Pages

Tuesday, August 06, 2013

വസ്ത്ര സംസ്കാരം

പെരുന്നാള്‍ വിപണി സജീവമായി എന്ന് പത്ര മാധ്യമങ്ങള്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ കുട്ടിക്കാലത്തെ പെരുന്നാളിന് മുമ്പുള്ള ദിവസങ്ങളിലെ അങ്ങാടിയും ഇന്നത്തെ അങ്ങാടിയും താരതമ്യം ചെയ്യുമ്പോള്‍ ഈ തലക്കെട്ടിന്റെ ബാഹുല്യം നേരിട്ട് മനസ്സിലാകുന്നു. ഇന്നലെ ഒരു സുഹൃത്തില്‍ നിന്നും കേട്ടത് ദഹിപ്പിക്കാന്‍ ശരീരത്തിലെ ഒരു ദഹനരസവും മതിയാകും എന്ന് തോന്നുന്നില്ല.മഞ്ചേരിയിലെ ഒരു കടയില്‍ ദിവസവും ഒരു കോടി രൂപയുടെ വില്പന നടക്കുന്നു എന്നും ഇക്കഴിഞ്ഞ ദിവസം ആ കടയിലെ ജനത്തിരക്ക് കാരണം സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു എന്നും ആയിരുന്നു ആ വാര്‍ത്ത.

റമളാന്‍ ശുദ്ധീകരണത്തിന്റെ മാസമാണ്. ദേഹവും സമ്പത്തും ശുദ്ധീകരിക്കപ്പെടുന്ന മാസം. മിതവ്യയവും ദാനധര്‍മ്മവും ശീലിക്കേണ്ട മാസം. ആ മാസത്തിന്റെ അവസാനം കുറിച്ചു കൊണ്ടുള്ള പെരുന്നാളിന് മുമ്പ് ഈ മാസത്തിന്റെ മുഴുവന്‍ പവിത്രതയും അല്ലെങ്കില്‍ അന്ന് വരെ നേടി എടുത്ത എല്ലാ സല്‍പ്പേരും കളഞ്ഞുകുളിക്കുന്ന തരത്തിലാണ് നമ്മുടെ സംസ്കാരം മുന്നേറുന്നത് എന്നത് ഖേദകരമാണ്. പെരുന്നാളിന് ഏറ്റവും നല്ല വസ്ത്രം ധരിക്കണം എന്നത് നബി(സ) പറഞ്ഞിട്ടുണ്ട്.പക്ഷേ അത് പ്രശംസ പിടിച്ചു പറ്റാന്‍ അല്ലെങ്കില്‍ മറ്റുള്ളവരുടെ മുമ്പില്‍ ഞാനും മോശമല്ല എന്ന് കാണിക്കാന്‍ വേണ്ടി വിപണിയിലെ ഏറ്റവും വിലയ്യേറിയ വസ്ത്രങ്ങള്‍ തന്നെ എടുക്കണം എന്ന വാശിയിലേക്ക് നീങ്ങുന്നത് ഒട്ടും ആശാസ്യമല്ല.

ഇസ്ലാമില്‍ വസ്ത്രത്തിന്റെ ഉദ്ദേശം ഔറത്ത് മറക്കുക എന്നതാണ്.സ്ത്രീകള്‍ക്ക് മുഖവും മുന്‍‌കയ്യും ഒഴികെയുള്ള ഭാഗങ്ങള്‍ മറക്കണം. പുരുഷന്മാര്‍ക്ക് പൊക്കിള്‍ മുതല്‍ ഞെരിയാണി വരെയുള്ള ഭാഗവും മറഞ്ഞിരിക്കണം. ഒപ്പം ശരീരവടിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതായിരിക്കരുത് ഈ വസ്ത്രം എന്നും നിഷ്കര്‍ശിക്കുന്നു.എന്നാല്‍ ഒരു മാസത്തെ വ്രതത്തിലൂടെ  ശുദ്ധീകരിക്കപ്പെട്ട പല മനസ്സുകളും തങ്ങളുടെ വസ്ത്രത്തിന്റെ സെലക്ഷനില്‍ ഈ പ്രക്രിയക്ക് പുറത്ത് പോകുന്നു.സ്ത്രീകളില്‍ പലരും ധരിക്കുന്ന “ലഗ് ഇന്‍സ്” എന്തിനാണ് ധരിക്കുന്നത് എന്ന് അവര്‍ക്ക് മാത്രമറിയാം. കാറ്റടിച്ചാല്‍ പൊങ്ങിപ്പോകുന്ന സ്ലിറ്റുകളോട് കൂടിയ ചുരിദാറും ബോട്ടം ഈ പറഞ്ഞ ലഗ് ഇന്‍സും ആകുമ്പോള്‍ അത് വസ്ത്രത്തിന്റെ മിനിമം ആവശ്യം പോലും നിറവേറ്റുന്നില്ല എന്ന സത്യം നമ്മുടെ പല സഹോദരികളും ഓര്‍ക്കുന്നില്ല.

