴകളും’ ഈ ആഗോള നിയമത്തില്‍ നിന്ന് വ്യത്യസ്തമല്ല.അതു തന്നെയാണ് ഈ പുസ്തകത്തിന്റെ ആകര്‍ഷണീയതയും.

പുസ്തകം  : നനഞ്ഞു തീർത്ത മഴകൾ
രചയിതാവ് : ദീപാ നിശാന്ത്
പ്രസാധകർ : ഡി സി ബുക്സ്
വില  : 170 രൂപ

പേജ്  : 184
                  

Thursday, August 23, 2018

കുടങ്കഥകൾ

              കുട കേരള ജനതയുടെ അവിഭാജ്യ ഭാഗമാണ്. ജൂൺ മുതൽ സെപ്തംബർ വരെ കുട ഉപയോഗിക്കാതെ കേരളക്കരയിലൂടെ യാത്ര ചെയ്യാൻ പ്രയാസമാണ്. മൺസൂൺ എന്ന് വിദേശികൾ പേരിട്ട നമ്മുടെ മഴക്കാലമാണത്. തിമർത്ത് പെയ്യുന്ന മഴയിൽ സ്കൂൾ അധ്യയനം തുടങ്ങുന്ന ഓർമ്മകൾ അയവിറക്കുന്നവരായിരിക്കും മലയാളികളിലെ 25 വയസ്സിന് മുകളിലുള്ള മിക്കവരും. അവരിൽ തന്നെ 50 വയസ്സിന് താഴെയുള്ളവർക്ക് തങ്ങളുടെ ആദ്യത്തെ കുട ഒരു മായാത്ത ഓർമ്മയായിരിക്കും.

              ഇക്കഴിഞ്ഞ ദിവസം എന്റെ പെങ്ങളുടെ മൂന്നാമത്തെ മകൻ അമലു ഒരു കുടയുടെ ഫോട്ടോ വാട്സാപ് വഴി അയച്ചപ്പോഴാണ് കുടങ്കഥകൾ പലതും മനസ്സിലേക്ക് ഓടി വന്നത്. ഇപ്പോൾ പത്താം ക്ലാസ്സിൽ പഠിക്കുന്ന അമലുവിന്റെ ആദ്യത്തെ കുടയിൽ അവനെ കൊള്ളുന്നില്ല എന്ന അടിക്കുറിപ്പ് എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. ആ കുട ഞാൻ വാങ്ങിക്കൊടുത്തതായിരുന്നു എന്ന് കൂടി അവൻ ഓർമ്മിപ്പിച്ചു. വലിയ അമ്മാവൻ എന്ന നിലയിൽ അവന്റെ മൂത്ത രണ്ട് പേർക്കും ആദ്യത്തെ കുട വാങ്ങിക്കൊടുത്തതും ഞാൻ ആയിരുന്നു എന്നാണ് എന്റെ ഓർമ്മ.
അമലുവിന്റെ കുട
               കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഞാൻ നാഷണൽ സർവീസ് സ്കീമിന്റെ സാരഥ്യം ഏറ്റെടുത്ത വർഷത്തെ വളണ്ടിയർ സെക്രട്ടറിയായിരുന്നു വയനാട്ടുകാരിയായ അപർണ്ണ. ഞാൻ ആദ്യമായി  മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള സംസ്ഥാന സർക്കാറിന്റെ അവാർഡ് വാങ്ങുമ്പോൾ മികച്ച വളണ്ടിയർക്കുള്ള അവാർഡ് അപർണ്ണയും ഏറ്റുവാങ്ങി. എൻ.എസ്.എസ് വളണ്ടിയർമാർക്ക് അന്താരാഷ്ട്ര ക്യാമ്പിന് പങ്കെടുക്കാൻ അവസരം ഉണ്ടാകാറുണ്ട് എന്ന് ഞാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പഠനകാലത്ത് തന്നെ പാസ്പോർട്ട് എടുത്തു വച്ചു. പക്ഷേ അവസരം കിട്ടിയില്ല.

