Pages

Tuesday, October 16, 2018

ഇംഗ്ലീഷ് അദ്ധ്യാപകരുടെ ശ്രദ്ധക്ക്

meeting , metro തുടങ്ങീ m , e , t, o എന്നീ അക്ഷരങ്ങള്‍ വരുന്ന പദങ്ങള്‍ , ചുരുങ്ങിയത് ഒരു വര്‍ഷത്തേക്കെങ്കിലും കേട്ടെഴുത്തായോ വാക്യത്തില്‍ പ്രയോഗിക്കാനോ നല്‍കരുത്. കാരണം കുട്ടികള്‍ വരുത്തുന്ന ഒരു സ്പെല്ലിംഗ് മിസ്റ്റേക് നിങ്ങളുടെ ജീവിതത്തിന്റെ കില്ലിംഗ് മിസ്റ്റേക്ക് ആകാന്‍ സാധ്യതയുണ്ട്.

Friday, October 12, 2018

ആ പെൺകുട്ടി ഇപ്പോൾ എവിടെ ?

ശ്രീ.അക്ബർ കക്കട്ടിലിന്റെ കുറിപ്പുകളാണ് ‘ആ പെൺകുട്ടി ഇപ്പോൾ എവിടെ’ എന്ന കൊച്ചു പുസ്തകം.‘വീടും നാടും കാദർകുട്ടിയും’ , ‘പരിഹാരങ്ങൾക്കപ്പുറം’ , ‘യാത്ര മുതൽ യാത്ര വരെ’ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളിലൂടെയാണ് അല്പം നർമ്മം കൂടി കലർത്തി ജീവിത സത്യങ്ങളിലേക്കും ചതിക്കുഴികളിലേക്കും വെളിച്ചം വിതറുന്നത്.

അക്ബർ മാഷിന്റെ തന്നെ ‘കാദർകുട്ടി ഉത്തരവ്’  എന്നൊരു പുസ്തകം വായനയുടെ വസന്തകാലത്ത് എന്റെ കൈകളിലൂടെ കടന്നുപോയതായി ആദ്യഭാഗത്തെ കാദർകുട്ടിയെ കണ്ടപ്പോഴേ ഓർമ്മയിൽ വന്നു. ഈ ബ്ലോഗിലെ എന്റെ സ്വന്തം കഥാപാത്രമായ ‘പോക്കരാക്ക’ എന്റെ നാട്ടിലെ കാദർകുട്ടിയാണൊ എന്ന് ഒരു സാമ്യതയും തോന്നി. ഈ പുസ്തകത്തിലെ ഏറ്റവും നീളമേറിയ ഭാഗവും ചിന്തിപ്പിക്കുന്ന ഭാഗവും കാദർകുട്ടിയുടെ ഇടപെടലുകളിലൂടെ ഇരുത്തി വായിപ്പിക്കുന്ന ഭാഗവും ഈ ഒന്നാം ഭാഗം തന്നെ. ഷൊർണ്ണൂർ മുതൽ തൃപ്പൂണിത്തുറ വരെയുള്ള ട്രെയിൻ യാത്രയിൽ ഈ പുസ്തകം ഞാൻ മുഴുവനാക്കാൻ ഉണ്ടായ കാരണവും ആദ്യ ഭാഗത്തിലെ കാദർകുട്ടി എഫക്ടാണ്. കാദർകുട്ടി സിങ്കപ്പൂരിലേക്ക് പോകുന്നതോടെ ആ ഭാഗവും അവസാനിക്കുന്നു.

രണ്ടാം ഭാഗത്തിലെ ‘സാരിയുടുത്ത ആണുങ്ങൾ’ മിക്ക ഭർത്താക്കന്മാരും അനുഭവിക്കുന്നതാണ്. രണ്ട് പെരുന്നാളിനോടും അനുബന്ധിച്ചാണ് എന്റെ ഭാര്യയും മക്കളും ഷോപ്പിംഗിന് പോകാറുള്ളത്.ആവശ്യമായ “പൈസാചിക“ പിന്തുണ നൽകും എന്നല്ലാതെ പലപ്പോഴും ഞാൻ അവരുടെ കൂടെ പോകാറില്ല. അക്ബർ മാഷിന്റെ അനുഭവവും ആ തീരുമാനത്തെ അടിവരയിടുന്നു.

