Pages

Wednesday, July 06, 2016

പെരുന്നാള്‍...പെരുന്നാള്‍

ഈദുല്‍ ഫിത്വര്‍ അഥവാ ചെറിയ പെരുന്നാള്‍ ദിനം എന്നത് പൊതുവേ കുടുംബത്തില്‍ എല്ലാവര്‍ക്കും സന്തോഷം നല്‍കുന്ന ദിനമാണ്. ഒരു ആഘോഷം എന്നതിലുപരി കുടുംബാംഗങ്ങള്‍ മുഴുവന്‍ ഒത്തുചേരുന്ന ഒരു സന്ദര്‍ഭം കൂടിയാണ് ഈ ഈദ് ദിനം.

തറവാട് പൊളിച്ചുപണിയുന്നതിനാല്‍ ഇത്തവണ ഈദിന്റെ തലേ ദിവസത്തെ അഥവാ റംസാനിലെ അവസാനത്തെ നോമ്പുതുറ എന്റെ വീട്ടിലായിരുന്നു. പുതിയ പുരയില്‍ താമസമാക്കിയതു മുതല്‍ മുടങ്ങാതെ ഒരു ഇഫ്താര്‍ പാര്‍ട്ടിയെങ്കിലും ഞാന്‍  നടത്താറുണ്ടായിരുന്നു.പക്ഷെ ഇത്തവണ കൊച്ചുകുട്ടി ഉള്ളതിനാല്‍ ഭാര്യക്ക് അവനെ ശ്രദ്ധിക്കേണ്ടതിനാല്‍ അത് നടത്താന്‍ സാധിച്ചില്ല.പക്ഷെ ഇന്ന് എന്റെ ഉമ്മയും നാല് മക്കളും അവരുടെ മക്കളും മരുമക്കളും  സംഗമിച്ചതോടെ വീട്ടില്‍ ഈദിന്റെ സന്തോഷത്തോടൊപ്പം കുട്ടികള്‍ക്ക് ഇഫ്താറിന്റെ രസവും പങ്കിടാനായി.
കുടുംബത്തില്‍ എനിക്കും ചെറിയ അനിയനും ഓരോ ആണ്മക്കള്‍ കൂടി പിറന്നതോടെ ഇത്തവണത്തെ ഈദിന് അംഗസംഖ്യയും കൂടി. ഈയിടെ കല്യാണം കഴിഞ്ഞ പെങ്ങളുടെ മൂത്തമോളും ഭര്‍ത്താവും ഗള്‍ഫില്‍ ആയതിനാല്‍ അവര്‍ക്ക് ഈ വിരുന്നില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. എങ്കിലും ഒരു ഈദിന് കൂടി ഞങ്ങള്‍ക്ക് ഒത്തുചേരാനും സന്തോഷം പങ്കിടാനും അവസരം തന്ന ജഗദീശ്വരന് സര്‍വ്വ സ്തുതിയും അര്‍പ്പിക്കുന്നു-അല്‍ഹംദുലില്ലാഹ്.

കളിച്ചും കലാപരിപാടികള്‍ അവതരിപ്പിച്ചും മൈലാഞ്ചി അണിഞ്ഞും മക്കള്‍ ഈദ് സായാഹ്നം ആസ്വദിച്ചപ്പോള്‍ മുതിര്‍ന്നവര്‍ തക്ബീര്‍ ധ്വനികള്‍ മുഴക്കി അല്ലാഹു തന്നെയാണ് ഏറ്റവും വലിയവന്‍ എന്ന് പ്രഖ്യാപിച്ചു.ഇനി ഈദ് ദിനത്തില്‍ പരസ്പരബന്ധം ചേര്‍ക്കലിന്റെ സന്ദര്‍ശനങ്ങള്‍ കൂടി ആകുമ്പോള്‍ പെരുന്നാള്‍ ഉയര്‍ത്തുന്ന മാനവസാഹോദര്യത്തിന്റെയും സൌഹാര്‍ദ്ദത്തിന്റെയും സന്ദേശ കൈമാറ്റം കൂടി നടക്കും.

എല്ലാവര്‍ക്കും ഈദാശംസകള്‍ നേരുന്നതോടൊപ്പം മാക്സിമം ബന്ധങ്ങള്‍ പുതുക്കാനും ഊട്ടിയുറപ്പിക്കാനും കൂടി സാധിക്കട്ടെ എന്നും ആശംസിക്കുന്നു.

3 comments:

Areekkodan | അരീക്കോടന്‍ said...

ഈദ് ദിനത്തില്‍ പരസ്പരബന്ധം ചേര്‍ക്കലിന്റെ സന്ദര്‍ശനങ്ങള്‍ കൂടി ആകുമ്പോള്‍ പെരുന്നാള്‍ ഉയര്‍ത്തുന്ന മാനവസാഹോദര്യത്തിന്റെയും സൌഹാര്‍ദ്ദത്തിന്റെയും സന്ദേശ കൈമാറ്റം കൂടി നടക്കും.

Cv Thankappan said...

മാഷ്ടെ വീട്ടില്‍ എല്ലാവരും ഒത്തുചേര്‍ന്നുക്കാണുമെന്ന് വിശ്വസിക്കുന്നു.
എന്‍റെ ഹൃദയംനിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...ആശംസകള്‍ക്ക് നന്ദി

Post a Comment

നന്ദി....വീണ്ടും വരിക