             കോഴിക്കോട്ടെ കോഴ്സ് വിജയകരമായി പൂർത്തിയാക്കി അപർണ്ണ സൂറത്‌കൽ എൻ.ഐ.ടി യിൽ എം.ടെക് ന് ചേർന്നു. പഠനവുമായി ബന്ധപ്പെട്ട ഒരു ടോപിക്കിൽ ജപ്പാനിൽ നടക്കുന്ന ഒരു സെമിനാറിൽ പങ്കെടുക്കാൻ കോളേജ് അധികൃതർ വിദ്യാർത്ഥിനികളെ തെരഞ്ഞപ്പോൾ പാസ്പോർട്ട് ഉള്ള ഏക വിദ്യാർത്ഥിനി അപർണ്ണ മാത്രമായിരുന്നു. അപർണ്ണ ജപ്പാനിലേക്ക് പറന്നു! അങ്ങനെ, അന്ന് എടുത്ത പാസ്പോർട്ടിന്റെ വില കാലം തെളിയിച്ചു. മാസങ്ങൾക്ക് ശേഷം ജപ്പാനിൽ ഒരു പേപ്പർ പ്രസന്റേഷനും അവസരം തേടി എത്തിയത് അപർണ്ണയെ തന്നെ !! അങ്ങനെ വീണ്ടും ജപ്പാനിലേക്ക് പറന്നു. തിരിച്ചു വരുമ്പോൾ എനിക്ക് ഒരു സമ്മാനവുമായിട്ടായിരുന്നു അവൾ വിമാനമിറങ്ങിയത്. ട്രാൻസ്പെരബിൾ ആയ ഒരു ജപ്പാൻ കുട.
അപർണ്ണയുടെ കുട
മൂന്നാമത്തെ മകള്‍ ലൂന യു.കെ.ജി ക്ലാസ്സില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ അവള്‍ക്കും പുതിയൊരു കുട വാങ്ങിക്കൊടുത്തു - ഒരു സ്ട്രോബറിക്കുട. ഒന്നാം ക്ലാസ്സില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ അവള്‍ അതേ കുട തന്നെ ഉപയോഗിച്ചു. ഒരു പോറലും പറ്റാതെ  മൂന്നാം ക്ലാസ്സിലും ആ കുട അവള്‍ക്ക് കൂട്ടായുണ്ട്.

കോയമ്പത്തൂരില്‍ നിന്നും ഒരു കുട വീട്ടിലെത്തിയത് ഇവിടെ വായിക്കാം. 

Friday, August 17, 2018

എന്റെ ജീവിതയാത്ര (My Journey)

                  കുട നന്നാക്കുന്ന ചോയി വായിച്ചു കഴിഞ്ഞ് അടുത്ത പുസ്തകത്തിനായി എന്റെ ലൈബ്രറിയില്‍ പരതുമ്പോഴാണ് യാദൃശ്ചികമായി ഡോ.എ.പി.ജെയുടെ ‘എന്റെ ജീവിതയാത്ര‘ ശ്രദ്ധയില്‍ പെട്ടത്. അന്ന് അദ്ദേഹത്തിന്റെ മരണത്തിന്റെ മൂന്നാം വാര്‍ഷികം കൂടിയായിരുന്നു. 2017 ഒക്റ്റോബര്‍ 21ന് കൊല്ലം ടി.കെ.എം എഞ്ചിനീയറിംഗ് കോളേജില്‍ നാഷണല്‍ സര്‍വീസ് സ്കീമിന്റെ ഒരു ക്യാമ്പില്‍ പങ്കെടുത്തപ്പോള്‍ അവര്‍ തന്ന മെമെന്റൊ ആയിരുന്നു ആ പുസ്തകം.

             രാമേശ്വരത്തെ ഒരു ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന് ലോകമറിയപ്പെടുന്ന ഒരു ശാസ്ത്രജ്ഞനും ഇന്ത്യയുടെ പ്രഥമപൌരനുമായി മാറിയ ഡോ.എ.പി.ജെ അബ്ദുല്‍കലാം തന്റെ എട്ടു പതിറ്റാണ്ട് നീണ്ട വളര്‍ച്ചയുടെ പിന്നിലെ കഷ്ടപ്പാടുകളും വെല്ലുവിളികളും ഓര്‍ത്തെടുക്കുകയാണ് ഈ പുസ്തകത്തില്‍. ബാല്യം മുതല്‍  പ്രോത്സാഹനമായും താങ്ങായും തണലായും നിന്ന ചില വ്യക്തികളെയും മാതാപിതാക്കളെയും ഈ  കൃതിയിലൂ‍ടെ അദ്ദേഹം പരിചയപ്പെടുത്തുന്നു.തന്റെ ചിന്തകളെയും കാഴ്ചപ്പാടുകളെയും രൂപപ്പെടുത്താന്‍ സഹായിച്ച മാര്‍ഗ്ഗദര്‍ശികളെയും അദ്ദേഹം വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നു.