സ്വന്തം കഷണ്ടിയും ‘ഇല്ലാത്ത’ കോങ്കണ്ണും അക്ബർ മാഷ് വായനക്കാരെ ‘ഇടക്കിടക്ക്’ ഓർമ്മിപ്പിക്കാറുണ്ട്.അതിൽ പെട്ട ഒന്നാണ് ‘ഊരാക്കുടുക്ക്’ എന്ന കുറിപ്പ്. ലീലയോട് ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം നൽകുന്ന തങ്കം മാഷെ അറിയുന്നവർക്കേ മനസ്സിലാകൂ.

ഈ പുസ്തകം സമർപ്പിക്കപ്പെട്ട ‘പ്രതിവിധികൾക്കപ്പുറം നവീന’യിലെ നവീന എന്ന പെൺ‌കുട്ടി വായനക്കിടയിലെ നോവായി നിൽക്കുന്നു. ‘ആ പെൺകുട്ടി ഇപ്പോൾ എവിടെ’ എന്ന ചോദ്യത്തിന്  മറുപടി കിട്ടാത്തതും ഒരു നൊമ്പരം തന്നെ.
യാത്ര മുതൽ യാത്ര വരെ എന്ന ഭാഗത്തിലെ ‘കുട്ടിക്കാലത്തെ നോമ്പ്’  എന്നെയും ആ നല്ല കാലത്തേക്ക് കൈപിടിച്ചു കൊണ്ടുപോയി. അന്തരിച്ച എന്റെ പ്രിയ പിതാവിന്റെ നാടായ പേരാമ്പ്രക്കടുത്തെ നൊച്ചാട് പോകുമ്പോൾ നംസ്കരിക്കാൻ നിൽക്കുന്ന ‘മന്തിരി’ എന്ന പുൽ‌പായ പെട്ടെന്ന് ഓർമ്മയിൽ തികട്ടി വന്നതും ഈ കുറിപ്പിലൂടെയാണ്.

ലഘു ഉപന്യാസങ്ങൾ എന്നാണ് ഈ പുസ്തകത്തിന്റെ സബ് ടൈറ്റിൽ. ഇത് ഒരിക്കലും ഉപന്യാസങ്ങൾ ആയി എനിക്ക് തോന്നിയില്ല. ലഘു കുറിപ്പുകൾ ആയി അനുഭവപ്പെടുന്നുണ്ട്. അക്ബര്‍ മാഷും ഞാനും ഇതാ ഇവിടെയും ഉണ്ട്.


പുസ്തകം  : ആ പെൺകുട്ടി ഇപ്പോൾ എവിടെ ?
രചയിതാവ് : അക്ബര്‍ കക്കട്ടില്‍
പ്രസാധകർ : ലിപി പബ്ലിക്കേഷന്‍സ്
വില  : 110 രൂപ

പേജ്  : 120
              

Thursday, October 04, 2018

ക്ലീൻ കാമ്പസ് - ഗ്രീൻ കാമ്പസ്

              ആധുനികതയുടെ കുത്തൊഴുക്കിൽ എവിടെയോ വച്ച് നമുക്ക് നഷ്ടപ്പെട്ട ഒരു നിധിയാണ് ഹരിതകലാലയം. നളന്ദയും തക്ഷശിലയും ശാന്തിനികേതനും മറ്റും ലോകത്തിന് തന്നെ മാതൃകയായ ഹരിതകാമ്പസുകളായിരുന്നു. നമുക്ക് നഷ്ടമായ ആ സംസ്കാരത്തെയും നാഗരികതയെയും തിരിച്ചുപിടിച്ചില്ലെങ്കിൽ അനന്തരഫലങ്ങൾ ഭയാനകമായിരിക്കും. പ്രളയാനന്തര കേരളത്തിൽ നദികൾ നമുക്ക് തിരിച്ച് തന്ന മാലിന്യ കൂമ്പാരങ്ങൾ മേൽ പ്രവർത്തനം അടിയന്തിരമായി തുടങ്ങേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്നു.

