നാഷണല്‍ സര്‍വീസ് സ്കീമിന്റെ ഭാഗമായതില്‍ പിന്നെ കഴിഞ്ഞ മൂന്ന് വര്‍ഷമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ച് നടന്നു വരുന്ന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റേയും മറ്റു സെല്ലുകളുടേയും വിവിധ വര്‍ക്ക്ഷോപ്പുകളിലും ക്യാമ്പുകളിലും ഞാന്‍ പങ്കെടുത്തു വരുന്നു. ഏറ്റവും നല്ല യൂണിറ്റിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചതിനാല്‍ പല സ്ഥലത്തും എന്‍.എസ്.എസ്-നെ പറ്റിയുള്ള സെഷനുകള്‍ കൈകാര്യം ചെയ്യാനും എനിക്ക് അവസരം ലഭിക്കാറുണ്ട്. ഇന്നലേയും മിനിഞ്ഞാന്നും ഇതേ പോലെ ഒരു വര്‍ക്ക്ഷോപ്പിന്റെ ഭാഗമായി തൃപ്രയാര്‍ ശ്രീരാമ ഗവ.പോളിടെക്നിക്കില്‍ ആയിരുന്നു.
അതിഥി ദേവോ ഭവ: എന്നാണ് ഇന്ത്യന്‍ സംസ്കാരം.പലപ്പോഴും വാക്കിലും എഴുത്തിലും മാത്രം ഒതുങ്ങിപ്പോകുന്ന ഈ നല്ല സന്ദേശം അക്ഷരാര്‍ത്ഥത്തില്‍ പാലിച്ച ഒരു എന്‍.എസ്.എസ് ടീം ആയിരുന്നു ശ്രീരാമ ഗവ.പോളിടെക്നിക്കിലേത്. പ്രോഗ്രാം ഓഫീസര്‍ ശ്രീ.ജയചന്ദ്രന്‍ സാറും അദ്ദേഹത്തിന്റെ നൂറോളം വരുന്ന ‘കൊച്ചുമക്കളും’, ആ കോളേജ് മുറ്റത്ത് കാലുകുത്തിയ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന പ്രോഗ്രാം ഓഫീസര്‍മാരേയും വളണ്ടിയര്‍മാരേയും സ്വീകരിച്ച രീതി വളരെ ഹൃദ്യമായിരുന്നു. ഇരു കയ്യും നീട്ടി എല്ലാവരേയും ഹൃദയത്തിലേക്ക് സ്വീകരിച്ച ജയചന്ദ്രന്‍ സാറും കേരളത്തിന്റെ തനത് വേഷത്തില്‍ അണിനിരന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന വളണ്ടിയര്‍മാര്‍ തന്ന ‘ഗാര്‍ഡ് ഓഫ് ഓണര്‍ ‘ രൂപത്തിലുള്ള സ്വീകരണവും ആതിഥേയത്വം എങ്ങനെ ആവണമെന്ന് അക്ഷരാര്‍ത്ഥത്തില്‍ പ്രയോഗവല്‍ക്കരിച്ച് കാണിച്ച് തന്നു.
ഇത്തരം ഒരു ക്യാമ്പ് നടത്താന്‍ ഫണ്ടിന്റെ പരിമിതിയാണ് മിക്ക സ്ഥാപനങ്ങളേയും (പ്രത്യേകിച്ച് ഗവണ്മെന്റ് സ്ഥാപനങ്ങളെ) പിന്നോട്ട് വലിപ്പിക്കുന്നത്.ഉച്ച സമയത്ത് തുടങ്ങുന്ന ക്യാമ്പിന് ദൂര സ്ഥലങ്ങളില്‍ നിന്നു വരുന്നവര്‍ നേരത്തെ വരും എന്നതിനാലും ഊണ്‍ പ്രതീക്ഷിക്കും എന്നതിനാലും എല്ലാ വളണ്ടിയര്‍മാരും തങ്ങളുടെ ഊണ്‍ പൊതിക്ക് പുറമേ ഒരു പൊതിച്ചോറും കൂടി കൊണ്ടുവന്ന് ആ പരിമിതിയും അതോടൊപ്പം ഉണ്ടാകുമായിരുന്ന ചീത്തപ്പേരും ലളിതമായി പരിഹരിച്ചു.മാത്രമല്ല ഇത് എല്ലാ യൂണിറ്റുകള്‍ക്കും ഒരു മാതൃക കൂടി ആയി.
രണ്ട് ദിവസത്തെ ക്യാമ്പിന്റെ മറ്റൊരു വിജയം സ്ഥാപനത്തിലെ എല്ലാ ജീവനക്കാരുടേയും സഹകരണം കൂടിയായിരുന്നു. ഒരാളുടെ വിജയത്തില്‍ അസൂയ കാണിക്കുന്ന വര്‍ത്തമാനകാലത്തില്‍ നിന്ന് വ്യത്യസ്തമായി സ്ഥാപനത്തിന്റെ പേരിനും പെരുമക്കും വേണ്ടി ഒന്നിച്ച് അണിനിരന്ന ഒരു ടീമിനെയായിരുന്നു അവിടെ കണ്ടത്.ഒപ്പം ജയചന്ദ്രന്‍ സാറെ എല്ലാ ക്യാമ്പിലും അനുഗമിച്ച് എല്ലാവരുടേയും വിശപ്പടക്കുന്ന ഭാര്യയും മക്കളും ഈ ക്യാമ്പിന്റെ വിജയത്തില്‍ പങ്ക് വഹിച്ചു.
എന്റെ അഭിപ്രായത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ആതിഥേയത്വത്തിന്റെ ഒരു ‘ശ്രീരാമ മോഡല്‍ ‘ എല്ലാവര്‍ക്കും പകര്‍ന്നു നല്‍കിയാണ് രണ്ട് ദിവസത്തെ ക്യാമ്പ് സമാപിച്ചത്. അതിനാല്‍ തന്നെ എന്നും ഈ ക്യാമ്പ് മനസ്സില്‍ പച്ചപിടിച്ച് നില്‍ക്കും എന്ന് തീര്‍ച്ച.
3 comments:
എന്റെ അഭിപ്രായത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ആതിഥേയത്വത്തിന്റെ ഒരു ‘ശ്രീരാമ മോഡല്‍ ‘ എല്ലാവര്‍ക്കും പകര്‍ന്നു നല്‍കിയാണ് രണ്ട് ദിവസത്തെ ക്യാമ്പ് സമാപിച്ചത്.
അതിഥി ദേവോ ഭവഃ
ഓര്‍മ്മകളിലെന്നും സുഗന്ധം പരത്തുന്നതാണ് ഇത്തരമായ
ഹൃദ്യമായ ഓര്‍മ്മകള്‍...
ആശംസകള്‍ മാഷെ
Post a Comment
നന്ദി....വീണ്ടും വരിക