അതേ പോലെ കൌമാരക്കാരില്‍ കാണുന്ന ‘ലോ വേസ്റ്റ്’ പാന്റുകള്‍. ഒന്ന് കുലുങ്ങിയാല്‍ അഴിഞ്ഞ് താഴെ പോകും എന്ന രൂപത്തില്‍, ഒന്ന് കുനിഞ്ഞാല്‍ അടിവസ്ത്രവും അതിനടിയിലുള്ളതും കാണുന്ന ഈ വസ്തധാരണ രീതി എവിടുന്ന് കടന്നു വന്നതാണ് എന്ന് മനസ്സിലാവുന്നില്ല.പുരുഷന്റെ ഔറത്തിന്റെ പ്രധാന ഭാഗം തന്നെ ഈ ലോ വേസ്റ്റ് ധരിക്കുന്നതിലൂടെ പുറത്താകപ്പെടുന്നു.

അതിനാല്‍ വസ്ത്രം തെരഞ്ഞെടുക്കുമ്പോള്‍ മാതാപിതാക്കള്‍ അത് പൂര്‍ണ്ണമായും കുട്ടികള്‍ക്ക് വിട്ടുകൊടുക്കാതെ വസ്ത്രത്തിന്റെ മിനിമം ആവശ്യകതയെങ്കിലും സഫലീകരിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുക.ജാതി മത ഭേദമന്യേ നല്ല ഒരു വസ്ത്ര സംസ്കാരത്തിലേക്ക് നാം മുന്നേറുക.

5 comments:

Areekkodan | അരീക്കോടന്‍ said...

ഒന്ന് കുനിഞ്ഞാല്‍ അടിവസ്ത്രവും അതിനടിയിലുള്ളതും കാണുന്ന ഈ വസ്തധാരണ രീതി എവിടുന്ന് കടന്നു വന്നതാണ് എന്ന് മനസ്സിലാവുന്നില്ല.

ajith said...

ശക്തമായ ഇടപെടലുകള്‍ വയ്യ
വിവാദമാകും.
അതുകൊണ്ട് നടക്കുന്നപോലെയൊക്കെയങ്ങനടക്കട്ടേന്ന് വയ്ക്കാം

Echmukutty said...

വസ്ത്ര സംസ്ക്കാരം...

അഷ്‌റഫ്‌ സല്‍വ said...

പലതരം

Kallivalli said...

നൂറുവര്‍ഷംമുമ്പ് പോലും മാറുമറയ്ക്കാതെ സ്ത്രീകള്‍ നടന്ന നാടാണ് നമ്മുടേത്.മലയാള ബ്രാഹ്മണര്‍ ഉള്‍പ്പടെയുള്ള കേരളീയ സവര്‍ണരിലെ സ്ത്രീകളോ പുരുഷന്മാരോ ആരും അരയ്ക്ക് മുകള്‍ ഭാഗം മറച്ച് വസ്ത്രം ധരിച്ചിരുന്നില്ല. കാരണം അത്തരം ഒരു വസ്ത്രധാരണ സമ്പ്രദായം കേരളത്തില്‍ ഉണ്ടായിരുന്നില്ല എന്നതു തന്നെ.

20 ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രാജകുടുംബങ്ങളിലും പിന്നീട് നായര്‍സ്ത്രീകളുടെ ഇടയിലും റൗക്ക പ്രചാരത്തിലായതോടെയാണ് മാറ് മറയ്ക്കുന്നത് അഭിമാനകരമായ ഒരു കാര്യമായി കരുതപ്പെട്ട് തുടങ്ങിയത്. അതിനെ തുടര്‍ന്നാണ് അവര്‍ണ്ണസ്ത്രീകള്‍ മേല്‍വസ്ത്രം ധരിക്കുന്നതിന് വിലക്ക് ഉണ്ടായതും.