              കേരളത്തിലെ മിക്ക കാമ്പസുകളും ഒറ്റനോട്ടത്തിൽ ഗ്രീൻ കാമ്പസ് ആണ്. പക്ഷെ അവയിൽ മിക്കതും ക്ലീൻ കാമ്പസല്ല. കാമ്പസുകൾ പരിസ്ഥിതി സൗഹൃദമാക്കുന്നതിലൂടെ നമുക്ക് ഒരേ സമയം ഗ്രീൻ കാമ്പസും ക്ലീൻ കാമ്പസും സൃഷ്ടിക്കാൻ സാധിക്കും. സേവന സന്നദ്ധതയും അല്പം നൂതന ആശയങ്ങളും ഉണ്ടെങ്കിൽ മുതൽ മുടക്കില്ലാതെ സാധ്യമാകുന്നതാണ് ഹരിത കാമ്പസ് എന്ന ആശയം '

               കാട് മൂടിക്കിടക്കുന്ന സ്ഥലങ്ങൾ അല്പാല്പമായി വൃത്തിയാക്കി പച്ചക്കറിത്തോട്ടങ്ങളും ഔഷധസസ്യോദ്യാനങ്ങളും ശലഭോദ്യാനങ്ങളും ഉണ്ടാക്കാം. ലഭ്യമാകുന്ന മഴയിൽ അല്പമെങ്കിലും ശേഖരിക്കാനുളള കൊച്ചു കൊച്ചു മാർഗ്ഗങ്ങൾ സ്വീകരിക്കാം. വെള്ളത്തിന്റെയും ഊർജ്ജത്തിന്റെയും ഉപയോഗം മിതപ്പെടുത്താൻ പരിശീലിക്കാം. ഒപ്പം കാമ്പസിൽ അനാവശ്യമായി ഒന്നും വലിച്ചെറിയപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്തുന്ന ഹരിതസേനയായും നമുക്ക് മാറാം. മോട്ടോർ വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിച്ചും കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിച്ചും അന്തരീക്ഷത്തിലെ കാർബൺ അളവിനെ നിയന്ത്രിക്കുകയും ചെയ്യാം. വൃത്തിയുള്ള ഹരിതാഭമായ കാമ്പസ് - എന്റെ ഉത്തരവാദിത്വം എന്നതാകട്ടെ നമ്മുടെ ഓരോരുത്തരുടെയും ഇനിയുള്ള  മനോഗതം.

(ഒക്റ്റോബര്‍ 2ന് എറണാകുളത്ത് ക്ലീൻ കാമ്പസ് - ഗ്രീൻ കാമ്പസ് സംസ്ഥാനതല ഉത്ഘാടനത്തോടനുബന്ധിച്ച് എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്ലിനായി തയ്യാറാക്കിയ റൈറ്റ് അപ്)

Tuesday, October 02, 2018

സാറെ....ഇനി നിര്‍ത്തിക്കൂടെ?

“സാറെ....ഇനി നിര്‍ത്തിക്കൂടെ ?” നഴ്‌സിന്റെ ചോദ്യം കേട്ട് ഞാന്‍ ഒന്ന് പുഞ്ചിരിച്ചു.

“കഴിഞ്ഞ പ്രാവശ്യത്തെ കോമ്പ്ലിക്കേഷനുകള്‍ ഓര്‍മ്മയുണ്ടല്ലോ അല്ലേ ?” ആരോ എന്നെ വീണ്ടും ഓര്‍മ്മപ്പെടുത്തി. അന്ന് ബ്ലീഡിംഗ് നിലക്കാത്തത് കാരണം എല്ലാവരും അമ്പരന്ന് പോയതും എന്റെ മനസ്സിലൂടെ മിന്നി മറഞ്ഞു.

“ഇത് പന്ത്രണ്ടാമത്തതല്ലേ ? 47 വയസ്സും കഴിഞ്ഞു...ഇനിയും ?”

