Pages

Monday, July 04, 2016

അബ്ദുല്ലാക്കയുടെ മെസ്സ്


         ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഞാന്‍ ആദ്യമായി കോളേജിന് സമീപത്തുള്ള അബ്ദുല്ലാക്കയുടെ മെസ്സില്‍ നോമ്പ് തുറക്കാന്‍ എത്തിയത്.മുന്നില്‍ നിരന്ന വിഭവങ്ങള്‍ കണ്ട് ഞാന്‍ അന്തം വിട്ടു പോയി - പഴം പൊരി, മുട്ടപ്പത്തല്‍, ഉള്ളിവട എന്നിവ വെവ്വേറെ പ്ലേറ്റുകളില്‍ ഇഷ്ടം പോലെ !ബാക്കി വയ്ക്കാന്‍ പാടില്ല എന്ന് കൂടെയുള്ളവര്‍ ഉപദേശിച്ചതിനാല്‍ പ്ലേറ്റ് കാലിയാകാന്‍ അധികം താമസം വേണ്ടി വന്നില്ല.

         സമീപത്തെ പള്ളിയില്‍ നിന്നും  നമസ്കാരം കഴിഞ്ഞ് വന്നപ്പോള്‍ മെസ്സില്‍ ഭക്ഷണം വിളമ്പുന്ന അബ്ദുല്ലാക്കയുടെ മകളുടെ ചോദ്യം
“പത്തിരി വേണോ പുട്ട് വേണോ ?ചൂട് പുട്ട് എടുക്കാം....”

         എന്റെ തീരുമാനം കാത്ത് നില്‍ക്കാതെ അവര്‍ തന്നെ ആവി പറക്കുന്ന പുട്ടും ചിക്കന്‍ കറിയും ബീഫ് വരട്ടിയതും മുന്നില്‍ കൊണ്ട് വച്ചു.ആഞ്ഞ് വീശുന്ന കാറ്റും തോരാതെ പെയ്യുന്ന മഴയും കുളിര്‍ കോരിയിടുമ്പോള്‍ കിട്ടിയ ആ ഭക്ഷണം എന്റെ സ്വന്തം വീട്ടില്‍ നിന്ന് എന്ന പോലെ ഞാന്‍ നന്നായി ആസ്വദിച്ചു.അതിന്റെ കൂടെ കപ്പയും ചേമ്പും പുഴുങ്ങിയത് കൂടി ലഭിച്ചപ്പോള്‍ എന്റെ വന്ദ്യപിതാവ് ജീവിച്ചിരിപ്പുണ്ടായിരുന്ന കാലത്തെ നോമ്പുകാലം മനസ്സില്‍ ഓടിയെത്തി.ബാപ്പാക്ക് നോമ്പ് തുറക്കുമ്പോള്‍ എന്തെങ്കിലും പുഴുക്ക് നിര്‍ബന്ധമായിരുന്നു.

          തറാവീഹ് നമസ്കാരത്തിന് ശേഷം പിറ്റേന്ന് പുലര്‍ച്ചെ അത്താഴത്തിനുള്ളത് വാങ്ങാനായി ചെന്നപ്പോള്‍ അതാ വീണ്ടും ആവി പറക്കുന്ന കുത്തരി കഞ്ഞി മേശപ്പുറത്ത്! വീട്ടിലായിരിക്കുമ്പോള്‍ കഞ്ഞി നിര്‍ബന്ധമായ എനിക്ക് ആ തണുപ്പില്‍ കഞ്ഞി കണ്ടതോടെ സകലനിയന്ത്രണവും പോയി.കഞ്ഞിയിലേക്ക് കിട്ടിയ സൈഡ് ഡിഷ് അതിലേറെ ഹൃദ്യമായി. തുടരന്‍ മഴയില്‍ ഉണ്ടായ നീരൊഴുക്കിലൂടെ തൊട്ടടുത്ത പുഴയില്‍ നിന്നും കയറി വരുന്ന മത്സ്യങ്ങളെ അബ്ദുല്ലാക്കയും മക്കളും കൂടി പിടിച്ച് അപ്പപ്പോള്‍ തന്നെ മെസ്സിലെത്തിച്ച് പൊരിച്ചെടുത്തതായിരുന്നു സൈഡ് ഡിഷ്. കഞ്ഞിയോടൊപ്പം ഓരോ മീനും വായിലൂടെ അകത്താകുമ്പോള്‍  ഞാന്‍ വീണ്ടും, എന്റെ കുട്ടിക്കാലത്ത് മദ്രസയില്‍ പോകുമ്പോള്‍ റോഡിനരികിലെ ചാലിലൂടെ ഒഴുകുന്ന തെളിനീര്‍ വെള്ളവും അതിലൂടെ ഞങ്ങളുടെ കോളനിയില്‍ അന്ന് ഉണ്ടായിരുന്ന പാറക്കുളത്തില്‍ എത്തുന്ന മത്സ്യങ്ങളും മനസ്സില്‍ കണ്ടു.