മാറ് മറയ്ക്കുന്നത് ഒരാവശ്യമായോ മറയ്ക്കാതിരിക്കുന്നത് മോശമായോ കരുതപ്പെടുകയോ അതിന്റെ പേരില്‍ സ്ത്രീകള്‍ അപമാനിക്കപ്പെടുകയോ ചെയ്യാതിരുന്ന ഒരു കാലഘട്ടം കേരളത്തില്‍ (മറ്റേത് ഉഷ്ണമേഖലാദേശത്തും ഉണ്ടായിരുന്നതു പോലെ) ഉണ്ടായിരുന്നു.





'മാതൃഭൂമി'യില്‍ പ്രൊഫ.എം.എന്‍.കാരശ്ശേരി എഴുതിയ 'സ്ത്രീപിഡനവും വേഷവും' എന്ന ലേഖനത്തില്‍നിന്ന് -




'...ഞാന്‍ യു.പി. ഹൈസ്‌കൂള്‍ ക്ലാസ്സുകളില്‍ പഠിച്ചിരുന്ന 1960കളില്‍ എന്റെ ഗ്രാമത്തില്‍ 'അടിയാര്' എന്നുവിളിച്ചിരുന്ന കൂട്ടത്തിലെ ചെറുമികളോ കണക്കികളോ ഒരു മേല്‍വസ്ത്രവും ധരിച്ചിരുന്നില്ല. അവര്‍ കാല്‍മുട്ട് മറയുംവിധം വലിയതോര്‍ത്ത് ഉടുത്തിരുന്നു. വെളുപ്പും ചുവപ്പും കലര്‍ന്ന കല്ലുമാലകൊണ്ട് മാറ് മറച്ചിരുന്നു അത്രമാത്രം. ആ വകയില്‍ അവരുടെ നേരേ ഒരക്രമവും നടന്നതായി ഞങ്ങളാരും കേട്ടിട്ടില്ല.


കേരളത്തിന്റെ സാമൂഹിക ചരിത്രം ശ്രദ്ധിച്ചാല്‍ ബോധ്യമാകും. ഇവിടത്തെ സ്ത്രീയുടെ പ്രയാണം വസ്ത്രത്തില്‍ നിന്ന് നഗ്‌നതയിലേക്കായിരുന്നില്ല; നഗ്‌നതയില്‍ നിന്ന് വസ്ത്രത്തിലേക്കായിരുന്നു.പി.കെ. ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടുംപോലെ 'അരക്കെട്ട് മുതല്‍ കാല്‍മുട്ടിന് താഴെവരെ ഇറങ്ങുന്ന ഒറ്റമുണ്ട് മാത്രമാണ് സ്ത്രീ പുരുഷദേഭമെന്യേ കേരളത്തിലെ രാജാവും ഭിക്ഷക്കാരനും ആകെ ധരിക്കുന്ന വസ്ത്രം എന്ന ചിരപുരാതനസ്ഥിതി' (ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും 1983, പു. 107)യാണ് പിന്നോട്ടുനോക്കിയാല്‍ കാണുക. പതിനേഴാം നൂറ്റാണ്ടിലും മാറ്റമൊന്നുമില്ല. ഇറ്റലിക്കാരനായ ഡെല്ലവെല്ല 1624ല്‍ കോഴിക്കോട് സന്ദര്‍ശിച്ചതിനെപ്പറ്റി എഴുതിയതില്‍നിന്ന് 'അരക്കെട്ട് മുതല്‍ കാല്‍മുട്ടുവരെ ഇറങ്ങുന്ന ഒരു തുണിക്കഷ്ണമൊഴിച്ചാല്‍ സ്ത്രീപുരുഷന്മാര്‍ ഒരുപോലെ നഗ്‌നരായിട്ടാണ് നടക്കുന്നത്' എന്ന വാക്യം ബാലകൃഷ്ണന്‍ ഉദ്ധരിച്ചിരിക്കുന്നു. (പു. 108).

Post a Comment

നന്ദി....വീണ്ടും വരിക