“60 വയസ്സ് വരെ ആകാം എന്നാ ഞാന്‍ പഠിച്ചത്...”

“ആരോഗ്യമുണ്ടെങ്കില്‍ 65 വയസ്സ് വരെ ആകാം എന്നാ ഇപ്പോള്‍ ഡോക്റ്റര്‍മാര്‍ പറയുന്നത്.” നഴ്‌സ് എന്റെ ലൈനിലേക്ക് കയറി.

“ആഹാ....സിസ്റ്ററേ പിന്നെ എന്തിന് മടിക്കണം....ധൈര്യമായി സൂചി കയറ്റിക്കോ....”

പന്ത്രണ്ടാം രക്തദാനം നിര്‍വ്വഹിച്ചുകൊണ്ട് ദേശീയ രക്തദാന ദിനാചരണത്തില്‍ ഞാനും പങ്കാളിയായി.

Friday, September 28, 2018

താഴത്തങ്ങാടി ബീച്ച് (എന്റെ അരീക്കോട് - 1)

                2018 ആഗസ്തിലെ മഹാപ്രളയം കേരളത്തിലെ പലയിടങ്ങളിലും പല തരം മാറ്റങ്ങളും ഉണ്ടാക്കിയത് നാം നേരിൽ കണ്ടുകൊണ്ടിരിക്കുകയാണ്. കുന്നിടിഞ്ഞ് നദികൾ രൂപപ്പെട്ടതും മണ്ണടിഞ്ഞ് ഡാം നികന്നതും കടലിൽ മണൽതിട്ട രൂപപ്പെട്ട് കടൽ പിളർന്നതും മലയാളികളെ, അത്ഭുതത്തോടൊപ്പം ആശങ്കയിലേക്കും നയിക്കുന്നു. എന്റെ നാടും ഇത്തവണത്തെ കോങ്ങം ബള്ളത്തിൽ  മൂന്ന് തവണ വിറങ്ങലിച്ച് നിന്നു. മൂന്നാം തവണ വന്നത് ഒരല്പനേരം കൂടി തുടർന്നിരുന്നുവെങ്കിൽ എന്തൊക്കെ സംഭവിക്കും എന്നത് അനിർവചനീയമായിരുന്നു.

               അന്ന് പിൻ‌വാങ്ങിയ മഴ വീണ്ടും അല്പമെങ്കിലും രൌദ്രത കാണിച്ചത് ഇന്നലെയാണ്. മഴക്ക് ശക്തി കുറവായിരുന്നെങ്കിലും ഒന്നൊന്നര ഇടികളായിരുന്നു ഇന്നലെ വെട്ടിയത് മുഴുവൻ. അതും പല നാശനഷ്ടങ്ങളും ഉണ്ടാക്കിയിരിക്കും എന്ന് തീർച്ച.

              പ്രളയത്തിന് ശേഷം എന്റെ നാട്ടിലും ഒരു മാറ്റം സംഭവിച്ചു. ചാലിയാറ് കര കവിഞ്ഞൊഴുകിയപ്പോൾ ഊർക്കടവ് റഗുലേറ്റർ കം ബ്രിഡ്‌ജിന്റെ ഷട്ടർ തുറന്നു. നിരവധി മാലിന്യങ്ങൾ കൊണ്ട് അറപ്പുളവാക്കുന്ന രീതിയിൽ വെള്ളത്തിന്റെ നിറവും ഗന്ധവും മാറിയിരുന്നത് മുഴുവൻ നീങ്ങിപ്പോയി (അടുത്ത ഓഖിക്ക് കടൽ തിരിച്ച് തരുമായിരിക്കും). ചെളി കാരണം ഇറങ്ങാൻ കഴിയാതിരുന്ന പുഴയിൽ നല്ല മണൽ വന്നടിഞ്ഞ് ചെളിയെ മൂടി. അരീക്കോട് പാലത്തിനടുത്ത് താഴത്തങ്ങാടി കടവിൽ നല്ലൊരു മണൽതിട്ട രൂപപ്പെട്ടു.