           ഈ റംസാനും വിട പറയുകയായി.അവസാനത്തെ പത്തിലെ ഏതാനും ദിവസങ്ങള്‍ മാത്രം മാനന്തവാടിയില്‍ തങ്ങിയ എനിക്ക് അബ്ദുല്ലാക്കയുടെ മെസ്സ് ഹൃദ്യമായ അനുഭവമായി. കവി കുറ്റിപ്പുറം കേശവന്‍ നായര്‍ പാടിയത് എത്ര സത്യം!
 “നാട്യപ്രധാനം നഗരം ദരിദ്രം നാട്ടിന്‍പുറം നന്മകളാല്‍ സ‌മൃദ്ധം..”

7 comments:

Areekkodan | അരീക്കോടന്‍ said...

അവസാനത്തെ പത്തിലെ ഏതാനും ദിവസങ്ങള്‍ മാത്രം മാനന്തവാടിയില്‍ തങ്ങിയ എനിക്ക് അബ്ദുല്ലാക്കയുടെ മെസ്സ് ഹൃദ്യമായ അനുഭവമായി.

Geetha said...

ബ്ലോഗുകളിലൂടെ ഓടിയൊരു സന്ദർശനം നടത്തിയതാണ്. നല്ല
ഇഷ്ടവിഭവങ്ങളുടെ ലിസ്റ്റാണ് മാഷിതിലൂടെ വിവരിച്ചിരിക്കുന്നത്.
" കഞ്ഞിയുടെ കൂടെ പൊരിച്ച മീൻ " അങ്ങനെയൊരു കോമ്പിനേഷൻ അറിയില്ല. എന്തായാലും മാഷിന്റെ അബ്ദുല്ലാക്കയുടെ മെസ്സ് കേമമായിട്ടുണ്ട്.

Areekkodan | അരീക്കോടന്‍ said...

Geethaji...കോരിച്ചൊരിയുന്ന മഴ, ആഞ്ഞ് വീശുന്ന കാറ്റ്, കിടുകിടാ വിറക്കുന്ന ഞാന്‍ ,സമയം രാത്രി 10 മണി, കടയുടെ തൊട്ടുമുമ്പിലെ പറമ്പില്‍ നിന്ന് പിടിക്കുന്ന മീന്‍, അത് പൊരിക്കുന്ന ഗന്ധം, ആവി പറക്കുന്ന പൊടിയരിക്കഞ്ഞി, അബ്ദുല്ലാക്കയുടെ മകളുടെ കഞ്ഞിവിളമ്പല്‍ .....എല്ലാം കൂടി വാക്കുകള്‍ക്കതീതമായ അനുഭവം

Unknown said...

അബ്ദുള്ളക്കയുടെ മെസ്സില്‍ എനിക്ക് ഒരു ദിവസം മാത്രമേ നോമ്പ് തുറക്കാനായൊള്ളൂ . . . മാഷ്‌ സൂചിപ്പിച്ച പോലെത്തന്നെ വിഭവങ്ങള്‍ ഉശാര്‍ ആണ്,സ്വന്തം വീട്ടിലെന്ന പോലെ കഴിക്കാം
.
.
.
ഗംഭീര വിഭവങ്ങള്‍ ഒരുക്കിതന്നിട്ട് "ഒരു ദിവസം മാത്രമല്ലെ കഴിചൊള്ളൂ അതിന് കാശ് വാങ്ങിക്കുന്നില്ല " എന്ന അവരുടെ മനോഭാവവും ശ്രദ്ധേയമാണ്

Areekkodan | അരീക്കോടന്‍ said...

സാലിഹേ...സ്നേഹത്തോടെയുള്ള ആ സല്‍ക്കാരം മറുനാട്ടില്‍ കിട്ടുന്നത് തന്നെ ഒരു അനുഗ്രഹമാണ്.

Cv Thankappan said...

ഹൃദ്യമായ പെരുമാറ്റംകൊണ്ട്‌ മനസ്സിലെന്നും തങ്കത്തിളക്കമായി ശോഭിക്കുന്നവരുണ്ട്.നാട്ടിന്‍പുറങ്ങളില്‍ പ്രത്യേകിച്ചും................
ആശംസകള്‍ മാഷെ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...സത്യം.

Post a Comment

നന്ദി....വീണ്ടും വരിക