               ഈ പുസ്തകം വായിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ രാമേശ്വരവും ധനുഷ്കോടിയും സന്ദര്‍ശിച്ചിരുന്നു.അതിനാല്‍ തന്നെ പുസ്തകം നല്ല വായനാസുഖം തന്നു. പ്രത്യേകിച്ചും ആദ്യത്തെ മൂന്ന് അധ്യായങ്ങളായ പിതാവിന്റെ പ്രഭാത സവാരി,വള്ളം,എട്ടാം വയസ്സില്‍ ജോലി ചെയ്യുന്ന ബാലന്‍ എന്നിവ വായിക്കുമ്പോള്‍ ആ സ്ഥലങ്ങള്‍ നമ്മുടെ മനസ്സിലൂടെ മിന്നിമറയും. എന്റെ അമ്മയും പെങ്ങളും എന്ന അധ്യായവും എ.പി.ജെയുടെ കുടുംബ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു. ആദ്യഗുരുവും അളിയനുമായ ജലാലുദ്ദീനിന്റെ മരണം എ.പി.ജെ യെ ഏറെ ദുഖിതനാക്കുന്നുണ്ട്. ’നമ്മുടെ കുട്ടിക്കാലം പൂര്‍ണ്ണമായി നമുക്ക് പിന്നില്‍ ഉപേക്ഷിക്കപ്പെട്ടു പോകുന്ന ചില സന്ദര്‍ഭങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ചിലപ്പൊഴെങ്കിലും ഉണ്ടാകാറുണ്ട്’ എന്ന വരിയിലൂടെ അദ്ദേഹം അത് വായനക്കാരുമായി പങ്ക് വയ്ക്കുന്നു.

             വായനയുടെ മഹത്വവും ആവശ്യകതയും മനസ്സിലാക്കിത്തരുന്ന അധ്യായമാണ് ‘എനിക്കിഷ്ടപ്പെട്ട പുസ്തകങ്ങള്‍‘. എ.പി.ജെയെ സ്വാധീനിച്ച മൂന്ന് പുസ്തകങ്ങളെപ്പറ്റിയും അതില്‍ ഒന്ന് അദ്ദേഹം കാലങ്ങളോളം സൂക്ഷിച്ച് വച്ച രീതിയും വായിക്കുമ്പോള്‍ ഏതൊരു പുസ്തക പ്രേമിയും തരിച്ചിരിക്കും. പുതിയ തലമുറയോട് എ.പി.ജെ പറയുന്നത് ‘ പുസ്തകങ്ങളെ സുഹൃത്തുക്കളാക്കുക, അവരായിരിക്കും നിങ്ങളുടെ എപ്പോഴത്തെയും നല്ല സുഹൃത്തുക്കളും വഴികാട്ടിയും’ എന്നാണ്. അതെ ഇത്തരം പുസ്തകങ്ങള്‍ നമുക്ക് എന്നും ഒരു വഴികാട്ടി  തന്നെയായിരിക്കും.
പുസ്തകം  : എന്റെ ജീവിതയാത്ര
രചയിതാവ് : ഡോ എ.പി.ജെ അബ്ദുല്‍കലാം
വിവര്‍ത്തനം : റോബി അഗസ്റ്റിന്‍ മുണ്ടക്കല്‍
പ്രസാധകർ : ഡി സി ബുക്സ്
വില  : 140 രൂപ

പേജ്  : 142 


ജ്വലിക്കുന്ന മനസ്സുകളുടെ വായനാക്കുറിപ്പ് വായിക്കാന്‍ ഇതില്‍ ക്ലിക്ക് ചെയ്യുക.