             താഴത്തങ്ങാടിയിലെ ഒരു യുവജന ക്ലബ്ബും ഡി.വൈ.എഫ്.ഐ പ്രവർത്തകരും കൂടി മണൽതിട്ടയിലെ മാലിന്യങ്ങൾ മുഴുവൻ നീക്കം ചെയ്തു. അതോടെ അതിന് ഒരു പുതിയ മുഖം കൈവന്നു. ഇപ്പോൾ എല്ലാ ദിവസവും വൈകുന്നേരം താഴത്തങ്ങാടിയിലേക്ക് ജനപ്രവാഹമാണ്. താഴത്തങ്ങാടി ബീച്ച് എന്നാണ് അത് അറിയപ്പെടുന്നത്.
              കുട്ടികൾക്ക് ഭയമില്ലാതെ പുഴയിൽ നീന്തിക്കുളിക്കാനും ഊഞ്ഞാൽ ആടാനും വിനോദങ്ങളിൽ ഏർപ്പെടാനും ഉള്ള അവസരങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ബീച്ചിൽ കാണുന്ന പോലെ കൊച്ചു കൊച്ചു പെട്ടിക്കടകളും ബലൂൺ വില്പനക്കാരും കടല വില്പനക്കാരും ഒക്കെ ഉപജീവനമാർഗ്ഗം തേടി സജീവമായതോടെ നാട്ടുകാർക്കും പരിസരവാസികൾക്കും സായാഹ്നം ചെലവിടാൻ ഒരിടമായി. നഷ്ടപ്പെട്ട പുഴ മാടിന്റെ വീണ്ടെടുപ്പ് ആണും പെണ്ണും കുട്ടികളും വൃദ്ധരും ഒരുപോലെ ആസ്വദിക്കുന്ന കാഴ്ചയാണ് എല്ലാ ദിവസവും താഴത്തങ്ങാടിയിൽ കാണുന്നത്. ഇതിനിടെ തന്നെ ഒരു ‘ബീച്ച് ഫെസ്റ്റും’ അവിടെ അരങ്ങേറി. സോഷ്യൽ മീഡിയയിൽ താഴത്തങ്ങാടി ബീച്ച് എന്നത് ഡൌൺ‌ടൌൺ ബീച്ച് എന്നായി !
             ഇക്കഴിഞ്ഞ ഞായറാഴ്ച ഞാനും കുടുംബവും നാട്ടിലെ ബീച്ചിലെത്തി. എഴുപത് കഴിഞ്ഞ എന്റെ ഉമ്മ നിരവധി പരിചയക്കാരെ അവിടെ വച്ച് കണ്ടുമുട്ടി സൌഹൃദം പുതുക്കി.
                സായാഹ്നങ്ങളിൽ ഒത്ത് കൂടാൻ അല്ലെങ്കിൽ വീട്ടിന് പുറത്ത് അല്പ സമയം ചെലവഴിക്കാൻ പാർക്ക് പോലെയോ മറ്റോ ഒരു പൊതു ഇടം ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഈ ജനക്കൂട്ടം വിളിച്ചു പറയുന്നുണ്ട്. അത് ആൾക്കാർക്ക് എളുപ്പം എത്തിപ്പെടാൻ പറ്റുന്ന സ്ഥലത്താണെങ്കിലേ വിജയിക്കൂ എന്നും ഈ ആൾക്കൂട്ടം സൂചിപ്പിക്കുന്നു. സമീപഭാവിയിൽ പഞ്ചായത്തോ എം.എൽ.എ യോ അതിന് മുൻ‌കൈ എടുത്താൽ വർഷങ്ങൾക്ക് മുമ്പ് ഞാൻ പങ്കുവച്ച ഒരു ആശയം സഫലമാകും - വയസ്സുകാലത്ത് പോയിരിന്ന് കാറ്റു കൊള്ളാൻ നാട്ടിൽ ഒരു പാർക്ക്.

(ആദ്യ കൌതുകം ഇല്ലാതായതോടെ ഈ “ബീച്ച്“ ജനശൂന്യമായി)